Slider

എം. ടി.

0
Image may contain: 2 people, people smiling, selfie and closeup

"സ്വർഗ്ഗത്തിൽ നിന്നും പുറന്തള്ളപ്പെട്ട ശേഷം മാത്രമേ മനുഷ്യൻ സ്വർഗ്ഗത്തെ മോഹിച്ചു പറയാറുള്ളൂ"എന്ന് പതിറ്റാണ്ടുകൾക്കു മുമ്പേ എഴുതി വച്ചു ഒരു മഹനീയ വ്യക്തിത്വം.
അത്രമേൽ സത്യസന്ധമായ ആ വാചകം ഒരുപാടു സ്വാധീനിച്ചിട്ടുണ്ട് ഞാനെന്ന വ്യക്തിയെ.
നേരിൽ കാണണമെന്നു ഞാൻ അത്രയേറെ ആഗ്രഹിച്ചിട്ടുള്ളതും, എം. ടി. വാസുദേവൻ നായർ എന്ന ഈ എഴുത്തിന്റെ അതികായനെ മാത്രം.
എത്രയോ വർഷങ്ങളായി മനസ്സിൽ കൊണ്ടു നടന്ന ഒരാഗ്രഹം. (അത്യാഗ്രഹം എന്നു കൂട്ടുകാർ.)
അദ്ദേഹത്തിന്റെ കർക്കശ സ്വഭാവത്തിന്റെ കഥകൾ കേട്ടറിഞ്ഞു ഞാൻ എപ്പോഴാ ആ ആഗ്രഹം വേണ്ടെന്നു വച്ചു. കാണാൻ സമ്മതിച്ചില്ലെങ്കിലോ എന്ന ആശങ്കയാവാം. മരണം വരെ എത്തി നിന്ന രോഗാതുരതയെക്കുറിച്ചുള്ള കേട്ടറിവുമാവാം.
ഈയിടെ എന്റെ പ്രിയ സുഹൃത്ത്‌ അജിത് ആണു പറഞ്ഞത്, "എന്നെങ്കിലും നീയൊരു പുസ്തകമിറക്കാൻ ഉദ്ദേശിയ്ക്കുന്നുണ്ടെങ്കിൽ അതിനു മുമ്പ് തീർച്ചയായും എം. ടി സാറിനെ പോയിക്കണ്ടു അനുഗ്രഹം വാങ്ങിയിരിക്കണം"
നടക്കില്ലെന്നു കരുതി മറന്നു തുടങ്ങിയ ഒരാഗ്രഹമാണ് വീണ്ടും അവൻ കുത്തിത്തുറന്നു പുറത്തെടുത്തത്. അദ്ദേഹത്തിന്റെ ഫോൺ നമ്പറും അജിത് തന്നെ സംഘടിപ്പിച്ചു തന്നു.
പക്ഷേ പല വഴിയ്ക്കു ശ്രമിച്ചിട്ടും എല്ലായിടത്തു നിന്നും ഒരേ ഉത്തരം.
"നടക്കാൻ സാധ്യതയില്ല, അദ്ദേഹം രോഗാവസ്ഥയിലാണ്. ആരെയും കാണാൻ അനുവദിക്കില്ല."
വീണ്ടും നിരാശ.
ഒരുദിവസം മറ്റൊരു പ്രിയ സുഹൃത്തും കോഴിക്കോട് ബാഷോ ബുക്സ് എഡിറ്ററുമായ, ഷാനു എന്നു ഞാൻ സ്നേഹപൂർവ്വം വിളിയ്ക്കുന്ന ഷെഹനാസിനോടും ഞാനിക്കാര്യം പറഞ്ഞു.
"നടക്കുന്ന കാര്യം വല്ലതുമുണ്ടെങ്കിൽ പറ"എന്ന, മുമ്പ് കേട്ടു പഴകിയ പലരുടെയും പോലുള്ള ഒരു കളിയാക്കൽ മറുപടി പ്രതീക്ഷിച്ച എന്നെ ഞെട്ടിച്ചു കൊണ്ട് ഷാനു പറഞ്ഞു
"നമുക്ക് നോക്കാം ഇത്താ."
"ങേ...? "
"ങാ നോക്കാം."
ശുഭാപ്തി വിശ്വാസത്തിന്റെ ബ്രാൻഡ് അംബാസ്സിഡർ ആയതു കൊണ്ട് ഞാനതു 75%വിശ്വസിച്ചു.ബാക്കി 25% ആ കാർക്കശ്യസ്വഭാവ കേട്ടു കേൾവി കാരണം വിട്ടു കളഞ്ഞു.
രണ്ടേ രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഷാനുവിന്റെ കാൾ വന്നു.
"ഇത്താ തിങ്കളാഴ്ച്ച രാവിലെ 9. 30നു കോഴിക്കോട് എത്താൻ പറ്റോ?"
"എന്താ കാര്യം?"
"ശ്ശോ.... എം. ടി സാറിനെ കാണണംന്നു പറഞ്ഞതു മറന്നു പോയോ?"
ഞെട്ടലും അമിതാഹ്ലാദവും കാരണം എനിക്ക് വാക്കുകൾ കിട്ടാതായി.
ഞാൻ താമസിയ്ക്കുന്നിടത്തു നിന്നും കോഴിക്കോട്ടേക്ക് നാലു മണിക്കൂർ യാത്രയുണ്ട്.
ഒന്നുമാലോചിക്കാതെ ഞാൻ പറഞ്ഞു.
"ഞാനെത്താം."
"ok, അപ്പൊ നമ്മൾ തിങ്കളാഴ്ച്ച എം. ടി സാറിനെ കണ്ടിരിയ്ക്കും."
പിന്നെ നടന്നതെല്ലാം ഒരു സ്വപ്നം പോലെയാണ് ഇപ്പോൾ തോന്നുന്നത്.
ഫാറൂഖിലാണ് ഷാനു താമസിയ്ക്കുന്നത്. അവിടെ എത്താറായപ്പോ ഞാൻ വിളിച്ചു.
"ഞാനിതാ ഇറങ്ങുകയാണ്. മോളെ സ്കൂൾ ബസ്സിൽ കയറ്റി വിട്ടിട്ടു. ഇത്ത മാനാഞ്ചിറ wait ചെയ്താ മതി. ഞാനങ്ങോട്ട്‌ എത്തിക്കോളാം. "
അത്രയും നേരം മകനോട് എം. ടി.യെക്കുറിച്ചും അദ്ദേഹത്തിന്റെ സൃഷ്ടികളെക്കുറിച്ചും വാ തോരാതെ പറഞ്ഞു കൊണ്ടിരുന്ന ഞാൻ, നടക്കാവിലെ കൊട്ടാരം റോഡിലേക്ക് കാർ തിരിഞ്ഞതും നിശ്ശബ്ദയായി.
കാർ പാർക്ക്‌ ചെയ്തു വന്നു ഷാനുവും ചോദിച്ചു, "ഇത്തയ്ക്ക് ടെൻഷനുണ്ടോ?"
'സിതാര'യെന്ന വീടിന്റെ മുറ്റത്തു കാലു കുത്തിയതും ഞങ്ങൾ അല്പം വികാരാധീനരായെന്നു തോന്നുന്നു.
കാളിങ് ബെല്ലടിച്ചപ്പോൾ ബന്ധുവായ ഒരാൾ വന്നു വാതിൽ തുറന്നു.
ഷാനു പേരു പറഞ്ഞു അപ്പോയ്ന്റ്മെന്റ് എടുത്തിട്ടുണ്ടെന്നും.
അദ്ദേഹം ഞങ്ങളെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി.
സ്വീകരണമുറിയിലെ വലിയ കസേരകളിലൊന്നിൽ, മലയാളസാഹിത്യത്തിന്റെ കുലപതി !!
ആ കാഴ്ച്ചയും അപ്പോഴത്തെ ഞങ്ങളുടെ അവസ്ഥയും എനിക്ക് വാക്കുകളിലൂടെ വർണ്ണിയ്ക്കാൻ കഴിയില്ല.
"ഇരിയ്ക്കൂ."
ഞങ്ങൾ ആദ്യം കേട്ട ശബ്ദം.
പത്തു മിനിറ്റോളം അനുവദിച്ചു തന്ന, അമൂല്യമായ സമയം.
അവശനായിരുന്നു അദ്ദേഹം. കേൾവിയും കുറവ്. ഉറക്കെ സംസാരിക്കാൻ പറഞ്ഞു കൂടെയുണ്ടായിരുന്ന ബന്ധു.
ഷാനു ആദ്യം സ്വയം പരിചയപ്പെടുത്തി. അദ്ദേഹം ചോദിച്ചതിനെല്ലാം വ്യക്തമായി മറുപടി കൊടുത്തു. പിന്നെ എന്നെ പരിചയപ്പെടുത്തി.
"ഇതു സജ്‌നത്ത. മുഖപുസ്തകത്തിലെ നല്ലെഴുത്ത് ഗ്രൂപ്പിന്റെ അഡ്മിൻ ആണ്."
അദ്ദേഹം : "എന്തെഴുത്ത്? "
ഷാനു : "നല്ലെഴുത്ത്, സാർ."
"ഉം.... എന്തൊക്കെയാ എഴുതാറു?നോവലോ ചെറുകഥയോ?"
"കഥകളാണ് സാർ, പിന്നെ ചില ഓർമ്മക്കുറിപ്പുകളും."
"ഉം.. ശരി നല്ല കാര്യം."
ഷാനു വീണ്ടും പറഞ്ഞു.
"ഇത്തയുടെ കഥകൾ ഞങ്ങൾ പുസ്തകമാക്കുകയാണ്. സാറിന്റെ അനുഗ്രഹം വാങ്ങാൻ വേണ്ടി വന്നതാണ്."
"അനുഗ്രഹമുണ്ടാവും. പുസ്തകം ഇറങ്ങട്ടെ. എന്നിട്ട് ആ പുസ്തകവുമായി വരൂ.ഞാൻ വായിക്കാം അഭിപ്രായം പറയാം."
പിന്നെയും ചില ചോദ്യങ്ങൾ, ഉത്തരങ്ങൾ.
ഫോട്ടോ എടുക്കാൻ അനുവാദം ചോദിച്ചപ്പോൾ അദ്ദേഹം സ്നേഹപൂർവ്വം നിരസിച്ചു.
വീണ്ടും പറഞ്ഞു.
"ഞാൻ തിമിര ശസ്ത്രക്രിയയ്ക്കു പോവുകയാണ്. കുറച്ചു ദിവസം ഇവിടെ കാണില്ല. പുസ്തകമിറങ്ങിയിട്ട് നിങ്ങൾ അതുമായി വരൂ."
പറഞ്ഞു കേട്ട കാർക്കശ്യമൊന്നും ആ പെരുമാറ്റത്തിൽ ഞങ്ങൾ കണ്ടില്ല.
സ്നേഹവും അല്പം ഗൗരവവുമുള്ള ഒരു മലയാളം അധ്യാപകന്റെ മുന്നിലിരിയ്ക്കുന്നതായാണ് സംസാരത്തിലുടനീളം ഞങ്ങൾക്കു തോന്നിയത്.
ആ മഹാസാന്നിധ്യത്തിന്റെ മാസ്മരികതയിൽ ഒരു പുതു ജീവൻ കൈവന്നതു പോലെ..
രാജമ്മുവും സുമിത്രയും സേതുവും അപ്പുവും കുട്ട്യേടത്തിയും ഭ്രാന്തൻ വേലായുധനുമെല്ലാം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നതു പോലെ.
ഒരു 'മഞ്ഞു'മറയ്ക്കപ്പുറം നിന്ന് വിമലയും ബുദ്ദുവും ഞങ്ങളെ കൈമാടി വിളിയ്ക്കുന്ന പോലെ.
ഇല്ലായ്മയുടെയും അടക്കിപ്പിടിച്ച സ്നേഹത്തിന്റെയും മിടിപ്പുകൾ എത്രയോ കേട്ടാണ് നമ്മൾ ഓരോരുത്തരും വളർന്നത് !
പ്രണയമല്ല, കാത്തിരിപ്പാണ്
ജീവിതമെന്നു അദ്ദേഹത്തേക്കാൾ ഭംഗിയായി ആരാണ് നമുക്കു പറഞ്ഞു തന്നിട്ടുള്ളത്?
കൂടല്ലൂരും കോഴിക്കോടുമാണ് ലോകത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളെന്നു വീറോടെ പറഞ്ഞിരുന്നത് ആ എഴുത്തുകൾ നൽകിയ അമ്പരപ്പിന്റെയും ആഹ്ലാദത്തിന്റെയും ആവേശം കൊണ്ടു തന്നെയായിരുന്നു.
തിരിച്ചു പോരുമ്പോൾ ഞാൻ മനസ്സിലുറപ്പിച്ചു.
പ്രിയപ്പെട്ട എഴുത്തുകാരന്റെ കഥകളോളം ഇഷ്ടം തോന്നുന്ന ഒരു കഥയെങ്കിലും എനിയ്ക്കെഴുതാനായാൽ അതു തന്നെയായിരിയ്ക്കും എന്റെ അവസാനത്തെ കഥ.
ഭൂമിയും ആകാശവും തമ്മിലുള്ള ദൂരം ചെറുതല്ലല്ലോ...

By: Sajna Shajahan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo