Slider

ഒരു ദുസ്വപ്നം

0
Image may contain: 1 person, smiling, closeup
*****************
ഞാനിന്നലെ രാത്രി വേറെ ഏതോ ഒരു നാട്ടിലെത്തപ്പെട്ടു. അവിടെ അപ്പോഴും സൂര്യൻ ജ്വലിച്ചു നിന്നിരുന്നെങ്കിലും ഒരു സൺ ഗ്ലാസ്സിലൂടെ നോക്കുന്ന രീതിയിൽ എല്ലാം മങ്ങി കാണപ്പെട്ടു. ഇലകളില്ലാതെ ചില്ലകൾ ഉണങ്ങി നിന്ന വൃക്ഷങ്ങളിൽ മനുഷ്യർ തലകീഴായി തൂങ്ങി കിടന്നിരുന്നു. എങ്ങു നിന്നോ അതിഭയങ്കരമായ ദുർഗന്ധം വമിച്ചു.
ഞാൻ നടപ്പു തുടർന്നു. വഴിയരികിൽ ആരെയൊക്കെയോ കണ്ടു മുട്ടി. അവരൊക്കെ പലതരം പ്രാർത്ഥനകൾ ഉരുവിടുന്നുണ്ടായിരുന്നു. ചിലരൊക്കെ എന്നെ വന്നു തട്ടിയിട്ട് ക്ഷമാപണം പറഞ്ഞു കടന്നുപോയി. അവർക്കൊന്നും കണ്ണുകൾ ഉണ്ടായിരുന്നില്ല. അവരുടെ നെഞ്ചു കൂടിനുള്ളിൽ വലിയൊരു ദ്വാരം കാണപ്പെട്ടു. അതിനകം ശൂന്യമായിരുന്നു.
വീണ്ടും മുൻപോട്ടു നടന്നപ്പോൾ ഒരു വലിയ ആരവം കേട്ടു. ഉറക്കെ കരഞ്ഞു കൊണ്ട് വികൃതമാക്കപ്പെട്ട കുറെ സ്ത്രീ ശരീരങ്ങൾ എൻ്റെ നേർക്ക് ഓടി വന്നു. അവരുടെ പുറകെ അട്ടഹസിച്ചു കൊണ്ട് കുറെ ഉദ്ധരിച്ച ലിംഗങ്ങളും....
ഞാനും അവരുടെ മുൻപേ ഓടി. ഓടിയോടി മറ്റൊരു സ്ഥലത്തെത്തിയപ്പോൾ അടുത്തെവിടെ നിന്നോ ഒരു അരുവിയുടെ ശബ്ദം കേട്ടു. പലവർണ്ണത്തുണികൾ വിരിച്ചിട്ടിരുന്ന ഒരു മലമുകളിൽ നിന്നായിരുന്നു ആ അരുവി ഒഴുകി വന്നത്. ഞാൻ അത് ലക്ഷ്യമാക്കി മല കയറിത്തുടങ്ങി.
മലമുകളിലെത്തിയപ്പോൾ തലയില്ലാത്ത കുറെ മനുഷ്യർ ഒരു ചോലക്കരികിലിരുന്ന് പലനിറത്തിലുള്ള തുണികൾ കഴുകുന്നതാണ് ഞാൻ കണ്ടത്. ആ തുണികളിൽ നിന്ന് ചുടുചോര അരുവിയെ ചുവപ്പാക്കി താഴോട്ടൊഴുകി.
ചോരപ്പുഴ കണ്ട ഞാൻ പേടിച്ച് അറിയാതെ എന്തോ ശബ്ദമുണ്ടാക്കി. അത് കേട്ട് അവരിലൊരാൾ ഞാൻ നിന്നിടത്തേക്ക് തിരിഞ്ഞു. 'പിടിയവളെ ' എന്ന് മറ്റുള്ളവരോട് കല്പിച്ചിട്ട് അയാൾ ഒരു വെള്ളത്തുണിയിട്ട്‌ മറ്റു തുണികളൊക്കെ മറച്ചു. അപ്പോൾ അവിടം ഒരു വിശുദ്ധസ്ഥലം പോലെ തോന്നിപ്പിച്ചു.
ഞാൻ തിരിഞ്ഞു നോക്കാതെ ഓടി. ഓടുന്ന വഴികളിലൊക്കെ ഏതൊക്കെയോ അമ്മമാരുടെ ആർത്തനാദം മുഴങ്ങിക്കേട്ടു. ഞാൻ ഓടിക്കൊണ്ടേ ഇരുന്നു. നേരം പുലരും വരെ....
ലിൻസി വർക്കി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo