Slider

ഭാര്യയും ലഡ്ഡുവും പിന്നെ ഞാനും

0
Image may contain: 2 people

എന്താ കാര്യം?മീറ്റിംഗിനിടയിൽ ആണ്. അത്യാവശ്യം വല്ലതുമുണ്ടോ?",ഞാൻ ഫോണും കൊണ്ട്, മീറ്റിംഗ് റൂമിനു വെളിയിൽ വന്ന്,പതുക്കെ അവളോട്‌ ചോദിച്ചു.'വെറുതെ ഏട്ടന്റെ ശബ്‍ദം കേൾക്കാനാ'എന്ന അവളുടെ പതിവുള്ള ഉത്തരമാണ് പ്രതീക്ഷിച്ചത്.പക്ഷെ ഇത് കാര്യം വേറെയാ.
"ആകെ ഒരു വല്ലായ്മ പോലെ,തല ചുറ്റുന്നു ഇടയ്ക്ക്",അവൾ പറഞ്ഞു തീരുന്നതിനു മുൻപേ ഞാൻ സ്വല്പം ചൂടായി; "മുഴോൻ നേരോം മൊബൈലിൽ തോണ്ടി ഇരുന്നോ, നേരത്തിനും കാലത്തിനും വല്ലതും തിന്നണം.ഇതു രക്തക്കുറവ് തന്നെ.എനിക്കൊരു സംശയവുമില്ല"ഞാനുറപ്പിച്ചു പറഞ്ഞു.ഐ ടി ക്കാരനിലെ ഡോക്ടർ ഉണർന്നതാണ്.
അല്ലന്റേട്ടാ, ഇതു അതാണോന്നൊരു സംശയം. മറ്റത് ആയിട്ടുമില്ലന്നേ.വൈകീട്ട് വരുമ്പോൾ മെഡിക്കൽ ഷോപ്പിൽ നിന്നും ടെസ്റ്റ്‌ ചെയ്യാനുള്ള സാധനം കൊണ്ടു വരണേ.ന്നാൽ ശരി. വയ്ക്കട്ടെ ട്ടോ.മീറ്റിംഗല്ലേ.ബൈ ബൈ.ഉമ്മാ.അവൾ ഫോൺ കട്ട് ചെയ്തു..
തിരിച്ചു മീറ്റിംഗ് റൂമിൽ കയറിയെങ്കിലും മനസ്സിൽ മുഴുവനും അവൾ പറഞ്ഞ കാര്യമായിരുന്നു.വൈകീട്ട് ടെസ്റ്റ്‌ കിറ്റ് വാങ്ങി വീട്ടിലെത്തി.ഇന്ന് രാവിലെ കണ്ടത് പോലെയല്ല. അവൾക്കാകെ ഒരു ക്ഷീണം പോലെ.രാവിലത്തെ ആദ്യ മൂത്രം കൊണ്ടാണ് ടെസ്റ്റ്‌ നടത്തേണ്ടത്.അവൾ ആ കിറ്റ് വാങ്ങി മേശവലിപ്പിൽ വച്ചു.നാളെ നോക്കാം.അവളെന്നെ നോക്കി പുഞ്ചിരിച്ചു. കൂടുതൽ ആഗ്രഹിക്കണ്ട.ചിലപ്പോൾ നെഗറ്റീവ് ആണെങ്കിലോ.പിന്നെ വെറുതെ സങ്കടമാകും.ഞാൻ അവളോട്‌ അങ്ങനെ പറഞ്ഞെങ്കിലും മനസ്സിൽ മുഴുവനും എന്താവും നാളെത്തെ റിസൾട്ട്‌ എന്നായിരുന്നു ചിന്ത.
അടുത്ത ദിവസം,ജൂലൈ 27. എന്റെ പിറന്നാൾ ആണ്. രാത്രി അഡ്വാൻസ് ആയി പിറന്നാൾ ആശംസകൾ പറഞ്ഞു,കുറേ ഉമ്മയും തന്നു അവൾ വേഗം കിടന്നു.എല്ലാ പിറന്നാളിനും സംഭവിക്കുന്നത് പോലെ 12മണിക്ക് അവളുടെ മൊബൈൽ അലാറം പാട്ടു പാടാൻ തുടങ്ങി.ഉറക്കം വരാതെ ഓരോന്ന് ചിന്തിച്ച് കിടക്കുന്ന ഞാൻ വേഗം അതു ഓഫാക്കി.അവൾ അതു കേട്ടിട്ടില്ല.നല്ല ഉറക്കമാണ്.
"ഏട്ടാ,ഏട്ടാ, ഒന്നെണീക്കൂ";അവൾ കുലുക്കി വിളിച്ചപ്പോളാണ് ഞാൻ കണ്ണു തുറന്നത്.."ന്റെ ഏട്ടന് ന്റെ പിറന്നാൾ സമ്മാനം"; അതും പറഞ്ഞ് അവൾ വെള്ള നിറത്തിലുള്ള ടെസ്റ്റ്‌ സാധനം എന്റെ കൈയിൽ വച്ചു തന്നു. അതിൽ രണ്ട് പിങ്ക് നിറത്തിലുള്ള വരകൾ. "അടുത്ത പിറന്നാളിന് ഉണ്ണി കൂടി ഉണ്ടാവൂലോ",അവൾ കുലുങ്ങി ചിരിച്ചു.
പറഞ്ഞറിയിക്കാനാവാത്ത ഒരു പ്രത്യേക സന്തോഷം തോന്നി എനിക്ക്.
സിനിമ സ്റ്റൈലിൽ അവളെ ഞാൻ പൊക്കിയെടുത്തു കറക്കിയൊന്നുമില്ല.സന്തോഷം കൊണ്ട് നിറഞ്ഞ എന്റെ കണ്ണുകൾ തുടച്ചുകൊണ്ട് ഞാൻ അവളുടെ നെറ്റിയിൽ സ്നേഹത്തോടെ ചുണ്ടുകളമർത്തി.അവളും കരച്ചിലിന്റെ വക്കത്താണ്.ഞങ്ങൾ രണ്ടുപേരും സ്വയം മറന്ന നിമിഷങ്ങൾ.
4മാസങ്ങൾ കഴിഞ്ഞു.അന്ന് രാത്രി ഞങ്ങൾ 10മണിക്ക് ഉറങ്ങാൻ കിടന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ അവളെന്നെ കുലുക്കി വിളിക്കുന്നു..ന്താ മോളെ ന്തു പറ്റീ ?? ഞാൻ ശരിക്കും പരിഭ്രമിച്ചു."അതെ ഏട്ടാ, എനിക്കു ലഡ്ഡു തിന്നാൻ ഒരു പൂതി!!!!!"അവൾ ഒരു വളിച്ച ചിരി പാസാക്കി. കേട്ടോ, ന്റെ ഏട്ടാ, നിക്ക് ലഡ്ഡു തിന്നാൻ മുട്ടുന്നൂന്ന്.അവൾ വീണ്ടും പറഞ്ഞു.
അവളുടെ ഒരു മുട്ടലേ..അന്തം വിട്ടു, കണ്ണു തിരുമ്മി ക്ലോക്കിൽ നോക്കി.10:45..ചോക്ലേറ്റും ഐസ്ക്രീമും മാത്രമേ മധുര വർഗത്തിൽ അവൾ സാധാരണ തിന്നാറുള്ളു, ശ്രീകൃഷ്ണ സ്വീറ്റ്സിന്റെ ലഡു പോലും ഒരിക്കൽ വേണ്ടാന്ന് പറഞ്ഞവളാണ്.
നോക്കട്ടെ എന്നു പറഞ്ഞു ഞാൻ വീട്ടിൽ നിന്നും കാറെടുത്തിറങ്ങി.അടുത്തു ള്ള ബേക്കറിയെല്ലാം പൂട്ടിയിരുന്നു.മെയിൻ റോഡ് കഴിഞ്ഞു കുറച്ചൂടെ പോയപ്പോൾ അതാ ഒരു ബേക്കറി.കടക്കാരൻ ഷട്ടർ ഇടാൻ പോവുന്നു.വണ്ടി നിർത്തി ചാടി ഇറങ്ങി.റോഡ് ക്രോസ്സ് ചെയ്തു അവിടെയെത്തി.മലയാളി ലുക്കുള്ള അയാളോട് വായുഗുളിക ചോദിക്കുന്ന രോഗിയെ പോലെ വെപ്രാളം പിടിച്ചു ഞാൻ ചോദിച്ചു.. "ചേട്ടാ ലഡ്ഡു ഉണ്ടോ?".
"ഷട്ടർ ഇട്ടല്ലോ.ങ്ങള് നാളെ രാവിലെ വരീന്ന്"മൂപ്പർ ഗൗരവത്തില് പറഞ്ഞു..
"അതെ ചേട്ടാ,ഉള്ളത് പറയാലോ,ന്റെ ഭാര്യ ഗർഭിണിയാണ്, അവൾക്കു ലഡ്ഡു വേണമെന്ന് പറഞ്ഞു.. ഇപ്പോഴാ പറഞ്ഞതേയ്.അതാണ് ഈ നേരത്തു വരാൻ കാരണം..പ്ലീസ് ചേട്ടാ..ഞാൻ മൂപ്പരോടു അപേക്ഷ സ്വരത്തിൽ കാര്യം പറഞ്ഞു.
"ഹാ ഹാ. അതാണോ കാര്യം.ഞാൻ കരുതി ഇങ്ങള് ചെറുതായി രണ്ടെണ്ണം അകത്താക്കിയപ്പോൾ, ലഡ്ഡു തിന്നാൻ പൂതി തോന്നിയതാവുമെന്നാണ് " മൂപ്പർ ആള് കൊള്ളാമല്ലോ.നാളെ ലീവ് ആയതു കൊണ്ട് രണ്ടെണ്ണം വീശിയിരുന്നു.അതു മണത്തു പിടിച്ചിരിക്കുന്നു.കൊച്ചു കള്ളൻ.
സന്തോഷത്തോടെ ഷട്ടർ തുറന്നു ലഡ്ഡു എടുത്തു തരുമ്പോൾ അയാൾ നിറഞ്ഞ ചിരിയോടെ പറഞ്ഞു, "നിങ്ങക്കറിയോ.ന്റെ ഓൾക്ക് വയറ്റിലുള്ളപ്പോൾ പാതിരായ്ക്ക് ചെത്തു ഐസ് തിന്നാനാർന്നു പൂതി.അന്ന് ഓളേം കൊണ്ട് കടാപ്പുറത്തു പോയതോർക്കുമ്പോൾ ഇപ്പോഴും മ്മക്ക് ഒരു ഇതാ, ഏത്... ഹാ ഹാ..."..
എന്റെ മടിയിൽ കിടന്നവൾ ആർത്തിയോടെ ലഡ്ഡു തിന്നുമ്പോൾ ഞാൻ ക്ലോക്കിൽ നോക്കി.12:10.."പതുക്കെ കഴിച്ചാൽ മതി"എന്നു പറഞ്ഞു ഞാൻ അവളുടെ തലയിൽ തഴുകി അങ്ങനെയിരുന്നു.."ദൈവമേ ആ ബേക്കറിക്കാരന് നല്ലത് വരുത്തണേ!!"!!

Aisha Jaice
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo