Slider

നല്ലെഴുത്തിലേക്കൊരൊറ്റ പോക്ക് ..

0
Image may contain: Lipi Jestin, closeup.


ഇന്നലെ രാവിലെ എണീറ്റപ്പോൾ രണ്ടു കിന്റൽ പനിയുടെ ലക്ഷണം. ജൂലൈ പതിനാലാം നാളിൽ സാഹിത്യ അക്കാദമിയിൽ സംഘടിപ്പിച്ചിരിക്കുന്ന നല്ലെഴുത്ത് കൂട്ടായ്‌മയിൽ വരുന്നുണ്ടോയെന്ന് മെസ്സെഞ്ചറിൽ പലരും കൂകി വിളിച്ചു ചോദിച്ചിരുന്നു. പോകണമെന്ന് ഒരു അത്യാഗ്രഹം. രണ്ടു ടാബ്ലെറ്റുകളെ പനിക്കെതിരെയായുള്ള അംഗരക്ഷകരായി അപ്പോയിന്റ് ചെയ്‌ത് കിട്ടിയ വണ്ടിയിൽ ചാടികയറി തൃശൂരെത്തി.
ആദ്യമായാണ് സാഹിത്യ അക്കാദമിക്ക്‌ ഞാൻ എന്റെ പാദ സ്പർശനം കൊടുക്കുന്നത്.
ഒരു അപരിചിതന്റെ ചൂണ്ടു വിരൽ തുമ്പിനറ്റത്ത് ഞാൻ വൈലോപ്പിള്ളി ഹാൾ ദർശിച്ചു.
അതിനു മുൻപിൽ പരിചയമില്ലാത്ത കുറെ മുഖങ്ങൾ.കാലെടുത്തു അകത്തേക്ക് വെച്ചതും തട്ടത്തിൻ മറയത്ത് ഞാൻ കണ്ടു...ഹോ!..ആ കുരുവി പെണ്ണിനെ.ഇമ്മടെ സച്ചൂത്തായെ!!
ഞങ്ങൾ രണ്ടു പേരും വാ പൊളിച്ച്‌ അഭിസംബോധന ചെയ്തു.പിന്നെ വർത്തമാനമായി... പരിചയപ്പെടുത്തലായി... ഫോട്ടോയെടുക്കലായി.
തൊട്ടപ്പുറത്ത് ഇരിക്കുന്ന ഒരു പുതുമുഖത്തെ പരിചയപ്പെടുത്തി.ശ്രീജ ജയചന്ദ്രൻ...ചില്ലറക്കാരി അല്ല.ശ്രീരാമ ഗീത എന്ന പുതിയ പുസ്തകത്തിന് കവർപേജ് ചെയ്ത വരക്കാരിയാണ്.
മുൻനിരയിലിരിക്കുന്നവരെ എത്തിച്ചു നോക്കി... 'പ്രാർഥന പോലെ പ്രണയം ' എന്ന സ്വന്തം കവിതാസമാഹാര പ്രകാശനത്തിനായി വന്നിരിക്കുന്ന അമ്മു സന്തോഷ്‌ .
ഞാൻ ഓടി പോയി കൈ കൊടുത്തൊരു കൺഗ്രേറ്‌സ് പറഞ്ഞു.
അമ്മു ചോദിച്ചു...
"ആരാ!?"
ഈ ചോദ്യം പലരും എന്നോടും ഞാൻ പലരോടും ഇന്നലെ ചോയ്ച്ച്‌ ചോയ്ച്ച്‌ നടന്നു.
പ്രൊഫൈൽ പിക്‌ചർ ഒക്കെ പല ആപ്പുകളിലും
കേറ്റിയിറക്കിയിടുന്നത് കൊണ്ട്... ഫെയ്സിൽ പല ആശങ്കകളും വിരിഞ്ഞു നിന്നു.പിന്നെ കുറെ എഴുത്തുകാർ ഉള്ളത് കൊണ്ട് എല്ലാവരെയും അറിയുക എന്നതും ചില്ലറ കാര്യമല്ല.!
അമ്മുക്കുട്ടി അത്ര ചെറിയ കുട്ടി അല്ലെന്നും... ഉണ്ണിയപ്പം പോലെ ഉരുണ്ട് , വളരെ സോഫ്റ്റായി, മധുര ഭാഷിണിയായി, നല്ല ക്യൂട്ടായി ഇരിക്കുന്ന ടീച്ചറമ്മ അത്ര വലിയ കുട്ടിയല്ലെന്നും... എന്റെ കണ്ണുകൾ തിരിച്ചറിഞ്ഞു.
വീണ്ടും പുറത്തേക്കു ചെന്നപ്പോൾ അതാ നിൽക്കുന്നു അരുണും ഗണേഷും.ആ ഗുരുവും ശിഷ്യനും കൂടി എന്നെയങ്ങു വളഞ്ഞു.ഒരു ആറടി പൊക്കമുള്ള മനുഷ്യനെ കാണാൻ നടന്ന എനിക്ക് എന്നെക്കാൾ പൊക്കം കുറഞ്ഞ ഒരു മഞ്ഞ ഷർട്ടുകാരനെ ഗണേഷിൽ കണ്ട് തൃപ്തിയടയേണ്ടി വന്നു.
മൂക്കള പുരാണം കഥ വായിച്ച്‌ ഇതികർത്തവ്യമൂഡയായി കമന്റിടാൻ കെൽപ്പില്ലാതെ തിരിഞ്ഞു നടന്ന എന്നെ കൂക്കി വിളിച്ച്‌ കമന്റിടിയിപ്പിച്ച കക്ഷിയാണ് ലവൻ!
"എന്നെ അറിയുമോ" എന്ന ചോദ്യത്തിന് മുൻപിൽ എന്റെ നാക്കിൻ തുമ്പിലിരിക്കുന്ന പേര് വലിച്ചിടാൻ നോക്കിയിട്ട് പരാജിതയായി പോയ ഞാൻ "എന്റെ ഫ്ബി ഫ്രണ്ട് "എന്നും പറഞ്ഞ് സദാനന്ദൻ ചേട്ടന് ഒരു കൈകൊടുത്തു.എന്റെ എല്ലാ കഥകളേയും പോസിറ്റീവ് എനർജിയുള്ള കമന്റ്സ് കൊണ്ട് അഭിഷേകം ചെയ്യുന്ന
നല്ലെഴ്ത്തിലെ നല്ല വായനക്കാരൻ. നേരിട്ടു കണ്ടതിൽ ഉള്ള സന്തോഷം സെൽഫി എടുത്ത് പ്രകടിപ്പിച്ചു.
തിരിഞ്ഞു നോക്കുമ്പോൾ വളരെ വിനീതനായി നിൽക്കുന്ന ഒരു സാധാരണ മനുഷ്യനെ കണ്ടു.
"ആരാ" യെന്ന ചോദ്യത്തിന് 'സുനിൽ ചെറിയകുടി' എന്ന ചെറിയ മറുപടിയും വന്നു.അദ്ദേഹത്തിന്റെ ഗ്രാന്റമയുടെ പേരിൽ സ്പോണ്സർ ചെയ്ത 10001 രൂപയുടെ കഥോദയം അവാർഡ് ദാനവും അദ്ദേഹം രചിച്ച 'ലാസ്റ്റ് സ്റ്റേഷൻ' എന്ന പുസ്തക പരിചയവും ഇന്നലെ നടത്താനാണ് അദ്ദേഹം വന്നിട്ടുള്ളത്.
ഞാൻ ആ പരിപാടിയിൽ പങ്കെടുക്കാനാണ് അവിടേക്ക് പോയിട്ടുള്ളതും!! നോക്കണേ എന്റെ അവസ്ഥ!!
അവാർഡിന് അർഹയായ ലിൻസി വർക്കി നേരിട്ടു ഹാജർ ആയിരുന്നില്ല.
ലിൻസിക്ക്‌ അന്നേരം മനസ്സുകൊണ്ടൊരു അഭിനന്ദനം നേർന്നു.
പുറത്ത് പുസ്തക പ്രകാശനത്തിനായി തിരഞ്ഞെടുത്ത പുസ്തകങ്ങളുടെ കാവൽക്കാരനായി ഒരാളെ കണ്ടു.സഞ്ജു കാലിക്കറ്റ്. എന്റെ വിവരമില്ലായ്‌മ കൊണ്ട് "ഞാൻ അറിയില്ല" എന്ന് പറഞ്ഞപ്പോൾ 'അഡ്മിനെ പോലും അറിയില്ലേ'... എന്ന ചെറിയൊരു പരിഭവം ആളുടെ മുഖത്ത്‌ ഞാൻ കണ്ടു.ഞാനത് എന്റെ ഒരു ചമ്മിയ ചിരിയിൽ ആരും കാണാതെ അങ്ങട് ഒതുക്കി.
അപ്പോഴാണ് ബാബുവേട്ടനെ കാണുന്നത്.മെസഞ്ചറിൽ വന്ന് പരിപാടിയിലേക്ക് എന്നെ പേഴ്സണലായി ക്ഷണിച്ചത് ഇദ്ദേഹമാണ്.
കണ്ട സന്തോഷത്തിൽ കൈ കൊടുത്ത് ഒരു സെൽഫി.
പിന്നീട് അങ്ങോട്ട്‌ എന്റെ ഫോട്ടോ ഗ്രാഫറുടെ പദവി അദ്ദേഹം സ്വയം ഏറ്റെടുത്തു.
പിന്നെയാണ് നമ്മുടെ ബെർത്ഡേ കുട്ടി ഷീലാമ്മയുടെ രംഗ പ്രവേശനം.അമ്പതാം പിറന്നാളിന്റെ ഒരു അഹങ്കാരവും ഞാൻ ആ മുഖത്ത് കണ്ടില്ലെങ്കിലും ഒരു മിഠായി പോലും ഞങ്ങൾക്ക് കൊണ്ടു വരാഞ്ഞതിന്റെ പരിഭവം മുഴുവൻ ഞങ്ങൾ ഞങ്ങളുടെ മുഖത്ത് എഴുതി കാണിച്ചു.
അങ്ങനെ ഷീലാമ്മയെയും കൊണ്ട് സച്ചുത്തയുടെ അടുത്ത് ഇടം പിടിച്ച്‌ തിരിഞ്ഞു നോക്കുമ്പോൾ ഒരു സുമുഖൻ എന്നെ നോക്കി ചിരിച്ചു...
ചിരിച്ചില്ല ....എന്ന ഒരു പ്രത്യേക തരം ചിരി സമ്മാനിച്ചു.
ആരായെന്ന ചോദ്യത്തിന് "സായി ശങ്കർ " എന്ന ഉത്തരം ഞാൻ വാ മുഴുവനും പൊളിച്ചു കേട്ടു.എന്റെ ഇടത്തേയിടം ഷീലാമക്ക്‌ കൊടുത്തതിനാൽ വലത്തെ കള്ളന്റെ സ്ഥാനത്തേക്ക് സായിക്ക് ഞാൻ ഇൻവിറ്റേഷൻ കൊടുത്ത് സ്വയം ക്രൂശിക്കപ്പെട്ടു.
പിന്നെ ചടങ്ങുകൾ ആരംഭിക്കുകയായി.
ലിപിയെ കണ്ടപ്പോൾ തന്നെ മനസ്സിലായി എന്നു പറഞ്ഞ പ്രേംജി ...സ്വാഗതവും കവിതയും അവതരിപ്പിച്ചു.
അദ്ധ്യക്ഷനായ സുകാമി സാറിന്റെ സംസാരം അദേഹത്തെകുറിച്ചുള്ള എന്റെ വിചാരങ്ങളെ മൊത്തം തൂത്തെറിഞ്ഞു.
ഒരു അച്ചുമാമ സ്റ്റൈൽ ഒക്കെ പ്രതീക്ഷിച്ച എന്റെ കർണ്ണങ്ങളിൽ ശിര്ർ... നുള്ള വാക്ധാരണിയാണ് അടപടലം വന്ന് പതിച്ചത്.
ഇടുക്കി ഡാം തുറന്നിട്ട അവസ്ഥ!
സി.എസ്.രാജേഷിന്റെ കവിതയിൽ ഞങ്ങൾ മുഴുകിയിരിക്കുമ്പോൾ ജോജിത കയറി വന്ന് എന്റെ തൊട്ടു പുറകിൽ സ്ഥാനം പിടിച്ചു.
പിന്നീടങ്ങോട്ട് സായിയും ജോജിതയും കൂടി കുറെ ചറപറ വർത്തമാനമായിരുന്നു.
രണ്ടുംകൂടി എന്റെ കവിതാ ആസ്വാദനത്തിന് കനത്ത വിഘ്‌നമുണ്ടാക്കി.
പിന്നീട് "ഹോംലി മീൽസ്" എന്ന ഹാസ്യ കഥാ സമാഹാരത്തിന്റെ രചയിതാവ്...
'രാജീവ് പണിക്കറിന്റെ' കത്തി നിൽക്കുന്ന പ്രസംഗത്തിൽ ഞാനങ്ങു ലയിച്ചിരുന്നു.
ആളെ പോലെ തന്നെ ആളുടെ ഓരോ വാക്കുകൾ ക്കും ഏഴഴക്.!!!
അതിനിടയിൽ ഷൗക്കത്ത് മൊയ്‌തീൻ "മൊയ്‌തീന്റെ ചെറ്യേ സ്പാനറുമായി" ആ വഴി വന്ന് ചെറിയൊരു പ്രസംഗം അഴിച്ചിട്ടു.
ഒരു നാലുമണി ആയപ്പോൾ "പേടിച്ചോടിയൊളിക്കാനൊരു കൂടെവിടെ" എന്ന ചോദ്യവുമായി കഥാകൃത്തുക്കൾക്ക്‌ ധൈര്യം പകരാൻ വിശിഷ്ട അതിഥി പി.ടി. കുഞ്ഞു മുഹമ്മദ് കടന്നു വന്നു.
അദ്ദേഹത്തിന്റെ ചിന്തകൾ വാക്കുകളായി പിറന്നു വീണപ്പോൾ എന്റെ ചിന്താ മണ്ഡലത്തിലും ഒരു കുഞ്ഞ് കൈകാലിട്ടടിച്ച്‌
നിലവിളിച്ചു.
സപ്ത സ്വരങ്ങൾ എന്ന കവിതാ സമാഹാര പ്രകാശനത്തിന് കവികൾ നിരന്ന് നിന്നപ്പോഴും, കഥോദയത്തിന്റെ പ്രോത്സാഹന സമ്മാനങ്ങൾ ഏറ്റു വാങ്ങാൻ കഥാകൃത്തുക്കൾ നിരന്നു നിന്നപ്പോഴും ഇടതു വശത്തിരിക്കുന്ന ഷീലാമ്മ "അതാരാ" എന്നെന്നെ തോണ്ടി തോണ്ടി ചോദിച്ചു കൊണ്ടിരുന്നു.
"ആ..ആ.." എന്ന ശബ്ദ വീചികൾ പുറപ്പെടുവിച്ചു കൊണ്ട് ഞാൻ ആ ചോദ്യം സായിക്ക് കൈമാറി. കുറെ ചോദ്യങ്ങളുടെയൊക്കെ ഉത്തരം തരാൻ സായിക്ക് കഴിഞ്ഞു.ബാക്കിയുള്ള ചോദ്യങ്ങൾ ഒടേതമ്പുരാനെ നോക്കി ഞങ്ങൾ മുകളിലേ
ക്കെറിഞ്ഞു.
അങ്ങനെ ഒരു ചോദ്യത്തിന് സായി ഉത്തരം പറഞ്ഞപ്പോ
ളാണ് ഞങ്ങൾ ഒരു അവതാരത്തിനെ നോട്ട്‌ ചെയ്തത്.
ആയിഷ ജെയ്സ്....
തന്റെ ശരീരത്തിന് താങ്ങാൻ പറ്റുന്നതിനെക്കാൾ ഭാരമുള്ള ഒരു നീല സാരി ചുറ്റി...കുഞ്ഞിനെ ഭർത്താവിന്റെ കരങ്ങളിൽ ഭദ്രമായി ഏൽപ്പിച്ച്‌ ...
മുപ്പത്തിരണ്ടു പല്ലും കാട്ടി ചിരിച്ചങ്ങനെയിരിക്കുവാ നമ്മുടെ ഡാകിട്ടർ കുട്ടി.
ആ മുഖത്തെ ചിരിയും സന്തോഷവും കണ്ടാൽ തോന്നും അന്ന് കൊടുത്ത മൊത്തം അവാർഡ് കിട്ടിയത് പുള്ളിക്കാരിക്ക്‌ ആണെന്ന്.!!
പിന്നിൽ ഒരാൾ വന്നിരിക്കുന്നത് കണ്ടപ്പോൾ ഒന്നു ശ്രദ്ധിച്ചു.താടി നീട്ടി വളർത്തി മെലിഞ്ഞ ദേഹവുമായി ഒരു ബുജി...ഞാൻ ആളെ നോക്കി ചിരിച്ച്‌ പേരു ചോദിച്ചു.
"ഛെ!" എന്നു പറഞ്ഞു...
പേരു ചോദിച്ച എന്നെ ആട്ടിയതാണോ എന്നോർത്ത് ഞാൻ പകച്ചു നിന്നപ്പോൾ ആള് അതിന്റെ സ്പെല്ലിംഗ് പറഞ്ഞു.. "Che...ചെ!!"
പിന്നെയും കുറെ പേർ...
സാൻവി, ബിജു പെരുംചെലൂർ, സജി
വർഗീസ്, സതിദേവി,ഗൗരി, പൈമ, ലിൻസി അരുൺ, സിനി ശ്രീജിത്ത്... ഇവരെയൊക്കെ അത്രക്ക് അടുത്ത് പരിചയപെടാൻ പറ്റിയില്ല എന്നൊരു ദുഃഖം ഇല്ലാതില്ല.പിന്നെ പേരറിയാത്ത നല്ല കഥാകാരന്മാരും ഉണ്ടായിരുന്നേ...അവരോട് ഒക്കെ ക്ഷമാപണം.
സായി ശങ്കറിന്റെ മറുപടി പ്രസംഗത്തിനിടയിലൂടെ ഗണേഷ് തന്റെ അമ്മ ഉണ്ടാക്കി കൊടുത്തയച്ച ഉണ്ണിയപ്പം വിതരണം ഗംഭീരമായി നടത്തി.
അവതാരകക്ക് കൊടുക്കാതെ മുങ്ങിയ ഗണേഷിനെ അഡ്മിനായ രാമചന്ദ്രൻ വിളിച്ചു നിർത്തി കൊടുപ്പിച്ച്‌ തന്റെ നീതി ബോധം സദസ്സിൽ വെളിപ്പെടുത്തി.
അതിനിടയിൽ സച്ചുത്ത പതിയെ ഒന്നു പുറത്തേക്കു പോയി എന്നിട്ട് കാന്തം ആകർഷിക്കുന്ന പോലെ എല്ലാ സ്ത്രീ ജനങ്ങളെയും മാടി മാടി ആകർഷിച്ചു.
സെൽഫി എടുക്കാൻ!!കുറെയേറെ പോസുകൾ...
ചിരികൾ...കെട്ടിപിടുത്തങ്ങൾ... ഉമ്മവെക്കലുകൾ
...അവസാനം അകത്തു നിന്നും ഒരു അനൗൺസ്മെന്റ്...
"പുറത്ത് സെൽഫി എടുക്കുന്നവർ അകത്ത് പ്രവേശിക്കുക"!!
ഒരു തറവാട്ടമ്മയായി രെശ്മി നന്ദിയെല്ലാം നല്ല ഭംഗിയായി ചൊല്ലി അന്നത്തെ കൂട്ടായ്‌മ ഒഫീഷ്യലായി പിരിച്ചു വിട്ടു.
ഹാളിന്‌ അകത്തും
പുറത്തുമായി പിന്നെയും വർത്തമാനവും പരിചയപ്പെടലുമൊക്കെയായി കുറച്ചു നേരം കൂടി ചുറ്റി പറ്റി നിന്നു.
അപ്പോഴാണ് അവതാരക "എന്നെ പരിചയപെടുന്നില്ലേ "
എന്നു ചോദിച്ചത്.!
"അരങ്ങത്ത് നിറഞ്ഞു നിന്ന ആളല്ലേ! " എന്നും ചോദിച്ചു പേര് ചോദിച്ചു.
ആളുടെ മാത്രം അല്ല... ആളുടെ കൂടെ ഉണ്ടായിരുന്ന വേറൊരു സ്ത്രീ രത്നത്തിന്റെയും.
അവസാനം ചോദിച്ചത് കൊണ്ടാവാം രണ്ടു പേരുടെയും പേര്...(ജഗദീഷ് പറയുന്നപോലെ...) മറന്നു.. ന്നാ...തോന്നണേ...!!!
ഹിഹിഹി.
സദ്യക്ക് ശേഷം വിളമ്പുന്ന പായസം പോലെ...ബാബു തുയ്യം മൊബൈലും പിടിച്ചു നടക്കുന്നു.അതിലോട്ടു നോക്കിയപ്പോൾ കണ്ടു...
അങ്ങു ദൂരെയിരുന്ന് നല്ലെഴുത്തിന് ആശംസ നേരുന്ന ഉണ്ണിയേയും മായയേയും!!
ചായയുടേയും വടയുടേയും അടുത്തേക്ക് എൻറെ കൈകൾ പല തവണ നീണ്ടു ചെന്നെങ്കിലും ആരുടെയൊക്കെയോ ഞോണ്ടി വിളികളിൽ...
അതിലൊന്ന് തൊടാൻ പോലും പറ്റിയില്ല.
ചായ കുടിച്ചില്ലെങ്കിലെന്താ!
...നിറഞ്ഞു..എന്റെ കണ്ണും മനസ്സും ഹൃദയവും വയറും.
ആഹ്ലാദവദിയായി ഞാനാ സാഹിത്യ അക്കാദമിയുടെ പടിയിറങ്ങുമ്പോൾ...
നല്ലെഴുത്തിലെ കുറെ രാജാക്കന്മാരെയും രാജ്ഞി മാരെയും കണ്ടതിലുള്ള ഒരു പ്രജയുടെ സംതൃപ്തി എന്റെ മുഖത്താകെ നിറഞ്ഞു നിന്നിരുന്നു.

By: 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo