Slider

ഒരു സൂഫിയും, പോത്ത് എന്നു പേരുള്ള ഒരു നിരീശ്വരവാദിയും

0
Image may contain: drawing

കഥ:-
 :-
ഒരിടത്ത് ഒരു നിരീശ്വരവാദിയുണ്ടായിരുന്നു.
അയാൾ പോത്ത് എന്ന പേര് സ്വീകരിച്ചു.
ദൈവത്തിൽ വിശ്വസിക്കുന്ന ആളുകളുമായി താരതമ്യം ചെയ്യുമ്പോൾ പോത്ത് എന്ന ജീവിയാണ് ഭേദമെന്നും അതിനാൽ ദൈവവിശ്വാസികളെക്കാൾ ഉൽകൃഷ്ടജീവിയായ പോത്തിന്റെ പേര് താൻ സ്വീകരിക്കുകയാണെന്നും അയാൾ അറിയിച്ചു.
അങ്ങനെയിരിക്കെ അയാൾ അത്ഭുത സിദ്ധികളുള്ള ഒരു സൂഫിയെ കുറിച്ചു കേൾക്കാനിടയായി.
ഉടനെ സൂഫിയെ കാണാൻ അങ്ങോട്ട് പുറപ്പെട്ടു.
സൂഫിക്ക് മുന്നിൽ ദൈവമില്ലെന്നതിന് തെളിവുകൾ നിരത്തി തർക്കിച്ച് മൂക്കുകുത്തിക്കണം എന്നതായിരുന്നു ഉദ്ദേശം!
സൂഫിക്കരികിലെത്തിയ അയാൾ തന്റെ പലവിധ വാദമുഖങ്ങൾ അവതരിപ്പിച്ചു.
സൂഫിപറഞ്ഞു: "താങ്കളുടെ ഓരോ വാദമുഖങ്ങൾക്കും മറുപടി പറഞ്ഞാൽ ചർച്ച നീണ്ടുപോകും. നമ്മുടെ ആയുസ്സ് മതിയാകുകയില്ല ചർച്ച പൂർത്തിയാകാൻ . അതുകൊണ്ട് ഏതാനും ചോദ്യങ്ങൾക്ക് മറുപടി നൽകാം. ആദ്യം താങ്കൾക്കിഷ്ടമുള്ള ഒരു ചോദ്യം ഉന്നയിക്കുക. അതിന് മറുപടി നൽകിയ ശേഷം അടുത്തതിലേക്ക് കടക്കാം."
പോത്ത് തല പുകഞ്ഞാലോചിച്ചു. ആദ്യം എന്തുചോദിക്കണം? ദൈവത്തെ നേരിൽ കാണണം എന്നുപറഞ്ഞാലോ? വേണ്ട; അതൊത്തിരിവട്ടം പറഞ്ഞു മടുത്തതാണ്. മറ്റെന്തെങ്കിലും ചോദിക്കാം!
അങ്ങനെ പോത്ത് ഒരു ചോദ്യം കണ്ടെത്തി .
പോത്ത് ചോദിച്ചു: "ദൈവം നീതിമാനാണെങ്കിൽ എന്തുകൊണ്ട് എന്നേക്കാൾ സൗന്ദര്യമുള്ള, എന്നേക്കാൾ സൗന്ദര്യം കുറഞ്ഞ മറ്റു ചിലരെ സൃഷ്ടിച്ചു. സമത്വം പാലിക്കാത്ത ദൈവം എങ്ങനെ നീതിമാനാകും?"
സൂഫി പറഞ്ഞു: "ശരി , നിന്റെ വാദം പോലെ നടക്കട്ടെ! നിന്നെയും നിന്റെ കുടുംബക്കാരെയും അയൽക്കാരെയും ആദ്യം ഒരു പോലാക്കാം.
നീ വീട്ടിൽ പോയി നോക്കുക. സമത്വം നടപ്പിലാക്കി കഴിഞ്ഞു."
പോത്ത് വീട്ടിലേക്ക് പോയി. അവിടെ ചെന്നപ്പോൾ അമ്മയ്ക്കും ഭാര്യക്കും സഹോദരിമാർക്കും മകൾക്കും ഒരേ മുഖം. അച്ഛനും സഹോദരന്മാർക്കും ഒരേ മുഖം. അയൽപക്കത്തെ സ്ത്രീകൾക്കെല്ലാം വീട്ടിലെ സ്ത്രീകളുടെ അതേ മുഖവും രൂപവും. അയൽപക്കത്തെ പുരുഷന്മാർക്ക് തന്റെ വീട്ടിലെ പുരുഷന്മാരുടെ അതേ മുഖവും രൂപവും!
പോത്ത് ഭയന്ന് കണ്ടംവഴി ഓടി ഒരിടവഴിയിലെത്തി നിന്ന് കിതച്ചു. കിതപ്പാറ്റിയ ശേഷം വീണ്ടും ഓടി സൂഫിയുടെ അരികിലെത്തി.
സൂഫി ചോദിച്ചു: "എങ്ങനെയുണ്ട് മനുഷ്യന്റെ, രൂപത്തിലുളള സമത്വം ? കൊള്ളാമോ?"
നിരീശ്വരവാദി പറഞ്ഞു: "ഹും ... കൺകെട്ട് വിദ്യ ! മാജിക് ! ഞാനിത് വിശ്വസിക്കൂല!"
സൂഫി: ''ശരി! എങ്കിൽ അടുത്ത ചോദ്യം പോരട്ടെ!"
പോത്ത് കുറേ ആലോചിച്ചു: എന്നിട്ട് ചോദിച്ചു: "ദൈവം കുറേ പേരെ ദരിദ്രരാക്കി! മറ്റു ചിലരെ ധനികരാക്കി! എവിടെ സമത്വം ? എവിടെ നീതി?"
സൂഫി പറഞ്ഞു: "ശരി! നിന്റെ നാട്ടിലെ എല്ലാവരെയും ധനികരാക്കിയിരിക്കുന്നു. നാട്ടിലേക്ക് ചെല്ലുക!"
പോത്ത് ഓടി വീട്ടിലെത്തി !
നോക്കിയപ്പോൾ വീട്ടിലും നാട്ടിലുമുള്ള എല്ലാവരും ധനികരായിരിക്കുന്നു! ആരും പണിക്കുപോയിട്ടില്ല. ധനികരായ നമ്മളെന്തിനു ജോലി ചെയ്യണം? ഭാര്യയും അമ്മയും അടുക്കളയിൽ പാചകം പോലും നിർത്തിവച്ചു!
വിശക്കുമ്പോൾ ഭക്ഷണം പാഴ്സൽ വാങ്ങാമത്രേ! ധനികരായ നമ്മൾ എന്തിനു കഷ്ടപ്പെടണം?
അങ്ങനെ കാര്യങ്ങൾ വഷളായി! ധനം ലക്ഷ്യം വച്ച് നടന്നിരുന്ന എല്ലാം നിലച്ചു! പാഴ്സൽ ഭക്ഷണം പോലും കിട്ടാനില്ല. ഭക്ഷ്യധാന്യങ്ങൾക്കുള്ള കൃഷി പോലും ആളുകൾ നിർത്തിവച്ചു.
ആർക്കും ആരെയും ആശ്രയിക്കേണ്ട ! പൂർണ സമത്വം!
പോത്ത് കണ്ടം വഴി ഓടി സൂഫിക്കരികിലെത്തി !
സൂഫി ചോദിച്ചു: "എങ്ങനെയുണ്ട് സമത്വം ?"
പോത്ത് പറഞ്ഞു: "ഹും... മാജിക് ! കൺകെട്ട്! ഞാൻ വിശ്വസിക്കില്ലാ ദൈവത്തിൽ!"
സൂഫി പറഞ്ഞു: "ശരിയാണ് സുഹൃത്തേ! എല്ലാം ഞാൻ കാട്ടിയ മായാജാലമാണ്! നിങ്ങൾ പറയുന്ന സമത്വത്തോടെ ദൈവം സൃഷ്ടി നടത്തിയാൽ മനുഷ്യർക്ക് ജോലിയില്ലാതാകും! പരസ്പരം തിരിച്ചറിയാതാകും! അതൊക്കെ ബോധ്യപ്പെടുത്താനാണ് ഈ മായാജാലം! ദൈവിക രഹസ്യങ്ങൾ അന്വേഷിക്കുക! കണ്ടെത്തുക! എല്ലാത്തിനു പിന്നിലും ഓരോ രഹസ്യമുണ്ട്! നമുക്കറിയാത്തത് ദൈവത്തിനറിയാം! അതെല്ലാം അറിയണമെന്നും അറിഞ്ഞാലേ വിശ്വസിക്കൂ എന്നും വാശിപിടിച്ചിട്ട് എന്തുകാര്യം?"
പോത്ത് പറഞ്ഞു: "നോ..! ഇല്ല , നിങ്ങളെന്തുമായാജാലം കാട്ടിയാലും ഞാൻ വിശ്വസിക്കില്ല."
സൂഫി പറഞ്ഞു: "നിങ്ങളെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. വിശ്വാസം ദൈവം നിക്ഷേപിക്കുന്നതാണ്. തെളിവുകൾ കാണിച്ചു വിശ്വസിപ്പിക്കുക അസാധ്യമത്രേ! നിങ്ങൾക്കു പോകാം!"
പോത്ത് തിരികെ വീട് ലക്ഷ്യമാക്കി നടന്നു.
-ശുഭം -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo