Slider

പാസ്സ്പോർട്ട് ഓഫിസിലെ ആങ്ങളമാർ

0
Image may contain: 1 person, smiling, closeup
---------------------------------------------------------------
വളരെ നേരത്തെ തന്നെ അലാറം വച്ചുണർന്ന് ധൃതിയിൽ തയ്യാറായി. ഫയലിൽ വേണ്ടതെല്ലാം ഉണ്ടെന്ന് ഒരിക്കൽ കൂടി നോക്കി ഉറപ്പ് വരുത്തി. പ്രഭാത ഭക്ഷണം പോലും കഴിക്കാതെയാണ് ഇറങ്ങിയത്. അതിന് കാരണങ്ങൾ പലതാണ്. ഒന്ന്, കഴിക്കാൻ നിന്നാൽ വൈകും. നേരത്തെ പാസ്സ്പോർട്ട് ഓഫിസിന് മുൻപിൽ ചെന്ന് ക്യൂ നിൽക്കണം. എങ്കിലേ ആദ്യത്തെ നമ്പറുകളിൽ ഏതെങ്കിലും ടോക്കൻ കിട്ടൂ.... രണ്ട്, കഴിക്കാൻ തീരെ തോന്നുന്നില്ല. ശരീരം എല്ലാ മാസത്തെയും പോലെ ആ മാസവും ഏറ്റവും തളർന്നിരിക്കുന്ന സമയമാണ്. മൂന്ന്, എല്ലായിടത്തും തനിച്ച് പോകേണ്ടി വരികയും സ്വന്തം കാര്യങ്ങൾ തനിയെ ചെയ്യേണ്ടി വരികയും ചെയ്യുന്നതിന് ആരോടെന്നില്ലാത്ത അമർഷം.
ഓഫീസ് സമയമോ സ്‌കൂൾ സമയമോ ആകാത്തതിനാൽ ബസ്സിൽ തിരക്ക് അധികം ഉണ്ടായിരുന്നില്ല. ബസ്സിൽ ഇരുന്നുള്ള യാത്ര വല്ലപ്പോഴും ഇതുപോലെ ഉള്ള സാഹചര്യങ്ങളിൽ മാത്രം കിട്ടുന്നതാണ്. പഠിക്കാൻ പോകുന്ന കാലം മുതൽ ബസ്സിൽ നിന്ന് യാത്ര ചെയ്താണ് ശീലം. ശരീരക്ഷീണം നന്നേ ഉണ്ടായിരുന്നതിനാൽ ആ യാത്ര എനിക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയില്ല.
ബസ് സ്റ്റാൻഡിൽ ചെന്നിറങ്ങി അറിയാത്ത പാസ്സ്പോർട്ട് ഓഫീസ് അന്വേഷിച്ച് കണ്ടുപിടിച്ചു. പണ്ടും അതേ ഇന്നും അതേ അറിയാത്ത ഇടങ്ങളിൽ പോയാലും ഞാൻ പെട്ടെന്ന് എത്തേണ്ടിടത്ത് എത്തും. അതിനു കാരണം എന്റെ വായിൽ കിടക്കുന്ന നാക്കാണ്. നമ്മുടെ ലാലേട്ടൻ പറഞ്ഞപോലെ ചോയ്ച്ചു ചോയ്ച്ചു ഞാൻ എവിടേം എത്തും.
പാസ്സ്പോർട്ട് ഓഫീസിന് മുൻപിൽ കരുതിയതിനെക്കാൾ നീണ്ട നിര. തലേന്ന് രാത്രിയെ വന്നു ക്യൂ നിൽക്കേണ്ടതായിരുന്നു എന്നാണ് എനിക്കപ്പോൾ തോന്നിയത്. ഞാനും വരിയുടെ അറ്റത്ത് സ്ഥാനം പിടിച്ചു. എനിക്ക് പിന്നിൽ നിരന്ന ആളുകളുടെ എണ്ണം അൽപസമയം കഴിഞ്ഞ് കണക്കെടുത്തപ്പോൾ ഞാൻ നേരത്തെ തന്നെ എത്തിയിരുന്നു എന്ന് മനസ്സിലായി.
ടോക്കൻ കിട്ടിക്കഴിഞ്ഞപ്പോഴേക്കും ഞാൻ തളർന്ന് തുടങ്ങിയിരുന്നു. അത്ര സമയം നിൽക്കാനുള്ള കെൽപ്പ് മാസത്തിലെ ഈ സമയത്ത് ഉണ്ടാവില്ല. എങ്കിലും വന്നകാര്യം നടക്കാതെ മടങ്ങില്ല എന്ന ദൃഢനിശ്ചയം എന്നെ അവിടെ കാത്തിരിക്കാൻ പ്രേരിപ്പിച്ചു. അങ്ങനെ അനന്തമായ ആ കാത്തിരിപ്പ് തുടങ്ങി.
നിന്ന് കാലുകഴച്ച ഞാൻ ചുമരിൽ എന്റെ ശരീരത്തെ താങ്ങി നിർത്തി ബലപ്പെടുത്തുവാൻ ഏറെ ശ്രമിച്ചു. ഓരോരുത്തരെയും ടോക്കൻ അനുസരിച്ച് വിളിക്കുന്നതിന്റെയും നടപടികൾ കഴിഞ്ഞ് ആളുകൾ പോകുന്നതിന്റെയും ഫലമായി എനിക്ക് ഒരു പ്ലാസ്റ്റിക് കസേര കിട്ടി. കിട്ടിയപാടെ ഞാൻ എന്നെ അതിലേക്ക് നിക്ഷേപിച്ചു. ഇരിക്കാനുള്ള എന്റെ ആർത്തി കണ്ട് ആളുകൾ പരിഹസിച്ച് ചിരിക്കുന്നുണ്ടോ എന്നു സംശയിച്ചെങ്കിലും തലയുയർത്തി നോക്കിയില്ല.
ഇരുന്നിരിന്ന് വേരിറങ്ങി എങ്കിലും എണീറ്റ് പോയാൽ പിന്നെ ഇരിപ്പിടം കിട്ടിയില്ലെങ്കിലോ എന്നു ഭയന്ന് ഞാൻ എന്റെ ഇരിപ്പ് തുടർന്നു. പക്ഷെ ഏറെ നേരം ഇരിപ്പും ഈ സമയത്ത് പ്രയാസമാണ്. നട്ടെല്ലിന്റെ തുടക്കം മുതൽ ഒടുക്കം വരെ കഴച്ച് വേദനിക്കുന്നു എന്നു തോന്നിയപ്പോൾ പതുക്കെ എഴുന്നേറ്റു. പ്രതീക്ഷിച്ചപ്പോലെ സീറ്റ് പോയിക്കിട്ടി.
പക്ഷെ അപ്രതീക്ഷിതമായാണ് അത് സംഭവിച്ചത്. ഒരു പുരുഷൻ എന്റെ നേർക്ക് നടന്നടുത്തു. ഇയാളെന്തിന് എന്റെ അടുക്കൽ വരുന്നു എന്ന ഭാവത്തോടെ ഞാൻ പിന്തിരിഞ്ഞ് നിന്നു. എന്റെ വളരെ അടുത്തേക്ക് അയാൾ നീങ്ങി നിന്നു. പിന്നെ കുനിഞ്ഞ് മെല്ലെ എന്റെ കാതിനോട് മുഖം അടുപ്പിച്ചു. പുരുഷ ഗന്ധം തിരിച്ചറിഞ്ഞ് ഒഴിഞ്ഞ് മാറാൻ ശ്രമിക്കുമ്പോഴേക്കും അയാൾ പറഞ്ഞ വാക്കുകൾ കാതിൽ പതിഞ്ഞു. അത് ബോധമണ്ഡലത്തിൽ എത്തിയതും ഞെട്ടലോടെ ഞാൻ തിരിഞ്ഞ് നോക്കി.
അതെ. സത്യമാണ്. എന്റെ വസ്ത്രത്തിൽ രക്തക്കറ പുരണ്ടിരിക്കുന്നു. സുരക്ഷാ സംവിധാനങ്ങൾ എല്ലാം ചെയ്തിരുന്നു എങ്കിലും ഇന്നത്തെ നിൽപ്പും ഇരിപ്പും എന്നെ ഈ വിധം നാണം കെടുത്താൻ കാരണമായിരിക്കുന്നു.
ഞാൻ അല്പം ജാള്യതയോടെ ആ പുരുഷന്റെ മുഖത്തേക്ക് നോക്കി. എന്നെ നോക്കി പരിഹസിക്കുന്ന ഒരാളെ പ്രതീക്ഷിച്ച എനിക്ക് പാടെ തെറ്റി. എന്തോ ആപത്ത് കണ്ടത് പോലെ ഭയന്ന ഒരു മുഖമായിരുന്നു അദ്ദേഹത്തിന്. അടുത്ത നിമിഷം മറ്റൊരു പുരുഷൻ അടുത്തേക്ക് വന്ന് പറഞ്ഞു.
"അത് ബാത്രൂമാണ്. പോയിട്ട് വരൂ..."
കൈയിലിരുന്ന ഫയലും ബാഗും ഒരു മടിയും കൂടാതെ കൈനീട്ടി സ്വീകരിച്ച് അവർ എനിക്ക് ആശ്വാസമരുളി. ഞാൻ ധൃതിയിൽ ബാത്റൂമിനുള്ളിലേക്ക് കടന്നു.
പുറത്തേക്ക് വന്ന ഞാൻ ചുറ്റിലും നോക്കിയപ്പോൾ മനസ്സിലായി, എല്ലാവരും ആ സംഭവം കണ്ടിരിക്കുന്നു. സ്ത്രീകളെക്കാൾ പുരുഷന്മാരെയാണ് ഞാൻ ശ്രദ്ധിച്ചത്. എന്നെ ക്രൂരമായോ പരിഹസിച്ചോ പുച്ഛത്തോടെയോ നോക്കുന്ന പുരുഷന്മാരെ പ്രതീക്ഷിച്ച എനിക്ക് അങ്ങനെ ഒരു മുഖവും അവിടെ കാണാൻ കഴിഞ്ഞില്ല. ഞാൻ ഭയന്നുവോ എന്ന് ആവലാതിപ്പെടുന്ന, എന്നെ സമാശ്വസിപ്പിക്കുന്ന മുഖങ്ങളായിരുന്നു എനിക്ക് ചുറ്റിലും.
അവരെ ആശ്വസിപ്പിക്കേണ്ടത് എന്റെ കടമയാണെന്ന് തോന്നിയ നിമിഷം അത്ഭുതം വിട്ട് ഞാൻ പുഞ്ചിരിച്ചു. എന്റെ ആ ചിരി പലമുഖങ്ങളിലും ആശ്വാസം പകരുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു. എനിക്ക് വേണ്ടി സീറ്റൊഴിഞ്ഞ് തന്ന് കൂട്ടത്തിൽ ഒരാൾ എന്നെ പിന്നെയും അത്ഭുതപ്പെടുത്തി. സന്തോഷത്തോടെ അത് നിരസിച്ച എന്നെ നോക്കി 'പെങ്ങൾ ഇരുന്നോ...'എന്നു പറഞ്ഞപ്പോൾ എന്റെ ഉള്ളിൽ വല്ലാത്തൊരു അനുഭൂതി സൃഷ്ടിച്ചു.
അധികം വൈകാതെ എന്റെ ടോക്കൻ നമ്പർ വിളിക്കപ്പെട്ടു. ധൃതിയിൽ എഴുന്നേറ്റ് പോകുമ്പോൾ ഒരിക്കൽ കൂടി എന്റെ പിൻവശത്തേക്ക് ഞാൻ തിരിഞ്ഞു നോക്കി. ഇല്ല. ഒന്നുമില്ല. ആശ്വാസം....
നടപടികൾ കഴിച്ച് തിരിച്ചിറങ്ങുമ്പോൾ എന്നെ സഹായിച്ച എല്ലാവരെയും നോക്കി ഒരിക്കൽ കൂടി പുഞ്ചിരിച്ചു. യാത്രയാക്കും പോലെ അവരും. തിരിച്ച് വീട്ടിലേക്കുള്ള ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഞാൻ ഓർത്തു. ഇതാണോ പുരുഷന്മാർ? ഇവരെക്കുറിച്ചാണോ ഈ കേൾക്കുന്ന ദുഷിച്ച വാർത്തകൾ അത്രയും? അല്ല. അവർ പുരുഷന്മാരെ അല്ല. ഇതാണ് പുരുഷന്മാർ. സ്ത്രീകളോട് സ്നേഹവും ദയയും അനുകമ്പയും ഉള്ള പുരുഷന്മാർ.
സ്ത്രീകളെ ബഹുമാനിക്കുന്ന എല്ലാ പുരുഷന്മാർക്കും വേണ്ടി സമർപ്പിക്കുന്നു.
-ശാമിനി ഗിരീഷ്-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo