Slider

ഒന്നും...

0


നേരം വെളുത്തുതുടങ്ങിയിട്ടില്ല... ഫ്രിഡ്ജിൽ ഇരുന്ന ബ്രെഡും ഒരു കുപ്പി വെള്ളവും എടുത്ത് ബാഗിലേക്കിട്ടു. മൊബൈൽ സൈലന്റ് മോഡിലേയ്ക് മാറ്റി... മഴ കാര്യമാക്കാതെ നടന്നുതുടങ്ങി....എങ്ങോട്ടാണെന്ന് ഒരു ഐഡിയയും ഇല്ല... പക്ഷെ മനസിന് ഒരു പ്രത്യേക സന്തോഷം അനുഭവപെട്ടിരുന്നു. സ്ട്രീറ്റ് ലൈറ്റ് വെളിച്ചത്തിൽ പാറിപറക്കുന്ന ഈയലുകൾ... അവയെ ഭക്ഷിക്കാൻ തലങ്ങും വിലങ്ങും പറക്കുന്ന കാക്കയും...മണ്ണാത്തി പുള്ളും... തലേന്ന് പെയ്തമഴയിൽ റോഡിൽ പലയിടത്തും പാൽചായ നിറത്തിൽ വെള്ളം നിറഞ്ഞിരുന്നു... ലക്ഷ്യബോധം ഇല്ലാത്തതുകൊണ്ട് ഒട്ടും ധൃതിയില്ല... ആസ്വദിച്ചു നടന്നു... പുലർകാല നടത്തത്തിനു ഒരു സുഖമുണ്ട്. 
ആപ്പോഴാണ്‌ കണ്ടത്... എന്നെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ചിലകണ്ണുകൾ... ഷട്ടർ അടഞ്ഞുകിടക്കുക്കുന്ന കടയുടെ മുന്നിൽ 4, 5 തെരുവുപട്ടികൾ... തീരെ മൈൻഡ് ചെയ്യാതെ നടത്തം തുടർന്നു... ഹബ്ബിലെത്തിയപ്പോൾ രണ്ടു മൂന്നു ബസുകൾ പോകാൻ തയ്യാറായി കിടക്കുന്നുണ്ടായിരുന്നു... ആദ്യം കണ്ട ഒന്നിൽ ചാടിക്കയറി.. ഏതെങ്ങോട്ടാണാവോ... ഏതെങ്കിലും സ്ഥലപേരിൽ ടിക്കറ്റ് എടുക്കണമല്ലോ... ഞാനുൾപ്പെടെ പത്തു പന്ത്രണ്ടു പേർ കാണും ആ ബസിൽ. ഒരു സൈഡ് സീറ്റിൽ പോയിരുന്നു. അടച്ചിട്ട ജനൽ തുറന്നു വച്ചു്. മഴ കൂടാൻ തുടങ്ങി. ബസ് സ്റ്റാന്റിൽ നിന്നും പുറത്തേക്കു കടന്നിരുന്നു. മണിക്കൂറുകൾ ബ്ലോക്കിൽ കിടന്നു വെറുപ്പിക്കുന്ന വൈറ്റില ജംഗ്ഷൻ വിജനമായിരുന്നു. ബസ് വേഗം കുട്ടി തുടങ്ങിയതോടെ മഴത്തുള്ളികൾ മുഖത്തേക്ക് തെറിക്കാൻ തുടങ്ങി. മുൻ സീറ്റിൽ ഇരുന്ന മധ്യവയസ്‌കൻ ഇടക്കിടെ എന്നെ പരുഷമായി നോക്കുന്നുണ്ട്. 'ആ ഷട്ടർ ഒന്നിട് കൊച്ചെ ' എന്നായിരിക്കും പറയാൻ വരുന്നത്. അത് കേൾക്കാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് പുറത്തേക്കു കണ്ണും നട്ട് ഞാനിരുന്നു. പുള്ളിക്കാരൻ മടുത്തിട്ടാവണം എതിർസൈഡിൽ പോയിരുന്നു. ആശ്വാസത്തോടെ ഞാനും... ഒന്നും തമ്മിൽ സംസാരിക്കേണ്ടി വന്നില്ലലോ....
മരങ്ങളും കടകളും വീടുകളും പുറകിലേയ്ക് ഓടിക്കൊണ്ടിരുന്നു. അപ്പോഴേക്കും ബസ് തൃശൂർ ഭാഗത്തേക്കാണ് പോകുന്നതെന്ന് മനസിലാക്കിയിരുന്നു. ആമ്പല്ലൂരിലേക് ടിക്കറ്റ് എടുത്തു. കാരണം അവിടെ അടുത്ത് ഒരിക്കൽ പോകാൻ ആഗ്രഹിച്ച ഒരു സ്ഥലം ഉണ്ട്.മാരോട്ടിച്ചാൽ... അതെ അങ്ങോട്ട് തന്നെ പോകാം. ഇപ്പോഴാണ്‌ യാത്രയ്‌ക്ക് ലക്‌ഷ്യം വന്നത്. ബസിൽ നിന്നും ഇറങ്ങുമ്പോൾ മഴമാറി തന്നിരുന്നു. ജംഗ്ഷനിൽ നിന്നും മരോട്ടിച്ചാലിലേയ്ക് ഒരു ഓട്ടോ വിളിച്ചു. ഓട്ടോയിൽ നിന്ന് രണ്ടു സ്ലൈഡ് ബ്രെഡും വെള്ളവും കഴിച്ചു. ചെമ്മൺ നിറമാർന്ന ഒരു വഴിയുടെ മുന്നിൽ ഓട്ടോ നിർത്തിചു. കാട്ടിലേക് നീളുന്ന വഴിയാണെന്നു ഉറപ്പു വരുത്തി നടന്നു തുടങ്ങി... കയറ്റങ്ങളും ഇറക്കങ്ങളും കടന്നു വഴി ലോപി ചില്ലാതാവുന്ന ഇടത്തുനിന്നും തുടങ്ങുകയാണ് കാട്‌.... കറുത്തിരുണ്ട ആ കാടിനെ കൊതിയോടെ കുറച്ചുനേരം നോക്കിനിന്നു. ചൂളകാക്കയുടെ മധുര സ്വരം... കാട്ടിനുള്ളിലെവിടെയോ...കൂട്ടിനു ചീവീടുകളുടെ ഗാനമേളയും...തണുത്ത കാറ്റും . ഹരം പകരാൻ ഇനിയെന്ത് വേണം. മുന്നോട്ട് നടന്നു പാറക്കെട്ടുകൾ പിന്നിട്ടു വീണ്ടും പച്ച പൊതിഞ്ഞ വനത്തിലേയ്ക്. അടുത്തെവിടെയോ നീരൊഴുകുന്ന ശബ്ദം... അത് കേട്ടിടത്തേയ്ക് കാലുകൾ ഞാനറിയാതെ തന്നെ ചലിക്കുകയാണ്. പാറയിടുക്കിൽ കൂടി ഒഴുകി വരുന്ന നീർച്ചാൽ പടർന്നോഴുകി ഒരു കൊച്ചു അരുവിയായി മാറുന്നു. ഒഴുക്ക് കാട്ടിനുള്ളിലേയ്ക് തന്നെ. അരികിൽ കണ്ട പാറയിൽ കയറി കാൽ വെള്ളത്തിലേക്കിട്ടു. ഹൌ... എന്തൊരു തണുപ്പ്... ഉച്ചി വരെ ആ താണുപ്പങ്ങു് കയറി. എന്തെന്നില്ലാത്ത ഒരു ഉന്മധാവസ്ഥ. ആ അവസ്ഥയിൽ എത്ര നേരം ഇരുന്നെന്ന് എനിക്ക് തന്നെ അറിയില്ല. ഇതല്ലേ ഞാൻ തേടി വന്നത്. ഈ തണുപ്പ്..., ശാന്തത..., വന്മാരങ്ങൾ പൂത്തും കായ്ച്ചും തലയുയർത്തിനിൽക്കുന്ന കരിംപച്ച നിറമുള്ള കാട്. അതെ ഇതാണ് ഞാൻ ആഗ്രഹിച്ച സ്വർഗം. കാലുകൾ തണുത്തു മരവിച്ചു തുടങ്ങിയിരിക്കുന്നു. വെള്ളത്തിൽ നിന്നും ഉയർത്തിയപ്പോഴാണ് കടിച്ചുതൂങ്ങി നിൽക്കുന്ന അട്ടകളെ കണ്ടത്. നിർവികാരതയോടെ അവയെ നോക്കി നിന്നു. ചിലത് വയർ നിറഞ്ഞിട്ടാകാം തനിയെ പിടിവിട്ടു താഴെ വീണു. ആ മുറിവിൽ കൂടി ചുടു ചോര പുറത്തേക്കൊഴുകി....
ചൂടുള്ള നനവ് ദേഹത്തേയ്ക് പടർന്നപ്പോഴാണ് കണ്ണ് തുറക്കുന്നത് ... കുഞ്ഞു ഇന്നും പതിവ് തെറ്റിച്ചില്ല. പാമ്പേഴ്‌സിനെയും തോൽപ്പിചിരിക്കുന്നു. അവളെ വൃത്തിയാക്കി തട്ടിയുറക്കി അടുകളയിലേയ്ക് നടക്കുമ്പോൾ മനസ്സിൽ ഒരുകനം വന്നടിഞ്ഞിരുന്നു. അല്ലെങ്കിലും എന്റെ ഇഷ്ടയാത്രകൾ എന്നും സ്വപ്നത്തിൽ മാത്രമായിരുന്നല്ലോ.....

By: LijaSunil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo