Slider

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്.

0
Image may contain: one or more people and people sitting

മൂന്നു ഘട്ടങ്ങളിലൂടെയാണ് എഴുത്തച്ഛന്‍ തന്റെ രാമായണ കഥാഖ്യാനം സാധിക്കുന്നത്.
രാമനാമം പാടി വന്ന പെെങ്കിളിയോട് ''ശ്രീരാമചരിതം നീ ചൊല്ലിടൂ മടിയാതെ'' എന്ന കവിയുടെ അഭ്യര്‍ത്ഥനയാണ് ആദ്യത്തെ ഘട്ടം.
രണ്ടാം ഘട്ടത്തില്‍
''ശാരികപ്പെെതല്‍ താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്മൃതിയോടെ പറഞ്ഞു തുടങ്ങിനാള്‍ '' (ബാലകാണ്ഡം )എന്നിങ്ങനെ കഥപറയാന്‍ ഒരുങ്ങുന്നു.
ശിവ-പാര്‍വ്വതീ സംവാദരൂപത്തിലാണ് കിളിപ്പെണ്ണ് രാമായണ കഥ പാടിക്കേള്‍പ്പിക്കുന്നത്. താന്‍ കേട്ട സംവാദം അതേപടി കിളി ആവര്‍ത്തിക്കുന്ന മൂന്നാം ഘട്ടത്തിലാണ് നമ്മള്‍ രാമായണ കഥയിലേയ്ക്കു പ്രവേശിക്കുന്നത്.
അദ്ധ്യാത്മ രാമായണത്തിലെ ആറുകാണ്ഡങ്ങളും ഈ രീതിയിലാണ് സംവിധാനം ചെയ്തിരിക്കുന്നത്.
നമുക്കെല്ലാവര്‍ക്കും സുപരിചിതമായ സുന്ദരകാണ്ഡം ഈ രീതി എങ്ങനെ നിര്‍വ്വഹിക്കുന്നുവെന്നു നോക്കുക.
1.കവിയുടെ അര്‍ത്ഥന
''സകലശുകകുലവിമലതിലകിതകളേബരേ
സാരസ്യപീയൂഷസാരസര്‍വ്വസ്വമേ
കഥയമമ കഥയമമ കഥകളതി സാദരം
കാകുല്‍സ്ഥലീലകള്‍ കേട്ടാല്‍ മതീ വരാ ''
2. കിളിപ്പെണ്ണ്
''കളമൊഴിയുമതുപൊഴുതു തൊഴുതുരചെയ്തീടിനാള്‍
കാരുണ്യമൂര്‍ത്തിയെച്ചിന്തിച്ചു മാനസേ.
3. ഉമാമഹേശ്വര സംവാദം.
''ഹിമശിഖരിസുതയൊടു ചിരിച്ചു ഗംഗാധരന്‍
എങ്കിലോ കേട്ടുകൊള്‍കെന്നരുളിച്ചെയ്തു
ലവണനിധി ശതകയോജനാവിസ്തൃതം
ലംഘിച്ചു ലങ്കയില്‍ച്ചെല്ലുവാന്‍ മാരുതി....''
ഈ കിളിമള്‍ക്ക് മഹാഭാഗവതം കഥ പറയുന്ന ശ്രീ ശുകനോടുള്ള ബന്ധം പലരും ശ്രദ്ധിച്ചിരിക്കില്ല. രണ്ടു പേരും ശുകങ്ങളാണ്. ചോദ്യങ്ങള്‍ക്കുത്തരമായാണ് രണ്ടു പേരും കഥ പറയുന്നത്. വ്യാസന്റെ കിളിയാണ് ശ്രീ ശുകന്‍. '' തം സര്‍വ്വഭൂത ഹൃദയം മുനിമാനതോസ്മി '' എന്ന് ഭാഗവതം ശുകനെ വാഴ്ത്തുന്നു. സര്‍വ്വഭൂതഹൃദയം തൊട്ടറിഞ്ഞ കവിയാണ് അദ്ദേഹം.
ഈ ശുകനെ മലനാട്ടിലെ കിളിപ്പെണ്ണാക്കി മാറ്റിക്കൊണ്ടാണ് എഴുത്തച്ഛന്‍ മലയാളത്തിന്റേതു മാത്രമായ കാവ്യ ശെെലി സൃഷ്ടിച്ചത്. അതാണ് കവിത്വം. മലനാട്ടുരുചിക്കനുസരിച്ച് പുരാവൃത്തങ്ങള്‍ പുനരാഖ്യാനം ചെയതും നമുക്കു നമ്മുേതായ ഒരു ശീല് ചൊല്ലി കേള്‍പ്പിച്ചും അദ്ദേഹം ഭാഷാ കാവൃത്തിന് മാര്‍ഗ്ഗദര്‍ശിയായി.
ഉമാമഹേശ്വര സംവാദത്തിനും ഒരു കേരളീയമാനമുണ്ട്. ശിവശക്തീ യോഗത്തിന്റെ ശാസ്ത്രമായ തന്ത്ര രഹസ്യം നമുക്കു കിട്ടുന്നത് ശിവപാര്‍വ്വതീ സംവാദത്തിലൂടെയാണ്. തന്ത്രം പ്രാണന്റെ ശാസ്ത്രമായി കൊണ്ടാടുന്ന ജനതയാണ് മലനാട്. ഇവിടത്തെ ബ്രാഹ്മണപൂജാവീധികള്‍ മാത്രമല്ല , തെയ്യത്തിലും മുടിയേറ്റിലും ശിവശക്തീയോഗത്തിന്റെ പ്രാഭവമുണ്ട്.
എഴുത്തച്ഛന്‍ മലനാട്ടിലെ കാട്ടില്‍ പറക്കുന്ന കിളിയുടെ പാട്ടിലും കാവുകളിലെ ശക്തിസ്വരൂപിണിയായ അമ്മയിലും മലയാണ്മ തൊട്ടറിഞ്ഞു. മലയാളത്തിന്റെ സംസ്കാരം നമുക്ക് അനുഭവവേദ്യമാക്കി.

By: Rajan Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo