***********************************
" ചേട്ടായി, ഇന്ന് കീർത്തന വിളിച്ചിരുന്നു. അവൾ നാളെ വൈകുന്നേരത്തേയ്ക്ക് ടിക്കറ്റ് എടുത്തിട്ടുണ്ട്, നാട്ടിലേക്കു പോവാണത്രെ. രാഹുലുമായി പിണങ്ങി പോവാണ്. രണ്ട് പേരും എന്നും വഴക്കാണ് പോലും. "
അശ്വതി പറയുന്നത് കേട്ടപ്പോൾ സിദ്ധു ഒന്നമ്പരന്നു...
" അതിനും മാത്രം ഇപ്പൊ എന്താ ഉണ്ടായേ "
" രാഹുൽ വീട്ടിലെത്തിയാലും ലാപ്ടോപ് തുറന്നിരുന്ന് പാതിരാത്രി വരെ ജോലിയിലാവും. അവളോടൊന്നു മിണ്ടാൻ പോലും സമയം കണ്ടെത്തുന്നില്ല. ചില ദിവസങ്ങൾ വീട്ടിലെത്താൻ നല്ലോണം വൈകും, പോരാത്തതിന് ചിലപ്പോൾ കുടിച്ചിട്ടുമുണ്ടാകും. ഒരു ഡ്രസ്സ് എടുക്കാൻ പോയാൽ, കുറച്ചു നേരം കഴിയുമ്പോഴേക്കും തിരച്ചിലൊക്കെ മതിയാക്കി വേഗം ഇറങ്ങാൻ പറയുമെന്ന്.പിന്നെയുമെന്തൊക്കെയോ പറഞ്ഞു. അവൾക്കാണെങ്കിൽ വീട്ടിലിരുന്നു വട്ട് പിടിക്കുന്ന അവസ്ഥയാണത്രെ. രണ്ട് ദിവസം മുൻപ് അവളെന്തോ പറഞ്ഞതിന് അവളെ തല്ലാൻ കയ്യോങ്ങി പോലും. ശ്ശോ, പാവം കീർത്തന."
അശ്വതി പറയുന്നത് കേട്ടപ്പോൾ കാര്യങ്ങളുടെ നിജസ്ഥിതി അറിയുന്ന സിദ്ധുവിന് കഷ്ടം തോന്നി.
രാഹുലിനു തൻ്റെ പ്രൊജക്റ്റിൽ കുറച്ചു തിരക്കുള്ള സമയമാണ്. പാവം കീർത്തന, അവളോടൊന്നു മിണ്ടാൻ പോലും സമയം കിട്ടുന്നില്ല എന്ന് അവൻ തന്നോട് ഇടയ്ക്കിടെ പറയാറുണ്ട്.
കീർത്തനയാണെങ്കിൽ അവളുടെ അച്ഛനും അമ്മയ്ക്കും ഒറ്റമോളാണ്. ഒത്തിരി ലാളനയോടെ വളർന്നവൾ.നാട്ടിൻപുറത്തുകാരി.
കീർത്തനയാണെങ്കിൽ അവളുടെ അച്ഛനും അമ്മയ്ക്കും ഒറ്റമോളാണ്. ഒത്തിരി ലാളനയോടെ വളർന്നവൾ.നാട്ടിൻപുറത്തുകാരി.
സിദ്ധു അശ്വതിയോട് ചോദിച്ചു.
'താൻ ഒരു കാര്യം ചെയ്യോ'.
'ന്താ ചേട്ടായി'?
'താൻ നാളെ രാവിലെ തന്നെ കീർത്തനയെ വിളിക്കു. എന്നിട്ട് ഞാൻ ഇപ്പോൾ പറഞ്ഞു തരുന്നത് പോലെ തന്നെ അവളോട് പറയണം.'
ശരി ഏറ്റു. അശ്വതി തലകുലുക്കി.
********************************************
********************************************
അടുത്ത ദിവസം കീർത്തന കരഞ്ഞു കൊണ്ട് നാട്ടിലേക്കു പോവാനുള്ള തയാറെടുപ്പിലാണ്.
അപ്പോഴാണ് ഫോൺ അടിച്ചത്. അശ്വതിയുടെ കാൾ ആയിരുന്നു. ഒരു മണിക്കൂറോളം അശ്വതി കീർത്തനയോടു സംസാരിച്ചു.
അപ്പോഴാണ് ഫോൺ അടിച്ചത്. അശ്വതിയുടെ കാൾ ആയിരുന്നു. ഒരു മണിക്കൂറോളം അശ്വതി കീർത്തനയോടു സംസാരിച്ചു.
ഫോൺ കട്ട് ചെയ്തതിനു ശേഷം കീർത്തനയുടെ കരച്ചിലൊക്കെ നിന്നു.
പെട്ടിയിലെടുത്തു വച്ച തുണികളൊക്കെ തിരിച്ചലമാരയിൽ വച്ചു തെളിഞ്ഞ മുഖത്തോടെ കീർത്തന അടുക്കളയിലേക്കു പോയി. രാഹുലിനിഷ്ടമുള്ള പയറുപ്പേരിയും, മോരു കറിയും ഉത്സാഹത്തോടെ ഉണ്ടാക്കി.പിന്നേ സ്പെഷ്യൽ പാൽപ്പായസവും.
വൈകീട്ട് വീട്ടിലേക്ക് തിരിച്ചെത്തിയ രാഹുൽ അവനേറ്റവും ഇഷ്ടമുള്ള സെറ്റു സാരിയുടുത്തു കുളിച്ചൊരുങ്ങി സുന്ദരിയായി നിൽക്കുന്ന കീർത്തനയെയാണ് കണ്ടത്. അവന്റെ ബാഗ് വാങ്ങിയിട്ടു, അവൾ പറഞ്ഞു,
' രാഹുൽ , വായോ, അത്താഴം കഴിച്ചിട്ട് ഇരുന്നോളു ട്ടൊ വർക്ക് ചെയ്യാൻ '...
രാഹുൽ അന്തം വിട്ട് നിന്നു പോയി. ടേബിളിൽ തനിക്കിഷ്ടമുള്ള ഭക്ഷണം പോരാത്തതിന് പായസം.ഇതെന്തു മറിമായം. അവളിന്നു വീട്ടിലേക്ക് പോവാണെന്നൊക്കെയാണല്ലോ ഇന്നലെ പറഞ്ഞത്. എന്നും വഴക്കിടാൻ വരുന്ന ഇവൾക്കെന്താ പെട്ടെന്ന് ഇങ്ങനെയൊരു മാറ്റം.
'രാഹുൽ, ഞാനൊരു കാര്യം പറയട്ടെ. 'കീർത്തന ചോദിച്ചു.
താൻ പറയടോ, പായസം കുടിക്കുന്നതിനിടയിൽ രാഹുലിന്റെ മറുപടി.
"അതേ, രാഹുൽ നമ്മുടെ സിദ്ധുവിനെ ഒന്ന് കാര്യമായി ഉപദേശിക്കണം ട്ടൊ. കഷ്ടമാണ് അശ്വതിയുടെ കാര്യം. പുറമെ കാണുന്ന പോലെയൊന്നുമല്ല. സിദ്ധു എന്നും കുടിച്ചു വന്നു വഴക്കുണ്ടാക്കുമത്രേ. ചിലപ്പോൾ അടിക്കും പോലും. പിന്നേ അവളെ വലിയ സംശയമാണ് ന്ന്. ശ്ശോ, പാവം അശ്വതി. വേറെ ആരോടും പറയണ്ട ട്ടൊ". ഇത്രയും പറഞ്ഞു കീർത്തന പാത്രങ്ങൾ കഴുകാൻ അടുക്കളയിലേക്കു പോയി.
മറ്റൊരാളുടെ പ്രശ്നം തന്നിലും വലുതാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞാൽ അവിടെ തീരും നമ്മുടെ പല പ്രശ്നങ്ങളും.
തന്നെക്കാൾ കഷ്ടമാണ് വേറൊരു വീട്ടിലെ പെണ്ണിന്റെ അവസ്ഥയെന്നു കേട്ടാൽ സ്വന്തം വീട്ടിലുള്ള നിസ്സാര വിഷമങ്ങൾ മറക്കുന്നു പാവം ഈ പെണ്ണുങ്ങൾ.
തൻ്റെ ഭാഗത്തും തെറ്റുണ്ട്. വാശിയുടെ കാര്യത്തിൽ താനും ഒട്ടും പുറകിലല്ലല്ലോ.
ന്നാലും ന്റെ സിദ്ധു, നീ എനിക്ക് വേണ്ടി സ്വയമൊരു വില്ലൻ ആയല്ലോ. പുഞ്ചിരിച്ചു കൊണ്ട്, രാഹുൽ മൊബൈലെടുത്തു,എന്നിട്ട് സിദ്ധുവിന് ഒരു മെസ്സേജ് അയച്ചു.
" എടാ അളിയാ!!"
തിരിച്ചു വന്ന സിദ്ധുവിന്റെ മറുപടി കണ്ട് രാഹുൽ വീണ്ടും പുഞ്ചിരിച്ചു.
" മൊബൈലും ലാപ്ടോപ്പുമൊക്കെ മാറ്റി വച്ചു അവളുടെ കൂടെ കുറച്ചു നേരമിരിന്ന് സൊള്ളടാ ഉവ്വേ!!".
" മൊബൈലും ലാപ്ടോപ്പുമൊക്കെ മാറ്റി വച്ചു അവളുടെ കൂടെ കുറച്ചു നേരമിരിന്ന് സൊള്ളടാ ഉവ്വേ!!".
ചില ചങ്ങാതിമാർ ഇങ്ങനെയാണ്. പുറമെ സ്നേഹം കാണിക്കാനൊന്നും അറിയില്ലെങ്കിലും നമ്മുടെ നല്ലതിന് വേണ്ടി അവരോരോന്നു കാണിക്കുന്നത് ഓർത്താൽ കണ്ണു നിറയും.
രാഹുൽ അടുക്കളയിലേക്കു നോക്കി ഉറക്കെ വിളിച്ച് പറഞ്ഞു.
" എടോ, നാളെ നമ്മൾക്ക് ഒരു സിനിമയ്ക്ക് പോയാലോ !!! "
" അതൊന്നും വേണ്ട,രാഹുൽ, ഇപ്പൊ രാഹുലിന് ജോലിയുടെ തിരക്ക് ഉള്ളതല്ലേ.. ജോലിത്തിരക്കൊക്കെ കഴിഞ്ഞ് പിന്നീടൊരിക്കൽ പോവാം നമുക്ക്. "
കീർത്തനയുടെ മറുപടി കേട്ട് രാഹുലിന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി സന്തോഷത്തിന്റെ മാത്രമല്ല. ആശ്വാസത്തിന്റേത് കൂടിയായിരുന്നു.
പരസ്പരം മനസ്സിലാക്കുവാൻ സാധിക്കുന്ന ഭാര്യാ ഭർത്താക്കന്മാരാണ് നല്ലൊരു കുടുംബത്തിന്റെ അടിത്തറ.
By Aisha Jaice

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക