Slider

അയാളുടെയാ രണ്ടു ദിനങ്ങൾ

0


അല്ലെങ്കിലും ഈ ദിവസത്തിനെന്താണ് ഇത്രയധികം പ്രത്യേകത. ചില കാര്യങ്ങൾ ഓർമ്മിച്ചുവയ്ക്കാൻ മനുഷ്യമനസ്സ് ചിലപ്പോൾ സങ്കീർണ്ണതയിലേക്ക് നമ്മെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കാറുണ്ട്. അവയ്ക്കും ഇടയ്ക്ക് പൊടിയൊക്കെ തട്ടി തിളക്കമുള്ളവ ആകാനായിരിക്കുമല്ലേ.ചിന്തകൾ വല്ലാണ്ട് വഴിതെറ്റുന്നുണ്ടല്ലേ. നിർത്തി ഇനിയില്ല...ഒരുപക്ഷേ ഇതൊരു തപാൽ ദിനത്തിന്റെ ഓർമ്മപ്പെടുത്തലുമാവാം കാരണം ഇത് നടക്കുന്നത് ഒരു തപാൽ ദിനത്തിലും അതിനടുത്ത ദിവസത്തിലുമായാണ്..
പണ്ടെങ്ങോ കെട്ടിപ്പൊതിഞ്ഞ് തട്ടിൻപുറത്തേക്ക് വലിച്ചെറിഞ്ഞൊരു ഭാണ്ടക്കെട്ട്. അതവിടെയും ഭാരമായപ്പോഴാണത് ആരോ മുറ്റത്തേക്ക് വലിച്ചെറിഞ്ഞത്.
മുറ്റം വൃത്തിയാക്കുന്നതിനിടെ അമ്മയാണ് അത്
തുറന്ന്നോക്കിയത്.വളരെ ഭംഗിയായി വടിവൊത്ത അക്ഷരങ്ങളിൽ മേൽവിലാസമൊക്കെയെഴുതിയ, അയാളുടെ പേരിലുള്ള കുറച്ചു ലെറ്ററുകൾ.
ഇനിയും പൊട്ടിക്കാത്തവയുമുണ്ടായിരുന്നു ആക്കൂട്ടത്തിൽ.
അയാൾക്കൊരു ജോലികിട്ടി വളരെ ദൂരേക്ക് പോകുമ്പോഴും കത്തുകൾ തുടരെതുടരെ അയാളെത്തേടി എത്തുമായിരുന്നു...
പിന്നെയെപ്പോഴോ ആണത് വരാതായത്.
എന്തായാലും അമ്മയാ കത്തുകൾ ഉമ്മറത്തുള്ള ചാരു കസേരയ്ക്കരികിലുള്ള ഷെൽഫിലേക്ക് കൊണ്ടുവച്ചു.അയാളവിടെയുള്ളപ്പോൾ ഉച്ചയൂണ് കഴിഞ്ഞാൽ ചാരുകസേരയിൽ അല്പം മയങ്ങുക പതിവാണ്.അപ്പോഴയാൾ കാണുകയാണെങ്കിൽ അതൊന്നെടുത്ത് നോക്കികൊള്ളട്ടെയെന്ന് കരുതിയാണ് അമ്മ അവിടെതന്നെ കൊണ്ട് വച്ചത്..
അന്ന് അപ്രതീക്ഷിതമായി അയാൾ മഴ നനഞ്ഞാണ്‌ അവിടേക്ക് കയറിവന്നത്.
അയാളെ കണ്ടപാടെ അമ്മ അതിശയിച്ചു, ഇവൻ അടുത്തയാഴ്ച്ചയല്ലേ വരാമെന്ന് പറഞ്ഞിരുന്നത്. ഒന്ന് കാണാൻ കൊതിയാകുന്നു എന്നു പറഞ്ഞപ്പോൾ ലീവ്കിട്ടില്ല എന്നല്ലേ അന്നവൻ പറഞ്ഞത്.തൽക്കാലം ഒന്നും ചോദിക്കേണ്ട.എന്തായാലും വന്നുവല്ലോ.ഒന്ന് കാണാൻ പറ്റിയല്ലോ.ആ അമ്മ സമാധാനിച്ചു...
വന്നപാടെ ഒരു കട്ടൻ ചായയും ചോദിച്ച് നനഞ്ഞ ഷർട്ടൂരി തിണ്ണയിലേക്ക് വിരിച്ച് അയാൾ ആ ചാരുകസേരയിലേക്ക് ചാരിക്കിടന്നു.ഏതാണ്ട് അഞ്ചു മിനിറ്റായിക്കാണും അമ്മ കട്ടനുമായി അവിടേയ്ക്ക് വന്നപ്പോൾ അയാൾ അവിടെയുണ്ടായിരുന്നില്ല..ഒപ്പമാ ലെറ്ററുകളും..
അന്നേറെ വൈകിയിട്ടും അയാളുടെ മുറിയിൽ ലൈറ്റുണ്ടായിരുന്നു. ആയാളെ തട്ടിവിളിച്ചു, ഉറങ്ങുന്നില്ലേടാ എന്ന് ചോദിക്കാൻ അമ്മ
വാതിൽക്കൽവരെയെത്തിയതാണ്.പിന്നെ വിചാരിച്ചു,ജീവിതാവസാനംവരേയ്ക്കുള്ള ചില തീരുമാനങ്ങളെടുക്കുവാൻ ഇത്തിരി സമയം വേണ്ടിവരും ശല്ല്യപ്പെടുത്തണ്ട.
അടുത്ത ദിവസം നേരം പുലർന്നപ്പോൾതന്നെ അയാൾ കുളിച്ച് അലക്കിത്തേച്ചൊരു ഷർട്ടും വെള്ളമുണ്ടുമുടുത്തു തോളത്തൊരു തുണിസഞ്ചിയുംതൂക്കി എങ്ങോട്ടേക്കോ പോകാനായി മുറ്റത്തേക്കിറങ്ങി..
ഇത് കണ്ട് അമ്മ'എവിടേയ്ക്കാ'എന്നു ചോദിച്ചപ്പോൾ. മറുപടിയായി 'ഒരിടത്തേയ്ക്ക്. അല്പം വൈകിയേ വരൂ..അത്താഴത്തിന് ഒരിലകൂടി വേണ്ടി വരും'
ഇത്രമാത്രം പറഞ്ഞ് അയാളാ ഇടവഴിയിലേയ്ക്കിറങ്ങി നടന്നു..
അയാളുടെയാ പോക്ക്കണ്ടിട്ടെന്നോണം അമ്മ മനസ്സിൽപ്പറഞ്ഞു എനിക്ക് തീരെ വയ്യാണ്ടായിരിക്കുന്നു. എന്നാണാവോ ഇവനൊരു പെണ്ണ്കെട്ടി തുണയായ്കൂട്ടുന്നെ.
ഒരെത്തുംപിടിയും കിട്ടുന്നില്ല.
ഒരു നീണ്ടനെടുവീർപ്പിനുശേഷം പോയ വഴിയിലേക്ക് അല്പനേരംകൂടി അയാളെത്തന്നെ നോക്കിനിന്നിട്ട് അമ്മ അടുക്കളയിലേക്കു നടന്നു..
വൈകിട്ട് ക്ഷേത്രമുറ്റത്തെ ആരയാലിൻ ചോട്ടിലുള്ള അയാളുടെ ഇരിപ്പ് തുടങ്ങിയിട്ട് ഒത്തിരി നേരമായിക്കാണും..സഞ്ചിയിലെ എഴുത്തുകൾ മുഴുവനും ഓരോന്നോരോന്നായി ഇടയ്ക്കിടയ്ക്ക് മറിച്ചു നോക്കുന്നുമുണ്ടയാൾ..
അതിലെ സുന്ദരമായ ഉരുണ്ട കൈയ്യക്ഷരങ്ങൾ അയാളെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.
ചിലപ്പോൾ നിഗൂഢമായി ചിരിപ്പിക്കുകയും.
അയാളാരെയോ പ്രതീക്ഷിക്കുന്നുണ്ടെന്നു തോന്നുന്നു.കൃത്യമായി അയാളുടെ മുഖഭാവം വായിച്ചെടുക്കുക തൽക്കാലം അസാദ്ധ്യം...
പണ്ടെങ്ങോ തൂലികാ സൗഹൃദത്തിനായുള്ള വർത്തമാനപത്രത്തിലെ ഉൾപേജിലൊരു ചെറിയ കോളത്തിൽ വെറുതേ ആകൃഷ്ടനായതാണയാൾ.
ആദ്യമൊക്കെ വല്ലപ്പോഴും എത്തിയിരുന്ന ലെറ്ററുകൾ, പിന്നെപിന്നെ ആഴ്ചയിലൊരിക്കലായി പിന്നെ അതിലും കൂടുതലിലേക്ക് വഴിമാറിയപ്പോൾ..ഒരു സൗഹൃദത്തിനപ്പുറം എന്തൊക്കെയോ അയാളിൽനിന്നാ ബന്ധം പ്രതീക്ഷിക്കുന്നു എന്നു മനസ്സിലാക്കിയപ്പോൾ..
അയാൾ പതിയെ തിരിഞ്ഞു നടക്കുകയായിരുന്നു..മാത്രവുമല്ല ആ ബന്ധം അയാളുടെ ജീവിതത്തിന്റെ പ്രാരാബ്ധ പട്ടികയിലേക്ക് കടന്നുകൂടിയേക്കാമെന്ന ഒരുതരം ഭയവും അന്ന് അയാൾക്കുണ്ടായിരുന്നു. പക്ഷേ
അന്ന് വായിക്കാതെ പോയയാ ലെറ്ററുകൾ അയാളുടെയുള്ളിൽക്കിടന്ന് ഇന്ന് കൂടുതൽ നഷ്ടബോധം നിറയ്ക്കുകയാണെന്ന് തോന്നുന്നു.
ക്ഷേത്രത്തിലെ ദീപാരാധനയ്ക്കുള്ള
മണിയൊച്ചയാണ് അയാളെ ഓർമ്മകളിൽ നിന്നു മെല്ലെ ഉണർത്തിയത്..അയാൾ ക്ഷേത്രത്തിലേക്ക് നടന്നു.
അയാൾ ക്ഷേത്രത്തിനകത്തു പ്രവേശിക്കുമ്പോൾ അതിനകത്ത് ശാന്തിക്ക് പുറമെ രണ്ടുപേരുകൂടി ഉണ്ടായിരുന്നു... ഒന്ന് അയാളുടെ സുഹൃത്ത് അനിരുദ്ധ്.. മറ്റേത് ഇരുപത്തിരണ്ടോളം മാത്രം പ്രായം തോന്നിക്കുന്ന ഒരു പെണ്കുട്ടിയും. അവൾ അതീവ സുന്ദരിയായിരുന്നു..പണ്ടയാൾ വായിച്ചിരുന്ന റഷ്യൻ നാടോടിക്കഥകളിലെ രാജകുമാരികളെപ്പോലെ സുന്ദരിയായിരുന്നു അവൾ....
അവൾ.'വന്ദന..!!..'
അയാൾ ക്ഷേത്രത്തിലെ വിഗ്രഹത്തിന് തൊട്ട്മുന്നിലായ് തൊഴുകൈയ്യോടെ നിന്നു..
ഒരു പത്തുപതിനഞ്ച് മിനിറ്റ് കഴിഞ്ഞുകാണും ദീപാരാധനയ്ക്ക്ശേഷം ശാന്തി പ്രസാദവുമായി അവരുടെ മുന്നിലേക്ക് വന്നു.. അവളുടെ കയ്യിൽ കൊടുത്ത തുമ്പിലയിൽ പ്രസാദത്തിന്റെകൂടെ പൂജിച്ച ഒരു താലിയും ഉണ്ടായിരുന്നു...
അയാൾ വന്ദനയുടെ അരികിലേക്ക് ചെന്നു.. അവർ പരസ്പരം കണ്ണുകളിൽ നോക്കിനിന്നു.. അല്പനേരത്തെ മൗനത്തിനുശേഷം, അയാൾ അവളോട് ചോദിച്ചു,
'ഇരുപത് വയസ്സിന്റെ വ്യത്യാസം.ആലോചിച്ചു തന്നെയാണോ..? നിന്റെ വീട്ടുകാർക്കോ എന്റെ വീട്ടുകാർക്കോ ആർക്കെങ്കിലും എന്നെങ്കിലും ഇത് ഉൾക്കൊള്ളാൻ കഴിയുമോ വന്ദനാ..?'
അവൾ അയാളുടെ വാ പൊത്തിപ്പിടിച്ചു... എന്നിട്ട് മെല്ലെപ്പറഞ്ഞു
'സ്നേഹം പ്രായത്തിന്റെ മതിൽക്കെട്ടിൽതട്ടി തകർന്നുവീഴേണ്ട മഞ്ഞുതുള്ളിയല്ല. അത് അനുഭവിച്ചറിയേണ്ട സൂര്യകിരണമാണ്..'
'സൂര്യപ്രകാശം ആർക്കെങ്കിലും കൈക്കുള്ളിൽ അടച്ചുവയ്ക്കാൻ കഴിയുമോ..?'
ഇത്രയും പറഞ്ഞപ്പോൾതന്നെ അവളുടെ കണ്ണുകൾ നിറഞ്ഞുകവിഞ്ഞിരുന്നു..
പിന്നെയൊന്നുംതന്നെ ചോദിക്കാതെ അയാളാ പവിത്രമായ താലി അവളുടെ കഴുത്തിലണിയിച്ചു.. അതിന് ശേഷം ഇരുവരും അനിരുദ്ധനോടൊപ്പം ക്ഷേത്രത്തിന് പുറത്തേക്കിറങ്ങി...
അനിരുദ്ധ് അയാളുടെ കളിക്കൂട്ടുകാരനായിരുന്നു അവരുടെ ബന്ധത്തെക്കുറിച്ച് കൂടുതൽ അറിയാവുന്നതും അയാൾക്കായിരുന്നു.മൂവരും കുറച്ചുനേരം സംസാരിച്ചുനിന്നശേഷം അവിടെനിന്നും പിരിഞ്ഞു..
അയാളിലേക്ക് അവളെ ചേർത്തുപിടിച്ചു ഇടവഴിയിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ,
അയാളുടെ മനസ്സിൽ.. അവൾ പറഞ്ഞ വാക്കുകൾ ആയിരം സൂര്യചന്ദ്രശോഭയോടെ അലയടിച്ചുകൊണ്ടിരുന്നു..
'സ്നേഹം പ്രായത്തിന്റെ മതിൽക്കെട്ടിൽതട്ടി തകർന്നുവീഴേണ്ട മഞ്ഞുതുള്ളിയല്ല അത് അനുഭവിച്ചറിയേണ്ട സൂര്യകിരണമാണ്..'
അയാളുടെ ജീവിതത്തിൽ എങ്ങോ നഷ്ടമായ ചെമ്പകപ്പൂവിന്റെ കാന്തിയും,പനിനീർപ്പൂവിന്റെ സൗരഭ്യവും,കാശിത്തുമ്പയുടെ വർണ്ണവൈവിധ്യവും
അയാളുടെ മനസ്സിലേക്ക്, കണ്ണുകളിലേക്ക് തിരികെ ചേക്കേറുകയായിരുന്നു അപ്പോൾ...
അപ്പോഴേയ്ക്കും സൂര്യൻ മറഞ്ഞുതുടങ്ങിയ ആകാശത്തുനിന്നും ചെറുതായി മഴത്തുള്ളികൾ ചാറിതുടങ്ങിയിരുന്നു. പൊടുന്നനെ അയാൾ അവളുടെ അരയ്ക്കു താഴെ ചുറ്റിപ്പിടിച്ചു അവളെ ആകാശത്തേക്ക് എടുത്തുയർത്തി..അവൾ പറക്കുകയായിരുന്നു.....ശരിയാണ്
അവർ ശരിക്കും ജീവിതത്തിലേയ്ക്ക് പറക്കുകയായിരുന്നു..
കോടമഞ്ഞിന്റെ കുളിരുമായി വഴിതെറ്റിവന്നൊരു മന്ദമാരുതൻ ഇതൊന്നും കാണാൻനിൽക്കാതെ വെറുതെ അലസമായി അതുവഴി കടന്നുപോയി..
Shajith...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo