2016 മലയാള സിനിമയെ സംബന്ധിച്ച് ഒരു നല്ല വര്‍ഷമാണ്. പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും സമ്പാദിച്ച, പുതുമയുള്ള പരീക്ഷണങ്ങള്‍ നിറഞ്ഞ ഒരുപിടി നല്ല ചിത്രങ്ങള്‍ ഇറങ്ങിയ വര്‍ഷം. ആ ശ്രേണിയില്‍ ഏറ്റവും ഒടുവിലായി ഇറങ്ങിയ ചിത്രമാണ് ട്രാഫിക്, ചാപ്പ കുരിശ്, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്നീ സിനിമകളില്‍ അസിസ്റ്റന്‍റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ജോണ്‍ പോളിന്റെ പ്രഥമ സംവിധാന സംരംഭമായ ഗപ്പി. .
.
ചിത്രത്തിന്റെ പേര് മുതല്‍ തന്നെ പുതുമയും വ്യത്യസ്തതയും തുടങ്ങുന്നു. ഒരു കടലോര ഗ്രാമത്തില്‍ റെയില്‍വേ മേല്‍പ്പാലം പണിയാനായി വരുന്ന എഞ്ചിനിയര്‍ ഗ്രാമവാസികളില്‍ ചിലരുടെ ജീവിതത്തിലേക്ക് ഇടപെടുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. സാധാരണയായി ഗ്രാമങ്ങള്‍ക്കും അവിടുത്തെ ജനങ്ങള്‍ക്കും ഉള്ള നാല് പ്രത്യേകതകളായ ഗ്രാമീണ ഭംഗി, സ്നേഹം, നന്മ, നിഷ്കളങ്കത എന്നിവയെയാണ് പല ബിംബങ്ങളായി ചിത്രത്തിലുടനീളം കാണാന്‍ സാധിക്കുന്നത്. ഇവയെ ഏറ്റവും മനോഹരമായി ചിത്രത്തിലേക്ക് ചാലിച്ച് ചേര്‍ത്തിരിക്കുന്നു എന്നതില്‍ എഴുത്തുകാരന്‍ എന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും ജോണ്‍ പോള്‍ പൂര്‍ണമായും വിജയിച്ചിരിക്കുന്നു.സമര്‍ത്ഥമായാണ് ജോണ്‍ പോള്‍ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നത്. സിനിമയുടെ കഥാഗതിയില്‍ കൃത്യമായ സ്വധീനം ചെലുത്തും വിധം ഓരോ കഥാപാത്രങ്ങളെയും രൂപപ്പെടുത്തി എടുത്തിരിക്കുന്നു. കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളുടെ വൈകാരികതയെ കൃത്രിമത്വം ഏതും ഇല്ലാതെ അവതരിപ്പിച്ചിട്ടുമുണ്ട്. അമ്മയും മകനും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത ചിത്രത്തിന്റെ തുടക്കത്തിലും പിന്നീട് പല സന്ദര്‍ഭങ്ങളിലുമായി പ്രേക്ഷകന്‍ പോലും അറിയാതെ പ്രേക്ഷകന്റെ മനസിലേക്ക് ആഴത്തില്‍ പതിപ്പിക്കുന്നതിനാലാണ് ചിത്രത്തിന്റെ അവസാനം പ്രേക്ഷകന് നൊമ്പരത്താല്‍ കണ്ണു നിറയുന്നത്.. കഥാപാത്രങ്ങളെ അതിന്റെ പൂര്‍ണതയില്‍ എത്തിക്കും വിധമാണ് സ്റ്റെഫി സേവിയര്‍ വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്നത്. .
ഗ്രാമ ഭംഗിയും കഥാപാത്രങ്ങളുടെ ഭാവങ്ങളും പ്രേക്ഷകന്റെ കണ്ണിന് ഇമ്പമേറും വിധം ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത് ഗിരീഷ് ഗംഗാധരന്‍ ആണ്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, കലി എന്നിവയിലൂടെ ഇതിനോടകം തന്നെ ഗിരീഷ് തന്റെ പ്രതിഭയെ അടയാളപ്പെടുത്തിയിട്ടുണ്ട്.
.
സിനിമയുടെ മാറ്റ് കൂട്ടുന്നതില്‍ കാസ്റ്റിങ് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അഭിനേതാക്കള്‍ എല്ലാം തന്നെ കഥാപാത്രങ്ങളില്‍ അവരുടേതായ അടയാളപ്പെടുത്തലുകള്‍ നടത്തി. ചെറിയ കഥാപാത്രമായ ടോവിനോയുടെ വീട്ടിലെ വേലക്കാരനും ഹോസ്പിറ്റലിലെ നേഴ്സും പോലും കൃത്യമായ അടയാളപ്പെടുത്തലുകള്‍ നടത്തുന്നുണ്ട്. ഗപ്പി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേതന്‍ ലാലിന്റെ പ്രകടനം എടുത്തു പറയേണ്ടിയിരിക്കുന്നു. സാധാരണയായി സിനിമകളില്‍ മുതിര്‍ന്ന താരങ്ങളുടെ അഭിനയത്തിനിടയില്‍ പകച്ചു പോകുന്ന ബാല്യങ്ങളാകുന്ന ബാലതാരങ്ങളെയാണ് നമ്മള്‍ കാണാറ്. എന്നാല്‍ ഇവിടെ ചേതന്‍ ലാല്‍ ശ്രീനിവാസനും ടോവിനോയും പോലുള്ള താരങ്ങളോടൊപ്പം മല്‍സരിച്ച് അഭിനയിക്കുകയായിരുന്നു. പല സന്ദര്‍ഭങ്ങളിലും പക്വതയാര്‍ന്ന പ്രകടനമായിരുന്നു ചേതന്‍റേത്. പ്രത്യേകിച് അവസാനത്തെ രംഗങ്ങളില്‍. ഒരു കുഞ്ഞ് ഗപ്പിയെ പോലെ മനോഹരമായിരുന്നു ആ പ്രകടനം. മൊയ്തീന് ശേഷം ടോവിനോയ്ക്ക് ലഭിച്ച മികച്ച കഥാപാത്രമായിരുന്നു ഗപ്പിയിലേത്. അഭിനയത്തിന്റെ കാര്യത്തിലായാലും ശരീര പ്രകൃതിയുടെ കാര്യത്തിലായാലും യുവ നടന്‍മാര്‍ക്കിടയില്‍ ശക്തമായ സാന്നിധ്യമാവുമെന് തെളിയിക്കുകയായിരുന്നു ടോവിനോ. ഒരു സന്ദര്‍ഭത്തില്‍ തന്റെ കണ്ണുകല്‍ കൊണ്ട് പോലും അഭിനയിക്കുന്നുണ്ട് ടോവിനോ. അത് ഈ സിനിമയിലെ തന്നെ മനോഹരമായ രംഗങ്ങളില്‍ ഒന്നാണ്. ആമിനയുടെ മുഖം തട്ടമിട്ട് മറച്ചു ശ്രീനിവാസന്‍ തുടക്കത്തില്‍ കഥാപാത്രങ്ങളുടെയും പ്രേക്ഷകന്റെയും വെറുപ്പ് സമ്പാദിക്കുന്നുണ്ട് എങ്കിലും അവസാനം അത് നൊമ്പരം കലര്‍ന്നൊരു സ്നേഹമായി മാറുന്നു..
ഗാനങ്ങള്‍ തിരുകിക്കയറ്റാന്‍ വേണ്ടി സന്ദര്‍ഭങ്ങളുണ്ടാക്കുന്ന ഒരു പ്രവണത സമീപകാലത്തെ പല സിനിമകള്‍ക്കും ഉണ്ട്. എന്നാല്‍ ഇവിടെ സന്ദര്‍ഭം ആവശ്യപ്പെടുന്ന സ്ഥലങ്ങളിലാണ് ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. വാക്കുകള്‍ കൊണ്ട് ഗോഷ്ടി കാണിക്കാതെ, വാക്കുകള്‍ അടുക്കിലും ചിട്ടയിലുമൊതുക്കിയാണ് റഫീഖ് അഹമ്മദും വിനായക് ശശികുമാറും ജോണ്‍ പോളും ഗാനങ്ങള്‍ മെനഞ്ഞെടുത്തിരിക്കുന്നത്. വിഷ്ണു വിജയിന്റെ സംഗീതം കൂടെ ചേരുന്നതോടെ ഗാനങ്ങള്‍ എല്ലാം കേള്‍ക്കാന്‍ സുഖമുള്ളതാകുന്നു. സൂരജ് സന്തോഷ് ആലപിച്ച തനിയെ മിഴികള്‍ തുളുമ്പിയോ എന്നു തുടങ്ങുന്ന ഗാനവും പശ്ചാത്തല സംഗീതവും സിനിമയെ പ്രേക്ഷകന് കൂടുതല്‍ അനുഭവഭേദ്യമാക്കുന്നു.
സമയ ദൈര്‍ഘ്യം ഒരല്പം കൂടുതല്‍ ആയിരുന്നെങ്കിലും കഥയെ പൂര്‍ണ അര്‍ത്ഥത്തില്‍ പ്രേക്ഷകനിലേക്ക് എത്തിക്കാന്‍ ആ ദൈര്‍ഘ്യം ആവശ്യമാണ് എന്നു തോന്നുന്നു....
.
കഥയെ അടിസ്ഥാനപ്പെടുത്തിയായാലും എടുത്ത രീതിയെ അടിസ്ഥാനപ്പെടുത്തി ആയാലും നല്ല സിനിമകളുടെ കൂട്ടത്തില്‍ മുന്‍ നിരയില്‍ തന്നെയാണ് ഗപ്പിക്ക് സ്ഥാനം. പ്രേക്ഷക പ്രീതി ലഭിച്ചു എന്നു പറഞ്ഞതിനോടൊപ്പം സിനിമ തിയ്യേറ്ററില്‍ പ്രേക്ഷകര്‍ സ്വീകരിച്ചില്ല എന്നും കൂട്ടി വായിക്കേണ്ടതുണ്ട്. ആഘോഷിക്കപ്പെടുന്ന താരങ്ങള്‍ ഇല്ലാത്ത ചിത്രങ്ങള്‍ തിയ്യേറ്ററില്‍ പോയി കാണാനുള്ള പ്രേക്ഷകന്റെ വിമുഖതായവം ഒരു കാരണം. കൂടാതെ ഇത്തരം കൊച്ചു ചിത്രങ്ങളെ വിജയീപ്പിക്കുന്നതില്‍ മൌത്ത് പബ്ലിസിറ്റിയും ഒരു നിര്‍ണായക ഘടകമാണ്. അതും ഇവിടെ ഉണ്ടായില്ല, നല്ലെഴുത്ത് പോലൊരു ഗ്രൂപ്പില്‍ സിനിമ നിരൂപണം തുടങ്ങുന്നതിന്റെ ഉദ്ദേശം ഇനി വരാനിരിക്കുന്ന ഗപ്പി പോലുള്ള ചെറിയ നല്ല സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് കൂടെയാണ്. നല്ല സിനിമകള്‍ ഇനിയും ടോറെന്‍റ് ഹിറ്റുകള്‍ മാത്രമായി മാറരുതെന്നും ആഗ്രഹിക്കുന്നു..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക