..
.........................
ജീവിക്കണമെന്ന മോഹം കൂടുതലായുണ്ടാകുന്നത് മരണം തൊട്ടടുത്തെത്തി എന്നറിയുമ്പോഴാണ്. അതൊരുപക്ഷേ ഒരസുഖത്തിന്റെ രൂപത്തിലാകാം...
അതേ, കാൻസർ എന്ന മഹാരോഗം അതിന്ന് തനിക്കും പിടിപ്പെട്ടിരിക്കുന്നു. കാൻസർ വന്നാൽ മരണം ഉറപ്പാണെന്നും പറയാം. മരണത്തിന്റെ പര്യായമായും കാൻസറിനെ കാണാം...
ആരെയും ഞാനിതറിയിച്ചില്ല. അറിഞ്ഞാൽ സന്തോഷങ്ങൾ സങ്കടങ്ങളാകുന്നത് കാണേണ്ടിവരും. അതെന്നെ കൂടുതൽ തളർത്തും. പറയാതിരുന്നാലോ? ചിലപ്പോൾ എന്തെങ്കിലും അത്ഭുതം സംഭവിച്ചാലോ? പക്ഷേ ഇപ്പോഴത്തെ സന്തോഷങ്ങളെല്ലാം ഒരു നിമിഷം കൊണ്ടു കെട്ടടങ്ങുമെന്നോർത്തപ്പോൾ ആരുമിതറിയണ്ടയെന്നു ഞാൻ തീരുമാനിച്ചു....
ഞാൻ സ്റ്റീഫൻ ദേവസ്യ. പകലോമറ്റം വീട്ടിൽ ദേവസ്യായുടെയും ദീനാമ്മയുടെയും മകൻ. അദ്ധ്യാപകരായ മാതാപിതാക്കളുടെ മൂത്ത മകൻ. ആദർശദീരനും സത്യസന്ധനുമായ അപ്പനെ കണ്ടാണ് ഞാൻ വളർന്നത്...
ഒരേ ഒരു അനിയത്തി സ്റ്റെഫി. അവൾ എന്നേക്കാൾ അഞ്ചുവയസ്സിന് ഇളയതായിരുന്നതിനാൽ മോളെപ്പോലെയാണ് ഞാൻ കണ്ടിരുന്നതും സ്നേഹിച്ചിരുന്നതും...
അദ്ധ്യാപകരുടെ മക്കളായിരുന്നതിനാൽ ഞങ്ങൾ രണ്ടുപേരും ക്ലാസ്സിൽ എന്നും ഫസ്റ്റായിരുന്നു. പഠനമികവുകൊണ്ടു എനിക്ക് നാട്ടിലെ ബാങ്കിൽ അസിസ്റ്റന്റ് മാനേജരായി തന്നെ ആദ്യ പോസ്റ്റിംഗ് ലഭിച്ചു...
സംഗീതത്തോടു അടങ്ങാത്ത ദാഹമായിരുന്ന സ്റ്റെഫി ഇന്നറിയപ്പെടുന്ന ഗായികയും സംഗീത സംവിധായികയുമാണ്. ക്രിസ്തീയ ഗാനങ്ങളാണ് അധികവും അവൾ സംവിധാനം ചെയ്തിരിക്കുന്നത്. ജോലി സൗകര്യാത്ഥം ചെന്നൈയിലാണ് താമസിക്കുന്നത്...
എനിയ്ക്ക് വായനയിലായിരുന്നു കമ്പം. അമ്മച്ചിയുടെ അതേ ശീലം എനിക്കായിരുന്നു കിട്ടിയത്. വീട്ടിൽ ഒരു ഷെൽഫ് നിറച്ച് പലതരം ബുക്കുകളുടെ ഒരു കളക്ഷൻ തന്നെയുണ്ടായിരുന്നു. നാടകരചനയും അഭിനയവുമൊക്കെയുള്ള അപ്പച്ചന്റെ കലാപാരമ്പര്യം കിട്ടിയത് അനിയത്തിക്കും...
ഒരു ദിവസം ബാങ്കിൽ നിന്നും ജോലിയെല്ലാം കഴിഞ്ഞ് സ്റ്റെഫി സംഗീതം നിർവഹിച്ച ക്രിസ്തീയ ഗാനവും കേട്ടുകൊണ്ടു കാറിൽ വരുന്ന വഴിക്കാണ് തിരക്കുള്ള ചന്തമുക്കിൽവച്ചു അശ്രദ്ധയോടെ റോഡ് മുറിച്ചുകടന്ന യുവതിക്കിട്ട് എന്റെ കാറിടിച്ചത്. ഞാൻ കാറിൽ നിന്നും ചാടിയിറങ്ങി. ആദ്യമായിട്ടാണിങ്ങനെ സംഭവിക്കുന്നത്...
ശരീരമാകെ വിറയ്ക്കാൻ തുടങ്ങി. ആളുകൾ ഓടിക്കൂടി. അവളുടെ തലപൊട്ടി റോഡിലേയ്ക്ക് രക്തമൊഴുകാൻ തുടങ്ങിയിരിക്കുന്നു. ആ കിടപ്പിൽ കിടന്നു വേദനിച്ചുകൊണ്ടും ആ യുവതി പറഞ്ഞു അവളുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമായതെന്ന്...
പിന്നെ സമയം കളയാതെ തന്നെ നാട്ടുകാരുംകൂടി ചേന്ന് അവളെ സ്റ്റീഫന്റെ കാറിൽകയറ്റി തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചു. തലയിലെ മുറിവിൽ തുന്നലിട്ടു. മറ്റു മുറിവുകളിൽ മരുന്നുംവച്ചു...
അവളെക്കുറിച്ച് അവളോടു തന്നെ തിരക്കിയപ്പോൾ പേര് സയനോര എന്നാണെന്നും, ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിലെ മൂത്ത മകളാണെന്നും, അപ്പൻ സേവ്യർനു റബ്ബറുവെട്ടാണ് തൊഴിലെന്നും, അമ്മ കൊച്ചുറാണിക്ക് പശുവിനെ വളർത്തലാണെന്നും, പിന്നെയുള്ള അനിയൻ പ്ലസ് വണ്ണിന് പഠിക്കുന്നെന്നും അറിയാൻ കഴിഞ്ഞു...
വേദന നിഴലിക്കുന്ന മുഖമായിരുന്നിട്ടും അവളെ കാണാൻ നല്ല ഐശ്വര്യമായിരുന്നു. ഇരുനിറം, വട്ടമുഖം, ചുണ്ടോടു ചേർന്നുള്ള ആ മറുക് അവൾക്ക് കണ്ണു കിട്ടാതിരിക്കാൻ ദൈവം അറിഞ്ഞു കൊടുത്തതുപോലെ തോന്നിക്കുന്നു. ചന്തമുക്കിലുള്ള സെന്റ്തോമസ് എന്ന പേരിലുള്ള മെഡിക്കൽഷോപ്പിലാണ് അവൾ ജോലി നോക്കിയിരുന്നത്...
വീട്ടിൽപോയി വിശ്രമിച്ചാൽ മതിയെന്ന് ഡോക്ടർ പറഞ്ഞതനുസരിച്ച് ഒരാഴ്ചത്തേക്കിനുള്ള മരുന്ന് ഫാർമസിയിൽ നിന്നുംവാങ്ങി ഓഫീസിൽ ചെന്ന് പണമടച്ച് സ്റ്റീഫൻ അവളെ ചെറുതായി താങ്ങിപ്പിടിച്ചുകൊണ്ട് തന്റെ കാറിനരികിലെത്തി അവൾക്കായി മുൻവശത്തെ ഇടത് ഡോർ തുറന്നു കൊടുത്തു... (ഒരുപക്ഷേ സ്റ്റീഫൻ പോലും ഓർത്തു കാണില്ല തന്റെ ജീവിതത്തിലേയ്ക്കുള്ള വാതിലായിരുന്നു അപ്പോൾ അവൾക്ക് തുറന്നു കൊടുത്തതെന്ന്)
സയനോര പറഞ്ഞു കൊടുത്ത വഴികളിൽകൂടി കാറോടിച്ച് അവളുടെ വീടിന്റെ താഴെവശത്തെ വഴിയിൽ കാറുനിർത്തി ഡോറുതുറന്ന് ഇറങ്ങി മെല്ലെ അവളെ താങ്ങിപ്പിടിച്ചുകൊണ്ടു വീടിന്റെ തിണ്ണയിലേയ്ക്കു കയറിയതും പേടിച്ചരണ്ട മുഖവുമായ് കൊച്ചുറാണി ഓടിയെത്തി മകളുടെ കൈകളിൽ പിടിച്ചു കസേരയിലിരുത്തി. സ്റ്റീഫനോട് ഇരിക്കാൻ പറഞ്ഞതുപോലും സയനോര ആയിരുന്നു...
നടന്ന സംഭവങ്ങൾ വള്ളിപുള്ളിവിടാതെ സയനോര അമ്മയെ പറഞ്ഞു കേൾപ്പിച്ചു. അവളുടെ വരുമാനംകൂടി ആ കുടുംബത്തിന്റെ ചിലവുകൾ വഹിക്കാൻ ആവശ്യമായിരുന്നു എന്നവൻ മനസ്സിലാക്കി. തന്റെ കുഴപ്പമല്ലെങ്കിലും വീട്ടിൽ അവളുടെ സ്ഥാനം എന്താണെന്ന് മനസ്സിലാക്കിയ സ്റ്റീഫനു ഉള്ളിൽ എന്തെന്നില്ലാത്ത കുറ്റബോധം തോന്നി. അതു മനസ്സിലാക്കിയിട്ടെന്നതുപോലെ സയനോര പറഞ്ഞു
"സാറ് ഒന്നുമോർത്തു ടെൻഷൻ അടിക്കണ്ട, എന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമായത്.. ബസ് കിട്ടാൻ വേണ്ടിയുള്ള പാച്ചിലിനിടയിൽ പറ്റിയ ചെറിയൊരു കൈപ്പിഴ..
സാറിന്റെ നല്ല മനസ്സുകൊണ്ടു എനിക്കിപ്പോൾ ഇങ്ങനെ എന്റെ വീട്ടിലിരിക്കാൻ കഴിഞ്ഞു, അതിനൊരുപാടു നന്ദിയുണ്ട് "
സാറിന്റെ നല്ല മനസ്സുകൊണ്ടു എനിക്കിപ്പോൾ ഇങ്ങനെ എന്റെ വീട്ടിലിരിക്കാൻ കഴിഞ്ഞു, അതിനൊരുപാടു നന്ദിയുണ്ട് "
കൈകൾ കൂപ്പി പിടിച്ചുകൊണ്ടു അവളിതു പറയുമ്പോളേക്കിനും കൊച്ചുറാണി ആവി പറക്കുന്ന ചായയുമായി അവർക്കരികിലെത്തി...
ചായ കുടിച്ചു ഗ്ലാസ്സ് തിരികെ കൊടുക്കാൻ നേരത്താണ് സ്റ്റീഫൻ വീടിനകത്തേയ്ക്ക് ഒരാൾ കയറിവരുന്നതു കണ്ടത്. അത് സേവ്യറായിരുന്നു. സ്റ്റീഫൻ എഴുന്നേറ്റു. ഇരിക്കാൻ ആംഗ്യം കാണിച്ചിട്ട് സേവ്യർ തലയിൽ വലിയ കെട്ടുമായി ഇരിക്കുന്ന മകളുടെ അരികിലെത്തി കാര്യങ്ങൾ എന്താന്നെന്ന് ചോദിച്ചറിഞ്ഞു. പിന്നീട് സ്റ്റീഫനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ചോദിച്ചു മനസ്സിലാക്കി...
വാച്ചിലേയ്ക്കു നോക്കിയ സ്റ്റീഫൻ മെല്ലെ എണീറ്റ് അവരോടു യാത്ര പറഞ്ഞു. എന്തു സഹായം വേണമെങ്കിലും ചോദിച്ചാൽ മതിയെന്നും പറഞ്ഞു തന്റെ വിസിറ്റിംഗ് കാർഡ് സയനോരയ്ക്കു കൊടുത്തു. നാളെ വരാമെന്നു പറഞ്ഞപ്പോൾ സയനോരയുടെ മുഖം പ്രസന്നമായി. കാറ് കിടക്കുന്നിടംവരെ സേവ്യർ അയാളെ അനുഗമിച്ചു...
വീട്ടിൽ എത്തിയപ്പോൾ പതിവിലും വിപരീതമായി താമസിച്ചെത്തിയതിനു കാരണമന്വേഷിച്ച അപ്പച്ചനോടു സ്റ്റീഫൻ നടന്നതെല്ലാം വിവരിച്ചു. ദേവസ്സിക്കരികിലിരുന്നു വിവരങ്ങൾ മനസ്സിലാക്കിയ ദീനാമ്മ എന്തെങ്കിലും കാശ് അവർക്കു കൊടുക്കാത്തതിൽ സ്റ്റീഫനോടു പരിഭവിച്ചു...
അമ്മച്ചിക്ക് ആ കുട്ടിയെ കാണണമെന്ന് അതിയായ ആഗ്രഹം തോന്നി. കാരണം, പെൺമക്കളോട് അമ്മച്ചിക്കൊരു പ്രത്യേക വാത്സല്യമുണ്ടായിരുന്നു...
ഈ സമയത്ത് സ്റ്റൈഫി റിക്കോർഡിംഗും പാട്ടുമൊക്കെയായി ചെന്നൈയിലായിരുന്നു...
പിറ്റേന്നും അതിന്റെ പിറ്റേന്നുമൊക്കെ മുടക്കം കൂടാതെ സ്റ്റീഫൻ ബാങ്കിൽ നിന്നും തിരിച്ചു പോരുന്ന വഴി സയനോരയുടെ വീട്ടിൽ കയറി സുഖവിവരങ്ങൾ അന്വേഷിച്ചറിഞ്ഞു കൊണ്ടിരുന്നു...
സ്റ്റീഫൻ തന്ന വിസിറ്റിംഗ് കാർഡിലെ നമ്പർ സേവ് ചെയ്തു അവൾ വാട്ട്സപ്പിൽ അവനൊരു മെസേജയച്ചു. സൗഹൃദമായിത്തുടങ്ങിയ ആ ബന്ധം പിന്നെ പ്രണയത്തിലേയ്ക്ക് വഴുതി വീഴുകയായിരുന്നു...
കുടുംബങ്ങൾ തമ്മിൽ വലിയ അന്തരം ഉണ്ടായിരുന്നെങ്കിലും അവരുടെ പ്രണയത്തിന് യാതോരുവിധ തടസ്സം നേരിട്ടിരുന്നില്ല...
ഒരു ദിവസം സ്റ്റീഫൻ തന്റെ പ്രണയ കാര്യം അമ്മച്ചിക്കു മുന്നിൽ അവതരിപ്പിക്കുന്നു. തന്റെ മക്കൾക്കു ഇഷ്ടമുള്ളവരെ കല്യാണം കഴിക്കാനുള്ള സ്വാതന്ത്രൃം നേരത്തെ തന്നെ കൊടുത്തിട്ടുള്ള ദീനാമ്മയ്ക്കതു കേട്ടപ്പോൾ സന്തോഷമേ തോന്നിയുള്ളു. ഇനിയിതു അപ്പച്ചനോടവതരിപ്പിക്കേണ്ടത് അമ്മച്ചിയുടെ ജോലിയാണ്...
അന്ന് രാത്രിയിൽ കിടക്കപ്പുമുറിയിൽവച്ചു ഈ കാര്യം ദീനാമ്മ ദേവസ്യായോടു പറഞ്ഞു. പെണ്ണ് ക്രിസ്ത്യാനിയാണോ എന്നു മാത്രമാണ് ദേവസ്യാ ദീനാമ്മയോടു ചോദിച്ച ഏക ചോദ്യം. കാരണം മക്കളുടെ ഒരിഷ്ടത്തിനും അയാൾ ഒരിക്കലും എതിരല്ലായിരുന്നു. ഈ കാര്യം സയനോരയുടെ വീട്ടുകാരുമായി ആലോചിക്കാൻ ഒരു ദിവസം അവരുടെ വീട്ടിൽ പോകുന്ന കാര്യം തീരുമാനിക്കാൻ സ്റ്റീഫനോട് പറയാൻ പറഞ്ഞിട്ട് ദേവസ്യാ കിടപ്പുമുറിയുടെ ലൈറ്റ് കെടുത്തി...
സയനോരയോടു ഈ കാര്യം പറഞ്ഞ സ്റ്റീഫൻ അടുത്ത ഞായറാഴ്ച വീട്ടിൽ വരാനുള്ള അനുവാദം അപ്പനോടു ചോദിക്കാൻ അവളെ പറഞ്ഞേൽപ്പിച്ചു...
ആദ്യമിതു കേട്ടപ്പോൾ സേവ്യറിന് ഒരു ഞെട്ടലാണുണ്ടായത്. സ്റ്റീഫന്റെ വീട്ടുകാരുടെ താത്പര്യം മനസ്സിലാക്കിയപ്പോൾ ഞായറാഴ്ച അവരോടു വരാൻ പറയാൻ സമ്മതിച്ചു...
ഞായറാഴ്ച രാവിലത്തെ കുർബ്ബാനയ്ക്കു ശേഷമാണ് അപ്പച്ചനും അമ്മച്ചിക്കും പിന്നെ അത്യാവശ്യമായി വിളിച്ചു വരുത്തിയ സ്റ്റെഫിക്കുമൊപ്പം സ്റ്റീഫൻ തന്റെ കാറിൽ സയനോരയുടെ വീട്ടിൽ ചെന്നു കയറിയത്...
ഔദ്യോഗികമായി പെണ്ണുകാണൽ ചടങ്ങ് കഴിഞ്ഞു. അപ്പച്ചനും അമ്മച്ചിക്കും സ്റ്റെഫിക്കും സയനോരയേയും വീട്ടുകാരെയും നന്നായി പിടിച്ചു. തന്റെ മകൾക്ക് താൻ എന്തു കൊടുക്കുന്നോ അതുമാത്രം കൊടുക്കുക ഞങ്ങൾക്കവളെ മരുമോളായി കിട്ടിയാൽ മതിയെന്ന് ദേവസ്യാ പറഞ്ഞപ്പോൾ സേവ്യറുടെയും കൊച്ചുറാണിയുടെയും മുഖത്ത് സന്തോഷം പ്രതിഫലിച്ചു...
താമസിയാതേ തന്നെ അടുത്തു തന്നെയുള്ള ശുഭദിനം നോക്കി അവരുടെ കല്യാണം പള്ളിയിൽവച്ചു ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും, നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ മംഗളകരമായി നടന്നു...
വർഷങ്ങൾ കടന്നു പോയിരിക്കുന്നു. ഇന്നിപ്പോൾ സ്റ്റെഫിയുടെ കല്യാണം കഴിഞ്ഞവരു ചെന്നൈയിൽ സെറ്റിൾഡായിട്ട് രണ്ടു വർഷം കഴിയുന്നു. സ്റ്റീഫന് രണ്ടു കുട്ടികൾ മൂത്തത് ആണും രണ്ടാമത്തേത് പെണ്ണും. സയനോര സ്വസ്തം ഗൃഹഭരണവും. അങ്ങനെ അവരുടെ ജീവിതം സന്തോഷകരമായിട്ട് മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു...
സ്റ്റീഫന്റെ കൂട്ടുകാരൻ പ്രദീപിനെ ബൈക്ക് ആക്സിഡൻറു പറ്റിയിട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയിരിക്കുന്നു. ഇച്ചിരി സീരിയസ്സാണ് കാര്യം. അപകടംപറ്റി വഴിയിൽ കിടന്ന് കുറെയേറെ രക്തം പോയിരിക്കുന്നു. അത്യാവശ്യമായി എ പോസിറ്റീവ് രക്തം ആവശ്യമുണ്ട്. സ്റ്റീഫന്റെ രക്തഗ്രൂപ്പ് എ പോസിറ്റീവാണ്. രാജേഷ് ഈ കാര്യം വിളിച്ചു പറഞ്ഞപ്പോൾ തന്നെ സ്റ്റീഫൻ സ്വന്തം കാറിൽ പ്രദീപിനെ അഡ്മിറ്റാക്കിയ ആശുപത്രിയിലെത്തി...
ബ്ലഡ് ബാങ്കിലെത്തിയ സ്റ്റീഫന്റെ ശരീരഭാരം നോക്കിയപ്പോൾ എഴുപത്തഞ്ചു കിലോ എന്നു നഴ്സ് രേഖപ്പെടുത്തിയതു കണ്ടപ്പോൾ സ്റ്റീഫൻ നെറ്റി ചുളിച്ചു. ഒരാഴ്ച മുന്നേ ഷോപ്പിംങ്ങ് മാളിലെ വെയിറ്റിംഗ് മെഷ്യനിൽ കൊയിൻ ഇട്ട് വെയിറ്റ് നോക്കിയപ്പോൾ എൺപതു കിലോ ഉണ്ടെന്നു കണ്ടതാണ്. ഒരാഴ്ചകൊണ്ടു അഞ്ചുകിലോ കുറയുമോ?
ഈ കാര്യം നേഴ്സിനോടു പറയുകയും ചെയ്തതിനു ശേഷമാണ് രക്തം ടെസ്റ്റ് ചെയ്യാൻ കൊടുത്തത്. രക്തത്തിൽ എച്ച്ബി കുറവാണെന്നു കണ്ടെത്തുകയും, ആയതിനാൽ പ്രദീപിന് രക്തം കൊടുക്കാൻ കഴിയില്ലെന്ന് നഴ്സ് സ്റ്റീഫനെ അറിയിച്ചു. നഴ്സ് സ്റ്റീഫനോടു പറഞ്ഞു
"സാർ.. സാറിന് വെയിറ്റ്ലോസും എച്ച്ബി യും കുറവായതിനാൽ സാറൊരു ഫിസിഷ്യനെ കാണുന്നത് നല്ലതായിരിക്കും"
അതു നല്ലതാണെന്ന് സ്റ്റീഫനും തോന്നി. കാണേണ്ട ഫിസിഷ്യന്റെ പേര് ചോദിച്ചു മനസ്സിലാക്കിയിട്ട് നഴ്സിനോടു നന്ദിയും പറഞ്ഞു ആ ഡോക്ടറുടെ റൂം ലക്ഷ്യമാക്കി സ്റ്റീഫൻ നടന്നു...
ഡോക്ടർ വിനീത്കുമാറിന് അഭിമുഖമായിരുന്നു നഴ്സ് സൂചിപ്പിച്ച കാര്യങ്ങൾ സ്റ്റീഫൻ പറഞ്ഞപ്പോൾ ഡോക്ടറിന് എന്തോ ഒരു സംശയംപോലെ തോന്നി.
" സ്റ്റീഫൻ നിങ്ങൾക്ക് വിശപ്പില്ലാഴ്മയോ, വയറുവേദനയോ ഈയടുത്തെങ്ങാനും തോന്നിയിട്ടുണ്ടോ. അതുപോലെ മലദ്വാരത്തിലൂടെ രക്തം പോയതായിട്ടും താങ്കളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ"
അതു കേട്ടപ്പോൾ സ്റ്റീഫന് ആശ്ചര്യം തോന്നിപ്പോയി. കാരണം, മൂന്നാലു ദിവസം മുന്നേ വയറ്റിൽ വേദന വന്നതും ഗ്യാസിന്റെ ആണെന്നു കരുതി പുതിൻഹരാ കഴിച്ചതും, വയറ്റു വേദന കലശലായപ്പോൾ ടൊയ്ലറ്റിൽ പോയതും അപ്പോൾ ലേശം രക്തംപോയതും, അതിനുശേഷം അമ്മച്ചി ഇഞ്ചിനീരിൽ പഞ്ചസാരയും,ഉപ്പും, നാരങ്ങായും ചേർത്ത് തന്നതു കുടിച്ചപ്പോൾ അൽപ്പം ആശ്വാസമായതും ഡോക്ടറോടു പറഞ്ഞു...
തലേന്നു അമ്മച്ചി കുരുമുളക് കുറച്ചേറെയിട്ട് ഉണ്ടാക്കിയ പോത്ത് ഒലത്തിയത് കഴിച്ചപ്പോൾ താൻ പറഞ്ഞിരുന്നു ഇത് ആസനംവരെ പുകയുന്ന എരിവാണല്ലോ അമ്മച്ചിയെന്ന്. അപ്പോൾ അമ്മച്ചി പറഞ്ഞത് ഇതിലും എരിവുവേണം നിന്റപ്പച്ചന്. നിന്നെയോർത്താണ് ഞാൻ കുരുമുളക് കുറച്ചിട്ടത്. അതുകൊണ്ടായിരിക്കാം രക്തം വന്നതെന്നാണ് താനപ്പോൾ കരുതിയിരുന്നത്. ഡോക്ടർ ഇതെല്ലാം കേട്ടിട്ട് പറഞ്ഞു
"നമുക്കൊന്നു സ്കാൻ ചെയ്യാം എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് സ്ഥിരീകരിക്കുകയും ചെയ്യാമല്ലോ"
അങ്ങനെ സ്റ്റീഫനെ സ്കാൻ ചെയ്യുകയും സ്കാനിൽ റിപ്പോർട്ടിൽ സംശയം തോന്നിയ ഡോക്ടർ ബയോപ്സി ടെസ്റ്റ് നടത്താൻ സ്റ്റീഫനു എഴുതിക്കൊടുക്കുകയും, ടെസ്റ്റിനു ശേഷം റിസൾട്ടിനായി രണ്ടു ദിവസം കഴിഞ്ഞു വരാൻ പറയുകയും ചെയ്തു...
പ്രദീപിന്റെ ചേട്ടനെയും അച്ഛനെയും കണ്ട് എച്ച്ബി കുറവായതിനാൽ രക്തം കൊടുക്കാൻ കഴിയില്ല എന്ന വിവരം സ്റ്റീഫൻ അവരെ ധരിപ്പിക്കുന്നു. അരമണിക്കൂർ അവിടെ ചിലവഴിച്ചതിനു ശേഷം തന്റെ കാറിൽ സ്റ്റീഫൻ വീട്ടിലേയ്ക്കു മടങ്ങുകയും ചെയ്തു. വീട്ടിൽ ഈ കാര്യമൊന്നും ആരോടും പറയുകയും ചെയ്തില്ല...
രണ്ടു ദിവസത്തിനുശേഷം ആശുപത്രിയിൽപോയി റിസൾട്ടു മേടിച്ചപ്പോൾ, തനിയ്ക്ക് കുടലിൽ കാൻസർ പിടിപ്പെട്ടെന്ന ഞെട്ടിക്കുന്ന കാര്യമറിഞ്ഞ സ്റ്റീഫൻ ആകെ പരവശനായി തീർന്നു. പെട്ടെന്നവന്റെ മനസ്സിലേയ്ക്ക് പുഞ്ചിരിക്കുന്ന സയനനോരയുടെയും മക്കളുടെയും മുഖങ്ങൾ കടന്നു വന്നപ്പോൾ കണ്ണുകളറിയാതെ തുളുമ്പിപോയി...
ബയോപ്സി റിസൾട്ടിന്റെ അടിസ്ഥാനത്തിൽ ഓങ്കോളജിസ്റ്റായ ഡോക്ടർ എബിമാത്യുവിനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് കീമോതെറാപ്പി എത്രയും പെട്ടെന്നു തുടങ്ങണമെന്നായിരുന്നു. കാൻസർ വന്നിട്ടു ചുരുക്കം ചില ആളുകൾ മാത്രമേ ജീവിച്ചിരുന്നിട്ടുള്ളു എന്ന കാര്യം ഓർത്തപ്പോൾ സ്റ്റീഫന്റെ മനസ്സിനു എന്തെന്നില്ലാത്ത ഭാരം അനുഭവപ്പെട്ടു...
വീട്ടിലെത്തിയ സ്റ്റീഫന്റെ പെരുമാറ്റത്തിൽ സയനോരയ്ക്ക് എന്തോ പന്തിക്കേടുതോന്നി. മുഖത്തിന് നല്ല ക്ഷീണംപോലെ തോന്നുന്നു. അതുമല്ല എന്തോ ഒരു ഉത്സാഹക്കുറവും സ്റ്റീഫനിൽ കാണാൻ സാധിക്കുന്നു. സംശയം തോന്നിയ അവൾ അനോടു ചോദിച്ചു
"എന്താണ് ഇച്ചായാ ഇന്ന് ശനിയാഴ്ച ആയതുകൊണ്ടു നല്ല തിരക്കായിരുന്നു ബാങ്കിൽ എന്നു തോന്നുന്നല്ലോ, ഇന്നിച്ചിരിക്കൂടുതൽ ടെൻഷനിലായിരുന്നെന്നു മുഖം കണ്ടിട്ടു തോന്നുന്നു. മുഖമൊക്കെ ആകെ വിളറിയിരിക്കുന്നു. ഇച്ചായൻ ഒന്നുപോയി കുളിച്ച് ഫ്രഷായിട്ടുവരു, അപ്പോളേക്കിനും ഞാൻ ഇച്ചായനു ഇഷ്ടമുള്ള കപ്പവേവിച്ചതും വറ്റക്കറിയും മേശപ്പുറത്തെടുത്തു വയ്ക്കാം എന്നിട്ട് നമുക്കൊരുമിച്ചു മക്കൾക്കൊപ്പം കഴിക്കാം"
ഇതുകേട്ടപ്പോൾ ഒന്നൂടെ സ്റ്റീഫന് വിഷമമായി. ഇനി എത്രനാള് അനുഭവിക്കാൻ കഴിയും തന്റെ എല്ലാമെല്ലാമായ ഭാര്യയുടെയും മക്കളുടെയും സ്നേഹം. അവൾക്കു മുഖം കൊടുക്കാതെ ടൗവ്വലുമായി അവൻ ബാത്ത്റൂമിലേയ്ക്കു നടന്നു...
കുളിക്കഴിഞ്ഞ് വന്നതിനുശേഷം മക്കൾക്കൊപ്പം ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോഴും കഴിവതും ആർക്കും മുഖം കൊടുക്കാതിരിക്കാൻ സ്റ്റീഫൻ ശ്രദ്ധിച്ചിരുന്നു. പക്ഷെ, സയനോരയിൽ ഇത് എന്തെന്നില്ലാത്ത ഭീതി ജനിപ്പിച്ചു. കഴിച്ചതിന് ശേഷം സ്റ്റീഫൻ ടിവിയിൽ ന്യൂസ് കാണാനായി സോഫയിലിരുന്നു. സൺഡേ സ്കൂളിൽ പഠിച്ചുകൊണ്ടു പോകാനുള്ളത് പഠിക്കാനായി മക്കൾ റൂമിലേയ്ക്കുംപോയി...
കുരിശുവര കഴിഞ്ഞ് അത്താഴവും കഴിച്ച് അടുക്കളയും വൃത്തിയാക്കി കിടപ്പറയിൽ എത്തിയ സയനോര കാണുന്നത് കിടക്കയിൽ ചാരിയിരുന്നു മൊബൈലിൽ ആകാംക്ഷയോടെ നോക്കികൊണ്ടിരുന്ന സ്റ്റീഫനെയാണ്. ശ്രദ്ധ മൊബൈലിൽ തന്നെയാണ്. സയനോര വന്നതൊന്നും സ്റ്റീഫൻ അറിഞ്ഞതു കൂടിയില്ല. ഇതൊന്നും പതിവില്ലാത്തതാണല്ലോ. ആ സമയം സ്റ്റീഫൻ ഗൂഗിളിൽ കാൻസറിനെക്കുറിച്ചുള്ള കാര്യങ്ങൾ വായിച്ചെടുക്കുകയായിരുന്നു...
സ്റ്റീഫനോടു ചേർന്നു ചാരിയിരുന്നുകൊണ്ടു ആ മുഖത്തേയ്ക്ക് നോക്കി അവൾ ചോദിച്ചു
"ഇച്ചായാ എന്തു പറ്റി.. എന്താണെങ്കിലും എന്നോട് പറഞ്ഞു ആ ഭാരമൊന്നു കുറയ്ക്കാൻ നോക്ക്.. ഇങ്ങനെ ഒറ്റയ്ക്കു ചുമന്നു വിഷമിക്കാതെ.. എനിക്ക് ഈ വിഷമിച്ച മുഖം കാണാൻ കഴിയില്ല.."
മൊബൈൽ ലോക്ക് ചെയ്തു മേശപ്പുറത്തു വച്ചിട്ട് സ്റ്റീഫൻ അവളെ തന്റെ നെഞ്ചിലേയ്ക്ക് ചേർത്തു കിടത്തി മൂർദ്ധാവിൽ ഉമ്മവച്ചു. തലയിൽ ചൂടനുഭവപ്പെട്ടപ്പോൾ അവൾ പിടഞ്ഞെണീറ്റു സ്റ്റീഫനെ നോക്കി. അവന്റെ ഇരു കണ്ണുകളും നിറഞ്ഞു തുളുമ്പിയൊഴുകിയിരിക്കുന്നു. എന്തോ പെട്ടെന്നവൾ അവനെ ഇറുക്കെ കെട്ടിപ്പിടിച്ചു. ആർക്കും വിട്ടുകൊടുക്കാത്തതുപോലെ. തുടർന്നുള്ള അവളുടെ ചോദ്യങ്ങൾക്കും യാചനകൾക്കും നടുവിൽ അവനു സത്യം പറയേണ്ടിവന്നു. പറഞ്ഞതുകേട്ടതും പൊട്ടിക്കരഞ്ഞുകൊണ്ടു അവന്റെ മാറിലേയ്ക്കവൾ മുഖംപൂഴ്ത്തി...
കുറച്ചു നിമിഷങ്ങൾക്കുശേഷം മനസ്സിനെ നിയന്ത്രിച്ചുകൊണ്ട് അവൾ അവനോടു പറഞ്ഞു
"ഇച്ചായൻ ഒന്നുകൊണ്ടും പേടിക്കണ്ട.. ഒന്നും സംഭവിക്കില്ല.. എന്നേയും നമ്മുടെ പുന്നാരമക്കളെയും തനിച്ചാക്കി പോകാൻ ഇച്ചായനെ ദൈവം അനുവദിക്കില്ല.. അതിനു ഞാൻ സമ്മതിക്കത്തുമില്ല.. നമുക്ക് നാളെതന്നെ ആശുപത്രിയിൽപോയി ഡോക്ടറെ കണ്ട് കീമോതെറാപ്പി തുടങ്ങാനുള്ള കാര്യങ്ങൾ ആരംഭിക്കാം.. എന്തിനും കൂടെ ഞാനുണ്ടാകും"
ഇതു കേട്ടപ്പോൾ തന്നെ സ്റ്റീഫന് എന്തെന്നില്ലാത്ത ആശ്വാസവും ഉന്മേഷവും തോന്നി. തനിക്കൊപ്പം തന്റെ കുടുംബമുണ്ട് എന്ന തോന്നൽ, അതാണ് ഏതൊരു കാൻസർ രോഗികൾക്കും കിട്ടേണ്ട ഏറ്റവും വലിയ ശക്തി. മക്കളൊഴികെ അപ്പച്ചനും അമ്മച്ചിയുംകൂടി ഈ കാര്യമറിഞ്ഞു വിഷമിച്ചെങ്കിലും അവർ സ്റ്റീഫനു നല്ലധൈര്യം കൊടുത്തു അവന്റെ കൂടെ നിന്നു. പിറ്റേന്ന് കാലത്ത് പത്തുമണിയോടടുത്ത് സ്റ്റീഫനും സയനോരയും അപ്പച്ചനും കൂടി കീമോതെറാപ്പി തുടങ്ങാൻവേണ്ടി ആശുപത്രിയിലേയ്ക്ക് കാറിൽ യാത്ര തിരിച്ചു...
ഇത്രയും തന്റെ ലെറ്റർപാഡിൽ എഴുതി നിർത്തിയ പയസ് ഫൗൻഡൻപേന ക്യാപ്പിട്ട് മേശപ്പുറത്തു വച്ചു മൂരിയൊന്നു നിവർത്തി...
എഴുതിയതു മുഴുവൻ ഒന്നൂടെ വായിച്ചു നോക്കിയപ്പോൾ കണ്ണിനു നല്ല ക്ഷീണം അവനു അനുഭവപ്പെട്ടു. അലമാരയുടെ ഇടത്തേവാതിലിലുള്ള കണ്ണാടിക്കു മുന്നിൽ നിന്നുകൊണ്ടു തന്റെ മുഖത്തേയ്ക്ക് അവൻ സൂക്ഷിച്ചുനോക്കി. കണ്ണുകൾക്കു താഴെ കറുപ്പു വ്യാപിച്ചിരിക്കുന്നു. അതൊരുപക്ഷേ ഉറക്കമില്ലാത്തതിന്റെതാകാം...
കീമോതെറാപ്പി ചെയ്ത് മുടിപോയ തന്റെ തലയിൽ തടവിയപ്പോൾ, ജെല്ലുപുരട്ടി ഒതുക്കി സ്റ്റൈലാക്കി വച്ചിരുന്ന തന്റെ പഴയ ചെമ്പൻമുടിയെക്കുറിച്ച് അവൻ തെല്ലു ദുഃഖത്തോടെ ഓർത്തു...
ഫളാസ്ക്കിൽ നിന്നും ഗ്ലാസ്സിലേയ്ക്ക് തിളപ്പിച്ചാറിച്ച വെള്ളമൊഴിച്ചു ചുണ്ടോടു ചേർത്തു കുടിച്ചപ്പോൾ അവനെഴുതിയ കഥയിലെ സ്റ്റീഫൻ ഞാൻ തന്നെയാണെന്നു മനസ്സിനെ പറഞ്ഞു മനസ്സിലാക്കാൻ അവനൊന്നു ശ്രമിച്ചു ? തനിക്ക് ഈ കഥയിൽ തന്നോടു തന്നെ നീതി പുലർത്താനായോ? അവൻ ആലോചനയിലാണ്ടു...
ശക്തമായ കഥകളെഴുതി വായനക്കാരുടെ മനസ്സിൽ ഇടംതേടിയ തനിയ്ക്ക് കാൻസറെന്ന മാറാരോഗത്തെ അതിജീവിക്കാനുള്ള കരുത്തുറ്റ മനസ്സുണ്ടെന്നു അവൻ വിശ്വസിച്ചു...
ചിന്തകൾക്ക് വിരാമമിട്ടുകൊണ്ടവൻ മെല്ലെ കണ്ണുകളടച്ചു ചാരുക്കസേരയിലേയ്ക്കു ചാഞ്ഞിരുന്നു. വേദനയ്ക്കിടയിലും അൽപമെങ്കിലും ഉറങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിൽ...
അപ്പോൾ ദൂരത്തെവിടെ നിന്നോ കേട്ട പൂവൻകോഴിയുടെ കൂവൽ പ്രഭാതത്തിന്റെ വരവിനെ അറിയിക്കുകയായിരുന്നു...
..............................
✒ മനു ................................

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക