Slider

ഒരു ഭയങ്കര ചിക്കൻപോക്സ് !!

0

(വെറുതെ ഒരു കഥ .. പുരുഷകേസരികൾ തല്ലാൻ വരരുത് .. !! നിങ്ങൾ പുലികളല്ലേ 😄)
ഒരു ഭയങ്കര ചിക്കൻപോക്സ് !!
................................................
" ഇതെന്താ പെട്ടെന്ന് തിരിച്ചു വന്നേ?? ഓഫിസിൽ പോയില്ലേ ?"
രാവിലെ ഓഫീസിലേക്കെന്ന് പറഞ്ഞുപോയ എന്റെ പ്രിയ ഭർത്താവ് ബൂമറാങ്ങ് പോലെ തിരിച്ചു വന്ന് എന്റെ മുൻപിൽ മുഴുവനോടെ നിൽക്കുന്ന കണ്ട് ഞാൻ ചോദിച്ചു ...
" എനിക്കു വയ്യേ ... തല കറങ്ങുന്നു .. അയ്യോ .. ഞാനിപ്പം വീഴും"
ഭിത്തിയിൽ താങ്ങി നിന്നുകൊണ്ട് പുള്ളി ഒച്ചവെച്ചു ...
ഞാൻ നൈറ്റ് ഡ്യൂട്ടി ആയിരുന്നത് കൊണ്ട് ഇദ്ദെഹം ഓഫീസിൽ പോകുമ്പോൾ ഞാനുണ്ടായിരുന്നില്ല .. ഞാനിന്നലെ ഡ്യൂട്ടിക് പൊകും വരെ പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടീട്ടില്ല ...
പിന്നിതെന്താ ??!
ഞാൻ പേടിച്ചുപോയി
" നിങ്ങളു ബഹളം വെക്കാതെ കാര്യം പറ .. എന്താ പറ്റ്യെ ??"
" എനിക്ക് തല വേദനിക്കുന്നു .. കൈ വേദനിക്കുന്നു .. നെഞ്ച് വേദനിക്കുന്നു .. കാലു വേദനിക്കുന്നു ... പനിയാ പനി പനീ "
എന്നാൽ പിന്നെ മേലുമുഴുവൻ വേദനിക്കുന്നെന്ന് അങ്ങ് പറഞ്ഞാൽ പോരെ .. ഈ പാർട് പാർട് ആയി പറയണോ ...
ശ്ശെടാ !! ഒരു പനി വന്നതിനാണോ ഈ മേളം !!
ഞാൻ നെറ്റിയിൽ തൊട്ടുനോക്കി .. ചെറിയ പനിയുണ്ട്‌.. അല്ലെങ്കിലും ഒരു ചെറിയ ജലദോഷം വന്നാലും ഗൾഫ് മുഴുവൻ അറിയും .. നാട്ടിലുള്ള സകലരേം തച്ചിനിരുന്ന് വിളിച്ചറിയിക്കും ജലദോഷം ബാധിച്ച് അവശനായ രോഗിയുടെ പരാധീനതകൾ ..!
ഇടക്കിടക് എന്നെയും ഓർമിപ്പിക്കും
" എനിക്ക് ജലദോഷമാ .. നീയെന്നെ നല്ലോണം നോക്കിക്കോണം "
ഇതിപ്പം ജലദോഷമല്ലല്ലോ .. പുള്ളിയുടെ ചേട്ടനല്ലേ .. പനി ... !
ഇനി അടുത്ത രണ്ടുമൂന്നു ദിവസത്തേക്ക് എല്ലാം സഹിക്കാനും ക്ഷമിക്കാനുമുള്ള കഴിവ് എനിക്ക് തരണേ ദൈവമേ !! ഞാൻ പ്രാർത്ഥിച്ചു .
" അകത്തു പോയി കിടക്ക് .. തൊണ്ട വേദന വല്ലതുമുണ്ടോ ?? കാപ്പി ഇട്ടു തരട്ടെ ?"
" കാപ്പി വേണ്ടാ കാപ്പി വേണ്ടാ .. അയ്യോ എനിക്ക് വയ്യേ "
കക്ഷി ബെഡ്‌റൂമിലോട്ട് നടക്കുമ്പോൾ പറഞ്ഞു.
ഭിത്തിയിൽ പിടിച്ചു കൊണ്ടാണ് നടപ്പ്.. കണ്ടപ്പോൾ പാവം തോന്നി ..പിടിച്ചു കൊണ്ട് പോയി ബെഡിൽ ഇരുത്തി
" ഡ്രെസ് മാറുമ്പോളേക്കും ഞാൻ ചുക്ക് കാപ്പി ഉണ്ടാക്കി കൊണ്ടുവരാം .. അതും കുടിച്ച് മരുന്നും കഴിച്ച് കിടക്കൂ .. മാറിക്കോളും "
ഞാൻ പറഞ്ഞു ..
പാവം അനുസരണയുള്ള കുട്ടിയായി തലയാട്ടി ..
കാപ്പി ഉണ്ടാക്കി തിരിച്ചു വന്നപ്പൊഴും ഭവാൻ അതെ ഇരുപ്പ് ഇരിപ്പുണ്ട് .. അനങ്ങീട്ടില്ല.. ഞാൻ കണ്ണുരുട്ടിയപ്പോൾ എഴുനേറ്റ് ഷർട്ടൂരി ..
അപ്പോഴാണ് കണ്ടത് പുറത്ത് മൂന്നു നാല് കുരുക്കൾ .. !!
അടുത്ത് ചെന്ന് ഒന്നുകൂടി നോക്കി ..ഇത് അത് തന്നെ .. ചിക്കൻപോക്സ് !!!
ശ്രദ്ധിച്ചു നോക്കിയപ്പോൾ നെഞ്ചിലും വയറിലും നെറ്റിയിലും ഒക്കെയുണ്ട് കുരുക്കൾ ..
ഞാൻ നോക്കുന്നത് കണ്ട് പുള്ളി ചോദിച്ചു
" എന്താ ?? "
" അതേ .. ഇത് ചിക്കൻപോക്സ് ആണെന്ന് തോന്നുന്നു "
ഞാൻ എന്നെ കൊണ്ട് പറ്റാവുന്നതിന്റെ പരമാവധി നിസാരമായാണ് പറഞ്ഞത് .
" അയ്യോ .. ചിക്കൻപോക്‌സോ ??"
അങ്ങേരിപ്പം കരയും
" ഒരു ചിക്കന്പോക്സിനെ ഒക്കെ ഇങ്ങനെ പേടിക്കണോ ?? സാരമില്ല "
ഞാൻ സമാധാനിപ്പിക്കാൻ ഒരു ശ്രമം നടത്തി
" അല്ലേലും ഈ നഴ്സുംമാരെല്ലാം ഇങ്ങനാ.. എല്ലാം നിസാരമാ"
" ചിക്കന്പോക്സിനെ വെറുതെ പേടിക്കണ്ട .. അത് വന്നീട്ട് വന്നപോലെ പൊയ്ക്കോളും .. കുറച്ചു സൂക്ഷിക്കണമേന്നെ ഉള്ളൂ "
" പിന്നെ .. അങ്ങനൊന്നുമല്ല .. ഞങ്ങൾടെ നാട്ടിലെ കുട്ട്യാരായണേട്ടൻ ചിക്കൻപോക്സ് വന്നാ മരിച്ചേ "
" എപ്പം ??"
"1960 ഇൽ എങ്ങാണ്ട് "
ഇങ്ങേര് ജനിച്ചീട്ടും കൂടിയില്ല !! ആരോ പറഞ്ഞു കേട്ടതാണ് ..
"ഇത് വര്ഷം 2018 ആണ് "
" എന്നാലും ചിക്കൻപോക്സ് ചിക്കൻപോക്സ് തന്നാ "
" വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടണ്ട.. അവിടെ കുറച്ചു നേരം അടങ്ങിയിരിക്ക് .. എനിക്ക് കുറച്ചു പണിയുണ്ട് .. ഇനി കുറച്ചു ദിവസം ഞാൻ പറയുന്നത് കേട്ട് നല്ലകുട്ടിയായി ഇരിക്കെണം .. ആഹാരം ഞാൻ തരുന്നതേ കഴിക്കാവൂ .. മീനും മുട്ടയും ഒന്നും തരില്ല .. എരിവ് കുറച്ചേ തരൂ .. ഉപ്പ് കുറക്കണം .. മനസിലായല്ലോ "
ഞാൻ ഒരു ചെറിയ സ്റ്റഡി ക്ലാസ്സ് തന്നെ നടത്തി..
പക്ഷെ സ്റ്റുഡന്റ് കുട്ട്യാരായണേട്ടന്റടുത്ത് തന്നെയാണെന്ന് ആ മുഖം കണ്ടപ്പോൾ മനസിലായി !
അടുത്ത രണ്ടാഴ്ച എന്റെ ജീവിതത്തിന്റെ ഏടുകൾ കട്ടപ്പാര കൊണ്ടാണ് എഴുതാൻ പോകുന്നതെന്ന കാര്യത്തിൽ ഏതാണ്ടൊരു തീരുമാനമായി ..!!
പിന്നെയുള്ള ദിവസങ്ങൾ എല്ലാം ഏതാണ്ട് ദാ ഇതു പോലെ ആയിരുന്നു
" ദാ ..ഈ കഞ്ഞി കുടിക്ക് "
" കഞ്ഞി വേണ്ട ... ചോറ് വേണം .."
"തരത്തില്ല .. കഞ്ഞി തൈരൊഴിച്ച് കൊടുക്കാനാ അമ്മ പറഞ്ഞെ "
"തൈര് വേണ്ട .. അച്ചാറു വേണം "
"അച്ചാറൊന്നും കഴിക്കാൻ പാടില്ല .."
"എന്നാൽ എനിക്ക് കഞ്ഞി വേണ്ട "
"വെറുതേ കുഞ്ഞു കളിക്കല്ലേ .. വേഗം കഴിച്ചേ "
" എന്നാലേ എനിക്ക് കൊണ്ടാട്ടം വറുത്ത് താ "
" ഇല്ല "
" അല്ലേലും നീ എനിക്കൊന്നും ഉണ്ടാക്കി തരില്ല"
" ആ ഇല്ല .. ഇപ്പം തൽക്കാലം ഈ കഞ്ഞി കുടിക്ക് "
അവസാനം അങ്ങേരാ കഞ്ഞി കുടിച്ചു കഴിയുമ്പോൾ വായിട്ടലച്ചത്തിന്റെ ക്ഷീണം മാറ്റാൻ ഞാൻ രണ്ടു കലം കഞ്ഞി കുടിക്കണം !!
അടുത്തത് ഇതിലും ഭീകരമാണ് .. മരുന്ന് കഴിപ്പ്‌!!
"ദാ ഗുളിക .. "
"ഇത് എന്തിനുള്ളതാ ?"
"പനിക്ക് "
"അപ്പം ഇതോ?"
"ചൊറിച്ചിൽ കുറയാൻ "
"പനിക്കെന്തിനാ രണ്ടു ഗുളിക ? എനിക്ക് ഒരെണ്ണം മതി "
"രണ്ടെണ്ണം കഴിച്ചാലേ പനി മാറൂ "
" എന്നാൽ ചൊറിച്ചിലിന്റെ ഗുളിക വേണ്ട .."
"അത് കഴിച്ചില്ലേൽ കുരുക്കളെല്ലാം ചൊറിഞ്ഞ് പൊട്ടും "
"ഈ മരുന്നെല്ലാം കഴിച്ചാൽ എനിക്ക് വല്ല അസുഖോം വരും.. ഞങ്ങളുടെ നാട്ടിലെ ......."
" വേണ്ട .. കേൾക്കണ്ട .. അങ്ങേരുടെ ഒരു നാട് .. മരുന്ന് കഴിച്ചു പരലോകം പൂകിയ ഏതേലും ഒരു കാർന്നോരുണ്ടാകും അവിടെ .. നിങ്ങളിപ്പം ഈ മരുന്ന് കഴിക്ക് .. ചത്ത് പോവില്ല .. ഞാൻ ഗ്യാരന്റി"
കക്ഷി അത്ര വിശ്വാസമില്ലാത്തതു പോലെ എന്നെ നോക്കിക്കൊണ്ട് മരുന്ന് വാങ്ങി കഴിക്കും.
ഇടക്ക് ചോദിക്കും
" തനിക്ക് ഡ്യൂട്ടിയില്ലേ ?"
" ഉം .. എന്തിനാ ?? "
"ഓ ചുമ്മാ "
നോട്ടം ഫ്രിഡ്ജിലേക്കാണ് .. ഞാൻ പോയി കഴിഞ്ഞാൽ അച്ചാറു കൂട്ടി കഞ്ഞി കുടിക്കാനാണ് പ്ലാൻ .. ഞാനാരാ മോൾ ... ഫ്രിഡ്ജ് പൂട്ടി താക്കോലും കൊണ്ട് ഡ്യൂട്ടിക്ക് പോയി !!
ഞാൻ ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോൾ ഒരു ചമ്മിയ ചിരിയോടെ ചോദ്യം
" നീയത് പൂട്ടി അല്ലെ "
"ആ പൂട്ടി "
"ദുഷ്ട "
"ആയിക്കോട്ടെ "
"നിനക്ക് ശാപം കിട്ടും .. നോക്കിക്കോ "
"ഓ .. ഞാനങ്ങു സഹിച്ചു "
അങ്ങനെ അടിപിടിയും വാശിപിടിക്കലും ഒക്കെയായി ആ രണ്ടാഴ്ച കഴിഞ്ഞു കിട്ടി .. സത്യത്തിൽ എനിക്ക് ഇത്ര ക്ഷമയുണ്ടെന്ന് അപ്പോഴാണ് മനസിലായത് ..
ചിക്കന്പോക്സൊക്കെ മാറി മിടുക്കനായി ഓഫീസിൽ പോകാനിറങ്ങിയ പതിദേവന്റെ ചോറുപാത്രം നിറക്കുമ്പോൾ പിന്നിൽ നിന്നും ചോദ്യം
" കറി എന്താ ?"
"സാമ്പാർ , മെഴുക്കുപുരട്ടി , പിന്നെ അച്ചാറും വെക്കാം "
"എനിക്ക് വേണ്ട അച്ചാർ"
ഞാനങ്ങേരെ ഒന്ന് അടിമുടി നോക്കി .. കഴിഞ്ഞ രണ്ടാഴ്ച ഈ അച്ചാറിനു വേണ്ടി ഇങ്ങേരെന്നൊട് ‌ ചില്ലറ വഴക്കൊന്നുമല്ല ഉണ്ടാക്കിയത് .. എന്നീട്ടിപ്പം .. !
"അതെന്താ നിങ്ങൾക്ക് അച്ചാറ് വേണ്ടാത്തെ.. എന്താന്നാ ചോദിച്ചേ!! ??"
ഉത്തരമില്ല ..
ഞാനൊരു നാഗവല്ലിയായി മാറും മുൻപ് കിട്ടിയ ചോറും കറിയുമൊക്കെ പെറുക്കിയെടുത്ത് നായകൻ എസ്കേപ്പായി !!!
വന്ദന 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo