
മേരി ചേച്ചി മരിച്ചു. കുറേക്കാലമായി സുഖമില്ലാതെ കിടപ്പിലായിരുന്നു. മക്കളെല്ലാംജോലിയായ് വിദേശത്താണ്. ഉയർന്ന സാമ്പത്തിക സ്ഥിതിയിലുള്ള അവരുടെ ശവസംസ്കാരത്തിന് മക്കളെല്ലാം വരാൻ വൈകുമെന്നതിനാൽ ബന്ധുക്കളെല്ലാം ഒത്തുകൂടി ദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ തീരുമാനിച്ചു.
മേരി ചേച്ചിയുടെ ദേഹത്തു നിന്നുയർന്ന ആത്മാവ് മക്കൾ വന്ന് തന്റെ ചടങ്ങുകൾ ചെയ്യുന്നതും കാത്തിരിക്കുകയാണ്, എത്രയോ കാലമായി അവരെയെല്ലാം കണ്ടിട്ട്, ഒരുപാട് വേദനകൾ അനുഭവിച്ച് മരിച്ചതാണ്, ഇനി വേണം ശാന്തമായി ഒന്നുറങ്ങുവാൻ. ആംബുലൻസ് വന്നതും എന്റെ ശരീരത്തെ അതിൽ കയറ്റി കൊണ്ടു പോവുന്നതും നോക്കി ആത്മാവും അവരോടൊപ്പം നീങ്ങി, മക്കളെല്ലാം വരുന്നതിനു മുമ്പായി തന്നെ ഇതെ വിടേക്കാണ് കൊണ്ടു പോവുന്നത്? വലിയൊരു ആശുപത്രിയുടെ മുന്നിലാണ് ആംബുലൻസ് നിന്നത്. ഞാൻ മരിച്ചത് ഇവരറിഞ്ഞിെല്ലെ? തന്റെ ശരീരം മോർച്ചറിക്കുള്ളിൽ ആക്കുന്നത് വേദനയോടെ നോക്കി നിന്നു.
മരവിച്ചിരിക്കുന്ന തന്റെ ശരീരത്തിലേക്ക് നോക്കി ഇനിയെത്ര ദിവസം ഈ കൊടും തണുപ്പിൽ കഴിയണമെന്ന് ചിന്തിച്ച് ചുറ്റുമൊന്ന് കണ്ണോടിച്ചു, അപ്പോൾ തന്നെപ്പോലെ മറ്റു പലരും അവിടെ കഴിയുന്നുണ്ടെന്ന് മനസ്സിലായി. പലരുടേയും ആത്മാക്കൾ തന്റെ അടുത്തേക്ക് വരുന്നത് കണ്ടു. പലരും സ്വന്തം കഥ പറയാൻ തുടങ്ങി .മാസങ്ങളായി വന്നവരാണ് ഞങ്ങളൊക്കെ ഇനിയെന്നാണ് ഇവിടുന്നൊരു മോചനമെന്നറിയില്ല, നമ്മൾ മറ്റൊരു ലോകത്തായിപ്പോയി നമ്മുടെ വേദനകളൊന്നും ജീവിച്ചിരിക്കുന്നവർക്കറിയില്ലല്ലൊ. ഇവിടെ പലരും അജ്ഞാത ജഡങ്ങൾ എന്ന പേരിൽ കിടക്കുന്നു ജീവിച്ചിരുന്ന കാലത്ത് നമുക്കുമുണ്ടായിരുന്നു കുടുംബവും ബന്ധുക്കളുമെല്ലാം, എല്ലാവരെയും വിട്ടു ജീവിക്കുവാൻ വേണ്ടി എത്തിയതാണീ നാട്ടിൽ, പല രീതിയിൽ മരണപ്പെട്ടവരാണ്, ഭാവിയിൽ അജ്ഞാത ജഡമെന്ന പേരിൽ പലർക്കും പഠിക്കാനുള്ള ഒരു വസ്തുവായ് മാറും നമ്മളും. സ്വന്തം ദേഹത്തിന്റെ പല ഭാഗങ്ങളും കീറി മുറിച്ചെടുക്കുമ്പോൾ ഇരുളിൽ നിന്നു തേങ്ങുവാനെ നമുക്ക് കഴിയൂ.
ഇതെല്ലാം കേട്ട് ദു:ഖത്തോടെ തന്റെ ജഡവും നോക്കി മേരി ചേച്ചി ഇരുന്നു. മക്കളുടെ വരവും കാത്ത്..............
ഹരികുമാർ കുറ്റിപ്പുറത്ത്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക