Slider

സാൾട്ട് മാംഗോ ട്രീ (ദി ഉപ്പുമാവ് )

0
Image may contain: 1 person, smiling, sunglasses and closeup
****************
ഇതൊരല്പം പഴയ കഥയാണ് . പഴയതെന്ന് പറഞ്ഞാൽ പണ്ടു പണ്ടുള്ളോരു കഥയൊന്നുമല്ല കേട്ടോ . നമ്മുടെ 'ദുൽക്കർ സൽമാനൊക്കെ' ജനിച്ച കാലത്ത് നടന്നൊരു കഥ . അടിയനൊരു 'നിക്കർ സൽമാനാ’ യ് വിലസിയ നേരത്തുണ്ടായ കഥ .
ഈ കഥയിലൊരു പൊട്ടിച്ചിരി ഒക്കെയുണ്ട് . എന്നാൽ അതിലുപരിയായ് ഇതിൽ കണ്ണീരിന്റെ നനവവും , വിശപ്പിന്റെ നോവും , ഉപ്പുമാവിന്റെ ഉപ്പുമുണ്ട് .
ഈ കഥ നടക്കുമ്പോൾ ഞാനെന്റെ നാട്ടിൻ പുറത്തെ സർക്കാർ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് . മുഴുപ്പട്ടിണിയും , അരപ്പട്ടിണിയും കൈമുതലായുള്ള സാധാരണക്കാരിൽ സാധാരണക്കാരായിരുന്നു അന്നാ നാട്ടിലുണ്ടായിരുന്നവരിലേറെയും . ഇവരുടെയൊക്കെ മക്കളായിരുന്നു അന്നത്തെ എന്റെ സഹപാഠികൾ .
ഇത്തരമൊരു ചങ്ങാതിയുടെ , എന്റെ ആത്മ സതീർത്ഥ്യന്റെ കഥയാണ് " സാൾട്ട് മാംഗോട്രീ " അഥവാ ദി ഉപ്പുമാവ് .
ഈ കഥയിലെ നായകന്റെ പേര് പി.പി സന്തോഷ് കുമാറെന്നാണ് . പേരിതൊക്കെയാണെങ്കിലും സ്കൂളിൽ അവനറിയപ്പെട്ടിരുന്നത് ‘വെട്ടുകുട്ടാപ്പി ‘ എന്നായിരുന്നു . ജന്മനാലുള്ള അമിതമായ വിശപ്പ് മൂലം മുന്നിലെത്തുന്ന , ' തിരിച്ച് കടിക്കാത്ത ' എന്തിനേയും വെട്ടി വിഴുങ്ങുന്ന അവന്റെ സ്വഭാവ വിശേഷത്തോട് വീട്ടിലെ വിളിപ്പേരായ കുട്ടാപ്പി കൂട്ടി ചേർത്തപ്പോളാണ് പി.പി സന്തോഷ് കുമാർ 'വെട്ടുകുട്ടാപ്പി' ആയി മാറിയത് .
വെട്ടു കുട്ടാപ്പി ആളൊരു ഫ്രീക്കനായിരുന്നു എന്ന് വേണെ പറയാം . കാഴ്ചയിൽ അവൻ ഇന്ന് കാണുന്ന ഫ്രീക്കന്മാരെ പോലെ ഒക്കെ ആയിരുന്നു . കാശിന്റെ അപര്യാപ്തത മൂലം ആറ് മാസത്തിൽ ഒരിക്കലൊക്കെയാണ് അന്ന് മുടിവെട്ട് . ഈ മുടി മുറിക്കൽ കഴിഞ്ഞാൽ കാട്ടുതീ തീണ്ടിയ മുട്ടക്കുന്നു പോലെ ഒന്നു രണ്ടാഴ്ചത്തേക്ക് തലയങ്ങനെ തിളങ്ങി നിൽക്കും . പിന്നെ പൂർവ്വാധികം ശക്തിയോടെ വളരുന്ന ഈ കാട് രണ്ട് മൂന്ന് മാസം കൊണ്ട് പടർന്ന് പന്തലിച്ച് ഒരു മഴക്കാടായ് മാറും . മിക്കവരുടെയും സ്ഥിതി ഇതൊക്കെ തന്നെ ആയിരുന്നു . അങ്ങനെ നീണ്ടുവളർന്ന തലമുടിയും , ഹുക്കു പൊട്ടിയതുകൊണ്ട് 'ലോ - വേസ്റ്റായിപ്പോയ ' നിക്കറും . (ആധുനിക ഫാഷനിലുള്ള ജീൻസ് പോലെ അതിന്റെ മൂട്ടിലടക്കം കൈയ്യിലിരിപ്പ് കൊണ്ടുണ്ടായ കുറെ തുളകളും കാണും .) ഈ നിക്കർ അരയിൽ മുറുക്കി കെട്ടാനായുള്ള ചാക്കു നൂലിന്റെ ബെൽറ്റുമൊക്കെ ധരിച്ച അവൻ ഹെയർ സ്റ്റൈലിലും വസ്ത്രധാരണത്തിലുമൊക്കെ ഇന്നത്തെ ഒരു " കട്ട ഫ്രീക്കനെ " അനുസ്മരിപ്പിച്ചു .
തടിച്ചുരുണ്ട പ്രകൃതക്കാരനായ അവന്റെ വയറ് പതിവായി നിരതെറ്റിച്ചിടുന്ന ഷർട്ടിന്റെ ബട്ടൺസിനിടയിലൂടെ വെളിയിലേക്കുന്തി നിൽക്കുമായിരുന്നു . വലിയ പലകപ്പല്ലുകളും രണ്ട് ഉണ്ടക്കണ്ണുകളുമൊക്കെ കൈമുതലായുള്ള അവന് എന്നെക്കാൾ രണ്ട് മൂന്ന് വയസ്സ് കൂടുതലും ഉണ്ടായിരുന്നു . എന്നാൽ ചെറിയ ക്ലാസ്സു മുതൽക്കെ അവൻ ബിരുദമെടുത്ത് തുടങ്ങിയതിനാൽ ഞാൻ നാലിലെത്തിയപ്പോഴേക്കും , ടിയാനെന്റെ ബെഞ്ചുകാരനും ഉറ്റ ചങ്ങാതിയുമായി തീർന്നു .
അന്നൊക്കെ സ്കൂളുകളിൽ ഇന്നത്തെ ഉച്ചക്കഞ്ഞിക്ക് പകരം ഉപ്പുമാവായിരുന്നു വിളമ്പിയിരുന്നത് . പതിവായ് ഉച്ചക്ക് കിട്ടുന്ന ഈ ഉപ്പുമാവായിരുന്നു വിദ്യാസമ്പാദനത്തേക്കാൾ സ്കൂളിലെത്തുന്നതിന് കുട്ടാപ്പിക്ക് പ്രചോദനമായത് . ഇതിന് വേണ്ടി വലിയൊരു പാത്രവും സഞ്ചിയിൽ വെച്ചാണവനെന്നും സ്കൂളിൽ വന്നിരുന്നത് .
ഉച്ചയോടടുക്കുമ്പോൾ ക്ലാസ്സിനരികിലുള്ള പാചകപ്പുരയിൽ നിന്നും ഉപ്പുമാവ് വേവുന്ന ഗന്ധം അവിടെയാകെ പരക്കും . ആ നിമിഷം മുതൽ കുട്ടാപ്പി ബെഞ്ചിലിരുന്ന് ഞെളിപിരി കൊള്ളാൻ തുടങ്ങും . പിന്നെ അവന്റെ നോട്ടം മുഴുവൻ ജനലിലൂടെ അങ്ങോട്ടേക്കാവും . എന്നിട്ട് സഞ്ചിയിൽ നിന്നും പാത്രം മടിയിലേക്കെടുത്ത് വെച്ച് ഓടാൻ തയ്യാറായി ബെൽ മുഴങ്ങുന്നതും കാതോർത്തങ്ങനെ ഇരിക്കും .
ഉച്ചക്ക് ബെൽ മുഴങ്ങുന്ന നിമിഷം പിൻബെഞ്ചിൽ നിന്നുമാരംഭിക്കുന്ന അവന്റെ ഓട്ടം മുന്നിലെ കൂട്ടുകാരെയെല്ലാം ഇടിച്ച് തെറിപ്പിച്ച് പാചകപ്പുരയുടെ പടിക്കൽ വരെ നീളും . അങ്ങനെ ആദ്യം ഓടിയെത്തുന്ന അവൻ ഒന്നാമനായി നിന്ന് ഉപ്പുമാവ് വാങ്ങി വേഗമത് തിന്ന് തീർക്കും . എന്നിട്ട് വീണ്ടും ആ പാത്രവുമായി ഉപ്പുമാവ് വിളമ്പുന്ന പ്യൂൺ നാണു വേട്ടനെ നോക്കി ചിരിച്ചുകൊണ്ടങ്ങനെ നിൽക്കും . പാത്രത്തിൽ മിച്ചമെന്തെങ്കിലും ഉണ്ടെങ്കിൽ അതുകൂടിയപ്പോൾ നാണുവേട്ടൻ അവന് കൊടുക്കും .
കാര്യങ്ങളിങ്ങനെ നിർബാധം തുടരവെ ഒരു ദിവസം ഉച്ചക്ക് മുൻപുള്ള പീരിയഡിൽ അവനന്ന് പതിവിലും നേരത്തെ ഞെളിപിരി കൊള്ളാൻ തുടങ്ങി . പതിയെ ശക്തി പ്രാപിച്ച് വന്ന ഈ പ്രവൃത്തി പാരമ്യത്തിലേക്കെത്തിയപ്പോൾ :
" സാ.............ർ "
എന്നൊരു നിലവിളിയോട് കൂടി ഉയർത്തിപ്പിടിച്ച കൈയ്യിൽ ' വികടറി സിംബലുമായി ' ക്ലാസ്സിന് വെളിയിലേക്കവൻ കുതിച്ചോടി . എന്നിട്ട് സ്കൂളിന് പിന്നിലെ കുറ്റിക്കാട്ടിലേക്ക് മറഞ്ഞു .
മറ്റ് കുട്ടികളുടെ കൂട്ടച്ചിരികൾക്കിടയിൽ അപ്പോഴേക്കും ഉച്ചഭക്ഷണത്തിനുള്ള ബെല്ലും അവിടെ മുഴങ്ങി .
വിശദമായ ആ വന വാസമൊക്കെ അവസാനിപ്പിച്ച് സ്കൂളിൽ തിരിച്ചെത്തിയ കുട്ടാപ്പിക്ക് അവിടെ കാണാൻ കഴിഞ്ഞത് ഉപ്പുമാവും കഴിച്ച് കൈയ്യും കഴുകി കളിക്കാൻ പോകുന്ന തന്റെ കൂട്ടുകാരെ ആയിരുന്നു . സഞ്ചിയിൽ നിന്നും പാത്രവുമെടുത്ത് അവനോടി പാചകപ്പുരയിലെത്തിയപ്പോഴേക്കും , ഉപ്പുമാവ് തീർന്നിരുന്നു . മാത്രമല്ല കാലിയായപാത്രം നാണുവേട്ടൻ കഴുകാനുമാരംഭിച്ചിരുന്നു .
ദേഷ്യവും , സങ്കടവും , വിശപ്പും സഹിക്കവയ്യാതെ അവൻ ക്ലാസ്സിൽ തിരിച്ചെത്തി പിൻ ബെഞ്ചിലെ തന്റെ സീറ്റിൽ തളർന്ന് തല താഴ്ത്തി ഇരുന്നു .
ഉച്ചക്കു ശേഷമുള്ള ക്ലാസ്സാരംഭിച്ചത് വിശന്ന് വലഞ്ഞിരിക്കുന്ന നമ്മുടെ കുട്ടാപ്പിയുമായിട്ടായിരുന്നു . അന്ന് ആദ്യ പീരിയഡിലെ വിഷയം സ്കൂളിലെ ഏറ്റവും കർക്കശക്കാരനായിരുന്ന ദാമു മാഷ് പഠിപ്പിച്ചിരുന്ന കണക്കുമായിരുന്നു . കുറെ നേരത്തെ ക്ലാസിന് ശേഷം മാഷ് പഠിപ്പിച്ച ഭാഗത്തെകുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി . ദാമു മാഷിന്റെ ആദ്യത്തെ ചോദ്യം ഇതായിരുന്നു
" പത്ത് മാമ്പഴം അഞ്ച് പേർക്ക് തുല്യമായി വീതിച്ചാൽ ആളൊന്നിന് എത്ര വീതം കിട്ടും ? . "
ചോദ്യം ചോദിച്ചിട്ട് കുട്ടികളുടെ ഇടയിലേക്ക് നോക്കിയ മാഷ് ആ സമയം പിൻബെഞ്ചിൽ കുനിഞ്ഞിരിക്കുന്ന കുട്ടാപ്പിയെ കണ്ടു .
അവനെ നോക്കിയിട്ട് മാഷിങ്ങനെ പറഞ്ഞു :
" ഇതിനുത്തരം പി.പി സന്തോഷ് കുമാർ പറയൂ ."
ഇത് കേട്ട് ബെഞ്ചിൽ നിന്നും പതിയെ എഴുന്നേറ്റ കുട്ടാപ്പി കൈയ്യുടെ പിൻഭാഗം കൊണ്ട് തന്റെ കണ്ണുകൾ രണ്ടും തുടച്ചു . എന്നിട്ട് വീർത്തു കെട്ടിയ മുഖഭാവവുമായി വിതുമ്പിക്കൊണ്ടിങ്ങനെ പറഞ്ഞു :
" മാങ്ങേടെം , മാങ്ങാത്തൊലീടെം കണക്കൊന്നും സാറെന്നോട് ചോദിക്കണ്ട .
അതൊക്കെയീ ഉപ്പുമാവ് മൂ....................... യിട്ടിരിക്കുന്നവന്മാരോട് ചോദിച്ചാ മതി . "
(നിഘണ്ടുവിലില്ലാത്ത പദമായതിനാൽ വിട്ടു പോയ അക്ഷരം ചേർത്ത് വായിക്കാൻ മാന്യ വായനക്കാരോട് അപേക്ഷ .)
ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം ആ ക്ലാസ് മുറിയിൽ നിന്നൊരു കൂട്ടച്ചിരി ഉയർന്ന് കേട്ടു .
കാര്യമറിഞ്ഞ ദാമു മാഷ് അവനെ ആശ്വസിപ്പിച്ചിട്ട് ചായക്കടയിൽ നിന്നും അവനന്ന് ചായയും പലഹാരവും വാങ്ങി നൽകി .
വർഷം മുപ്പതും കഴിഞ്ഞ് രണ്ടായിരത്തി പതിനെട്ടിലെത്തിയ ഇന്ന് , ' ന്യൂജൻ കുട്ടികളോട് ' കുട്ടാപ്പിയുടെ ഈ കഥ പറഞ്ഞാൽ അവർക്ക് എത്രമാത്രം ഇത് ഉൾക്കൊള്ളാൻ കഴിയുമെന്നറിയില്ല . എങ്കിലും അങ്ങനെയും ഒരു കാലമുണ്ടായിരുന്നു .
അന്നത്തെ 'ദുൽഖർ സൽമാൻ ' വളർന്ന് വലുതായി നല്ലൊരു സിനിമാ നടനും നായകനുമൊക്കെ ആയി മാറിയപ്പോൾ ഈ 'നിക്കർ സൽമാനും' ചെറിയൊരു കഥാകൃത്തൊക്കെയായി . നമ്മുടെ കഥാനായകൻ സന്തോഷ് കുമാറിപ്പോൾ വല്ല്യ തടി ബിസിനസ്സ് കാരനൊക്കെയാണ് . ഇടക്ക് ഞാനവനെ കാണാറുമുണ്ട് .
ഈ കഴിഞ്ഞ ദിവസം പ്രാതലിന് വിളമ്പിയ ഉപ്പുമാവ് പ്ലേറ്റിലേക്ക് ഞാൻ നോക്കിയപ്പോൾ........ ദാണ്ടെ അവന്റെ അന്നത്തെ മുഖം ദാ പ്ലേറ്റിൽ തെളിഞ്ഞു വരുന്നു . എന്നിട്ടെന്നോടൊരു ചോദ്യവും
" നീ ഒറ്റക്കിവിടിരുന്ന് ഉപ്പുമാവ് ................ വാല്ലേടാ ദുഷ്ടാന്ന് ? .
അടുത്ത തവണ നിങ്ങൾ ഭക്ഷണം പാഴാക്കുമ്പോൾ പറ്റുമെങ്കിലീ കഥ ഓർക്കുക ആവശ്യത്തിന് മാത്രം ഉപയോഗിക്കുക ……….
അരുൺ -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo