Slider

കുഞ്ഞമ്മ

0
Image may contain: 2 people, people smiling, selfie and closeup

..................
ചിത്രശലഭങ്ങൾക്കെന്തു മനോഹാരിതയാണ് !
കണ്ണിനും മനസ്സിനും സന്തോഷമേകുന്ന അവയുടെ ആയുസ്സ് പക്ഷേ വളരെ ചെറുതാണ്.
അതുപോലയായിരുന്നു വിജയലക്ഷ്മി എന്ന എന്റെ കുഞ്ഞമ്മയും.
മുഖത്തും മനസ്സിലും സൗന്ദര്യത്തിന്റെ വെളിച്ചം പരത്തി പറന്നിരുന്ന ആ ശലഭം ഞണ്ടുകളുടെ ഇറുക്കത്തിൽ ഞെരിഞ്ഞ് ഇല്ലാതായത് എത്ര വേഗത്തിലാണ്.
എന്റെ അപ്പൂപ്പന്റെയും, അമ്മൂമ്മയുടെയും അഞ്ച് പെൺമക്കളിൽ നാലാമത്തെയാളായിരുന്നു കുഞ്ഞമ്മ.
കുഞ്ഞമ്മയ്ക്ക് മാത്രമേ അമ്മൂമ്മയുടെ സ്വർണ്ണ നിറം കിട്ടിയിരുന്നുള്ളു.
കുഞ്ഞമ്മയെക്കുറിച്ചുള്ള എന്റെ ഓർമ്മകൾ തുടങ്ങുന്നത്, നിവർത്തിൽ വീടിന്റെ ഉമ്മറത്ത് നിറവയറുമായ് ചിറ്റപ്പനെയും കാത്തിരിക്കുന്ന കുഞ്ഞമ്മയിൽ നിന്നാണ്.
വടക്കോട്ടുള്ള ബസ്സിൽ, കുഞ്ഞമ്മ ഓഫീസിലേക്കും, തെക്കോട്ടുള്ള കോളേജ് ബസ് കാത്ത് ഞാൻ ബസ്സ്റ്റോപ്പിലും നിൽക്കവെയാണ് ഞണ്ടുകളുടെ പിടിയലമരും മുന്നേയുള്ള കുഞ്ഞമ്മയെ ഞാൻ അവസാനമായി കണ്ടത്.
പാരിജാതം വിടരും പോലുള്ള ആ പുഞ്ചിരി എനിക്ക് സമ്മാനിക്കവേ, കെ.എസ്.ആർ.ടി.സി ബസ് ഇടയ്ക്ക് കയറി വന്ന് ആ സമ്മാനം മറച്ചു പിടിച്ചു.
നിവർത്തിലെ തെക്കേ മുറ്റത്തെ പഞ്ചാര മണ്ണിൽ ആറു മാസം പ്രായമായ കണ്ണനെയും മടിയിലിരുത്തി ആറ് വയസ്സുകാരിയായ എന്നോട്
" കണ്ണൻ ആരുടെ അനിയനാ? മാളൂന്റെയാണോ മിനീടെയാണോ?"
എന്ന് ചോദിക്കുന്നതും
"എൻറയാ ....എന്റെയാ "
എന്ന് ഞാൻ പറയുന്നതും എനിക്ക് ദാ ഇപ്പഴും കേൾക്കാൻ കഴിയുന്നുണ്ട്.
സൂര്യന്റെ മടക്കയാത്ര അവസാനിക്കാറായ ചുവപ്പു പരന്ന സന്ധ്യകളിൽ, പല തവണ അതേ ചോദ്യം തന്നെ ചോദിച്ചത് എന്നോടുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാനായിരുന്നോ?
പതിനാറാം നമ്പർ മുറിയിൽ, കുഞ്ഞമ്മ ഞണ്ടുകളോട് മല്ലിട്ട് തളർന്ന് കിടക്കവെ
പതിനാല്കാരനായ കണ്ണനോട് ഇരുപത്കാരിയായ എന്നെ ചൂണ്ടി,
"മോൻ വലുതാവുമ്പോ മാളു ചേച്ചിയെക്കൂടി നോക്കിക്കോളണം"
എന്നു പറഞ്ഞതും,
ഞണ്ടുകളുമായുള്ള യുദ്ധത്തിൽ പൊരുതി ഇല്ലാതായതിനു ശേഷം, തന്റെ സ്ഥാനത്തേക്ക് മറ്റൊരാളുടെ കടന്നു വരവറിഞ്ഞ്, എന്റെ സ്വപ്നത്തിലേക്കിറങ്ങി വന്ന് എന്റെ കൈ പിടിച്ച്
"എന്റെ മോനെക്കൂടി നോക്കിക്കോളണം"
എന്നാവശ്യപ്പെട്ടതും ആ വിശ്വാസത്തിന്മേലാവാം.
സ്നേഹത്തിന്റെ പരിമളം ചുറ്റിനും പരത്തിയിരുന്ന ആ പുഷ്പം എന്റെ ഇരുപതാം വയസ്സിൽ വാടി കൊഴിഞ്ഞു വീണു.
രോഗാതുരമായ അവസ്ഥയിൽ വീർപ്പുമുട്ടിയിരിന്നപ്പോഴും ,ഒരു കാര്യത്തിൽ കുഞ്ഞമ്മ ഭാഗ്യവതിയായിരുന്നു, ഒറ്റപ്പെടാൻ അനുവദിക്കാതെ, സ്നേഹത്തിന്റെ എല്ലാ നിറങ്ങളും വിതറി വേണ്ടപ്പെട്ടവർ ഒപ്പമുണ്ടായിരുന്നു.
വെൺമേഘങ്ങൾക്കപ്പുറം കുഞ്ഞമ്മ മറഞ്ഞു പോയി എന്ന് ഞാൻ കരുതുന്നില്ല.
മണിക്കുട്ടന്റെയും, കേശൂന്റെയും കുസൃതികൾ കണ്ടും,
വണ്ടിയെടുക്കുമ്പോൾ സുക്ഷിക്കണമെന്ന് കണ്ണനെ ഉപദേശിച്ചും,
ഇടക്കിടെ ചിറ്റപ്പനുമൊത്ത് സേതൂൻറടുത്ത് പോയും, ഇവിടെ വന്നും, പ്രിയപ്പെട്ടവരെക്കണ്ടും, സ്നേഹത്തിന്റെ പ്രകാശം പരത്തി ഈ ഭൂമിയിൽ തന്നെ ഉണ്ടാവും.

By: Anjali Rajan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo