Slider

മുച്ചക്രവണ്ടിയിലൊരു മൂവന്തിയാത്ര (യാത്രാവിവരണം)

0
Image may contain: 1 person, beard

ഓണം, കൃസ്തുമസ്സ്, വാർഷികം,. പരീക്ഷകൾ കഴിഞ്ഞാൽ കുട്ടികളെയും കൂട്ടി, അവർക്കൊരു റിലാക്സേഷനു വേണ്ടി ഒരു യാത്ര പതിവാണ്. ഓണത്തിനും കൃസ്തുമസ്സിനും വൺഡേ ടൂറുകളും വാർഷികത്തിന് അൽപം ദീർഘമായ യാത്രയുമാണ് തെരഞ്ഞെടുക്കാറ്.
ഈ കൃസ്തുമസ്സിന്,
പരീക്ഷ തുടങ്ങുന്നതിനു മുമ്പെ തന്നെ ഞങ്ങൾ തിരഞ്ഞെടുത്ത് ഉറപ്പിച്ച സ്ഥലം കോഴിക്കോട് മലപ്പുറം ജില്ലയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മിനി ഗവി എന്ന് വിളിക്കപ്പെടുന്ന കക്കാടംപൊയിൽ എന്നമലയോര പ്രദേശമാണ്.
ലക്ഷ്യം, PV അൻവർ M L A യുടെ വിവാദ പാർക്കും കോഴിപ്പാറ വെള്ളച്ചാട്ടവും.തലേ ദിവസം ഗൂഗിളിൽ തിരഞ്ഞ് ദൂരവും റൂട്ടും മനസ്സിലാക്കി. ദൂരം വീട്ടിൽ നിന്നും 55 കിലോമീറ്റർ.റൂട്ട്, തിരുവമ്പാടി, കൂടെരഞ്ഞി, കൂമ്പാറ, കക്കാടംപൊയിൽ.
(കോഴിക്കോട്ടു ജില്ലയിൽ നിന്ന് ഇതാണ് റൂട്ട്.മലപ്പുറത്തുനിന്നാണെങ്കിൽ നിലമ്പൂർ വഴി).
രാവിലെ 7.30 ഞങ്ങൾ പ്രഭാതകർമ്മങ്ങളും പ്രഭാതഭക്ഷണവും കഴിഞ്ഞ് അത്യാവശ്യ സാധനങ്ങളൊക്കെ ബാഗിൽ നിറച്ച് പുറപ്പെടാൻ തയ്യാറായി വണ്ടിക്കരികിലേക്ക് നടന്നു.
ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക്. അവളും കുട്ടികളും പുറകിലെ സീറ്റിലേക്കും..
"ഗ്രേഗ്രേ.......ഗ്രിം.... " സൗണ്ട് കേട്ട് പേടിക്കണ്ട. ജീവനും ജീവിതമാർഗ്ഗവുമായ മുച്ചക്രവണ്ടി സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചതാണ്.സ്റ്റാർട്ടിംഗ് മോട്ടറിന്റെ ബെന്റക്സ് അൽപം സ്ലിപ്പായതാണ് ഒന്നാം വട്ടം മിസ്സായത്.
"ഗ്രേ....ഡ്രിം... ടുർടുർടുർർർർ...."
എന്നാല്.. വണ്ടിയിലിനിയാർക്കും കേറാൻ പറ്റില്ലാട്ടോ.. എല്ലാരും പുറകെ വച്ച് പിടിച്ചോ... കുട്ടിക്കാലത്ത് നമ്മള് കൂട്ടുകാര് ഷർട്ടിന്റെ പിറകിൽ പിടിച്ച് തീവണ്ടി കളിച്ച പോലെ. ഒരാൾ മുച്ചക്രത്തിനു പിറകിൽ പിടിച്ചോളൂ മറ്റുള്ളവർ പറഞ്ഞതുപോലെ വരിവരിയായി..
നാട്ടിലൂടെ കടന്നുപോകുന്ന കാപ്പാട് തുഷാരഗിരി ഹൈവേയുടെ റബ്ബറൈസ്ഡ് ചെയ്യാത്ത അത്തോളി,നന്മണ്ട ഭാഗത്തിന്റെ റബ്ബറൈസിംഗിനായുള്ള പ്രാരംഭ പ്രവൃത്തികൾ നടക്കുകയാണ്. ഹിറ്റാച്ചി കുറെ ഭാഗം പൊളിച്ചിട്ടിട്ടുണ്ട്. ഒന്നരയിഞ്ച് മെറ്റലും പാറപ്പൊടിയും ചേർത്ത മിശ്രിതമിട്ട് താഴ്ന്ന ഭാഗങ്ങൾ ഉയർത്തുന്നു. ഡ്രൈനേജിന്റെ പണിയും നടക്കുന്നു. ഇത്തിരി ബുദ്ധിമുട്ടുണ്ടാവും പൊടിശല്യം നന്നായിട്ടുണ്ടല്ലേ.. ഒരു കർച്ചീഫെടുത്ത് മൂക്ക് മറയ്ക്കുന്നത് നല്ലത്.
നന്മണ്ടയിൽ നിന്നും നരിക്കുനിറോഡിലേക്ക് കടന്നു . എന്താ റോഡ്‌ അല്ലേ.. നല്ല സൂപ്പർ റബ്ബറൈസ്ഡ്.
റോഡിൽ തിരക്കും നന്നേ കുറവ്.മുച്ചക്ര വണ്ടിയുടെ പരമാവധി സ്പീഡായ അറുപതിൽ തന്നെ പിടിച്ചിട്ടുണ്ട്. പത്ത് കിലോമീറ്ററോളം പിന്നിട്ട് നരിക്കുനിയെത്തിയത് നമ്മളറിഞ്ഞേയില്ല.
ഇനി ഇടത്തോട്ട് തിരിഞ്ഞ് കൊടുവള്ളി. പുതിയ റബ്ബറൈസ്ഡ് കിണ്ണം കാച്ചിയ റോഡ് പക്ഷേ.. കേരളത്തിൽ ഏറ്റവും വളവുകളുള്ള റോഡേതെന്ന് ഏതെങ്കിലും പരീക്ഷയിൽ ചോദ്യം വന്നാൽ ഓർത്തുവെച്ചോളൂ എന്ന് കുട്ടികളോട് പറഞ്ഞ് ഇടത്തോട്ട് വളച്ച് വലത്തോട്ട് വളച്ച് അങ്ങിനെയങ്ങിനെ എട്ട് കിലോമീറ്റർ,
കൊടുവള്ളിയെത്തിയതും നമ്മളറിഞ്ഞില്ല.
വലത്തോട്ട് കയറി ഇടത്തോട്ട് ഓമശ്ശേരി.റോഡ് കിണ്ണം കാച്ചിയതു തന്നെ.
വീണ്ടും എട്ടുകിലോ മീറ്റർ താണ്ടിയിരിക്കുന്നു. കാഴ്ചകളൊക്കെ നിങ്ങൾ കാണുന്നുണ്ടല്ലോ അല്ലേ.. കേരളത്തിലെ ഏതൊരു റോഡിലൂടെയും പോകുമ്പോഴുള്ള കാഴ്ചകൾ തന്നെ. പിന്നിട്ട അങ്ങാടികളെക്കുറിച്ചും പ്രത്യേകിച്ചൊന്നും പറയാനില്ലല്ലോ.
ഇടത്തോട്ട് തിരിഞ്ഞു, ഇനി തിരുവമ്പാടി.
പഴയ റബ്ബറൈസ്ഡ് റോഡ് തരക്കേടില്ല.
നടുവിലൂടെയുള്ള വെള്ളവരയൊകെ മാഞ്ഞ് ചെറിയ ചില കുഴികളൊക്കെ രൂപപ്പെട്ട്. ഏഴ് കിലോമീറ്ററും നമ്മൾ വേഗം താണ്ടി.
ഒന്നു ചെവിയോർത്തേ..എന്തോ മുട്ടുന്ന ഒരു സൗണ്ട് കേൾക്കുന്നുണ്ടോ?
കുട്ടികളും ആ സൗണ്ട് കേൾക്കുന്നെന്നു പറയുന്നു. വണ്ടിയുടെ ഡീസൽ ഗേജിലെ സൂചി ചുവപ്പിലേക്ക് വീഴുമെന്ന ഭയപ്പാടോടെ എന്നെ നോക്കിത്തലയാട്ടി ദാഹം അറിയിക്കുന്നു. അങ്ങാടി തുടങ്ങുന്ന ഭാഗത്തെ പെട്രോൾ പമ്പിലേക്ക് വണ്ടി കയറ്റി. ആദ്യം വണ്ടിയുടെ ദാഹം തീർത്തു. ഒന്നുസൈഡാക്കുന്നു ഞാനും കുട്ടികളും ഇറങ്ങി ആ മുട്ടൽ ശങ്ക തീർത്ത് വരാം.
അതു വരെ തിരുവമ്പാടിയെക്കുറിച്ച് ചില ചെറിയ അറിവുകൾ തരും അവൾ.
"ഞങ്ങളുടെ ഒരു ലക്ഷ്യമായ കോഴിപ്പാറ വെള്ളച്ചാട്ടമല്ലാതെ തുഷാരഗിരിയിലേക്കും അരിപ്പാറയിലേക്കും ഇവിടെ നിന്നും എളുപ്പമാണ്. പിന്നെ പ്രകൃതി രമണീയമായ വെള്ളരിമലയിലേക്കും. കുന്നുകളും ചെരിവുകളും സമതലങ്ങളും പാറക്കെട്ടുകളും ഇടകലർന്ന ഭൂപ്രകൃതിയുള്ള കോഴിക്കോട് ജില്ലയുടെ കിഴക്കൻമലയോര മേഖലയിൽ പെടുന്ന ഒരു നിയോജക മണ്ഡലം കൂടിയായ തിരുവമ്പാടിയുടെ സമീപത്തുകൂടി ഒഴുകുന്ന ചാലിയാറിന്റെ ഭാഗമായ ഇരുവഴിഞ്ഞിപ്പുഴ മുറിച്ചുകടന്നാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്. റബ്ബർ, തെങ്ങ്, കവുങ്ങ്, വാഴ എന്നിവ മുഖ്യമായും കൃഷി ചെയ്യുന്ന ഇവിടുത്തെ സാധാരണക്കാരായ തദ്ദേശീയരുടെ മുഖ്യ തൊഴിലും കൃഷി തന്നെ"
ഞങ്ങളെത്തി ,യാത്ര തുടരാം നമുക്ക്. അതിനു മുമ്പ് അവൾ കേൾക്കാതെ ഒരു രഹസ്യം പറയാം. അവളിപ്പോൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞ വിവരങ്ങളൊക്കെ
നമുക്ക് വിക്കിപീഡിയയിൽ കയറിയാലും കിട്ടും. മിണ്ടണ്ട.
വിക്കിപീഡിയയിൽ കിട്ടാത്ത ഒരറിവ് ഞാൻ തരാം..
മൂത്രക്കല്ലിന്റെ ഒറ്റമൂലിചികിത്സക്ക് പേരുകേട്ട സ്ഥലമാണ് ഇവിടം.
മുമ്പ് ആ അസുഖം വന്നപ്പോൾ ഞാൻ പരീക്ഷിച്ചിട്ടുണ്ട്.
പരീക്ഷണം വിജയിക്കുകയും ചെയ്തു.
പിന്നീട് പലരെയും അവിടെ എത്തിച്ചിട്ടുമുണ്ട്. എല്ലാവർക്കും ആ മരുന്ന് ഗുണം ചെയ്തെന്നാണറിഞ്ഞത്.
കൂടരഞ്ഞി, എത്താൻ ഇത്തിരി ബുദ്ധിമുട്ടിയല്ലേ... ഡ്രൈവറുടെ കുഴപ്പമല്ലെന്ന് മനസ്സിലായിട്ടുണ്ടല്ലോ അല്ലേ..
റോഡിൽ വറ്റിയ കുളങ്ങളും കിണറുകളും കൈത്തോടുകളുമെല്ലാമുണ്ടായിരുന്നല്ലോ
അതിലെല്ലാം കയറിയിറങ്ങി,5 കിലോമീറ്റർ.
ഇനി കൂമ്പാറ, റോഡ് തദൈവ. വീണ്ടും 6 കിലോമീറ്റർ.
ഹാവൂ... റോഡിന്റെ ഇത്തിരി നന്മ കണ്ട് വല്ലാതെആശ്വാസപ്പെടണ്ട. മല കയറ്റമാണ്, താമരശ്ശേരി ചുരം പോലെയോ മറ്റോ വളത്ത് പുളഞ്ഞ് ഒരു ചുരം റോഡല്ല.
ഒരു വളവ് കഴിഞ്ഞാൽ കുറെ ദൂരം കുത്തനെയുള്ള കയറ്റം.പിന്നെ വളവ് പിന്നെയും കുത്തനെ കയറ്റം.ആ രീതി.
നമ്മുടെ ആന വണ്ടി മാത്രം സർവ്വീസ് നടത്തുന്ന പാത. ഫസ്റ്റ് ഗിയറിലല്ലാതെ മുച്ചക്രം കയറില്ല. കണ്ടില്ലേ.. തരക്കേടില്ലാത്ത വീതി കുറഞ്ഞ റോഡിൽ ഇടക്കിടെ നല്ല ഗട്ടറുകളുമുണ്ട്. പക്ഷേ... ഒരു ഭാഗത്തെ താഴ്ചയിലേക്ക് നോക്കുമ്പോൾ, മൊട്ടക്കുന്നുകളും പാറമലകളും പച്ചപിടിച്ച മലകളും അങ്ങിനെ മലകളാൽതീർക്കപ്പെട്ട പ്രകൃതിയുടെ മാസ്മരികത നമ്മെ റോഡിന്റെ അവസ്ഥയോ കയറ്റമോ മുഷിപ്പിക്കുന്നില്ല. മഴക്കാലമായിരുന്നെങ്കിൽ മലകൾക്കിടയിലേക്ക് കോടമഞ്ഞ് കൂടെ ഇറങ്ങി വന്ന് അത്ഭുതം തീർത്തേനെ.
പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ചാസ്വദിച്ച്, ഒൻപത് കിലോമീറ്റർ കയറ്റം കയറി ഇതാ നമ്മൾ PVഅൻവർ MLA യുടെ വിവാദ പാർക്കിനു മുന്നിൽ.
ഞങ്ങൾ വണ്ടി പാർക്ക് ചെയ്ത് പുറത്തിറങ്ങിയിരിക്കുന്നു. ചുറ്റുമൊന്ന് വീക്ഷിക്കൂ..പ്രകൃതിയുടെ മനോഹാരിത നുകരൂ.. മലയുച്ചികളെ ചുംബിച്ച് നിർവൃതി കൊള്ളാനായി നീലാകാശത്തിലൂടെ തൂവെള്ള പഞ്ഞിക്കെട്ടുകൾ ഒഴുകി നടക്കുന്നു.
നെറ്റ് കമ്പിയാൽ തീർത്ത പാർക്കിന്റെ ചുറ്റുമതിലിൽ നിറയെ എന്തോ വിളിച്ചെടി പടർത്തിയിരിക്കുന്നു. പുറം ഭാഗത്തു കൂടെ നിര നിരയായി കുറ്റിച്ചെടികൾ നട്ടുപിടിപ്പിച്ച് മനോഹരമാക്കിയിട്ടുമുണ്ടല്ലോ.
മുതിർന്നവരെന്നോ കുട്ടികളെന്നോ യില്ലാതെ മൂന്ന് വയസ്സിനു മുകളിൽ പ്രായമുള്ള ആർക്കും 100 രൂപ+28% GST
ആണ് എൻട്രി ചാർജ്.കൂടാതെ കുട്ടികൾക്ക് റൈഡിംഗിന് 150 രൂപയും മുതിർന്നവർക്ക് 100 രൂപയും.
വാട്ടർ തീം പാർക്കിന് ഒരാൾക്ക് 250 രൂപയും. എല്ലാത്തിനും പ്ലസ് ജിസ്ടി ബോർഡിൽ കണ്ടല്ലോ.. അല്ലേ..
ഒരു മലയുടെ തട്ടുതട്ടായുള്ള ചെരിവാണ് പാർക്കാക്കി മാറ്റിയിരിക്കുന്നത്. ചെടികളും ഇരിപ്പിടങ്ങളും സ്റ്റപ്പുകളും നല്ല രീതിയിൽ സെറ്റു ചെയ്തിട്ടുണ്ട്. മണ്ണിടിച്ചും മറ്റുമായി പ്രകൃതിയെ വലിയ രീതിയിൽ ചൂഷണം ചെയ്യാതെയാണ് പാർക്ക് നിർമ്മിച്ചിട്ടുള്ളതെന്നാണ് എന്റെ തോന്നൽ. പാർക്കിൽ നിന്നും താഴ്ഭാഗത്തേക്കുള്ള കാഴ്ച, എത്രത്തോളം സുന്ദരമാക്കാൻ കഴിയുമോ അത്രത്തോളം പ്രകൃതി തന്നെ സുന്ദരമാക്കി വെച്ചിട്ടുണ്ട്. എങ്കിലും പാർക്കിൽ,
നമ്മൾ കൊടുക്കുന്ന കാശ് മുതലാക്കാൻ മാത്രം ആക്റ്റിവിറ്റികൾ ഇല്ലെന്നാണ് തോന്നിയത്.
പാർക്ക് ആരംഭവും വിവാദവും ഒരുമിച്ചായിരുന്നല്ലോ. അതിനാൽ പല പദ്ധതികളും പാതിവഴിയിൽ തടസ്സപ്പെട്ടു പോയിരിക്കാം.
കുട്ടികളുടെ റൈഡിംങ്ങൊക്കെ കഴിഞ്ഞ് പാർക്കിൽ നടന്നും ഇരുന്നും സൽഫിയെടുത്തും ഫോട്ടോ പകർത്തിയും
സമയത്തെ ഉച്ചയിലേക്കെത്തിച്ചു.
ഇനി നമുക്ക് കോഴിപ്പാറയിലേക്ക് തിരിക്കാം. ഇവിടെ നിന്നും ആറ് കിലോമീറ്ററാണ് ദൂരം.
നാല് കിലോമീറ്റർ മലകയറി കക്കാടംപൊയിൽ അങ്ങാടിയിലെത്തിയപ്പോൾ ഞങ്ങളുടെ വയറ്റിൽ നിന്നും വന്നപാമ്പന്റെ നിലവിളി നിങ്ങൾ കേട്ടോ.?
നാലോ അഞ്ചോ കടകളും രണ്ട് ഹോട്ടലുമാണ് കാണുന്നത്. തമ്മിൽ ഭേദമെന്നു തോന്നിയ ഹോട്ടലിൽ തന്നെ കയറാം.
നല്ല ബോധന അരിയുടെ ചോറും സാമ്പാറും. കൂടെ ഓരോ പൊരിച്ച മത്തിയും.വയറു നിറയെ ഉണ്ടു.പ്രമദം.
"പഴശ്ശി ഗുഹ " കേട്ടിട്ടുണ്ടോ? ഇവിടെ നിന്നും കോഴിപ്പാറയിലേക്ക് പോകുന്ന റോഡിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നാല് കിലോമീറ്ററും പിന്നെ കാൽനടയായി രണ്ട് കിലോമീറ്ററോളവും സഞ്ചരിച്ചാൽ അവിടെയെത്താം. ബ്രിട്ടീഷുകാർക്കെതിരെ ഒളിപ്പോര് നടത്തിയിരുന്ന കാലത്ത് പഴശ്ശിയും സംഘവും ഒളിച്ചു താമസിച്ചിരുന്നത് നായാടംപൊയിലിലെ കാട്ടിലെ ആ ഗുഹയിലായിരുന്നത്രെ.റോഡിന്റെ ദുർഘടാവസ്ഥയും മറ്റും തൽക്കാലം നമ്മൾ അങ്ങോട്ടേക്ക് പോകുന്നില്ല.
രണ്ട് കിലോമീറ്റർ റോഡായിരുന്നോ അതോ കട്ട കണ്ടമോ?
ഏതായാലും ലക്ഷ്യത്തിലെത്തിയല്ലോ.
വനം വകുപ്പിന്റെ സംരക്ഷണത്തിലാണ് കോഴിപ്പാറ വെള്ളച്ചാട്ടം.ഇൻഫർമേഷൻ സെൻററിൽ നിന്നും ടിക്കറ്റെടുത്ത് (ഒരാൾക്ക് 20 രൂപ) സിമന്റ്ടൈൽ പാകി വൃത്തിയാക്കിയ നടപ്പാതയിലൂടെ പുഴയിലേക്ക്.
വളരെ ഉയരത്തു നിന്നും കുത്തനെ താഴോട്ടൊഴുകുന്ന നദി പല തട്ടുകളിലൂടെ ഊർന്നിറങ്ങി
നുരഞ്ഞൊഴുകുന്ന ദൃശ്യചാരുത ഹൊ എന്താല്ലേ..
പുഴയുടെ ഇരുസൈഡുകളും അടിഭാഗവും എല്ലാം പാറ തന്നെ. മുകളിലോട്ട് നോക്കെത്താ ദൂരത്തോളം ഒരു പാറപ്പുഴ. പുഴയുടെ അക്കരെ സൈലന്റ് വാലി നാഷണൽ പാർക്കിന്റെ ഭാഗമായ വനാന്തരമാണ്.
സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുഴയുടെ തീരങ്ങളിലൂടെ ഇരുമ്പ്
കൈവരി നിർമ്മിച്ചിട്ടുണ്ട്. സുരക്ഷാ ഗാർഡുകളുടെ സേവനവുമുണ്ട്.
ഭക്ഷണ സാധനങ്ങൾക്കും പ്ലാസ്റ്റിക്ക് കവറുകൾക്കും ബോട്ടിലുകൾക്കും കർശ്ശന നിരോധനമുള്ളതിനാൽ പുഴയും വെള്ളവും വൃത്തിയുടെ പര്യായം.വേണമെന്നുണ്ടെങ്കിൽ ഇതല്ല ഇതിലപ്പുറവും സംരക്ഷിക്കാൻ നമുക്ക് കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണം.
വേനൽക്കാലമായതിനാലും വെള്ളം കുറവായതിനാലും പുഴയിലേക്കിറങ്ങാനും നടക്കാനും ഇരിക്കാനും കുളിക്കാനുമൊക്കെ അവസരമുണ്ട്.
പുഴയിലേക്കിറങ്ങി തെളിനീരിലേക്ക് കാല് നീട്ടി തൊട്ടു. ഹൊ..ഈ ചുട്ടുപൊള്ളുന്ന
വെയിലിലും എന്താ ഒരു തണുപ്പ്.
കുറച്ച് സന്ദർശകരൊക്കെ, ചെറിയ വെള്ളച്ചാട്ടങ്ങൾക്കടിയിൽ കുളങ്ങൾ പോലെ രൂപപ്പെട്ട ഭാഗങ്ങളിൽ കുളിക്കുന്നതു കണ്ടില്ലേ. അങ്ങിനെ രൂപപ്പെട്ട കുറെ ഭാഗങ്ങളുണ്ടല്ലോ.
ഞാനും മക്കളും ബാഗിൽ നിന്നും കുളി ഡ്രസ്സുകൾ എടുത്തണിഞ്ഞു.അധികമാഴമില്ലാത്ത ഞങ്ങൾ തിരഞ്ഞെടുത്ത ഭാഗത്ത് ആദ്യം ഇറങ്ങിയത് മൂത്ത മകൻ. അവന്റെ കഴുത്തോളം വെള്ളമുണ്ട്. ഞാനും സുന്ദരത്തണുപ്പിലേക്കിറങ്ങി. ശരീരമാസകലം ഒരു തണുപ്പാഞ്ചം.
ഇളയ മകന്റെ കളി കണ്ടോ.. അവൻ കൈ കൊണ്ട് വെള്ളമൊന്നു തൊട്ടു നോക്കി പിൻമാറുന്നു. എത്ര ആവർത്തിയായി ഈ പ്രവൃത്തി.മൂത്തവനും ഞാനും അവനെ വിളിക്കുന്നുണ്ട് പക്ഷേ കണ്ടില്ലേ വെള്ളത്തിലേക്കിറങ്ങാൻ അവൻ കൂട്ടാക്കുന്നില്ല. ഞങ്ങൾ രണ്ട് പേരും കൈകളാൽ വെള്ളം കോരി അവന്റെ മേലേക്ക് തേവിയപ്പോൾ അതാ മെല്ലെ ഇറങ്ങി വരുന്നു. അഞ്ച് മിനുട്ട് കഴിഞ്ഞതും അവന്റെ ചുണ്ടും പല്ലു മൊക്കെ കിടുകിടാ വിറച്ചു തുടങ്ങി.
"മോൻ കയറിക്കോ.." ഞങ്ങളുടെ നഗ്നമേ നിമൊബൈലിൽ പകർത്തുകയായിരുന്ന അവളതാ തോർത്ത് മുണ്ടെടുത്ത് അവനെ വിളിക്കുന്നു.
മുട്ടോളം വെള്ളത്തിലിറങ്ങി കൈയ്യും മുഖവും കഴുകി, ഒരു സ്ത്രീ ആയിപ്പോയതിന്റെ പരിമിതിയിൽ, അവളും തെളിനീർ ജലത്തിന്റെ സുഖമുള്ള തണുപ്പിനെ ആസ്വദിച്ചും ആവാഹിച്ചും നിർവൃതി കൊള്ളുന്നത് നിങ്ങളും കാണുന്നില്ലേ.
തണുത്ത് വിറച്ച് ഇനി കഴിയില്ലെന്ന് തോന്നിയപ്പോഴാണല്ലോ ഞാനും മൂത്ത മകനും വെള്ളത്തിൽ നിന്നും കയറിയത്.
4.30 വരെയാണ് ഇവിടെ അനുവദനീയമായ സമയം. അതു വരെ ഞങ്ങൾ ഈ മിനുസപ്പെട്ട പാറയിൽ, ഇരുന്നും കിടന്നും വെള്ളച്ചാട്ടങ്ങളുടെ ആരവങ്ങളിൽ കവിത കേട്ട്, സംസാരിച്ച്, ചിരിച്ച്, പ്രണയിച്ച്, സ്നേഹിച്ച്, ദുഃഖങ്ങളും പ്രാരബ്ധങ്ങളും മറന്ന്...
വന്ന വഴി തെന്നെയാണല്ലോ തിരികെ..
തൽക്കാലം ഗുഡ് ബൈ....
പിന്നേയ്, ഈ തെളിനീർ തണുപ്പിൽ ഒന്നു കണ്ണും മുഖവും കഴുകി യാത്രാക്ഷീണം മാറ്റിയിട്ട് പോയിക്കോളൂ...


ഷാനവാസ്.എൻ, കൊളത്തൂർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo