Slider

മകൾ

0
Image may contain: 1 person, beard, eyeglasses and closeup

Haneef Labbakka Pakyara
“നാളെ നമ്മുടെ മകൾ നമ്മളെ വിട്ട് ഒരു പുതിയ വീട്ടിലേക്ക് പോകുമല്ലേ.."
“എനിക്കു സഹിക്കാൻ പറ്റുന്നില്ല” “അവളില്ലാത്ത ഈ വീട്ടിൽ എങ്ങിനെയാണ് നമ്മൾ ജീവിക്കുക” “ഓർക്കാൻ പറ്റുന്നേയില്ല..”
പ്രിയ കണ്ണീരോടെ പറഞ്ഞു.
എന്നാൽ അശോകന്റെ കണ്ണുകളിൽ ചാരിതാർത്ഥ്യത്തിന്റെ തിളക്കമാണ് കണ്ടത്.
ഇത്രയും കാലം പൊന്നുപോലെ വളർത്തിയ മകൾ പാത്തൂട്ടിയെ നല്ല ഒരു പയ്യന്റെ കൈകളിൽ സുരക്ഷിതമായി ഏൽപ്പിക്കാൻ കഴിയുമല്ലൊ എന്ന സന്തോഷമുണ്ട് മനസ്സിൽ.
ഒപ്പം പിരിഞ്ഞു പോവേണ്ടതിന്റെ സങ്കടവും.
“നിക്കാഹ് രാവിലെ പതിനൊന്ന് മണിക്കല്ലേ?”
“നമ്മൾ ഒരു എട്ട് മണി ആകുമ്പോഴേക്ക് ഹാളിൽ എത്തണം”
“ചെറുക്കനും,വീട്ടുകാരും ഒമ്പത് മണിയാകുമ്പോഴേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്”
“നിക്കാഹ് ചെയ്ത് കൊടുക്കാമെന്ന് ഏറ്റ ഖാസിയെ കൊണ്ട് വരാൻ അനീഷിനെ ഏല്പിച്ചിട്ടുണ്ട്,കൂടെ അബ്ദുക്ക പോകാമെന്ന് പറഞ്ഞിട്ടുണ്ട്”
അവൾ ഓർക്കുകയായിരുന്നു,
അവരുടെ മകൾ ഫാത്തിമ,
പക്ഷെ വീട്ടിലും കൂട്ടുകാരും വിളിക്കുന്നത്
“പാത്തൂട്ടി”എന്നാണ്
അച്ഛന്റെ പേര് അശോകൻ
അമ്മ‌ പ്രിയ.
മുസ്ലിമായ പാത്തൂട്ടിക്ക് എങ്ങിനെ ഹിന്ദുവായ മാതാപിതാക്കൾ എന്ന് മോളോട് കൂട്ടൂകാരികൾ ചെറുപ്പത്തിൽ ചോദിക്കാറുണ്ടായിരുന്നു.
അന്ന് കഴിഞ്ഞു പോയ സംഭവങ്ങൾ എല്ലാം അവളോട് പറഞ്ഞു മനസ്സിലാക്കി. എല്ലാമറിഞ്ഞു കഴിഞ്ഞപ്പോൾ മോൾ കരഞ്ഞു.ഒപ്പം തങ്ങളും,
പ്രിയ ഓർത്തു.
“ഞാൻ വീട്ട് ജോലി എന്തെങ്കിലും ചെയ്തോളാം നിങ്ങൾക്ക് ഇഷ്ടമുള്ളത്
തന്നാൽ മതി” എന്ന് പറഞ്ഞ് മൂന്നരവയസ്സുകാരിയായ ഈ പാത്തൂട്ടിയേയും
കൂട്ടി ഈ വരാന്തയിൽ വന്ന് സുഹറ നിന്നത് ഇന്നലെ കഴിഞ്ഞത് പോലെ തോന്നി പ്രിയക്ക്.
“ശരി അകത്തേക്ക് വരൂ..”
“പിന്നെ നിന്റെ ഈ കുട്ടിയെ നീ തന്നെ സൂക്ഷിക്കണം..”
“അതും,ഇതും തൊട്ട് വൃത്തികേടാക്കരുത്”
“നിനക്ക് ഇതിനെ ഒന്ന് വൃത്തിയാക്കി നടത്തിച്ചൂടെ?!”
മൂക്കൊലിപ്പിച്ച്,
അഴുക്കായ വസ്ത്രം ധരിച്ച്
കാലിൽ ചളിയുമായി നിന്ന പാത്തൂട്ടിയെ നോക്കി പ്രിയ സുഹറയോട് ചോദിച്ചു.
“അവൾ അവിടെ പുറത്തിരുന്നോളും
ചേച്ചി..”
“എന്റെ മോള് ഇവിടെ ഇരുന്ന് കളിച്ചോ
ഉമ്മ പണി തീർത്ത് പെട്ടെന്ന് വരാം”
മുറ്റത്ത് നടയിൽ ഇരുന്നു അവൾ ഉമ്മയെ നോക്കി തലയാട്ടി‌.
ഉച്ചകഴിഞ്ഞു സുഹറയുടെ ജോലി തീരാൻ.
ഇടക്ക് വന്ന് പാത്തൂട്ടിയെ അവൾ നോക്കി.
പ്രിയ സുഹറക്ക് കൊടുത്ത ജ്യൂസും ബിസ്കറ്റും അവൾ പാത്തൂട്ടിക്കും കൊണ്ട് വന്ന് കൊടുത്തു.
വൈകുന്നേരമായപ്പോൾ എല്ലാ ജോലിയും തീർത്ത് പുറപ്പെടാൻ നേരം അന്നത്തെ കൂലിയും കുറച്ചു ഭക്ഷണവും നൽകി സുഹറയ്ക്ക്.നന്ദി കൊണ്ട് അപ്പോൾ ആ കണ്ണുകൾ നനയുന്നത് കണ്ടു ..
സുഹറ പുറത്ത് വന്ന് നോക്കിയപ്പോഴേക്കും പാത്തൂട്ടി നടയിൽ
കിടന്നുറങ്ങിപ്പോയിരുന്നു.
പതുക്കെ പാത്തൂട്ടിയെ ഉണർത്താതെ
സുഹറ അവളെ തോളത്തിട്ടു നടന്നു.
പിറ്റേ ദിവസ്സം ഒമ്പത് മണി ആയപ്പോഴേക്കും സുഹറ എത്തി.
പ്രിയ കാത്തിരിക്കയായിരുന്നു.
അന്നും പാത്തൂട്ടിയുടെ ഇടം നട തന്നെയായിരുന്നു.
അന്ന് ജോലിക്കിടയിലാണ് സുഹറ അവളുടെ കഥ പറഞ്ഞത് പ്രിയയോട്.
പാവപ്പെട്ട കുടുംബത്തിലെ കുട്ടി യായിരുന്നു സുഹറ.
ഉമ്മ ചെറുപ്പത്തിലേ മരിച്ചു.
ഉപ്പയ്ക്ക് കൂലിപ്പണിയായിരുന്നു‌.
ബ്രോക്കർ കൊണ്ട് വന്ന ആലോചനയായിരുന്നു.
സ്വർണ്ണവും,പണവുമെല്ലാം നൽകിയിരുന്നു.
കല്ല്യാണം കഴിഞ്ഞ് നാല് ദിവസ്സം കഴിഞ്ഞപ്പോൾ തന്നെ മൻസൂർ തന്റെ തനി സ്വഭാവം പുറത്തെടുത്തു.
സ്ഥിര മദ്യാപാാനിയായിരുന്നു
അവൻ.
മാസങ്ങൾ കൊണ്ട് തന്നെ സ്വർണ്ണമെല്ലാം തീർന്നു‌.
പിന്നെ ദേഹോപദ്രവം തുടങ്ങി‌.
സഹിക്കാൻ പറ്റാതെ പാവം സുഹറയുടെ ഉപ്പ കൂലിപ്പണി എടുത്ത് കൊണ്ട് വന്നതിൽ നിന്നും അവനും കൊടുത്തു.
പെട്ടെന്നുള്ള ഉപ്പയുടെ മരണം
സുഹറയെ തളർത്തിക്കളഞ്ഞു‌.
പിന്നീടാണറിഞ്ഞത് മൻസൂറിന് വേറെയും ഭാര്യയും കുട്ടികളുമുണ്ടെന്ന കാര്യം.
അവൻ വരവ് ഇടക്കിടക്കായി.
“എനിക്ക് പേടി എന്റെ മോളെക്കുറിച്ചാ ചേച്ചി എനിക്കെന്തെങ്കിലും സംഭവിച്ചാൽ
എന്റെ കുട്ടി...”
“ഹേയ്,നീ അങ്ങിനെ വിഷമിക്കാതെ
എല്ലാം ശരിയാകും..”
പ്രിയ സുഹറയെ സമാധാനിപ്പിച്ചു‌.
ആഴ്ചകൾ കടന്നു പോയി.
ഒരു ദിവസ്സം പ്രിയ സുഹറയോട് പറഞ്ഞു,
“എനിക്ക് മാർക്കറ്റ് വരെ ഒന്ന് പോണം,
കുറച്ച് സാധനങ്ങൾ വാങ്ങിക്കാനുണ്ട്”
“നീ മുഖവും,കാലുമൊക്കെ കഴുകിപ്പിച്ച്
പാത്തൂട്ടിയേയും കൂട്ടിക്കോളു..”
“അവളെ ഇവിടെ എങ്ങനെയാ തനിച്ചു നിർത്തുക‌”
“നമുക്ക് ആ റോഡിന്റെ അപ്പുറത്ത് നിന്നും
ബസ്സിന് പോകാം”
“വരുമ്പോൾ ഓട്ടോ റിക്ഷയിൽ വരാം”
“സാധാരണ അശോകേട്ടന്റെ കൂടെ
കാറിലാ പോകാറ്,
അശോകേട്ടൻ കുറച്ചു ദിവസ്സമായി എന്തോ തിരക്കിലാണ്”
“സാധനങ്ങളൊക്കെ തീർന്ന് തുടങ്ങി”
അവർ പുറപ്പെട്ടു.
റോഡിന്റെ മറുവശം കടക്കാനായി
അവർ വാഹനങ്ങൾ കുറയാൻ കാത്തിരുന്നു.
പ്രിയ ഒരു വശം നോക്കി റോഡിൽ കാലെടുത്ത് വെച്ചതും
മറുവശത്ത് നിന്നും ഒരു കാറ് ചീറിപ്പാഞ്ഞ് വരുന്നുണ്ടായിരുന്നു‌.
പാത്തൂട്ടിയുടെ കൈകളെ വിട്ട്
സുഹറ റോഡിൽ കയറി ചേച്ചി എന്ന് വിളീച്ച് പ്രിയയെ റോഡിന് വെളിയിലേക്ക് തള്ളി മാറ്റി.
തള്ളലിൽ പ്രിയ റോഡിന് പുറത്തേക്ക് വീണു.
പക്ഷെ സുഹറ വീണു പോയത് റോഡിലേക്കായിരുന്നു
കാറിന്റെ ടയറുകൾ
സുഹറയുടെ നെഞ്ചിലൂടെ കയറിയിറങ്ങി.
ആളുകൾ ഓടിക്കൂടി
പ്രിയ സ്വയബോധം വീണ്ടെടുത്തു.
ഓടിച്ചെന്ന് ചോരയിൽ കുളിച്ചു കിടന്ന
സുഹറയെ വാരിയെടുത്ത് തന്റെ മടിയിൽ കിടത്തി..
സുഹറ കണ്ണ് തുറന്നു,
പുഞ്ചിരിച്ചു.
കൈകൾ ചൂണ്ടിക്കൊണ്ട് പറഞ്ഞു,
“ചേച്ചീ എന്റെ പാത്തൂട്ടി”
തന്റെ പുറകിൽ പൊട്ടിക്കരഞ്ഞ് കൊണ്ടിരുന്ന പാത്തൂട്ടിയെ പ്രിയ തന്നിലേക്ക് അടുപ്പിച്ചു.
അപ്പോഴേക്കും സുഹറയുടെ ശ്വാസം നിലച്ചിരുന്നു.
ഏറെ നിയമയുദ്ധങ്ങൾക്കൊടുവിലാണ് മക്കൾ ഇല്ലാത്ത പ്രിയ അശോക് ദമ്പതിമാർക്ക് പാത്തൂട്ടിയുടെ സംരക്ഷണം ലഭിച്ചത്.
അവളെ അവർ അവരുടെ വീട്ടിൽ അവളുടെ മതാചാരപ്രകാരം വളർത്തി.
നല്ല വിദ്യാഭ്യാസം നൽകി,
അവൾ അറബിക് ടീച്ചറായി ജോലി ചെയ്യുകയാണ്.
ആ പാത്തൂട്ടിയുടെ കല്ല്യാണമാണ് നാളെ.
പ്രിയ ഓരോന്ന് ഓർത്ത് നെടുവീർപ്പിട്ടു.
അശോകൻ കൂർക്കം വലിച്ചു തുടങ്ങിയിരുന്നു.
പെട്ടെന്ന് വാതിലിൽ ആരോ മുട്ടുന്നത് കേട്ട് വാതിൽ തുറന്നു പ്രിയ.
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി
പാത്തൂട്ടി നിൽകുന്നു വാതിൽക്കൽ.
“എന്തേ മോളെ,എന്ത് പറ്റി എന്റെ മോൾക്ക്!?”
“ഒന്നൂല്ല അമ്മേ..”
“ഞാൻ നാളെ പോണം അല്ലേ.. അമ്മേ..?”
“പിന്നെ അല്ലാണ്ട്, പെൺകുട്ടികൾ ആയാൽ ഒരു ദിവസ്സം സ്വന്തം വീട് വിട്ട് പോയല്ലേ പറ്റൂ മോളെ..”
“അമ്മേ...”
കരഞ്ഞ് കൊണ്ട് അവൾ വീണ്ടും വിളിച്ചു
“എന്തേ മോളേ,എന്ത് പറ്റി എന്റെ മോൾക്ക്”
“പറയൂ...അമ്മയോട്”
അവൾ അമ്മയെ കെട്ടിപ്പിടിച്ച് തേങ്ങിക്കരഞ്ഞ് കൊണ്ട്
ചോദിച്ചു,
“ഈ രാത്രി ഞാൻ എന്റെ അമ്മയുടെ കൂടെ അമ്മയെകെട്ടിപ്പിടിച്ച് കിടന്നോട്ടെ
അമ്മേ..”
അമ്മയും മകളും തേങ്ങിക്കരഞ്ഞു.

By: 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo