Slider

പെണ്ണ്

0
Image may contain: 1 person, smiling, selfie and closeup

രാത്രി ഏകദേശം 10മണി ആയിക്കാണും..... തേങ്ങ വീഴും പോലൊരു ശബ്ദം കേട്ടു ഞാൻ കാതു കൂർപ്പിച്ചു. 9 മണിക്ക് ഉറങ്ങാൻ കിടന്ന എന്നെ നിദ്ര ദേവി ഒരല്പം പോലും കടാക്ഷിചില്ല എന്ന് മാത്രമല്ല ഒരു പായിൽ ഉറങ്ങി, ഒരേ ആഹാരം കഴിച്ചു, ടീവിയിൽ ഒരേ സീരിയൽ കണ്ടു, കൂടെ കഴിയുന്ന ഭാര്യയെ കനിഞ്ഞങ്ങ്‌ അനുഗ്രഹിക്കുകയും ചെയ്തു. എന്തിന്റെ പേരിലാണ് ഈ വിവേചനം എന്ന് ആലോചിച്ചു കിടക്കുമ്പോളാണ് മേല്പറഞ്ഞ ശബ്ദം കാതുകളിൽ എത്തിയത്.
ഓഹോ... ഇനി വല്ല കള്ളന്മാരെങ്ങാനും ആണേൽ പണികിട്ടും. ജോലിയിൽ നിന്നും വിരമിച്ച ശേഷം മുഴുവൻ സമയവും ഭാര്യക്ക് സീരിയൽ കാണാൻ കമ്പനി കൊടുത്തും, ഫുഡ്‌ അടിച്ചും വിശ്രമജീവിതം നയിക്കുന്നതിനാൽ ഒരു മല്പിടുത്തതിനുള്ള ആരോഗ്യം പോരാ ... ആളുകളെ വിളിച്ചു കൂട്ടുന്ന കാര്യത്തിലാണേൽ തീരെ പേടിക്കാനില്ല 105 ഡെസിബെൽ യൂണിറ്റിൽ ഇടതടവില്ലാതെ പ്രവർത്തിക്കുന്ന ലൈഫ് ലോങ്ങ്‌ ഗ്യാരന്റി ഉള്ള സൗണ്ട് ബോക്സ്‌ കഴിഞ്ഞ 30 വർഷമായി പാതി മെയ് ആയി കൂടെ ഉണ്ട്. അപ്പൊ പിന്നെ പേടിക്കാനില്ല സമയത്തിന് ഉറക്കപ്പായിൽ നിന്നും ആൾകാർ ഇങ്ങെത്തിയാ മാത്രം മതി.

ഒന്നു കൂടി കാതു കൂർപ്പിച്ചു..... ഭാഗ്യം.... ഒന്നും കേൾക്കുന്നില്ല.... വീണ്ടും നിദ്ര ദേവിയുടെ വിവേചനത്തിന്റ കാരണം ഓർത്തു മാനസിക വ്യാപാരം നടത്തികൊണ്ടിരുന്നപ്പോൾ വീണ്ടും ഒരു കാളിങ് ബെൽ ശബ്ദം... ഇവിടെ തന്നെയാണല്ലോ... അടുത്ത് കിടക്കുന്ന ഭാര്യയെ നോക്കി. ഒരു രക്ഷയുമില്ല... നിദ്ര ദേവിയുടെ പതിവ് കോട്ട കൂടാതെ പ്രത്യേകം അനുവദിച്ചു കിട്ടിയ സ്പെഷ്യൽ ഓഫർ പരമാവധി ആസ്വദിക്കുകയാണ് പുള്ളിക്കാരി.. ഒറ്റക്ക് പോയി നോക്കാനൊരു ഭയം.. ജോലിയിൽ നിന്നും വിരമിച്ചതിൽ പിന്നെ പണ്ടുണ്ടായിരുന്ന ധൈര്യവും വിരമിച്ചു എന്ന് തോന്നുന്നു... എന്തും വരട്ടെ എന്ന് കരുതി പതിയെ എണീറ്റു..
പീപ് ഹോളിലൂടെ നോക്കി. ആരേം കാണുന്നില്ല. കള്ളന്മാർ തന്നെ ... വല്ല മുളകുപൊടി പ്രയോഗമോ തലക്കടി പ്രയോഗമോ ആയിരിക്കും ഉദ്ദേശം..അല്ലെങ്കിൽ വാതിലിനു നേരെ നിന്നാലെന്താ? പോരാത്തതിന് വയസായ ദമ്പതികൾ മാത്രം താമസിക്കുന്ന വീടും.. എന്തായാലും തുറക്കുന്നില്ല എന്നു തന്നെ ഉറപ്പിച്ചു തിരികെ ബെഡ് റൂമിലേക്ക്‌ മടങ്ങും മുൻപേ അടുത്ത ബെൽ.. തുരു തുരെ ബെൽ ഒന്നിന് പിറകെ ഒന്നായി.... സ്പെഷ്യൽ ഓഫറിനു തടസം നേരിട്ട ഈർഷ്യയുമായി തലയും ചൊറിഞ്ഞു കൊണ്ട് മെയിൻ ഡോർ തുറക്കാൻ വന്ന ഭാര്യ വാതിലിനടുത്തു ചിന്താമഗ്നനായി നിൽക്കുന്ന എന്നെ കണ്ട് അത്ഭുതം കൂറി.
"ഹല്ലാ.. മനുഷ്യ നിങ്ങളെന്താ ഇവിടെ ഈ രാത്രിയിൽ ഡോറിനടുത്തൊരു തത്തിക്കളി? " സ്വതവേ ചെറിയതായ അവളുടെ കണ്ണുകൾ ഒന്നു കൂടെ ചെറുതാക്കി എന്റെ നേർക്കു സംശയത്തിന്റെ ആയിരം കൂരമ്പുകൾ എയ്തു. "എന്റെ പൊന്നമ്മിണി ഞാ....... " "എന്താ വിളിച്ചേ.... എന്താ വിളിച്ചേ... പൊന്നാമ്മിണിയോ? സത്യം പറ ആരാ ഈ പൊന്നമ്മിണി? എന്റെ പേര് അമ്മിണി എന്നല്ലേ .എനിക്കിപ്പോ അറിയണം. "

ഈ വൈകിയ വേളയിൽ വിളിക്കാതെ വന്ന അജ്ഞാതനായ ബെല്ലടിച്ചു ശല്യം ചെയ്തു കൊണ്ടിരിക്കുന്ന അതിഥിയും (ചിലപ്പോൾ മരണ ദൂതനുമാകാം )അതിനിടയിൽ സംശയത്തിന്റെ വലവീശിയെറിഞ്ഞു ഞാനെന്ന കൊമ്പൻ സ്രാവിനെ പിടിക്കാനിറങ്ങിയ ഭാര്യ അമ്മിണിയും കാര്യങ്ങൾ എന്റെ നിയന്ത്രണാതീതമാക്കി. 
"എടി പോത്തേ... നിനേക്കാളും മുൻപേ ഞാനിവിടെ വന്നതാ ഡോർ തുറക്കാൻ... ആരാന്നറിയാതെ തുറന്നാലേ ചിലപ്പോൾ പിള്ളേര് രാവിലത്തെ ഫ്ലൈറ്റിനിങ് വരേണ്ടി വരും " "ങേ... അതെന്തിനാ?"
“നമ്മടെ ഫോട്ടോയ്ക്ക് മാലയിട്ടു വയ്ക്കാൻ.... എടി... സീരിയൽ ഞാനും കാണുന്നുണ്ട് എന്റെ ബുദ്ധി എങ്ങും പോയിട്ടില്ല...." 
"അത് ഉണ്ടെങ്കിലല്ലെ പോകു . എന്റെ സീരിയലിനെ കുറിച്ച് അനാവശ്യം പറയരുത് .എനിക്ക് ആ കാര്യത്തിൽ നിങ്ങളെക്കാൾ സർവീസ് കൂടുതലാ " 
അസമയത്തുള്ള അവളുടെ കൌണ്ടർ കേട്ടപ്പോ ദേഷ്യം വന്നെങ്കിലും അതങ്ങു വിഴുങ്ങി..... 
വീണ്ടും ബെല്ലടി ശബ്ദം."ഇതിങ്ങനെ വിട്ടാൽ പറ്റില്ല... പോലീസുകാരന്റെ വീട്ടിലാണോ അവന്മാരുടെ കളി. നിങ്ങളാ ഡോർ തുറക്ക് മനുഷ്യാ... " ഒരു നിമിഷം അവളാണോ ഞാനാണോ പോലീസെന്നു തോന്നിപോയി.ഭാര്യ പകർന്നു നൽകിയ ധൈര്യത്തിൽ ഡോർ തുറന്ന ഞാൻ ഒന്ന് ഞെട്ടി... 
കൂടെ നിന്ന ഭാര്യ ഞെട്ടിയോന്നറിയാൻ അവളെ നോക്കിയപ്പോ അവളതാ വായും പൊളിച്ചു നിൽക്കുന്നു... സിറ്റ് ഔട്ടിലൊരു പട്ടി മാത്രം... വേറാരുമില്ല... അതാണേൽ വാതിൽ തുറക്കുന്നതും കാത്തു നിൽക്കുന്നപോലെ . ധൈര്യം സംഭരിച്ചു ഒരടി മുന്നോട്ടു നീങ്ങി. ഇനി വല്ല പ്രേതവുമാണോ ?
"ആരുമില്ല മനുഷ്യനെ. നിങ്ങളിങ് പോരെ. ഏതോ അഹങ്കാരി പിള്ളേർ വല്ല സിനിമയും കണ്ടു മടങ്ങി വരും വഴി പറ്റിച്ച പണിയാ.. ഇന്നലെ മാങ്ങാ പൊട്ടിച്ചതിനു നിങ്ങൾ വഴക്ക് പറഞ്ഞ ആ പിള്ളേർ തന്നെയാരിക്കും ..”
അകത്തു കയറി വാതിലടച്ചതും ടേബിളിന്റെ മുകളിൽ കണ്ട കത്തി കണ്ടു ഞാൻ വിളിച്ചു കൂവി "എടിയേ ഒരു കത്തി.... " 
"ആ എനിക്കറിയാം പണ്ടേ... നിങ്ങളല്ലേ .. "
"എടി അതല്ല. ടേബിളിന്റെ പുറത്തൊരു കത്തി. "
"അതെന്റെയാ മനുഷ്യാ.. ഒരെണ്ണം എപ്പഴും തലയിണയുടെ അടിയിലുണ്ട്. നിങ്ങളല്ലേ കൂടെയുള്ളത് ". 
ഈ പെണുങ്ങൾ ഒരു സംഭവം തന്നെ... രാത്രിയിലും സകല സന്നാഹങ്ങളുമായാണ് കിടപ്പു. പണ്ടൊക്കെ ചേട്ടാ എന്ന് വിളിക്കുമ്പോൾ തേനൊലിക്കുമായിരുന്നു. ഇപ്പോ എന്റെ ഈ എന്നേക്കാൾ മുൻപേ നിൽക്കുന്ന കുടവയറും കണ്ണാടി പോലും തോൽക്കുന്ന കഷണ്ടി തലയും ഒക്കെ കണ്ടു ഞാനൊരു മനുഷ്യന് തന്നെയാണെന്ന് ഇടയ്ക്കിടെ സ്വയം ഓര്മിപ്പിക്കാനെന്ന വണ്ണം മനുഷ്യാ എന്ന് വിളിച്ചു കൊണ്ടേയിരിക്കുന്നു... 
ചിന്തകളിൽ മുഴുകിയിരുന്ന എന്നെ വീണ്ടും കാളിങ് ബെൽ ശബ്ദം ഉണർത്തി. ആരാണെന്നറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം.അവന്മാരെ ഇന്ന് ഞാൻ ശരിയാക്കും.. മുണ്ട് മടക്കി കുത്തി അമ്മിണിയുടെ പേനാക്കത്തിയുമായി ഞാൻ വാതിൽ തുറന്നതും ഞെട്ടി പുറകോട്ട് മാറി..... 
ഒരു പെൺകുട്ടി.... 
തോളിലൊരു ബാഗും അഴിച്ചിട്ട മുടിയുമായി... യക്ഷിയാണോ ദൈവമേ... കാലിലേക്ക് നോക്കി ഭാഗ്യം കാല്പാദം നിലത്തു മുട്ടുന്നുണ്ട്. അല്ലേലും നീല ചുരിദാറിടുമോ യക്ഷി?അവളുടെ കാല്പാദത്തിലേക്കു സൂക്ഷിച്ചു നോക്കുന്ന എന്നെ കണ്ടു അവളും കുനിഞ്ഞു നോക്കി.
"എന്താ അങ്കിളേ?കാലു നിലത്തു മുട്ടുന്നുനുണ്ടോന്നു നോക്കുവാണോ? " 
എന്റെ മനസു വായിച്ചപോലെ ഉള്ള ചോദ്യം കേട്ടു ഞാനൊന്നു പരുങ്ങി. 
"ഏയ് ഞാൻ അടി മുടി നോക്കാൻ തുടങ്ങുവാരുന്നു. " 
"ഏതാ മനുഷ്യാ ഈ പെൺകൊച്ചു? നിങ്ങളെ തിരക്കി അർധരാത്രിക്ക് പെണുങ്ങൾ വീട്ടിൽ വരാൻ തുടങ്യോ? "
ബാത്‌റൂമിൽ നിന്നോടിയിറങ്ങി വന്ന അമ്മിണി വീണ്ടും സംശയത്തിന്റെ വല വീശി. 
"അയ്യോ. ഈ കൊച്ചല്ലേ കാളിംഗ് ബെല്ലടിച്ചേ?" 
"ഈ രാത്രിയിൽ നീ ഏതാടി കൊച്ചേ? ഒറ്റക്കാണോ? നിന്നെ മുൻപിവിടെ ഒന്നും കണ്ടിട്ടില്ലല്ലോ? " 
ഒറ്റ ശ്വാസത്തിൽ അമ്മിണി ഒരായിരം ചോദ്യങ്ങളെറിഞ്ഞു. സത്യത്തിൽ അതേ ചോദ്യങ്ങൾ തന്നെ എന്റെ മനസിലും ഉണ്ടായിരുന്നു. 
"ഒന്നകത്തോട്ടു വന്നോട്ടെ ആന്റി ?" 
അകത്തേക്ക് കയറാൻ തുടങ്ങ്യ അവളെ തടഞ്ഞു നിർത്തി അമ്മിണിയുടെ ക്രോസ്സ് വിസ്താരം തുടങ്ങി.
"നീ വല്ല കുഴപ്പം പിടിച്ച കേസ് വല്ലതുമാണോടി കൊച്ചേ. വീട്ടിൽ കയറ്റാൻ കൊള്ളാമോ? " 
ചോദ്യം കേട്ട പാടെ ബാഗിൽ നിന്നും വോട്ടർ ഐഡി കാർഡും കോളേജ് ഐഡി കാർഡും എടുത്തു അവൾ ഞങ്ങൾക്ക് നേരെ നീട്ടി, അകത്തെ ഭിത്തിയിൽ തൂക്കിയിരിക്കുന്ന ഫോട്ടോകളിലേക്കു നോക്കി നിര്നിമേഷയായി നിന്നു. അത് വാങ്ങി പരിശോധിച്ചപ്പോൾ ഒന്ന് അന്ധാളിച്ചു. ഏതോ നല്ല വീട്ടിലെ കുട്ടി.ബാംഗ്ലൂരിൽ ബി. സി. എ യ്ക്കു മൂന്നാം വർഷം പഠിക്കുന്നു.... 
കാർഡുകൾ നോക്കി ബോധ്യപ്പെട്ട അമ്മിണി അവളെ അകത്തേക്ക് ക്ഷണിച്ചപ്പോൾ ഏതോ ഒരു സീരിയലിലെ വീര നായികയുടെ ഭാവമായിരുന്നു അമ്മിണിയുടെ മുഖത്ത്. ഞാൻ അമ്മിണിയുടെ ബുദ്ധിപരമായ നീക്കങ്ങൾ സാകൂതം വീക്ഷിച്ചു നിശബ്ദമായി നിന്നു. ഒരു ഗ്രഹനാഥന്റെ അധികാരം കാണിക്കണമെന്ന് തോന്നിയെങ്കിലും ‘പെണ്ണ്’ കേസ് ആയതു കൊണ്ടും പിന്നെ അമ്മിണിയുടെ സംശയ വല ഭയന്നും മൗനം പാലിച്ചു. 
ഹാളിലേക്ക് കയറിവന്നപാടേ തന്നെ ആ കുട്ടി ചോദിക്കാൻ കാത്തുനിൽക്കാതെ ഡൈനിങ് ടേബിളിനു മുകളിലിരുന്ന ഒരു ജഗ് വെള്ളം മുഴുവൻ ഒറ്റ വലിക്കു കുടിച്ചുതീർത്തു. ഒറ്റ നിമിഷം കൊണ്ട് കാലിയാക്കപ്പെട്ട ജെഗിലേക്കു നോക്കി അമ്മിണി നെടുവീർപ്പിട്ടു. അതിശയത്തോടെ നോക്കി നിൽക്കുന്ന ഞങ്ങളെ അവഗണിച്ചു കൊണ്ട് കുട്ടി പതിയെ സോഫയിലേക്ക് നിവർന്നിരുന്നു. 
ആ ഇരുപ്പിൽ ഞാനവളെ ഒന്നു അടിമുടി നോക്കി വിലയിരുത്തി. നല്ല നിറം. പാറിപറന്നതെങ്കിലും ഭംഗിയുള്ള ചുരുണ്ട മുടി. പടർന്ന കരിമഷി ,ആ വിടർന്ന കണ്ണുകൾക്ക്‌ കൂടുതൽ ഭംഗിയേകി. ഉയർന്ന ഭംഗിയുള്ള മൂക്കിന് കൂടുതൽ ശോഭയേകി പച്ചക്കല്ലിൽ ഒരു മൂക്കൂത്തി വെട്ടി തിളങ്ങുന്നു. അല്പം തടിച്ചതെങ്കിലും ഭംഗിയുള്ള ചുവന്ന ചുണ്ടുകൾ. ആരോഗ്യമുള്ള ശരീരം. ആകെപ്പാടെ ഒരു സുന്ദരികുട്ടിയായ അവളെ കണ്ടപ്പോൾ മകളെ ഓർമ വന്നു.
എന്തായാലും ഏതോ നല്ല വീട്ടിലെ കുട്ടിയാണെന്ന അമ്മിണിയുടെ കണ്ടെത്തലിനു തെളിവായിരുന്നു അവളുടെ കുലീനത നിറഞ്ഞ രൂപം. സോഫയിൽ ചാരിയിരുന്ന അവൾ പതിയെ എണീറ്റു മുഖം കഴുകി ഷാൾ കൊണ്ടുതന്നെ മുഖം തുടച്ചു. 
"നിന്നെ കണ്ടിട്ട് ഏതോ നല്ല വീട്ടിലെ കൊച്ചാണെന്നു തോന്നുന്നു. എന്താ പേര്? "
"അനുപമ "
നല്ല പേര്...... അവൾക്കു ചേർന്ന പേര് തന്നെ. 
"ഞാൻ അസമയത് വന്നു ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം..ഞാനിവിടെ വന്നിട്ടു കുറെ നേരമായി. എത്തിയപ്പോ രാത്രിയായി പോയി. സിറ്റ് ഔട്ടിൽ ഇരുന്നു നേരം വെളുപ്പിക്കാമെന്ന ആദ്യം കരുത്യേ. പക്ഷേ ഒരു പട്ടി എവിടെ നിന്നോ വന്നപ്പോൾ പേടിച്ചു പോയി. " 
"അപ്പൊ ഞങ്ങൾ കുട്ട്യേ കണ്ടില്ലലോ പുറത്തു.? " 
"ആ പട്ടിയെ പേടിച്ചിട്ടു കാർപോർച്ചിലേക്കു മാറി നികുവാരുന്നു.ആ പട്ടി പോയപ്പോൾ വീണ്ടും വന്നു ബെല്ലടിച്ചു."
“ കുട്ടിക്ക് എന്തെങ്കിലും കഴിക്കാൻ എടുക്കട്ടെ? മുഖത്ത് നല്ല ക്ഷീണമുണ്ടല്ലോ. "
പരുഷമായ വാക്കുകൾകിൽ അല്പം മയം പുരട്ടിയുള്ള അമ്മിണിയുടെ ചോദ്യം അനുപമയോടുള്ള മൃദു സമീപനത്തിന്റ തുടക്കമാരുന്നു. 
"വേണം.... ഞാൻ ചോദിക്കാൻ തുടങ്ങുകയായിരുന്നു, ഇന്നു ഉച്ച മുതൽ ഒന്നും കഴിച്ചിട്ടില്ല. എനിക്കാണേൽ വിശപ്പു തീരെ സഹിക്കാനും പറ്റില്ല. " 
ആദ്യം കണ്ട മുതൽ അനുപമയിൽ എന്നെ ആകർഷിച്ചത് അവളുടെ ഈ നിഷ്കളങ്കതയും കൂസലില്ലായ്മയുമാണ് . അസമയത് അഭയം തേടി വീട്ടിൽ വന്നു കയറിയ ഒരു പെൺകുട്ടിക്കുണ്ടാവേണ്ട സ്വാഭാവികമായ ഒരു പരിഭ്രമമോ അപരിചിതരോട് ഇടപെടുമ്പോൾ പ്രകടിപ്പിക്കുന്ന അകൽച്ച കുറവോ ഒന്നും തന്നെയില്ല.
"അനുപമയ്‌ക്കെന്താ വേണ്ടേ കഴിക്കാൻ? "
“പൊറോട്ടയും ബീഫും കിട്ടുമോ? " 
അവളുടെ ചോദ്യം കേട്ടു ഞങ്ങൾ മുഖത്തോടു മുഖം നോക്കി.
"ഈ സമയത്തു ഒരു വീട്ടിൽ മിച്ചം വന്ന ഭക്ഷണം ഉണ്ടായാൽ ഭാഗ്യം. അങ്ങനെ മിച്ചം വന്നതെന്തെങ്കിലും ഉണ്ടെങ്കിൽ തരൂ. ഹോട്ടലൊന്നുമല്ലലോ എന്താ വേണ്ടതെന്നു ചോദിക്കാൻ. " 
എടുത്തടിച്ച പോലെയുള്ള അനുപമയുടെ സംസാരം എനിക്ക് രസകരമായി തോന്നി. ധിക്കാരിയാണെന്നു തോന്നുമെങ്കിലും ആ മുഖത്ത് നോക്കി ആർക്കും അവളോട്‌ ദേഷ്യപ്പെടാൻ തോന്നില്ല. ആ സംസാരം അമ്മിണിക്കും നന്നേ രസിച്ചുവെന്നു തോന്നുന്നു.ആദ്യത്തെ പരുക്കൻ സമീപനം മാറിയ മട്ടാണ് ഇപ്പൊ. ചുണ്ടിലൊളിപ്പിച്ച ചിരിയുമായി അമ്മിണി ഫ്രിഡ്ജിനുള്ളിൽ നിന്നും ചോറും കറിയും പുറത്തെടുക്കേണ്ട താമസം,അനുപമ അടുക്കളയിൽ കയറി പ്ലേറ്റെടുത്തു ഭക്ഷണം ഒന്ന് ചൂടാക്കാൻ പോലും അനുവദിക്കാതെ പ്ലേറ്റിലേക്കു തട്ടി അടുക്കളയിൽ തന്നെയിരുന്നു കഴിക്കുവാൻ തുടങ്ങി.
"എന്ത് കുട്ടിയാ അല്ലെ? വര്ഷങ്ങളായി അടുപ്പമുള്ളപോലെ. എന്തോ ഒരു സ്നേഹം തോന്നുന്നു അതിനോട്." 
അത്ഭുതത്തോടെ അവളുടെ ചെയ്തികൾ നോക്കി നിന്നിരുന്ന എന്നോട് അടുക്കളയ്ക്ക് പുറത്തേക്കു വന്ന അമ്മിണി നിലപാട് വ്യക്തമാക്കി . ഇതിനോടകം അനുപമ ഭക്ഷണം കഴിച്ചു കഴിഞ്ഞു ഹാളിലേക്ക് വന്നു ഞങ്ങളോടൊപ്പം സോഫയിൽ ഇരുപ്പായി. 
"നല്ല ടേസ്റ്റി ഫുഡ്‌ ആന്റി. എന്റെ അമ്മ ഉണ്ടാക്കുന്ന പോലെത്തന്നെ. താങ്ക്സ് . " 
അതുകേട്ടു അമ്മിണി ഒരല്പം വികാരാധീനയായോ എന്നൊരു സംശയം. അന്യദേശത്തുള്ള മകളെ ഓർത്താവാം. 
"നിങ്ങളെന്താ എന്നോടൊന്നും ചോദിക്കാത്തതു? അറിയണ്ടേ ഞാനെങ്ങനെ ഒറ്റക്ക് അതും ഈ പാതിരാത്രിയിൽ ഇവിടെ വന്നൂന്ന്?" 
"അറിയണം. മോൾ പറ." 
ഞാൻ പ്രോത്സാഹിപ്പിച്ചു. 
" ഞാൻ ബാംഗ്ലൂർ നിന്നും വന്നതാണ് ഇവിടെ ,എന്റെ കാമുകനെകുറിച്ച് കൂടുതലറിയാൻ . ഞങ്ങൾ തമ്മിൽ 2വർഷമായി അടുപ്പത്തിലായിരുന്നു. " 
കൂസലില്ലായ്മ ആൾരൂപമായ അനുപമയുടെ വെളിപ്പെടുത്തൽ ഞങ്ങൾ ശ്രദ്ധയോടെ കേട്ടു. 
"വീട്ടുകാർ അറിഞ്ഞിട്ടാണോ ഈ വരവ്? മോൾടെ വീട് എവിടെയാ? " 
അമ്മിണി വിടാൻ ഭാവമില്ല. തല നാരിഴ കീറി പരിശോധിക്കും വിധമുള്ള അന്വേഷണം. എനിക്കാണേൽ കുട്ടിയുടെ കാമുകനെ കുറിച്ചറിയാനുള്ള ആകാംഷയും.
"അറിയിച്ചിട്ട് വരാൻ ഇവിടെ ആരുമില്ല. എറണാകുളത്താണ് വീട്. എന്റെ അമ്മ 3വർഷം മുൻപ് മരിച്ചു. അറ്റാക്ക്‌ ആരുന്നു. അച്ഛന് ദുബൈയിൽ ബിസിനസ്‌ ആണ്. ഞാനൊറ്റ മകളാണ്. അമ്മ മരിച്ചതിൽ പിന്നെ ഒരു വർഷം ഞാൻ വീട്ടിൽ തന്നെയാരുന്നു. എനിക്കെല്ലാം എന്റെ അമ്മയാരുന്നു. അമ്മയുടെ വേർപാട് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാരുന്നു. ഒടുവിൽ എന്നെ ബാംഗ്ലൂർ പഠിക്കാൻ വിട്ടിട്ടു അച്ഛൻ ദുബൈയിലേക്ക് മടങ്ങി . കഴിഞ്ഞ വർഷം അച്ഛൻ അവിടെ തന്നെയുള്ള ഒരു നഴ്സിനെ കല്യാണം കഴിച്ചു.”
"അപ്പൊ അച്ഛനുമായി ഒരു അടുപ്പവുമില്ലെ ഇപ്പൊ?" 
"പണ്ടും ഇല്ല... ഇപ്പോഴുമില്ല..അച്ഛനുമായി ഞാൻ അധികം സംസാരിക്കാറില്ല. എന്തോ പണ്ട് മുതലേ അങ്ങനെ ആയിപോയി. എന്റെ ആവശ്യങ്ങൾക്ക് പണമയച്ചു തരും,പിന്നെ ഞാനും അമ്മയും താമസിച്ചിരുന്ന വീട് എനിക്കാണ്. അമ്മയുടെ പേരിൽ ബാങ്കിൽ കുറെ ക്യാഷ് ഉണ്ട് പിന്നെ അമ്മയുടെ ഗോൾഡും..... എനിക്കിതൊന്നും വേണമെന്നില്ല. പൈസ ഉണ്ടാക്കാൻ മാത്രം ജീവിച്ച അച്ഛന് എന്നേം അമ്മേം സ്നേഹിക്കാൻ പറ്റീട്ടില്ല.അമ്മ മരിച്ചതിൽ പിന്നെ ഞാനൊറ്റയ്കായി. അതുകൊണ്ട് സ്നേഹിക്കാനറിയാവുന്ന ഒരാളെ മാത്രേ കെട്ടു എന്ന് ഞാൻ പണ്ടേ തീരുമാനിച്ചത്." 
"അനുപമയുടെ കാമുകനെ കുറിച്ച് പറഞ്ഞില്ല? " 
എന്റെ ചോദ്യം കേട്ടു അനുപമ ഞങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കി. അതിന്റെ പൊരുൾ എനിക്ക് മനസിലായില്ലെങ്കിലും അനുപമയുടെ കണ്ണുകളിൽ ഒളിഞ്ഞിരിക്കുന്ന അനിർവചനീയമായ ഭാവം അവളിൽ എന്തൊക്കെയോ ദുരൂഹതയുള്ളപോലെ തോന്നൽ എന്നിൽ ശക്തമായി. തുറന്ന മനസോടെയാണ് അവൾ ഇടപെടുന്നതെങ്കിലും വര്ഷങ്ങളായി പല തരക്കാരായ കുറ്റവാളികളെ കണ്ടു പരിചയിച്ച എനിക്ക് അവളിലെന്തൊ നിഗൂഢത ഉള്ള പോലെ തോന്നി. 
"അവനെക്കുറിച്ചു പറയുന്നതിന് മുൻപ് എന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും ഈ നാട്ടിൽ വരാനുണ്ടായ സാഹചര്യത്തെക്കുറിച്ചും പറയേണ്ടി വരും. " 
"അല്ല.... എനിക്കൊരു സംശയം.ആ പയ്യന്റെ വീട് മോൾക്കറിയാവുന്നതുകൊണ്ടല്ലേ മോൾ തിരക്കിപിടിച്ചു ഇവിടെ വന്നേ . ഇവിടെ അടുത്തുള്ള പയ്യനാണേൽ ഞങ്ങൾക്കറിയാതിരിക്കുമോ? " 
അമ്മിണിയുടെ സംശയം കേട്ടു ആദ്യമൊന്നാലോചിച്ച ശേഷമാണ് അവൾ മറുപടി തന്നത്. 
"ഈ നാട്ടിൽ തന്നെയാണ്. നിങ്ങള്ക്ക് രണ്ടുപേർക്കും അവനെ നല്ലതുപോലെ അറിയാമോ എന്നറിയില്ല എങ്കിലും അറിയാമാരിക്കും. " 
"ആഹാ അപ്പോ എന്താ അവന്റെ പേര്. ദേ ഇങ്ങേരു റിട്ടയേർഡ് ആയതാ പോലീസിൽ നിന്നും. ഇങ്ങേര്ക്കറിയാത്ത ആരുമില്ല ഈ നാട്ടിൽ. “
" "ഒരു പേരിലെന്തിരിക്കുന്നു ആന്റി? ആളുടെ സ്വഭാവമല്ലേ നമുക്കറിയേണ്ടത്? അതിലേക്കൊക്കെ വരും മുൻപ് എന്റെ കഥ അറിയണ്ടേ നിങ്ങൾക്ക്? " 
"നീ ഇടയ്ക്കു കേറി ചോദ്യം ചോദിക്കല്ലേ അമ്മിണി. ആ കുട്ടി പറഞ്ഞു തീർക്കട്ടെ. പിന്നെയല്ലെ ആളെ അന്വേഷിക്കലും പേരു ചോദിക്കലും. "
ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ആകാംഷ എന്നെ മുൾമുനയിൽ നിർത്തിയിരിക്കുകയായിയുന്നു. 
ഏതോ സ്വപ്നത്തിലെന്നോണം അവൾ പതിയെഎണീറ്റു ,ജനലിന്റെ നേർക്കു നടന്നു. ജനലഴികളിൽ മുറുകെ പിടിച്ചു പുറത്തെ ഇരുളിലേക്ക് കണ്ണുംനട്ട് കൊണ്ട് ഒരു നെടുവീർപ്പോടെ അവൾ അവളെക്കുറിച്ചു പറയാൻ തുടങ്ങി.
"ഈ രാത്രിയിലെ ഇരുട്ട് പോലെ ഇരുട്ട് നിറഞ്ഞ എന്റെ ജീവിതത്തിൽ ഒരു വെളിച്ചമായിട്ടാണ് അവൻ കടന്നു വന്നത്. ആദ്യം കണ്ട മുതൽ തന്നെ അവനെന്നെയും ഞാനവനെയും ശ്രദ്ധിച്ചു. അവന്റെ കണ്ണുകൾക്ക്‌ മറ്റാരിലും ഞാൻ കണ്ടിട്ടില്ലാത്ത ആകർഷണീയത ഉണ്ടായിരുന്നു. ഹോസ്റ്റലിൽ കൂടെ താമസിക്കുന്ന നീനയുടെ കസിൻ ബ്രദറിന്റെ വിവാഹ പാർട്ടിയിൽ വച്ചാണ് ആ ബ്രദറിന്റെ തന്നെ സുഹൃത്തും കൂടെ വർക്ക്‌ ചെയ്യുന്നതുമായ അവനെ ഞാൻ ആദ്യമായി കാണുന്നത്. ചെറിയൊരു പരിചയപെടലിൽ തുടങ്ങിയ ബന്ധം പിന്നീട് വളർന്നു. അമ്മ മരിച്ച ശേഷം ഒറ്റപ്പെട്ടുപോയ എനിക്ക് അവൻ എല്ലാമെല്ലാമായി മാറി. അവന്റെ സ്നേഹം, കരുതൽ, തമാശകൾ, കുസൃതികൾ എല്ലാം എന്നെ അവനിലേക്ക്‌ കൂടുതൽ അടുപ്പിക്കുകയും എന്റെ ജീവിതത്തിലെ സകല നഷ്ടങ്ങളും ദുഖങ്ങളും എനിക്ക് വെറും ഓർമ്മകൾ മാത്രമായി തീരുകയും ചെയ്തു .എന്നിലെ വിഷാദ ഭാവം എവിടെയോ പോയി മറഞ്ഞു പകരം പ്രണയത്തിന്റെ, അവനോടുത്തുള്ള വരും കാല ജീവിതത്തിന്റെ നിറം ചാലിച്ച സ്വപ്‌നങ്ങൾ നിറഞ്ഞു. 
അവനിലൂടെ ഞാൻ സ്വപ്നം കണ്ട ജീവിതം കെട്ടിപ്പടുക്കുകയായിരുന്നു. ആർക്കും പിരിക്കാൻ കഴിയാത്ത വിധം ഞങ്ങളൊന്നായി എല്ലാ അർത്ഥത്തിലും. പതിയെ പതിയെ അവന്റെ ഫ്ളാറ്റിലെ ഒരു നിത്യ സന്ദര്ശകയായി മാറി ഞാൻ.ഒരിക്കൽ ഒരു സംശയത്തിന്റെ പേരിൽ ടെസ്റ്റ്‌ നടത്തിയപ്പോൾ ഞങ്ങളുടെ കുഞ്ഞു എന്റെ വയറ്റിൽ വളരുന്നു എന്ന സത്യം തിരിച്ചറിഞ്ഞു. ആദ്യം പരിഭ്രമിച്ചെങ്കിലും ഒന്നിച്ചൊരു ജീവിതത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ നെയ്തികൂട്ടുന്ന അവനു അതൊരു സന്തോഷ വാർത്തയാകുമെന്നു കരുതി അവനെ അറിയിച്ചു. സന്തോഷപൂർവം അവനാ വാർത്തയെ സ്വീകരിച്ചു.
ഉടൻ തന്നെ വീട്ടുകാരോട് വിവാഹത്തെകുറിച്ചു സംസാരിക്കണമെന്നും ഈ സന്തോഷം ആഘോഷിക്കണമെന്നുമായിരുന്നു അവന്റെ പ്രതികരണം. അന്ന് തന്നെ അവന്റെ നിർദേശപ്രകാരം അവന്റെ ഫ്ലാറ്റിൽ ചെന്ന എന്നെ കാത്തു അവന്റെ നാല് സുഹൃത്തുക്കളും ഉണ്ടായിരുന്നു.എന്റെ സകല സന്തോഷങ്ങൾക്കും സ്വപ്നങ്ങൾക്കും പൂർണ വിരാമമിട്ടു കൊണ്ട് ആ വേദനിപ്പിക്കുന്ന പകൽ കടന്നുപോയി. 
സ്വന്തം കുഞ്ഞിനെ ഉദരത്തിൽ പേറുന്ന അവനോടൊത്തുള്ള ജീവിതവും പ്രതീക്ഷിച്ചു കഴിയുന്ന ഒരു പെണ്ണിനെ നിർദയം അവൻ അവന്റെ കൂട്ടുകാരുടെ കാമകേളികൾക്കെറിഞ്ഞു കൊടുത്തു. കുഞ്ഞിനെ ഓർത്തെങ്കിലും അരുതെന്നു കരഞ്ഞു കാലുപിടിച്ചെങ്കിലും അതിന്റെ കാര്യത്തിൽ ഇന്നൊരു തീരുമാനമായിക്കോളും നീ പേടിക്കണ്ട എന്ന ക്രൂരമായ മറുപടിയാരുന്നു എനിക്ക് കിട്ടിയത് . 
എന്റെ ആത്മാർത്ഥ സ്നേഹത്തിനു അവനിട്ട വില എന്റെ ശരീരവും പിന്നെ അവന്റെ സ്വന്തം കുഞ്ഞിന്റെ ജീവനുമായിരുന്നു. എപ്പോഴും നിന്റെ ചിരിച്ച മുഖമാണെനിക്ക് കാണേണ്ടതെന്നു നൂറു വട്ടം കാതിൽ മന്ത്രിച്ചിരുന്ന അവൻ അന്നെന്നെ ഒരുപാട് കരയിപ്പിച്ചു പിന്നെ ഒരു ജന്മം മുഴുവൻ ഓർത്തു കരയാനുള്ള വേദനയും സമ്മാനിച്ചു. 
കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീരു പോലും പൊടിയാതെ മനസുനീറുന്ന വേദനയുമായി അവളുടെ കഥ പറഞ്ഞു നിർത്തിയ അനുപമയോട് എനിക്ക് സഹതാപത്തെക്കാളും അങ്ങേയറ്റം ബഹുമാനം തോന്നി. 
ഇത്ര ചെറിയ പ്രായത്തിൽ ഈ കുട്ടിക്കിതെങ്ങനെ താങ്ങാൻ കഴിഞ്ഞു എന്ന ചിന്ത എന്റെ മനസിനെ മഥിച്ചു.നിറഞ്ഞ കണ്ണുകൾ ആരുംകാണാതെ തുടച്ചു അമ്മിണിയെ ഒന്ന് പാളി നോക്കിയപ്പോൾ അവൾ സാരിത്തലപ്പ് കൊണ്ട് മുഖം പൊത്തിയിരിക്കുകയായിരുന്നു. അടുത്ത് ചെന്ന് തോളിൽ കൈവച്ചപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ എന്നെ മുഖമുയർത്തി നോക്കി. ആ നോട്ടത്തിലുണ്ടായിരുന്നു എല്ലാം.
"എന്തൊക്കെയാ ഈ ലോകത്തു നടക്കുന്നെ? മനുഷ്യപറ്റില്ലാത്ത ഇവനൊന്നും അമ്മയും പെങ്ങന്മാരുമില്ലേ? ഇവനെയൊക്കെ ഒരു സ്ത്രീ പ്രസവിച്ചതല്ലേ? ദുഷ്ടന്മാർ.......... " 
വികാരക്ഷോഭം കൊണ്ട് പൊട്ടി തെറിക്കുന്ന അമ്മിണിയെ പതിയെ അനുപമ തിരിഞ്ഞു നോക്കി. അവളുടെ മുഖത്ത് മിന്നി മറഞ്ഞ ഭാവം സഹതാപമോ പുച്ഛമോ പോലെ തോന്നി എനിക്ക് .
"മോളിതൊന്നും പോലീസിൽ പരാതി പെട്ടില്ലേ? " 
എന്റെ ചോദ്യം കേട്ടു അനുപമ ക്രൂരമായി ഒന്ന് മന്ദഹസിച്ചു. 
"എന്തിനു? എനിക്ക് നഷ്ടപെട്ടതൊക്കെ അവർ തിരിച്ചു തരുമോ? ഇല്ലല്ലോ. ആർക്കും ഒന്നും തിരിച്ചു തരാൻ പറ്റില്ല. കരയാൻ ഒരു തുള്ളി കണ്ണീർപോലും ബാക്കിയില്ല എന്റെ കണ്ണിൽ. എനിക്ക് നഷ്ടപെട്ടതിനൊക്കെ പകരം വീട്ടാൻ ഞാനങ്ങു തീരുമാനിച്ചു. ഇന്നു രാവിലെയായിരുന്നു... അതു ഞാനങ്ങു ചെയ്തു. "
"എന്ത്? " 
ഒരു ഉൾകിടിലത്തോടെ ആ ചോദ്യം ചോദിക്കുമ്പോൾ എന്റെ ശബ്ദം പുറത്തു വന്നോ എന്നൊരു സംശയം തോന്നി.
"എന്റെ കാമുകനെ,എനിക്ക് നഷ്ടപെട്ട എന്റെ കുഞ്ഞിന്റെ അച്ഛനെ ഞാൻ വക വരുത്തി. ഇന്ന് അതിരാവിലെ ഇങ്ങോട്ടേക്കുള്ള ടിക്കറ്റ് ഓൺലൈനിൽ ബുക്ക്‌ ചെയ്തിട്ട് അവന്റെ ഫ്ളാറ്റിലേക്കെത്തുമ്പോ അവൻ കമിഴ്ന്നുകിടന്നു നല്ല ഉറക്കം.... ആ ഫ്ലാറ്റിന്റെ ഒരു കീ എന്റെ കൈയിലുണ്ടായിരുന്നത് ഞാൻ നഷ്ടപ്പെടാതെ സൂക്ഷിച്ചു വച്ചിരുന്നു. ഏതു സമയത്തും അവനെ വക വരുത്താൻ ഞാനെന്റെ മനസിനെ പാകപ്പെടുത്തിയിരുന്നു. കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് എന്റെ കുഞ്ഞിനെ കൊല്ലാൻ കൊടുത്ത അവന്റെ പുറം ഞാൻ കുത്തി കീറി.... എന്റെ പക തീരുവോളം. അവന്റെ സുഹ്ര്തുക്കളെ അവന്റെ ഫോണിൽ നിന്നു തന്നെ വിളിച്ചു വിവരം അറിയിച്ചിട്ടാണ് അവന്റെ വീടിന്റെ അഡ്രസ്സും തപ്പിയെടുത്തു ഞാനിറങ്ങിയത്. അവൻ മരിച്ചിട്ടുണ്ടാകില്ല.... ഉറപ്പു.... " 
വെറുപ്പും പകയും നിറഞ്ഞ മുഖം കൈകൾ കൊണ്ട് പൊത്തി,അവൾ സോഫയിൽ കുനിഞ്ഞിരുന്നു.. ശ്വാസമെടുക്കാൻ അവൾ നന്നേ ബുദ്ധിമുട്ടുന്നപോലെ തോന്നി.. ഒരു ഗ്ലാസ്‌ വെള്ളവുമായി അവളുടെ അടുത്തേക്ക് ചെന്ന അമ്മിണിയെ നോക്കി അവൾ ചോദിച്ചു 
"ആന്റിയുടെ മകനെ കൊല്ലാൻ ശ്രമിച്ചവൾക്കാണ് ആന്റി അഭയം തന്നത്, സ്നേഹത്തോടെ പെരുമാറിയത്. " 
ഒരു വലിയ ശബ്ദത്തോടെ അമ്മിണിയുടെ കൈയിലുണ്ടായിരുന്ന ഗ്ലാസ്‌ തറയിൽ വീണു ചിതറി. സപ്ത നാഡികളും തളർന്നവനെ പോലെ നിന്നു പോയി ഞാൻ. 
"എന്താ പറഞ്ഞെ?" 
"അതേ.... എന്റെ കാമുകൻ, എന്റെ കുഞ്ഞിന്റെ അച്ഛൻ, നിങ്ങളുടെ മകൻ എല്ലാം ഒരാൾ തന്നെ.... ഈ മുഖം എനിക്കൊരിക്കലും മറക്കാനാവില്ല.... "
ഭിത്തിയിലെ അമലിന്റെ ഫോട്ടോയിൽ ചൂണ്ടിയാണവൾ അതു പറഞ്ഞത്. പെട്ടെന്നുള്ള അനുപമയുടെ വാക്കുകൾ കേട്ടു മനസു തകർന്ന അമ്മിണി അലറിക്കരഞ്ഞു. അനുപമയുടെ ഇരുതോളുകളിലും പിടിച്ചുലച്ചു കൊണ്ട് അമ്മിണി അലറി .
"എന്തിനാ എന്റെ കുഞ്ഞിനെ നീ.... അവനെക്കൊണ്ട് ഞാൻ മാപ്പ് പറയിപ്പിക്കാമായിരുന്നു നിന്നോട്. ഞങ്ങൾ നിന്റെ കാലിൽ വീണേനെ. ആകെയൊരു ആൺ തരിയെ ഉള്ളു.. അതിനെ നീ..... "
"കുറച്ചു മുൻപ് ആരുമല്ലാത്ത എന്റെ കഥ കേട്ടു ആന്റി മനസു നൊന്തു കരയുന്നത് കണ്ടപ്പോൾ ഞാൻ കരുതി ആന്റിക്ക് പെണ്ണിന്റെ സങ്കടം മനസിലാക്കാൻ കഴിയുമെന്ന്. അതിനു കാരണക്കാരനായത് നിങ്ങളുടെ മകനാണെന്നറിഞ്ഞപ്പോ ആ പെണ്ണിനോടുള്ള സഹതാപം തീർന്നു.... ദേഷ്യമായി... മുൻപ് പറഞ്ഞല്ലോ എന്റെ കാലിൽ വീഴാമെന്നു.. അങ്ങനെ കാലിൽ വീണാലോ മാപ്പ് പറഞ്ഞാലോ തിരിച്ചു കിട്ടുന്നതാണോ എനിക്ക് നഷ്ടപെട്ടത്? ഞാനനുഭവിച്ച വേദനയ്ക്കും അപമാനത്തിനും പകരം നിങ്ങളെന്തു നൽകിയാൽ പറ്റും? നാല് ആണുങ്ങൾ പിച്ചി ചീന്തിയ ശരീരവുമായി നിങ്ങളുടെ മകനോടപ്പമെന്നല്ല ആരോടുമൊപ്പം ജീവിക്കാൻ എനിക്കിനി പറ്റില്ല.. എന്റെ സ്ഥാനത്തു നിങ്ങളുടെ മകൾക്കിങ്ങനെ സംഭവിച്ചിരുന്നെങ്കിൽ നിങ്ങളെങ്ങനെ പ്രതികരിക്കും? പറയൂ... ആന്റി തന്നെ ചോദിച്ചില്ലേ അമ്മയും പെങ്ങന്മാരും ഉള്ള, ഒരു നല്ല സ്ത്രീ പ്രസവിച്ച ഒരാൾ ചെയ്യുന്ന പ്രവർത്തിയാണോ ആന്റിയുടെ മകൻ ചെയ്തത്? ഞാൻ നിങ്ങളെ കുറ്റപ്പെടുത്താനോ വേദനിപ്പിക്കാനോ വന്നതല്ല.രാത്രിയിൽ അഭയം ചോദിച്ചു വന്ന എന്നോട് കാണിച്ച ഈ സ്നേഹത്തിൽ നിന്നും കരുതലിൽ നിന്നും എനിക്കറിയാം നിങ്ങളുടെ കുറ്റം കൊണ്ടല്ല അമൽ ഇങ്ങനെ ആയതെന്നു. ഇവിടേക്ക് വരുമ്പോൾ എനിക്കെന്തു പറയണമെന്നറിയില്ലായിരുന്നു. എല്ലാം നിങ്ങൾക്ക് വിട്ടു തന്നിരിക്കുന്നു. എന്നെ നിങ്ങൾക്കെന്തും ചെയാം. പിടിച്ചു പോലീസിൽ ഏല്പിക്കാം. തല്ലണമെങ്കിൽ തല്ലാം, കൊല്ലണമെങ്കിൽ അതുമാവാം.എല്ലാം തുറന്നു പറഞ്ഞു നിങ്ങളിൽ നിന്നും എന്ത് ശിക്ഷയും ഏറ്റുവാങ്ങാനാണ് ഞാൻ വന്നത്. പൊലീസോ കോടതിയോ ശിക്ഷിക്കുന്നതിനേക്കാൾ എന്നെ ശിക്ഷിക്കാൻ ഏറ്റവും യോഗ്യത നിങ്ങൾക്കാണ്. എന്റെ അമലിന്റെ അച്ഛനും അമ്മയ്ക്കും.... " 
അതുവരെ പിടിച്ചു നിന്നിരുന്ന എനിക്ക് സങ്കടം സഹിക്കാനായില്ല. വല്ലാത്തൊരവസ്ഥയായി പോയല്ലോ ദൈവമേ. ഒരുവശത്തു മരിച്ചോ ജീവനോടെ ഉണ്ടോ എന്നറിയാതെ സ്വന്തം മകൻ.. മറു വശത്തു അവൻ നിർദയം അതി ക്രൂരമായി തകർത്തുകളഞ്ഞ മനസും ശരീരവുമായി ഒരു പാവം പെൺകുട്ടിയും.... ഒരു തീരുമാനം എടുക്കാതെ പറ്റില്ല.... 
അമ്മിണിയേയും കൂട്ടി മുറിക്കുള്ളിലേക്ക് കയറി. ഒരുപാടു നേരം സംസാരിച്ചു. ഒടുവിൽ ഒരു ഉറച്ച തീരുമാനവുമായി പുലർച്ചെ തന്നെ നേരെ ബാംഗ്ലൂരിലേക്ക് അനുപമയുമായി പുറപ്പെട്ടു. 
യാത്രയിലുടനീളം അനുപമ എന്തൊക്കെയോ ചിന്തിക്കുന്നുണ്ടായിരുന്നു ഇടയ്ക്ക് അമ്മിണിയെ ചേർത്തു പിടിച്ചു നെറ്റിയിൽ തലോടുന്നുണ്ടായിരുന്നു. മനസ്സിൽ കയറ്റി വച്ച ഭാരം ഇറക്കിയ പോലൊരു ആശ്വാസമുണ്ടായിരുന്നു ആ മുഖത്ത്. 
മനസുകൊണ്ട് ഒരായിരം തവണ അവളുടെ കാലിൽ വീണു ഞാൻ.... ഈ ചെറു പ്രായത്തിൽ സ്നേഹിക്കാൻ ആരോരുമില്ലാത്ത അവളനുഭവിച്ച വേദനയ്ക്കും അപമാനത്തിനും പകരമാകില്ല ഒന്നും... 
മകന്റെ സുഹൃത്ത് പറഞ്ഞതനുസരിച് അവനെ അഡ്മിറ്റ്‌ ചെയ്തിരിക്കുന്ന ഹോസ്പിറ്റലിലെത്തി. അനുപമ പറഞ്ഞ പോലെ അവൻ മരിച്ചിട്ടില്ല. നട്ടെലിനു മാരകമായ മുറിവേറ്റതിനാൽ ചലനമറ്റ ശരീരവുമായി ജീവച്ഛവമായി കിടക്കുന്ന മകനെ കണ്ടു അമ്മിണി കരഞ്ഞില്ല... ഞാനും.... 
ഡോക്ടറിനെ കണ്ടു സംസാരിച്ചതിൽ നിന്നും ഒന്ന് വ്യക്തമായി സമയമെടുക്കും എങ്കിലും അതീവ ശ്രദ്ധയോടെയുള്ള ചികിത്സയും പരിചരണവും അമലിനെ എണീറ്റു നടക്കാൻ സഹായിക്കുമെന്ന്. 
ബോധം വീണ അമലിനെ കാണാൻ ഞങ്ങൾ ആദ്യം പറഞ്ഞയച്ചത് അനുപമയെ ആയിരുന്നു. അവളെ കണ്ടപ്പോൾ അവന്റെ കണ്ണുകളിൽ കൂടി ഒലിച്ചിറങ്ങിയ കണ്ണീർചാലുകൾ അവന്റെ തെറ്റിനുള്ള നിശബ്ദമായ ക്ഷമാപണമായിരുന്നു. 
ഒരു തേങ്ങലോടെ അനുപമ അവന്റെ നെറുകയിൽ ചുംബിച്ചു.

ഞങ്ങളുടെ മകന്റെ തെറ്റിന്റെ ഫലമാകാം അവനു ദൈവംനല്കിയതു. വർഷങ്ങൾക്കിപ്പുറം അനുപമ എന്ന പുണ്യം ഇന്നും ഞങ്ങളോടൊപ്പമുണ്ട്.. ഒരു മകളായി, എന്റെ മകന്റെ ഭാര്യയായി.. അതിലെല്ലാമുപരി ഞങ്ങളുടെ സർവവുമായി. ജീവച്ഛവമായി കിടന്നിരുന്ന അമൽ ഇപ്പോൾ പതുക്കെ പിടിച്ചു നടന്നു തുടങ്ങി. അനുപമ ഒരു നിഴലായി താങ്ങായി.... അവന്റെ ജീവന്റെ ജീവനായി അവനോടൊപ്പമുണ്ട്.......
അജിത കല്യാണി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo