Slider

ഭാര്യ ഒരു സുഹൃത്ത്

0
Image may contain: 1 person, beard
÷÷÷÷÷÷÷÷÷÷÷÷÷÷÷
ഓരോ പുരുഷന്റേയും ജീവിത വിജയത്തിനു പിന്നിൽ ഏതെങ്കിലും ഒരു സ്ത്രീ ഉണ്ടായിരിക്കും. ഞാൻ പറഞ്ഞതല്ല, എനിക്കു മുമ്പ് മറ്റാരോ പറഞ്ഞതാണ്. വളരെ ശരിയാണ്... അല്ലേ? അറിഞ്ഞോ അറിതാതെയോ, പ്രത്യക്ഷമായോ പരോക്ഷമായോ ഒരു സാമീപ്യമെങ്കിലും കാണുവാനാകും. സ്ത്രീ എന്ന ജന്മം ഇത്ര പുണ്യജന്മമാണോ? മഹനീയം തന്നെ ആ സൃഷ്ടി..പ്രണാമം ഓരോ സ്ത്രീയ്ക്കും.
എന്നാൽ ഞാൻ പറയുന്നു ഓരോ പുരുഷന്റേയും അല്ലെങ്കിൽ ജീവിത പരാജയം നേടിയ ഓരോ പുരുഷന്റേയും പിന്നിലും ഏതെങ്കിലും സ്ത്രീ തന്നെയായിരിക്കും. മഹനീയമായ ആ പദവിയെ അഹങ്കാരം കൊണ്ടോ അറിവില്ലായ്മ മൂലമോ നശ്വരമാക്കിയ ഒരു ജീവിത പങ്കാളി.
ചിലരുടെയെങ്കിലും നെറ്റി ചുളിയുന്നുണ്ടാവാം. ഓരോ പരാജിതന്റേയും, നിങ്ങൾക്ക് ചുറ്റുമുള്ള, അല്ലെങ്കിൽ നിങ്ങൾക്കറിയാവുന്ന ഏതെങ്കിലും ഒരു പുരുഷന്റെ ജീവിതത്തിലേക്ക് വെറുതെ ഒന്നു കണ്ണോടിച്ചാൽ കാണാവുന്നതേയുള്ളൂ.
തെറ്റും ശരിയും രണ്ടു തലങ്ങളിലാണെങ്കിലും പലപ്പോഴും അവ തമ്മിൽ വേർതിരിച്ചെടുക്കുക എന്നത് അത്ര സുഗമമായ കാര്യമല്ല... മറിച്ച് ഏറെ ദുർഘടവുമാണ്. കാരണം ശരികളും തെറ്റുകളും സമയവും സന്ദർഭവും വ്യക്തിയും വിരോധവുമനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു. നിയമപരമായ ശരികൾ ഒരുപക്ഷേ പ്രായോഗിക ജീവിതത്തിൽ ശരിയാവണമിന്നില്ല, മറിച്ചുമാവാം. ചില സന്ദർഭങ്ങളിൽ ഒറ്റപ്പെടുന്ന ചില ശരികളും കൂട്ടത്തോടെ ഏറ്റെടുക്കുന്ന വലിയ തെറ്റുകളും ശരിയായി ചിത്രീകരിക്കപ്പെടാം. അത് ഒരുപക്ഷെ സ്ത്രീയേയും പുരുഷനേയും രണ്ടു വിധത്തിൽ കണക്കിലെടുത്തുമാവാം. അതുമാത്രമല്ല, ഞാൻ മുമ്പൊരിക്കൽ പറഞ്ഞതുപോലെ ഇന്നത്തെ തെറ്റ് നാളെ ശരിയായും , ഇന്നത്തെ ശരി നാളെ ഒരുപക്ഷെ തെറ്റായും മാറിയേക്കാം. അതിന്റെ ചേരുവകൾ കാലമെന്ന മാന്ത്രികന്റെ വിരൽത്തുമ്പുകളിലാണ്. പിന്നെ എങ്ങനെ വേർതിരിച്ചെടുക്കും. ഭരണഘടന പോലും ഭേദഗതി വരുത്തുന്നില്ലേ?
മുലയൂട്ടുന്ന അമ്മയുടേയും കുഞ്ഞിന്റേയും ചിത്രം എത്ര വിവാദം സൃഷ്ടിച്ചതായിരുന്നു! എന്നിട്ട് ഇപ്പോൾ വിധി വന്നപ്പോൾ അതൊരു തെറ്റല്ലാതായില്ലേ? അതിനും കാരണക്കാരയത് ശില്പികളും ശില്പങ്ങളും പുരാതന ക്ഷേത്രങ്ങളും.
സ്ത്രീ ഒരു വിജയമാണ്.. അതിന് തർക്കമൊന്നുമില്ല. പക്ഷേ എങ്ങനെ എന്ന് ചോദിച്ചാൽ ഒരു വിവാഹത്തിനു ശേഷം. കുറെക്കൂടി വ്യക്തമായി പറഞ്ഞാൽ ഒരു ഭാര്യ അവളുടെ അല്ലെങ്കിൽ അവരുടെ ജീവിതത്തിന്റെ വിജയമായി മാറുന്നത് ഒരൊറ്റ കാരണത്താൽ മാത്രമാണ്.
വിട്ടുവീഴ്ചയോ ത്യാഗമോ അടിമയോ ആയല്ല ,മറിച്ച്, ഒരു സുഹൃത്ത് എന്ന നിലയിൽ. അതെ, ഭാര്യ അവളുടെ ഭർത്താവിന്റെ ഏറ്റവും അടുത്ത സുഹൃത്താവണം... ബെസ്റ്റ് ഫ്രണ്ട്. അവിടെ വിജയം മാത്രമേ കാണൂ. തോൽവികൾ കാണുക അസാദ്ധ്യമാണ്.
വിവാഹം കഴിയുന്നതോടെ തന്റെ ഇഷ്ടങ്ങൾ നിറവേറ്റുന്നതിനും സംരക്ഷിക്കുന്നതിനും കുറെ സ്വത്തോ പണമോ നൽകി തന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന കരാറുകാരനായല്ലാതെ, തന്നെ സംരക്ഷിക്കുക എന്നത് മാത്രമാണ് അയാളുടെ ദൗത്യം എന്ന തെറ്റായ ബോധത്തോടെയല്ലാതെ ചില തിരിച്ചറിവുകളോടെ നല്ല മനസ്സോടെ കടന്നുവരുന്ന ഒരു സ്ത്രീ സുഹൃത്ത്, അതാണ് ഒരാണിന്റെ വിജയം. ഒരു കുടുംബത്തിന്റെ വിജയം.
തന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന പങ്കാളിയെ ഏറ്റവും നല്ല സുഹൃത്തായി കാണുവാൻ ഏതൊരുവൾ സ്വമനസ്സാലെ തീരുമാനിക്കുന്നുവോ, ഏതൊരുത്തൻ അത് അംഗീകരിക്കാൻ തയ്യാറാവന്നുവോ, ആ വീട് ഒരു സ്വർഗ്ഗം. വിവാഹത്തിന് മുമ്പ് ആത്മമിത്രങ്ങൾ സ്ത്രീയ്ക്കും പുരുഷനുമുണ്ടാവാം. എന്നാൽ അനന്തരം അത് പരസ്പരം തിരിച്ചറിഞ്ഞു സ്നേഹിക്കുവാൻ ഇരുവരും ഒരേ മനസ്സാലെ തയ്യാറായാൽ പിന്നെ എന്തിന് ഭയപ്പെടണം? അതല്ലേ മാതൃകാ ദമ്പതികൾ!
ഒരൊറ്റ ദിവസം കൊണ്ട് എല്ലാം അടിയറവെച്ച് ആത്മമിത്രങ്ങളാവുക എന്നതല്ല അർത്ഥമാക്കിയത്. പരസ്പരം അറിഞ്ഞ്,അല്ലെങ്കിൽ അറിയുവാൻ ശ്രമിച്ച് ഇരുവരുടേയും മനസ്സ് അവരറിയാതെതന്നെ പരസ്പരം ബന്ധിക്കപ്പെടുന്ന അവസ്ഥ. അവന്റെ തെറ്റ് അവളുടേതും അവളുടെ തെറ്റ് അവന്റേതുകൂടിയാണെന്നുള്ള പരസ്പരമുള്ള തിരിച്ചറിവ്.
നാളെ മുതൽ എന്നെ സുഖലോലുപയാക്കുവാനുള്ള ഒരാൾ. അതാണ് പുരുഷന്റെ ധർമ്മം എന്ന് ചിന്തിച്ച് അതിൽ പോകെപ്പോകെ വരുന്ന ഏറ്റക്കുറച്ചിലുകൾ പോരായ്മയായും സ്നേഹക്കുറവായും താല്പര്യക്കുറവായും കണക്കാക്കി മനസ്സിനെ സ്വന്തം നിയന്ത്രണത്തിൽ നിന്നും നഷ്ടപ്പെടുത്താതെ ഒരല്പം കണ്ണടച്ച് അവനെ അറിയാൻ ശ്രമിച്ചാൽ ഒരാശ്വാസമാണ് താനെന്ന് അവന് തോന്നിത്തുടങ്ങിയാൽ പരസ്പരം സ്നേഹിക്കുക. ഇണക്കങ്ങളൊടെ പിണക്കങ്ങളോടെ ,പരിഭവങ്ങളൊടെ പരാതികളോടെ, എന്നാൽ അതിലേറെ സ്നേഹത്തോടെ കരുതലോടെ അങ്ങനെയോരു ബെസ്റ്റ് ഫ്രണ്ട്. എല്ലാം ഷെയർ ചെയ്യാൻ കഴിയുന്ന സുഹൃത്ത്. കൂടെ നിന്ന് ആശ്വസിപ്പിച്ച് നമ്മുടെ അസാന്നിദ്ധ്യത്തിൽ നമുക്കെതിരെ നില്ക്കുന്ന സ്വാർത്ഥരായ മിത്രങ്ങളല്ല, നമ്മൾ പറയുന്നതിനു മുമ്പേ നമ്മുടെ മനസ്സ് വായിക്കുന്ന സുഹൃത്ത്. നമ്മുടെ ദുഃഖം സ്വന്തം ദുഃഖമായി ഏറ്റെടുത്ത് കൂടെ നില്ക്കുന്ന സുഹൃത്ത്... അതാവണം ഭാര്യ.
ഒരുപക്ഷേ നിങ്ങളിൽ ചിലരെങ്കിലും ചിന്തിച്ചേക്കാം എന്തേ ഇതെല്ലാം ഭാര്യയുടെ ഉത്തരവാദിത്തങ്ങളായി മാത്രം പറയുന്നു ഭർത്താവിനുമാവാമല്ലോഎന്ന്. ശരിയാണ് സമ്മതിക്കുന്നു. പക്ഷേ, ഒരു കുടുംബത്തിന്റെ നെടുംതൂണ് ആ വീട്ടിലെ സ്ത്രീയാണ്. അത് ഭാര്യയാവാം അമ്മയാവാം. മാത്രമല്ല, ഏതൊരു പുരുഷനും ആഗ്രഹിക്കുന്നതാണ് ഒരു സ്നേഹനിധിയായ ഭാര്യയുടെ സ്നേഹം, സാമീപ്യം. അങ്ങനെ ഒരു സ്നേഹം ലഭ്യമായാൽ അവിടെ തോറ്റുകൊടുക്കുന്നതും അവനൊരു വിജയലഹരിയാണ്. സ്വന്തം ഭാര്യയുടെ വിജയത്തിൽ ആനന്ദം കണ്ടെത്തുന്ന ഭർത്താവ്. ആനന്ദലബ്ധിക്കിനിയെന്തുവേണം?
ഇവിടെയാണ് സ്തീ ഒരു ദേവതയാവുന്നത്, ഐശ്വര്യവും ലക്ഷ്മിയും വീടിന്റെ വിളക്കുമാവുന്നത്. പുരുഷന്റെ വിജയത്തിന് കാരണഭൂതയാകുന്നത്. അതല്ലാതെ തനിക്ക് പരിചിതരായ മറ്റൊരാളോട് താരതമ്യം ചെയ്തല്ല ഒരാളെ വിലയിരുത്തേണ്ടത്... അത് സ്ത്രീയായാലും പുരുഷനായാലും ഒരുപോലെ ബാധകമാണ്. വിട്ടുവീഴ്ച എന്നതിനേക്കാൾ അണ്ടർസ്റ്റാന്റിംഗ്... മനസ്സിലാക്കൽ, അതാവണം പരസ്പരം വേണ്ടത്. തോറ്റുകൊടുക്കുകയല്ല മറിച്ച് ആത്മ സുഹൃത്തിന്റെ ജയം കാണുന്നതിന് ഇട നൽകുകയാണ് എന്ന മനോഭാവം നേടുവാനാകണം. അങ്ങനെയെങ്കിൽ ഞാനോ നീയോ കേമൻ എന്ന ചിന്തപോലും ഒരിക്കലും എത്തിനോക്കുകയില്ല.
പരസ്പര വിശ്വാസം, സ്നേഹം, ആത്മാർഥത, ഇതെല്ലാമായിരിക്കണം ഒരു ഭാര്യ അഥവാ സുഹൃത്ത്... ബെസ്റ്റ് ഫ്രണ്ട്.
ദൈവം കൂട്ടിച്ചേർത്തത് പലപ്പോഴും മനുഷ്യൻ അറുത്തുമാറ്റുന്നു. തന്റെ ശരികൾക്കുവേണ്ടി അല്ലെങ്കിൽ ജയത്തിനുവേണ്ടി. എന്നിട്ടോ എത്ര പേർക്ക് ജീവിതം തിരിച്ചുകിട്ടിക്കാണും? ആത്മാർത്ഥമായി സ്നേഹിച്ചിരുന്ന ആർക്കെങ്കിലും മറ്റൊരു നല്ല ജീവിതം കിട്ടിക്കാണുമോ? ഉണ്ടാവില്ല. അവിടേയും വിധിയെ കൂട്ടുപിടിച്ച് സമാധാനിക്കുകയാവാം അല്ലെങ്കിൽ മറ്റുള്ളവരുടെ മുന്നിൽ ജയിച്ചു എന്ന് കാണിക്കുകയുമാവാം. എന്നിട്ട് ആരാരും കാണാതെ ചെയ്തുപോയ തെറ്റിനെക്കുറിച്ചോർത്ത് നീറിനീറി കരയുകയാവാം.
സഹതാപമല്ല വേണ്ടത്.. സ്നേഹമാണ്. മാനദണ്ഡങ്ങൾ ഇല്ലാത്ത യഥാർത്ഥ സ്നേഹം. മനസ്സിന്റെ അടിത്തട്ടിൽനിന്നും അറിയാതെ ഉയരുന്ന സ്നേഹം. അത് പ്രണയമല്ല എങ്കിലും പ്രണയവുമാകാം. കേവലം നശ്വരമായ ശരീരത്തോടോ ശാരീരിക ചേഷ്ടകളോടോ ഉള്ളതല്ലാതെ ആത്മാവ് മറ്റൊരാത്മാവിനെ തിരിച്ചറിയുന്ന സ്നേഹം. ആഗ്രഹ പൂർത്തീകരണത്തിനുവേണ്ടി മാത്രമുള്ളതല്ലാത്ത യഥാർത്ഥ പ്രണയം.. പരസ്പരാനുരാഗം. മറ്റൊരു സ്ത്രീയ്ക്കും കൊടുക്കുവാൻ കഴിയാത്ത സ്നേഹം സ്വന്തം ഭർത്താവിനുമാത്രമായി, മറ്റൊരു പുരുഷനേയും ഓർക്കുവാനിടവരാത്ത സ്നേഹം സ്വന്തം ഭാര്യയ്ക്ക് മാത്രമായി നൽകുക. അതായിരിക്കണം ദാമ്പത്യം. ആ വീടായിരിക്കും ഈ ഭൂമിയിലെ സ്വർഗ്ഗതുല്യമായ വീട്...
എഴുതുക എന്നതിനേക്കാൾ എന്തെഴുതുന്നു എന്നതാണ് പ്രധാനമെന്ന് എനിക്ക് തോന്നുന്നു. അത് എങ്ങനെ എഴുതുന്നു എന്നത് നിങ്ങൾ തീരുമാനിക്കുക. അത് എന്തിന് എഴുതുന്നു എന്നതിനുള്ള ഉത്തരംകൂടി ആ എഴുത്തിന്റെ അവസാനം വായനക്കാരിലേക്ക് എത്തിക്കുവാനായാൽ അതാണ് എന്റെ സന്തോഷം. പ്രവർത്തിക്കുക, അതിനുമുൻപ് ഒരുവട്ടമെങ്കിലും ചിന്തിക്കുക, വേണമോ വേണ്ടയോ എന്ന്. അതിനുള്ള ഉത്തരവും അപ്പോൾ തന്നെ ലഭിക്കും ഓരോ മനുഷ്യന്റേയും മനസ്സാക്ഷി അതാണ് മന്ത്രിക്കുന്നത്... ശ്രദ്ധിക്കുക. നന്ദി....നമസ്കാരം.
***മണികണ്ഠൻ അണക്കത്തിൽ***
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo