
●------●●●-------●
ബൈക്കുകൾ പാർക്കിങ്ങിൽ വച്ചു ആ വെള്ളച്ചാട്ടത്തിലേക്കുള്ള ഗേറ്റിലേക്ക് എത്തുകയായിരുന്നു ഞങ്ങൾ. അപ്പോഴാണ് അവരെ കണ്ടത്. കല്ലു പാകിയ വഴിയിലൂടെ ഏകദേശം നാല്പതു വയസ്സു തോന്നിക്കുന്നൊരാളെ വീൽ ചെയറിൽ തള്ളിക്കാണ്ടു പോകുന്ന ഒരു സമപ്രായക്കാരൻ. വേറെ കുടുംബക്കാർ ആരുമില്ല. എന്തൊക്കെയോ പറഞ്ഞ് ചിരിച്ച്.. കൂട്ടുകാരാണെന്നു തോന്നുന്നു.
"ചേട്ടാ... ഹെൽപ് ചെയ്യണോ...?"
ഞങ്ങളുടെ കൂട്ടത്തിലെ നിഖിൽ ആണതു ചോദിച്ചത്.
"നിങ്ങൾക്ക് ഈ വണ്ടിയുന്തുന്നത് അത്ര രസായിട്ട് തോന്നുന്നെങ്കിൽ ഉന്തിക്കോ... പക്ഷേ അവനെ മറിച്ചിടരുത് ട്ടാ... ഹ..ഹ..ഹ.."
ഒരു പൊട്ടിച്ചിരിയോടെ, ഒരപരിചിതത്വവുമില്ലാതെ അയാൾ അതു പറഞ്ഞപ്പോൾ ഞങ്ങളും ചിരിച്ചുപോയി. ഞങ്ങൾ എന്ന് പറഞ്ഞാൽ... അഞ്ചു പേരുണ്ട്. നഗരത്തിലെ കോളേജിൽ നിന്ന് പഠിപ്പുസമരത്തിന്റെ ആഘോഷത്തിലേക്കിറങ്ങിയവർ. പ്രൊഫഷണൽ കോളേജുകാർക്കു മാത്രം അവധി കൊടുക്കാത്ത പക്ഷപാതിത്വത്തിൽ നിരാശ പൂണ്ടിരിക്കുമ്പോഴാണ് എവിടേയോ, ആരോ കൊല്ലപ്പെട്ടത്. ഏതോ ഒരു നേതാവ് ഉടൻ സമരം പ്രഖ്യാപിച്ചു. അധികം വൈകാതെ കാമ്പസിലെ ചെമ്പകചോട്ടിൽ ടവ്വൽ വിരിച്ച് എല്ലാവരും പേഴ്സ് കുടഞ്ഞിട്ടു. കിട്ടിയ തുക പെട്രോളടിക്കാൻ കൂട്ടി നോക്കിയപ്പോൾ നറുക്ക് വീണത് ഈ വെള്ളച്ചാട്ടത്തിലേക്ക്.. അങ്ങിനെ എത്തിചേർന്നതാണിവിടേക്ക്..
വീൽ ചെയർ ഡ്രൈവിങ്ങ് ഏറ്റെടുത്ത് നിഖിലിനു പെട്ടെന്ന് തന്നെ അതത്ര എളുപ്പമുള്ള കാര്യമല്ലെന്ന് മനസ്സിലായി. വഴി നീളെ കുരങ്ങുകളും ഞങ്ങളുടെ ബാഗുകളിലേക്ക് ഉന്നം വെക്കുന്നുണ്ടായിരുന്നു.
"നിങ്ങൾക്ക് ഇന്ന് സമരാല്ലേ...?"
ഒരു ചെറിയ ചിരിയോടെയാണ് വീൽ ചെയറിലിരുന്നയാൾ അതു പറഞ്ഞത്.
അതെ ഏട്ടാ... എന്നു പറഞ്ഞ് ഞങ്ങളതു ശരിവെച്ചു.
"രാഷ്ട്രീയ പ്രബുദ്ധതയുള്ള വിദ്യാർത്ഥി സമൂഹം.. ഹൂം.."
ഒരു കുഞ്ഞു മരത്തിൽ ചാടി മറിയുന്ന കുട്ടിക്കുരങ്ങുകളെ നോക്കി അതു പറയുമ്പോൾ വീൽ ചെയലിരിക്കുന്നയാളുടെ മുഖത്ത് ഒരു പുശ്ച രസമുണ്ടായിരുന്നു.
"അതെന്താ ചേട്ടാ... ഒരു പുജ്ഞം..?"
ഞങ്ങളുടെ അനിഷ്ട്ടം ഞങ്ങളും മറച്ചു വെച്ചില്ല..
"അയ്യോ.. പുജ്ഞമൊന്നുമില്ല മക്കളേ... സഹതാപം മാത്രേ ഉള്ളൂ.. ഞങ്ങളെപ്പോലത്തെ മണ്ടന്മാർ ഇപ്പോഴും ഉണ്ടല്ലോ എന്നതിന്റെ സഹതാപം !"
ഞങ്ങളതിനു മറുപടി പറയാൻ പോയില്ല. ചെറുപ്പകാലത്ത് തങ്ങൾ വല്യ പുലികളായിരുന്നുവെന്ന് വീമ്പിളക്കുന്നത് ഒരു പ്രായം കഴിഞ്ഞാൽ എല്ലാവരുടേയും സ്വഭാവമാണ്.
"ഞാൻ വെറുതേ പറഞ്ഞതല്ല ബ്രോസ്... ദാ... അവനെ കണ്ടാ...? ആ നെറ്റിയിൽ നിന്ന് തലയിലേക്ക് കയറിപ്പോകുന്ന സിബ്ബിട്ടതു പോലെയാ അടയാളം കണ്ടോ.?"
വീൽ ചെയറിലിരുന്നയാൾ പറയുന്നതിനൊപ്പം കൂട്ടുകാരന്റെ തലയിലേക്ക് ചൂണ്ടിക്കാട്ടിയ ഭാഗത്തേക്ക് ഞങ്ങൾ നോക്കി.
ഹോ.. ദൈവമേ...! തല്ലി തല പൊളിക്കുക എന്നൊക്കെ കേട്ടിട്ടുണ്ട്. ഇതു അതു തന്നെയായിരിക്കും.. ഒരു പാട് സ്റ്റിച്ചിട്ട പാടുകൾ ഇപ്പോഴും തെളിഞ്ഞു കാണാം. തലയിലുള്ള ആ ചാലിൽ മുടിയുമില്ല.
ഇതെങ്ങിനെ സംഭവിച്ചേ ചേട്ടാ എന്നു ചോദിക്കാതിരിക്കാൻ ഞങ്ങൾക്കായില്ല.
"ഈ ചോര തിളക്കണ പ്രായം പണ്ടുമുള്ള പിള്ളേർക്കുമുണ്ടായിരുന്നു. അവർക്കുമുണ്ടായിരുന്നു അന്ധമായ രാഷ്ട്രീയ അടിമത്തവും. ആശയം കൊണ്ട് തോൽപ്പിക്കാനാവില്ലെന്നറിഞ്ഞപ്പോ എതിർകക്ഷിക്കാർ ക്ളാസ് മുറിക്കകത്തിട്ടു വെട്ടിയതാ ഇവനെ.. പിന്നെ മൂന്നു മാസങ്ങൾ കഴിഞ്ഞു ഹോസ്പിറ്റലീന്നു പുറത്തിറങ്ങാൻ. അല്ലേഡാ...?"
നെറ്റിയിലെ ആ പഴയ പാടിലൊന്നു തലോടി പതിയെ ചിരിച്ചുള്ളൂ അയാൾ.
"അന്നവന്റെ കൈയും ഒടിഞ്ഞിരുന്നു. വാരിയെല്ലിലും പൊട്ടൽ ! അവന്റെ അമ്മയും അന്നു കരഞ്ഞീട്ടുണ്ടാവും ഞാൻ പെറ്റ മകനേയെന്ന്...!"
നെടുവീർപ്പോടെ അതു പറയുമ്പോൾ ഞങ്ങൾ അറിയാതെ നിശബ്ദരായി. ചെറുപ്പത്തിലേതോ കെണിയിൽ പെട്ട് കാൽ പാദം പോയൊരു കുരങ്ങ് അപ്പോൾ ഞങ്ങൾക്ക് മുന്നിലെ മുളവേലിയിലൂടെ വെള്ളച്ചാട്ടത്തിനടുത്തേക്ക് നടന്നു.
"ഹെന്റെ പൊന്നു ചേട്ടാ.. ചേട്ടനന്ന് തിരിച്ച് പണി കൊടുത്തില്ലേ..? ഉം..?"
വെപ്രൂ എന്ന് ഞങ്ങൾ വിളിക്കുന്ന നിഖിൽ തന്നെയാണത് ചോദിച്ചത്.
" കൊടുക്കും ഞാൻ ഒരു ദിവസം.. പക്ഷേ കിടന്ന കിടപ്പിൽ നിന്നവൻ എന്നെണീക്കും ന്ന് വെച്ചിട്ടാ..? ഹ..ഹ..ഹ.."
കാര്യം മനസ്സിലാവാതെ ഞങ്ങൾ പരസ്പരം നോക്കുന്നതു കണ്ടു വീൽചെയർ സഞ്ചാരി ചിരിച്ചു കൊണ്ടു പറഞ്ഞു..
" നിങ്ങളീ പൂച്ചയെ റൂമിനകത്തു അടച്ചിട്ടു തല്ലി നോക്കീട്ടുണ്ടോ..? രക്ഷപ്പെടാൻ ഒരു പഴുതുമില്ലെന്നറിഞ്ഞാൽ അത് പിന്നെ നിങ്ങളെ കൊല്ലാൻ നോക്കും.. അത്ര അപകടകാരിയാവും അത്!"
" മേശമേൽ കയറി നിന്ന് ഹോക്കി സ്റ്റിക്ക് കൊണ്ടു അടിച്ചവനെ കാലുകൊണ്ടു ചവിട്ടി അന്നിവൻ വീഴ്ത്തിയിരുന്നു. താഴെ വീണ അവനന്നു പുറമേക്ക് പരിക്കൊന്നുമുണ്ടായില്ലാട്ടോ.. പക്ഷേ... നടു... ഹ..ഹ..ഹ.. നടു തളർന്നു മക്കളേ...!"
നിശബ്ദരായി നിന്നു പോയ് ഞങ്ങൾ !
"വർഷങ്ങൾ കഴിഞ് പാർട്ടിക്കാരും മറ്റു കൂട്ടുകാരുമൊക്കെ മടുത്ത് തുടങ്ങിപ്പോ പ്രതികാരം ചെയ്യാൻ നടന്നവൻ വീട്ടിൽ നിത്യ സന്ദർശകനായി. ഒന്നു പുറത്തു കൊണ്ടു പോകണമെങ്കി, മഴേം ആകാശോം ഇങ്ങിനെയൊന്നു കാണണമെങ്കി ഇപ്പോ ഇവൻ തന്നെ ശരണം..! ഡാ.... നീ എന്നാഡാ ഇനി പകരം വീട്ടണേ...? ഹ..ഹ...ഹ.."
പൊട്ടിച്ചിരിയോടെ കൂട്ടുകാരനോടയാൾ ചോദിച്ചു.
"നീ എന്നെങ്കിലും ഒരൂസം എണീക്കുലോ.... അന്നു ഞാൻ നിനക്കിട്ടു പണി തരും @#$&$*.... ഹ..ഹ..ഹ.."
നിറകണ്ണുകളോടെ പിന്നെയുമവർ ഉച്ചത്തിൽ ചിരിക്കുകയായിരുന്നുവെങ്കിലും എന്തു പറയണമെന്നറിയാതെ ഞങ്ങൾ നിശബ്ദരായി നില്ക്കുകയായിരുന്നു.
മഴയൊന്നു മാറി നിന്നപ്പോൾ തെളിഞ്ഞ നനുത്ത മഞ്ഞ വെയിലിലപ്പോൾ വെള്ളച്ചാട്ടത്തിനു മുകളിൽ തുമ്പികൾ പറന്നു കളിക്കാൻ തുടങ്ങിയിരുന്നു.
സ്നേഹത്തോടെ
അഷ്റഫ് തേമാലി പറമ്പിൽ
അഷ്റഫ് തേമാലി പറമ്പിൽ
¤----¤----¤----¤----¤----¤
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക