Slider

ജൂണ്‍ ജൂലൈ ആഗസ്റ്റ്‌

0

പാഞ്ഞു വരുന്ന ഒരു ലോറി.അതിന്റെ പുറകില്‍ വലിയ തടികള്‍ അടുക്കി വച്ചിരിക്കുന്നു.ചെകുത്താന്റെ കൊമ്പുകള്‍ പോലെ വലിയ തടിക്കഷണങ്ങള്‍ അതിന്റെ ഇരു വശത്ത് നിന്നും നീണ്ടു നില്ക്കുന്നു.ഹെഡ് ലൈറ്റുകള്‍ തീ പോലെ മിന്നിച്ചു കൊണ്ട് ലോറി പാഞ്ഞു വരികയാണ്‌..
അത്രയും ആവുമ്പോ ആരോ പിടിച്ചു കുലുക്കുന്നത് പോലെ ഞാന്‍ ഞെട്ടിയുണരും.ഭീതി ഒരു കറുത്ത കരിമ്പടം പോലെ ദേഹത്തേക്ക് വീഴും.വിയര്‍ത്തു കുളിച്ചു എഴുന്നേല്ക്കും .
പോലീസില്‍ നിന്ന് റിട്ടയര്‍ ചെയ്തു ഒരു വര്‍ഷത്തിനു ശേഷമാണ് ആ സ്വപ്നം എന്നെ ആക്രമിക്കാന്‍ തുടങ്ങിയത്.സര്‍വീസില്‍ ഇരുന്ന സമയത്ത് അങ്ങിനെ ഒരു പ്രശ്നവും എനിക്ക് ഉണ്ടായിട്ടില്ല.ആ സ്വപ്നത്തിനു ശേഷവും ഭയം മനസ്സില്‍ അള്ളിപ്പിടിക്കുന്നത് നന്നായി അറിയാം.
ഇടയ്ക്കിടെ ആ സ്വപ്നം ഞാന്‍ കാണാന്‍ തുടങ്ങി.പലപ്പോഴും ഉറക്കം നഷ്ടപ്പെട്ടു.ഒരാളോടും ഇത് പറയാന്‍ എനിക്ക് തോന്നിയില്ല.കാരണം ഞാന്‍ ഒരു ഭീരുവാണെന്ന് അവര്‍ കരുതിയാലോ.ഒരു സ്വപ്നത്തെ ഭയക്കുന്ന ആള്‍ ,ഇത്രയും നാള്‍ എങ്ങനെ പോലീസില്‍ ജോലി ചെയ്തു എന്ന് ചോദിച്ചാല്‍..?
അങ്ങിനെ ഇരിക്കെ രണ്ടു ദിവസം മുന്പ് ആ സ്വപ്നം ഞാന്‍ വീണ്ടും കണ്ടു.ഇത്തവണ അത് നീണ്ടു നിന്നു.ആ ലോറി എന്റെ മുകളിലൂടെ കയറുന്നത് പോലെ,തടിക്കഷണങ്ങള്‍ എന്റെ ശരീരത്തിന് മുകളിലൂടെ ഉരുണ്ടു വീഴുന്നത് പോലെ,ചീറ്റി തെറിക്കുന്ന രക്തം .ഉണര്‍ന്നപ്പോള്‍ നെഞ്ചു ശക്തിയായി മിടിച്ചു.പിന്നെ ഉറങ്ങിയില്ല.അപ്പോള്‍ തീരുമാനിച്ചു.ഇതിനെ കുറിച്ച് ആരെങ്കിലുമായി സംസാരിക്കണം.
അന്നാണ് അയാള്‍ വിളിക്കുനത്‌.സക്കറിയാസ് കോര.ആഗസ്റ്റ്‌ പതിനഞ്ചു വെള്ളിയാഴ്ച അയാളുടെ ജന്മദിനം..തേനിയിലെ അയാളുടെ ഫാമില്‍ കൂടുവാന്‍ ഒരു ക്ഷണം.അപ്പോള്‍ തീരുമാനിച്ചു സക്കറിയയുമായി ഇതിനെക്കുറിച്ച്‌ സംസാരിച്ചാലോ... സക്കറിയ തന്റെ നല്ല സുഹൃത്താണ്.പക്ഷെസര്‍വീസില്‍ നിന്ന് താന്‍ വിരമിക്കുന്നതിനു ഒരു വര്‍ഷം മുന്പ് അയാള്‍ വക്കീല്‍ പണി ഉപേക്ഷിച്ചു ഫാം ടൂറിസം തുടങ്ങി.
തേനിയിലേക്ക് ഡ്രൈവ് ചെയ്യുന്നതിനിടയില്‍ ആ പഴയ കാലഘട്ടം ഓര്‍ത്തു.
സര്‍വീസില്‍ ഇരിക്കെ സക്കറിയാസ് എന്റെ പല കേസുകളുടെയും പ്രോസിക്ക്യൂട്ടര്‍ ആയിരുന്നു.പല സ്ത്രീ പീഡന ക്കെസുകളിലും വാദിക്ക് വേണ്ടി ,ഗവ.വക്കീലായി അയാള്‍ വാദിച്ചു.ഞാന്‍ അറസ്റ്റ് ചെയ്ത പ്രതികള്ക്ക്ം നല്ല ശിക്ഷയും വാങ്ങിച്ചു കൊടുത്തു.പ്രമുഖ ഭൂവുടമകളും സമ്പന്നരുമായിരുന്നു അയാളുടെ കുടുംബം.അത് കൊണ്ട് തന്നെ മറ്റു രീതിയില്‍ പണം ഉണ്ടാക്കണ്ട ആവശ്യം അയാള്ക്ക് ഉണ്ടായിരുന്നില്ല.ഒരു ചെറിയ കുഴപ്പം ഒഴിച്ച് മറ്റൊന്നും അയാളില്‍ ഉണ്ടായിരുന്നില്ല.
ഈ കുഴപ്പം ഞങ്ങള്‍ മാത്രം തമ്മില്‍ ഉള്ള രഹസ്യമായിരുന്നു.അത് അത്ര വലിയ കുഴപ്പം ആണോ എന്നും എനിക്കറിയില്ല.വിധിക്കാന്‍ ഞാനാര്?
വാദികളെ ,അതായതു ആ പെണ്കു്ട്ടികളെ,പുതിയ പത്ര ഭാഷയില്‍ 'ഇരകളെ' ,സക്കറിയാസ് ഒരു പ്രത്യേക തരത്തില്‍ ഇഷ്ടപ്പെട്ടിരുന്നു.അത് ഒരു തരം മാനസിക വൈകല്യം ആണെന് അയാള്‍ തന്നെ ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്.
സക്കറിയാസ് അവരില്‍ പലരെയും തന്റെ ഇഷ്ടത്തിന് ഉപയോഗിച്ചു.അത് ഭീഷണി മുഴക്കിയോ ബലം പ്രയോഗിച്ചോ ആയിരുന്നില്ല.അയാളുടെ ഏറ്റവും വലിയ ആയുധം അയാളുടെ വ്യക്തിത്വം ആയിരുന്നു.കേസ് അവസാനിക്കുന്നതിനു മുന്പ് തന്റെ ആവശ്യം നടത്തിക്കുന്ന രീതിയില്‍ ഇരകളെ അയാള്‍ എങ്ങനെയോ സ്വാധീനിച്ചു.അത് എങ്ങനെ എന്ന് എനിക്കറിയില്ല.സക്കറിയാസ് അതിനെ കുറിച്ച് എന്നോട് പറഞ്ഞിട്ടുമില്ല.
ഓര്‍മ്മകളില്‍ മുങ്ങി മണിക്കൂറുകള്‍ പിന്നിട്ടു..ആ സ്വപ്നം മനസ്സില്‍ നിന്ന് മറന്നു.യാത്രകളുടെ ഗുണം അതാണ്‌.യാത്രയില്‍ ഉടനീളം മഴയുണ്ടായിരുന്നു.കുമളി എത്തുന്നത് വരെ നിര്‍ത്തിയില്ല.ചെക്ക് പോസ്റ്റിനു അരികിലെ തട്ട് കടയില്‍ നിര്ത്തി .ഒരു ചൂട് ചായ വാങ്ങി കുടിച്ചു.തേയിലയുടെ രുചി തൊണ്ടയിലൂടെ ഇറങ്ങുമ്പോള്‍ ,ചായയുടെ പൊന്തി വരുന്ന മഴക്കാലത്തിന്റെ ഗന്ധമുള്ള ആവി മുഖത്ത് തട്ടി.ഒരു നിമിഷം,ആ ഒരു നിമിഷത്തില്‍ നമ്മള്‍ നമ്മുടെ വിഷമതകള്‍ മറന്നു ചായയുടെ രുചിയില്‍,ഒരു മഴക്കാലത്തിന്റെ തണുപ്പില്‍ അലിയുന്നു.എന്നും ഒരു യാത്രയില്‍ ആണെന്ന്,എന്തിനെയോ തേടുകയാണ് എന്ന് ഒരു നിമിഷം മറക്കുന്നു.
തേനിയില്‍ എത്തി.മലകളുടെ ഇടയിലെ ഒരു പച്ച വിരിച്ച തുരുത്ത്..അമ്പതു ഏക്കറില്‍ ഇരുപതു ഏക്കര്‍ മുന്തിരി.പിന്നെ തണ്ണിമത്തന്‍,മറ്റു പച്ചക്കറികള്‍ അങ്ങിനെയങ്ങനെ...സക്കറിയാസ് പൊട്ടിച്ചിരിച്ചു കൊണ്ട് തന്നെ സ്വീകരിച്ചു.അയാള്‍ വല്ലാതെ തടിച്ചിരിക്കുന്നു.കവിളുകളില്‍ ബിയര്‍ സ്ഥിരം കഴിക്കുന്നവരുടെ ചുവപ്പ്.
രാത്രിയില്‍ ഫാം ഹൗസിന് മുന്‍പില്‍ തീ കൂട്ടി മദ്യപിച്ചു.അയാള്‍ നല്ല ആവേശത്തില്‍ ആയിരുന്നു.പതിവുള്ള കഥകളും,രാഷ്ട്രീയ ഉപജാപങ്ങളും,അഴിമതിക്കഥകളും പറഞ്ഞു ഒടുവില്‍ ഞങ്ങള്‍ നിശബ്ദരായി.പുറത്തു രാത്രി കനത്തു.അപ്പോള്‍ ആ സ്വപ്നം എന്റെ മനസ്സില്‍ കയറി വന്നു.ഞാന്‍ അയാളോട് ചോദിച്ചു.
“സക്കറിയാസ് തനിക്കു ജീവിതത്തില്‍ എപ്പോഴെങ്കിലും ,ഏതെങ്കിലും തരത്തില്‍ തോറ്റ് കൊടുക്കേണ്ടി വന്ന ഭയം ഉണ്ടായിട്ടുണ്ടോ?”
അയാള്‍ എന്റെ ചോദ്യം കേട്ട് എന്നെ ഒന്ന് നോക്കി. പിന്നെ ,കൃത്യതയോടെ ഐസ് ട്രെയില്‍ നിന്ന് ഫോര്‍ക്ക് ഉപയോഗിച്ചു ഐസ് ക്യൂബ്സ് എടുത്തു ഗ്ലാസ്സുകളിലെക്ക് ഇട്ടു .പിന്നെ ഷീവാസ്‌ റീഗല്‍ അതിനു മുകളിലേക്ക് പകര്‍ന്നു..മഞ്ഞ നിറമുള്ള മദ്യത്തിന്റെ ഇടയില്‍,ഹിമക്കട്ടകള്‍ ഒളിച്ചു കളിക്കുന്നത് നോക്കി അല്പള നേരം ഞങ്ങള്‍ ഇരുന്നു.ആളുന്ന തീയുടെ നിഴലുകള്‍ ഗ്ലാസിനുള്ളില്‍ തെളിഞ്ഞു.അയാള്‍ പറഞ്ഞു.
“ഭയം ഓരോ രീതിയിലായിരിക്കും ഓരോരുത്തരെ ആക്രമിക്കുന്നത്.സര്‍വീസ് ജീവിതത്തില്‍ എന്നെയും അത് ബാധിച്ചു.ഒരിക്കല്‍,ആ മൂന്നു മാസങ്ങള്‍ എനിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല.”
കുറെ നേരം അയാള്‍ ഒന്നും മിണ്ടിയില്ല.ഒരു സിപ്പ് മദ്യം ഇറക്കിയിട്ട്‌ എന്നെ കുറെ നേരം നോക്കി.
“ശരിക്കും ഈ ആഘോഷം ആ ഭയത്തില്‍ നിന്ന് ഞാന്‍ മോചിതനായത്തിന്റെ സന്തോഷം കൂടിയാണ്.കഴിഞ്ഞ വര്‍ഷവും ഞാന്‍ ഇത് കൊണ്ടാടി.”
എനിക്ക് ഒന്നും മനസ്സിലായില്ല.
ഒരു പെഗ് തീര്‍ത്തിട്ട് ഞാന്‍ അയാളെ നോക്കി.
“ഈ സംഭവം നിങ്ങള്‍ വിശ്വസിക്കുമോ എന്ന് അറിയില്ല.പക്ഷെ വിശ്വസിച്ചേ മതിയാകൂ.വിചിത്രം എന്ന് തോന്നുമെങ്കിലും.”
ഒന്ന് നിര്‍ത്തിയിട്ടു അയാള്‍ പുറത്തെ ഇരുട്ടിലേക്ക് നോക്കി.മുന്തിരിത്തോട്ടങ്ങളില്‍ തണുപ്പ് വീണിരിക്കുന്നു.
“മൂന്നു വര്ഷം മുന്പാിണ് അത് തുടങ്ങിയത്.ഒരു ജൂണ്‍ ഒന്നിന്..ഒരു അവധി ദിവസം ആയിരുന്നു.സമയം പുലര്‍ച്ചെ പത്തു മണി.പെട്ടെന്ന് ദേഹത്ത് ഒരു തണുപ്പു പടര്‍ന്നു .ആ തണുപ്പ് ശക്തമായി.പിന്നെ കിലുകിലെ എന്നെ വിറക്കാന്‍ തുടങ്ങി.അര മണിക്കൂറിനുള്ളില്‍ ഞാന്‍ കട്ടിലില്‍ വീണു.ശക്തിയായ പനിയും വിറയലും.മുറിയില്‍ മറ്റാരും ഉണ്ടായിരുന്നില്ല.ആ പനി പെട്ടെന്നാണ് ഉണ്ടായത്.പനിക്കിടെ മൊബൈലില്‍ ഒരു മെസേജ് വന്നത്.ഒരു അജ്ഞാത നമ്പരില്‍ നിന്നു.
ഒന്ന് നിര്‍ത്തി സക്കറിയാസ് ഒരു സിപ്പ് മദ്യം കൂടി ഇറക്കി.
“എന്നിട്ട് ?”
“എന്നെ അറിയാമോ എന്ന ചോദ്യമായിരുന്നു മെസേജ്.ഞാന്‍ ആ നമ്പരില്‍ തിരിച്ചു വിളിച്ചു.ആരും എടുത്തില്ല.ഞാന്‍ മെസേജ് അയച്ചു ആരാണ് എന്ന് ചോദിച്ചു കൊണ്ട് .മറുപടി വന്നില്ല.അതിനു ശേഷം പനി വല്ലാതെ കൂടി.ഉച്ച കഴിഞ്ഞു ഒരു മണി ആയപ്പോള്‍ സ്വിച്ചിട്ട പോലെ പനി നിന്നു.ശരീരം പൂര്വ്വക സ്ഥിതിയിലായി.രണ്ടു ദിവസം കഴിഞ്ഞു വീണ്ടും ഞാന്‍ ഓഫീസില്‍ ആയിരിക്കുമ്പോള്‍ ,പനി വീണ്ടും തുടങ്ങി.തണുത്തു ശരീരം വിറക്കുകയാണ്...അല്പം കഴിഞ്ഞു ഫോണില്‍ അതെ മെസേജ്.മുന്പ് സംഭവിച്ചതിന്റെ തനിയാവര്‍ത്തനം..മെസേജിനു മറുപടിയില്ല.ഉച്ച കഴിഞ്ഞപ്പോള്‍ പനി നിന്നു.”
“ഹോസ്പിറ്റലില്‍ പോയില്ലേ..?”
“ഹോസ്പിറ്റലില്‍ മാത്രമല്ല പോലീസിലും.പനിയും ആ മെസേജുകളും ഒരേ സമയത്താണ് സംഭവിച്ചു കൊണ്ടിരുന്നത്.ആശുപത്രിക്കാര്‍ ശരീരം മുഴുവന്‍ പരിശോധിച്ചു.ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.തെര്മോ്മീറ്ററില്‍ ചൂട് സാധാരണ കാണിച്ചു.എല്ലാം നോര്‍മല്‍ ആയിരുന്നു.ഒരു തരം സൈക്കോ ജെനിക്ക് ഫീവര്‍ ആണെന്ന് ഒരു ഡോക്ടര്‍ പറഞ്ഞു.പോലീസ് ആ നമ്പറിനു പുറകെ പാഞ്ഞു.നമ്മുടെ ചന്ദ്രലാല്‍ അന്ന് സൈബര്‍ വിങ്ങില്‍ എസ്.പി ആയിരുന്നു.അവര്ക്ക് അത് ഐടെന്റിഫൈ ചെയ്യാന്‍ കഴിഞ്ഞില്ല.അല്ലെങ്കില്‍ തന്നെ എനിക്ക് ശത്രുക്കള്‍ ഇല്ല.ആ മെസേജില്‍ ഒരു ഭീഷണി പോലും ഉണ്ടായിരുന്നില്ല.”
"എന്നിട്ട് ?"
“ജൂണ്‍,ജൂലൈ ,ആഗസ്റ്റ്‌ ...മൂന്ന് മാസം ഞാന്‍ ആ പനിയുമായി പൊരുതി.ഭയം എന്നെ കീറി മുറിച്ചു.നിങ്ങള്‍ അന്ന് ലണ്ടനില്‍ ട്രെയിനിങ്ങിനു പോയിരുന്നു.അല്ലയിരുന്നെകില്‍ ഞാന്‍ നിങ്ങളുടെ അരികില്‍ വന്നേനെ..”സക്കറിയാസ് പറഞ്ഞു.
“ശരിയാണ്..ഇപ്പൊ ഓര്മ്മ വരുന്നു..ആ വര്‍ഷംജൂണ്‍ മുതല്‍ അഗസ്റ് വരെ..ക്രിമിനല്‍ സൈക്കോളജി ട്രെയിനിംഗ് ആയിരുന്നു.” ഞാന്‍ പറഞ്ഞു.
ഞങ്ങള്‍ വീണ്ടും ഓരോ പെഗ് കഴിച്ചു.എന്തോ ആലോചിച്ചു കൊണ്ട് ചലിക്കുന്ന തീ നാളങ്ങള്‍ തണുപ്പില്‍ കുളിരുന്നത് പോലെ എനിക്ക് തോന്നി.
“ഒരു പക്ഷെ ,സക്കറിയാസ് ,നിങ്ങളുമായി ഇടപാട് ഉണ്ടായിരുന്ന ഏതെങ്കിലും പെണ്കുട്ടികളോ,അവരുടെ ബന്ധുക്കളോ..അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും ശത്രുക്കളോ..”
“ഒരിക്കല്‍ പോലീസായിരുന്നാല്‍ ഇപ്പോഴും പോലീസ് തന്നെയായിരിക്കും.” എന്നെ നോക്കി ചിരിച്ചു കൊണ്ട് അയാള്‍ പറഞ്ഞു.പിന്നെ തുടര്‍ന്നു.
“ഇല്ല.ആ പീഡനക്കെസിലെ പെണ്‍കുട്ടികള്‍ അല്ല,അതിനു പിന്നിലെന്ന് ഉറപ്പാണ്.രണ്ടു കാരണങ്ങള്‍ ഉണ്ട്.ഒന്ന് ,അവര്‍ എല്ലാവരുമായി നല്ല സൗഹ്രദത്തിലായിരുന്നു ഞാന്‍ പിരിഞ്ഞത്.കേസ് സംബന്ധിച്ച് അവരുടെ ആവശ്യങ്ങള്‍ കൃത്യമായി ഞാന്‍ ചെയ്തു കൊടുത്തു.അവര്‍ ആരെയും ഞാന്‍ ഭീഷണിപ്പെടുത്തുകയോ ഒന്നും ചെയ്തിട്ടില്ല.എന്റെ അറിവില്‍ എനിക്ക് ആ കാലത്ത് അങ്ങനെ ശത്രുക്കള്‍ ഒന്നുമില്ലായിരുന്നു.പിന്നെ ഒരാളുടെ ശരീരത്ത് പനി ഉണ്ടാക്കാന്‍ ആര്‍ക്കു കഴിയും.എന്റെ ഫോണ്‍ നമ്പര്‍ മാറി പുതിയ നമ്പര്‍ എടുത്തു.അപ്പോഴും മെസേജുകള്‍ വന്നു കൊണ്ടിരുന്നു.ഒപ്പം പനിയും.അത് തമ്മില്‍ ബന്ധം ഉണ്ടായിരുന്നോ എന്ന് എനിക്കിപ്പോഴും ഉറപ്പൊന്നുമില്ല.?”
“നിങ്ങള്‍ പിന്നെ എന്ത് ചെയ്തു.?”
“കുറെ ഡോക്ടര്‍മാരെ കണ്ടു.മനസ്സ് ഒരു കിണറു പോലെ ശൂന്യമായി.ശരീരം മെലിഞ്ഞു.ജോലിയോട് താല്പര്യം പോയി.ആത്മഹത്യ വരെ ചെയ്താലോ എന്ന് ആലോചിച്ചു.ഡോക്ടര്മാപര്‍ എനിക്ക് മാനസിക പ്രശ്നം ആണെന് പറഞ്ഞു.ജൂണും ജൂലൈയും കൂടുതല്‍ ദിവസം വീട്ടില്‍ തന്നെ കഴിഞ്ഞു.ഒടുവില്‍ ആഗസ്റ്റ്‌ മാസം ഒന്നാം തീയതി ഞാന്‍ തീരുമാനിച്ചു.അതിനെ തോല്പിക്കുക തന്നെ .വീട്ടില്‍ നിന്ന് നഗരത്തിലെ ഒരു ഹോട്ടലിലേക്ക് മാറി.എന്റെ പഴയ നമ്പര്‍ തന്നെ എടുത്തു.മദ്യപാനം വീണ്ടും തുടങ്ങി.പനി വന്നു കൊണ്ടിരുന്നു.മെസേജും.ഞാന്‍ പനിയെ അവഗണിച്ചു.അപ്പോള്‍ അതിന്റെ ശക്തി കുറഞ്ഞു.ഒടുവില്‍ ആഗസ്റ്റ്‌ പതിനഞ്ചിനു സ്വിച്ചിട്ടത്‌ പോലെ അത് നിന്നു.പിന്നീട് ഇത് വരെ ഉണ്ടായിട്ടില്ല.ആ മെസേജുകളും.”
“ആ തീയതി വരെ കൃത്യമായി ഓര്‍ത്തിരിക്കുന്നവല്ലോ..”
“അന്ന് എന്റെ ജന്മദിനം ആല്ലെടോ..ഇന്നത്തെ പോലെ ..അന്ന് ഹോട്ടല്‍ റൂമില്‍ രാവിലെ മുതല്‍ സ്മാളടി ആയിരുന്നു.എന്റെ ഫോണ്‍ ഓഫ് ചെയ്തു വച്ചു.അന്ന് എന്റെ കൂടെ നമ്മുടെ ഒരു സുഹ്രത്ത് ഉണ്ടായിരുന്നു.വൈകുന്നേരം അവന്‍ തിരിച്ചു പോയി.പക്ഷെ അവന്റെ ഫോണ്‍ റൂമില്‍ മറന്നു വച്ചു പോയി.അതില്‍ ഒരു മെസേജ് വന്നു.പഴയ മെസേജ്.അതെ നമ്പര്‍.പക്ഷെ ഇത്തവണ അയാള്‍ ഒരു മറുപടി അയച്ചു.”
"എന്ത് ?"
“എനിക്ക് നിങളെ നന്നായി അറിയാം.നിങ്ങള്‍ പക്ഷെ എന്റെ കാര്യം മറന്നിരിക്കുന്നു.”ഇതായിരുന്നു മെസേജ്.ഒപ്പം ഒരു ചിത്രവും.ഒരു രാത്രി ആകാശത്തിന്റെ ചിത്രം.വിളറിയ ആകാശത്തില്‍ മങ്ങിയ നക്ഷത്രങ്ങള്‍.അപ്പോള്‍ വീണ്ടും പനി തുടങ്ങി.പക്ഷെ ഒരു തോന്നല്‍ എന്റെ മനസ്സില്‍ വീണു.ഒരിക്കലും ഇനി എന്നെ ആ പനി ശല്യപെടുതില്ല.ആ സുഹൃത്തിനും ആ നമ്പര്‍ പരിചയം ഉണ്ടായിരുന്നില്ല.”
കുറെ നേരത്തേക്ക് ഞങ്ങള് നിശബ്ദരായി.
“ഈ കഥ ഒരു പൊട്ടകഥ ആണെന്നും ,നിങ്ങളെ പറ്റിക്കാന്‍ വെള്ളമടിച്ചിട്ട് പറയുന്നതാണെന്നും വിചാരിക്കരുത്.ആവര്‍ഷം ജൂണ്‍ മുതല്‍ ആഗസ്റ്റ്‌ വരെ..പേടിയുടെ ഒരു കടലില്‍ ആയിരുന്നു ഞാന്‍.”അയാള്‍ എന്നെ നോക്കി പറഞ്ഞു.
ഞാന്‍ അയാളുടെ കണ്ണുകളില്‍ നോക്കി.മുപ്പതു വര്‍ഷത്തെ പോലീസ് ജീവിതം കൊണ്ട് അയാള്‍ കള്ളമല്ല പറയുന്നത് എന്ന് എനിക്കറിയാമായിരുന്നു.
"അതിനി ..ആ പനി..ഇനി വരില്ലെന്ന് എന്താണ് ഉറപ്പ്?" ഞാന്‍ ചോദിച്ചു.
അയാള്‍ മറുപടി പറയാന്‍ തുടങ്ങവേ എന്റെ ഫോണ്‍ ബെല്ലടിച്ചു.നാട്ടിലെ ഒരു മുന്‍ സഹപ്രവര്ത്ത്കന്‍ മരിച്ചിരിക്കുന്നു.അറ്റാക്ക്.പുലര്‍ച്ചയ്ക്ക് മുന്പ് ചെല്ലണം.ഞാന്‍ പോകാന്‍ ഇറങ്ങി.
“എന്നാലും അടിച്ചിട്ട് വണ്ടി ഓടിക്കണ്ടാ..രാവിലെ പോയാല്‍ പോരെ..ഞാനും കൂടെ വരാം..”സക്കറിയാസ് പറഞ്ഞു.
ഞാന്‍ സമ്മതിച്ചില്ല.
ആ കഥ കേട്ട് മദ്യം ഇറങ്ങിയിരുന്നു.ഇറങ്ങാന്‍ നേരം ഞാന്‍ സക്കറിയയോട് ചോദിച്ചു.
“സക്കറിയ..നിങ്ങള്‍ ആ പെണ്കുട്ടികള്‍ അല്ല മേസേജുകളുടെയും നിങ്ങളുടെ ഈ പറഞ്ഞ സൈക്കോജെനിക്ക് ഫീവറിന്റെയും പിന്നില്‍ എന്നും പറഞ്ഞല്ലോ...അതിനു രണ്ടു കാരണം ഉണ്ടെന്നും.പക്ഷെ അതില്‍ ഒന്ന് മാത്രമേ നിങ്ങള്‍ എന്നോട് പറഞ്ഞുള്ളൂ.എന്താണ് രണ്ടാമത്തെ കാരണം ?”
“ഹഹ..”ചിരിച്ചു കൊണ്ട് സക്കറിയ പറഞ്ഞു.
“എടൊ അതായിരുന്നു കാരണം എങ്കില് എനിക്ക് പനി വന്നത് പോലെ പലര്‍ക്കും വന്നേനെ..ഉദാഹരണത്തിനു താന്‍ ...തന്റെയൊക്കെ അന്നത്തെ ലീലാവിലാസത്തിനു വല്ല ലോറിയും ദേഹത്ത് കൂടെ കേറണ്ടതല്ലേ..അപ്പോള്‍ പിന്നെ എനിക്ക് മാത്രം ഈ പനി വരില്ലലോ..”
ഞാന്‍ ഒന്ന് ഞെട്ടി.ആ സ്വപ്നം വീണ്ടും മനസ്സില്‍ കയറി വന്നു.
ഞാന്‍ അയാളോട് യാത്ര പറഞ്ഞിറങ്ങി.രാത്രി റോഡിലൂടെ വണ്ടി ഓടിക്കുമ്പോള്‍ സക്കറിയയുടെ കഥ വീണ്ടും മനസ്സില്‍ കയറി വന്നു.
അര മണിക്കൂര്‍ വണ്ടി ഓടി കഴിഞ്ഞപ്പോള്‍ സക്കറിയയുടെ ഫോണ്‍ വന്നു..റോഡില്‍ ആരുമില്ല.ഞാന്‍ മൂത്രം ഒഴിക്കാന്‍ വേണ്ടി വണ്ടി ഒതുക്കി.പിന്നെ ഫോണ്‍ ചെവിയില്‍ ചേര്‍ത്ത് വെളിയില്‍ ഇറങ്ങി.
“എടൊ ,മരിച്ചത് നമ്മുടെ ധനപാല്‍ ആണല്ലേ...ടി.വിയില്‍ ഇപ്പോള്‍ ഫ്ലാഷ് കാണിച്ചു.”
“അതെ ...സക്കറിയക്ക് അറിയാമോ അയാളെ..?”
“പിന്നെ...നല്ല കമ്പനി ആയിരുന്നു ഞങ്ങള്‍..ഞാന്‍ ആ സംഭവം പറഞ്ഞില്ലേ..അതില്‍ അഗസ്റ് പതിനഞ്ചിന് എന്റെ ഒപ്പം ഉണ്ടായിരുന്ന സുഹ്രത്ത് ധനപാല്‍ ആയിരുന്നു.അയാളുടെ ഫോണില്‍ ആണ് ആ മെസേജ് ഒടുവില്‍ വന്നത്.”
പൊടുന്നനെ സിഗ്നല്‍ പോയി.കോള്‍ കട്ടായി.റോഡു ക്രോസ് ചെയ്തപ്പോള്‍ ചെളിയില്‍ കാലു തെന്നി വീണു.ശരീരം തളരുന്നത് പോലെ..എന്താണ് സംഭവിക്കുന്നത് ..എഴുന്നേല്ക്കാന്‍ കഴിയുന്നില്ല..
ഒരു വണ്ടി വരുന്ന ശബ്ദം കേട്ടു.തല വെട്ടിച്ചു നോക്കി.
റോഡിന്റെ അങ്ങേത്തലക്കല്‍ തീ പോലെ ഹെഡ് ലൈറ്റുകള്‍ മിന്നിച്ചു ഒരു തടിലോറി പാഞ്ഞു വരുന്നു.കണ്ണുകള്‍ അറിയാതെ മുകളിലേക്ക് നോക്കി.സക്കറിയക്ക് ഒടുവില്‍ കിട്ടിയ മേസേജിലെ ചിത്രമായിരുന്നു അത്.
വിളറി കിടക്കുന്ന രാത്രി ആകാശം.അതില്‍ മങ്ങിയ നക്ഷത്രങ്ങള്‍.
(അവസാനിച്ചു)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo