Slider

രാത്രിയെ പേടിച്ച പെൺകുട്ടി (കഥ)

1


"ന്റെ ദേവൂ, നീയ് ഇങ്ങനെ പേടിച്ചാൽ എങ്ങനാ!! കുട്ടിയോട് ആ കിണറ്റുകരയിലിരിക്കണ പാത്രങ്ങൾ എടുത്തിട്ടു വരാനല്ലേ പറഞ്ഞോള്ളു... അല്ലാതെ ഏഴ് മൈൽ ദൂരം പോവാൻ പറഞ്ഞില്ലല്ലോ..." അടുക്കളയിൽ നിന്നും ശ്രീദേവി ദേഷ്യപ്പെട്ടു.
ദേവു അടുക്കളപ്പുറത്ത് നിന്നു കിണറ്റിങ്കരയിലേക്കു നോക്കി. ഉമ്മറത്തെ ലൈറ്റിൽ നിന്നുള്ള വെളിച്ചം കുറച്ചെത്തുന്നുണ്ടവിടെ.. എങ്കിലും അങ്ങോട്ടു പോവാനുള്ള ധൈര്യം ദേവൂന് ഉണ്ടായില്ല. ഒടുവിൽ ശ്രീദേവി തന്നെ പോയി പാത്രം എടുത്തുകൊണ്ട് വന്നു.
"ഇങ്ങനെ പേടിക്കാൻ പോയാൽ ജീവിക്കാൻ പറ്റില്ല കേട്ടോ ദേവൂ... " അമ്മ തെല്ലു നീരസത്തോടെ പറഞ്ഞു.
എന്താണെന്നറിയില്ല ദേവൂന് സന്ധ്യ കഴിഞ്ഞാൽ ഒറ്റയ്ക്ക് പുറത്തിറങ്ങാൻ പേടിയാണ്. അതിന്റെ പേരിൽ എന്തോരം കളിയാക്കലുകളാണ് നേരിടേണ്ടി വന്നത്. വീടിനടുത്തുള്ള ഗൗരി, ആ കുട്ടിയും താനും ഒരേ ക്ലാസ്സിലാണ്..... ക്ലാസ് മുഴുവൻ തന്റെ ഈ പേടിയേക്കുറിച്ചു പാട്ടാക്കി. ടീച്ചേഴ്സ് ഉൾപ്പെടെ എല്ലാരേം അറിയിച്ചു. ബയോളജി സാർ ഒരിക്കൽ ക്ലാസ്സിൽ പറയുകയാണ് രാത്രിയെ പേടിക്കുന്നതിന് "നിക്റ്റോഫോബിയ" എന്നാണത്രെ പറയുക. അതിൽ പിന്നെ കുട്ടികളെല്ലാം തന്നെ കാണുമ്പോൾ നിക്റ്റോ എന്നു വിളിച്ചു കളിയാക്കുമായിരുന്നു.
ഈ പേടി മാറ്റണമെന്ന് എന്തോരം അവളും ആഗ്രഹിക്കുന്നുണ്ടെന്നോ.. പക്ഷെ ഇരുട്ട് കാണുമ്പോൾ ഉള്ളിലൊരു ആന്തലാ. കുറേ നേരം ഇരുട്ടിലേക്ക് നോക്കിയിരിക്കുവാൻ കൂടി അവൾക്കു പേടിയാ. രാത്രികൾ ഇല്ലാതിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു. പക്ഷേ അച്ഛനും അമ്മയ്ക്കും ഗൗരിക്കും മറ്റുള്ളവർക്കുമൊന്നും ഇരുട്ടിനെ പേടിയില്ലല്ലോ എന്നോർത്തപ്പോൾ അവൾക്കു വല്ലാത്ത ജാള്യത തോന്നി.
അമ്മ എപ്പോഴും അവളോട്‌ പറയുമായിരുന്നു "പകൽ ഉള്ളതൊക്കെ തന്നെയേ രാത്രിയുമൊള്ളു.... പിന്നെ നീ എന്തിനാ ഇത്ര പേടിക്കുന്നത്..." തന്റെ മനസ്സിനെ അത് പറഞ്ഞു പഠിപ്പിക്കാൻ ദേവൂം ആവുന്ന ശ്രമിച്ചതാണ്. പക്ഷെ പറ്റണില്ല..
രാത്രി കടയടച്ചതിനു ശേഷം വീട്ടിലേക്കു തനിച്ച് വരുന്ന അച്ഛനെ അവളെന്നും അത്ഭുതത്തോടെയായിരുന്നു നോക്കിയിരുന്നത്. ഒരുനാൾ താനും അങ്ങനെ ഒറ്റയ്ക്ക് രാത്രിയിൽ പുറത്തിറങ്ങി നടക്കുന്നതായി അവൾ മനസിൽ കണ്ടിരുന്നു.....
*********************
അന്നൊരു ഞായറാഴ്ച ആയിരുന്നു. ദേവു നാമം ചൊല്ലിക്കഴിഞ്ഞു അച്ഛന്റെ വരവു കാത്ത് ഉമ്മറത്തിരിക്കുകയാണ്. ഏകദേശം ഏഴു മണി ആയിട്ടുണ്ടാവും. അപ്പോളതാ അടുക്കളയിൽ നിന്നും അമ്മയുടെ ശബ്ദം.... " ദേവൂ, നിന്റെ യൂണിഫോം അലക്കിയിട്ടത് എടുത്തില്ലേ നീയ് ?? നല്ല മഴ വരണുണ്ട്... വേഗം പോയി എടുത്തിട്ടു വാ. അല്ലെങ്കിൽ നാളെ കളർ ഡ്രസ് ഇട്ടു ഉസ്കൂളിൽ പോവേണ്ടി വരും."
അപ്പോഴാണ് ദേവൂം അത് ഓർത്തത്. തെക്കേപറമ്പിൽ ഉണക്കാനിട്ടിരിക്കുന്ന യൂണിഫോം എടുത്തില്ല ഇതുവരെ. ദേവു തലനീട്ടി തെക്കേപറമ്പിലേക്ക് നോക്കി. മഴക്കാറുള്ളത് കൊണ്ടാവും ഇരുട്ടിന്റെ കട്ടി കൂടുതലാണെന്ന് അവൾക്ക് തോന്നി. അവളുടെ മനസ്സിൽ ഭയം അനുഭവപ്പെടാൻ തോന്നി.
"അമ്മേ....., ഭയങ്കര ഇരുട്ടാ. അമ്മ കൂടി വാ.." ദേവു അടുക്കളയിലേക്കു നോക്കി വിളിച്ചു പറഞ്ഞു..
"പിന്നെ, ഇവിടെ അത്താഴത്തിനുള്ളത് ആയിട്ടില്ല. അങ്ങോട്ടു പോ പെണ്ണേ... ഇത്ര പേടിക്കാൻ എന്തിരിക്കുന്നു. ഞാൻ പല തവണ പറഞ്ഞിട്ടുള്ളതാ പകലുള്ളതൊക്കെത്തന്നെയെ രാത്രിയിലുമൊള്ളു എന്നു.." അമ്മ കുറച്ചു കടുപ്പിച്ച് തന്നെ പറഞ്ഞു.
ദേവു വിഷണ്ണയായി ഉമ്മറത്ത് തന്നെ നിൽപ്പു തുടർന്നു. അച്ഛൻ ഒന്നു വന്നിരുന്നെങ്കിൽ.... അവൾ അതിയായി ആഗ്രഹിച്ചു.
നോക്കി നിൽക്കെ മഴ പൊടിയാൻ തുടങ്ങി.. ഇനി ഈ നിൽപ്പു തുടർന്നാൽ യൂണിഫോം നനയും.. രണ്ടും കല്പിച്ചു പോവുക തന്നെ... തന്റെ ഹൃദയത്തിൽ നിന്നും ഒരു തണുപ്പു ശരീരത്തിലേക്ക് വ്യാപിക്കുന്നത് ദേവു അറിഞ്ഞു.. കാലിനൊരു വിറയൽ... എങ്കിലും അവളത് വകവെച്ചില്ല.... ഒറ്റ ഓട്ടത്തിനു പോയി വരാം... അല്ലാതെ വേറേ മാർഗ്ഗമൊന്നും ഇല്ലല്ലോ...
"അമ്മേ........, ഞാൻ തെക്കേ പറമ്പിലേക്ക് പോവാ... അമ്മ ഉമ്മറത്തേക്കൊന്നു നീങ്ങി നിൽക്കണേ..." ഇതും പറഞ്ഞു അവൾ ചാറ്റൽ മഴയിലേക്കു ഓടിയിറങ്ങി..
***************************
"ശ്രീദേവി, ഇതാ ഈ കവർ അങ്ങട് വെച്ചോളൂ... ദേവു എവിടെ? ഇതാ അവൾ പറഞ്ഞ ഗൈഡ്.." വീട്ടിലേക്കു കയറികൊണ്ട് മോഹൻ പറഞ്ഞു. ശ്രീദേവി ഒരു ഗ്ലാസ് വെള്ളവുമായി വന്നു മോഹന് കൊടുത്തു. അയാൾ കൊണ്ടുവന്ന പച്ചക്കറി കവർ വാങ്ങുന്നകൂട്ടത്തിൽ അവളും ദേവൂനെ വിളിച്ചു. "മോളേ ദേ അച്ഛൻ ഗൈഡ് വാങ്ങിക്കൊണ്ട് വന്നിരിക്കുന്നു.. ഇത് തന്നെയാണോ നീ പറഞ്ഞത് എന്നു നോക്കിയേ...." അകത്തുനിന്നും മറുപടി ഒന്നും ഇല്ല.
"എവിടെ ഈ കുട്ടി?? നാമം ചൊല്ലിക്കഴിഞ്ഞു അച്ഛനെ നോക്കിയിരുന്ന കുട്ടിയാണ്.. ദേവൂ.........." അമ്മ കുറച്ചൂടെ ഉച്ചത്തിൽ വിളിച്ചു. വീണ്ടും നിശബ്ദത ആയിരുന്നു മറുപടി...
"കളിക്കല്ലേ ദേവൂ, ഇങ്ങട് വാ" ശ്രീദേവി മുറിക്കകത്തേക്ക് ചെന്നു. ദേവു അവിടെ ഇല്ലാരുന്നു... അവൾ പരിഭ്രമത്തോടെ മറ്റു മുറികളിൽ നോക്കി.. ശ്രീദേവി വിറക്കാൻ തുടങ്ങി....ദേവു അവിടെങ്ങും ഇല്ല....
"മോഹനേട്ടാ, ദേവൂനെ ഇവിടെ കാണുന്നില്ല...'' ഒരു കരച്ചിലോടെ ശ്രീദേവി പറഞ്ഞു...
" കാണുന്നില്ലെന്നോ...! അവൾ എവിടെ പോവാനാ?" മോഹനും വെപ്രാളമായി.
"അറിയില്ലാ.... ഇനി തെക്കേപറമ്പിലെങ്ങാനും....??" ഒരു നിലവിളി പോലെ ശ്രീദേവി പറഞ്ഞു...
ടോർച്ചും എടുത്തുകൊണ്ട് മോഹൻ തെക്കേപറമ്പിലേക്കു ഓടി. പിന്നാലെ ശ്രീദേവിയും.. അവിടെ ചെന്നപ്പോൾ അവർ കണ്ടു....., അഴയിൽ മഴ നനഞ്ഞുകിടക്കുന്ന യൂണിഫോം...!!!
"മോളേ........, ദേവൂ......." മോഹനും ശ്രീദേവിയും ആവുന്നത്ര ഉച്ചത്തിൽ വിളിച്ചു... പക്ഷേ ദേവൂന്റെ മറുപടി കിട്ടിയില്ല..
ബഹളം കേട്ട് അയൽക്കാർ ഓടി വന്നു. കാര്യമറിഞ്ഞ അവരും ദേവൂനായുള്ള തിരച്ചിലിൽ ഏർപ്പെട്ടു.. പക്ഷേ അവളെ അവിടെങ്ങും കണ്ടില്ല..
"മോഹനാ, വേഗം പോലീസിൽ അറിയിക്കൂ... കുട്ടിക്കു വല്ല അപകടവും പറ്റിയതാണെങ്കിലോ... കാലം ശരിയല്ല..." അയലത്തെ ഗോവിന്ദേട്ടൻ പറഞ്ഞത് കേട്ട്‌ മോഹൻ ഒന്നു ഞെട്ടി...
" ഈശ്വരാ, അങ്ങനൊന്നും വരുത്തല്ലേ ന്റെ കുട്ടിക്ക്‌...."
മോഹനും ചില ആയൽക്കാരും ചേർന്നു പോലീസ് സ്റ്റേഷനിലേക്ക് പോവുന്നത് നെഞ്ചിൽ തീയോടെ ശ്രീദേവി നോക്കി നിന്നു..
**************************
തോമസ്കുട്ടിയും ഭാര്യ ആനിയും വെളുപ്പിനെ ടാപ്പിംഗിന് ഇറങ്ങിയതാണ്.....കൂടെ വളർത്തുനായ കൈസറും ഉണ്ട്. അവനിങ്ങനെ റബ്ബർ മരങ്ങൾക്കിടയിലൂടെ ഓടിയും ആനിയുടേം തോമസിന്റേയും കാലുകളിൽ ഉരുമ്മിയും കളിക്കുവാണ്. നേരം ഏകദേശം പുലരാറായി. ഇനി രണ്ടു വരി കൂടി തീർത്താൽ പണി കഴിയും.. ആ ആശ്വാസത്തിലാണ്‌ രണ്ടു പേരും.
പെട്ടെന്നാണ് പറമ്പിന്റെ മൂലയ്ക്ക് നിന്നും കൈസറിന്റെ കുര കേട്ടത്.. ആദ്യം അത്ര കാര്യമാക്കിയില്ലെങ്കിലും അവൻ നിർത്താതെ കുരച്ചപ്പോൾ തോമസുകുട്ടിക്ക് എന്തോ പന്തികേട് തോന്നി. പാമ്പും മരപ്പട്ടിയുമൊക്കെ ഉള്ള ഇടമാണ്.. അയാൾ അങ്ങോട്ടേക്ക് ടോർച്ച് അടിച്ചു നോക്കി.. ഇല്ലാ, കൈസർ ഒന്നുമായും വഴക്ക് കൂടുവല്ല. അവൻ എന്തിലേക്കോ നോക്കിയാണ് കുരക്കുന്നത്.. ഇടക്കിടെ അത് മണപ്പിച്ചു നോക്കുന്നുമുണ്ട്..
"എന്താ അത്?? പ്ളാസ്റ്റിക് ഷീറ്റ് പോലെ ഉണ്ടല്ലോ..ഒന്നു നോക്കിയേ ഇച്ഛായ.. " ആനി പറഞ്ഞത് കേട്ട് അടുത്ത് ചെന്ന് നോക്കിയ തോമസ്കുട്ടിയിൽ നിന്നും ഒരു നിലവിളി ഉയർന്നു.. ആ കിടക്കുന്ന പെൺകുട്ടി...., അത് ദേവു അല്ലേ...!
"മോളേ...., ദേവൂ...." അയാൾ അവളെ കുലുക്കി വിളിക്കാൻ കൈ വെച്ചതും, അതേ വേഗത്തിൽ തിരിച്ചെടുത്തു. കാരണം അവളുടെ ശരീരത്തിന് മരണത്തിന്റെ തണുപ്പ്‌ ആയിരുന്നു.. ആനിയും തോമസ്കുട്ടിയും നിലവിളിച്ചുകൊണ്ട് ദേവുവിന്റെ വീട്ടിലേക്കു ഓടി... ആ വീട്ടിലെ വിളക്കുകൾ അപ്പോഴും ദേവു വരുമെന്ന പ്രതീക്ഷയിൽ തെളിഞ്ഞു കിടക്കുകയായിരുന്നു...
***********************
ആ റബ്ബർത്തോട്ടം പോലീസിനെയും ആളുകളെയും കൊണ്ട് നിറഞ്ഞിരിക്കുവാണ്.. മോഹൻ പോലീസിനരുകിൽ നിൽപ്പുണ്ട്. തോമസ്കുട്ടിയുടെ ചുമലിൽ താങ്ങി നിൽക്കുകയാണയാൾ... കരഞ്ഞു കരഞ്ഞു അയാളുടെ കണ്ണുകൾ ചുവന്നു തുടങ്ങിയിരുന്നു. ദേവുവിന്റെ വസ്ത്രങ്ങളിലും ശരീരത്തിന് ചുറ്റും ചോര തെറിച്ചു കിടന്നത് വെട്ടം വീണപ്പോഴാണ് തോമസ്കുട്ടിയും കണ്ടത്. ഒറ്റനോട്ടത്തിലേ പീഡനശ്രമത്തിനിടയിൽ കൊല്ലപ്പെട്ടതാണെന്നു പൊലീസിന് മനസിലായി.. ദേവൂന്റെ ചുരുട്ടിപിടിച്ച കയ്യിൽ നിന്നും ഒരു ഷർട്ടിന്റെ കഷ്ണം പൊലീസിന് കിട്ടി..കുറച്ച് മാറി ഒരു ചെരുപ്പും കിടപ്പുണ്ടായിരുന്നു.. പോലീസ്നായ വന്നു.. ചെരുപ്പിലും ഷർട്ട്പീസിലും മണപ്പിച്ച ശേഷം പോലീസ്നായ് പറമ്പിന്റെ കിഴക്കുഭാഗത്തേക്ക് ഓടുമ്പോൾ ദേവൂന്റെ ശരീരം പോസ്റ്റുമോർട്ടത്തിനായി ആംബുലൻസിൽ കയറ്റുകയായിരുന്നു.
ദേവൂന്റെ വീടിന്റെ തേക്കുവശത്തുള്ള അയൽക്കാരാണ് ഗോവിന്ദേട്ടനും കുടുംബവും. ദേവൂന്റെ ശവശരീരം റബ്ബർ തോട്ടത്തിൽ നിന്നും കിട്ടി എന്നറിഞ്ഞു ഗോവിന്ദേട്ടൻ അങ്ങോട്ടു പോയിരിക്കുകയാണ്. എന്തായി കാര്യങ്ങൾ എന്നറിയാനുള്ള ആകാംക്ഷയിൽ ഗോവിന്ദന്റെ ഭാര്യ ലീലാമണി ഗോവിന്ദന്റെ വരവും കാത്തിരിക്കുമ്പോളാണ് പടിക്കൽ എന്തോ ഒച്ചപ്പാട് കേട്ടത്.. പോലീസും നാട്ടുകരുമൊക്കെയായി ഒരു കൂട്ടം ആളുകൾ പടികടന്നു വരുന്നു. പോലീസ് നായ് വീട്ടുമുറ്റത്തെത്തിയതും ഉമ്മറപടിയിൽ മൊബൈൽ നോക്കി ഇരിക്കുകയായിരുന്ന യുവാവ്‌ പരിഭ്രമത്തോടെ പിടഞ്ഞെണീറ്റു. നായ് യുവാവിനെ നോക്കി നിർത്താതെ കുരക്കാൻ തുടങ്ങി. ലീലാമണിയും നാട്ടുകാരും അന്തിച്ചു നിൽക്കെ പോലീസ് ആ ചെറുപ്പക്കാരനുമായി ജീപ്പിനടുത്തേക്കു നടന്നു.
**********************
കേട്ടവർ കേട്ടവർ അമ്പരന്നു.. നമ്മുടെ ഗോവിന്ദന്റെ മകനാണത്രെ ദേവൂനെ.... ചെക്കൻ പോലീസിനോടെല്ലാം സമ്മദിച്ചെന്നു. അവൻ മയക്കുമരുന്നൊക്കെ ഉപയോഗിക്കുമായിരുന്നെന്നു.. കണ്ടാൽ പറയോ ഇതൊക്കെ.... ആർക്കും അവനെക്കുറിച് ഇതുവരെ മോശമൊന്നും പറയാൻ ഇല്ലാരുന്നു.
"ഇന്നത്തെക്കാലത്ത് ആരേയാ വിശ്വസിക്കുക ഈശ്വരാ.. ആ മോഹന്റേം ശ്രീദേവിയുടെയും കരച്ചിൽ കണ്ടുനിൽക്കാൻ പറ്റൂല്ല.." ദേവൂന്റെ മരണാനന്തരചടങ്ങുകളിൽ പങ്കെടുത്തിട്ടുപോയവരിൽ ഏതൊക്കെയോ സ്ത്രീകൾ പരസ്പ്പരം പറഞ്ഞു..
മോഹന്റെ വീടിന്റെ തെക്കേപറമ്പിൽ അപ്പോളേക്കും ഒരു ചെറിയ മൺക്കൂന ഉയർന്നിരുന്നു... ശ്രീദേവി ആ മൺകൂനമേൽ മുഖം അമർത്തി കരഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു.
"ന്റെ മോളെ..., പകൽ ഉള്ളതൊക്കെ തന്നെയേ രാത്രിയിലും ഉള്ളൂ എന്നു പറഞ്ഞ അമ്മ പകലത്തെ മനുഷ്യരല്ല രാത്രിയിൽ എന്നു പറയാൻ ഓർത്തില്ലല്ലോ..."
അരികിലായി മോഹൻ ഒന്നും മിണ്ടാതെ, അവളോട് എന്ത് പറയണമെന്നറിയതെ ഒരു ശിലപോലെ നിൽക്കുകയായിരുന്നു.
ദേവൂന്റെ ആത്മാവ് അപ്പോൾ ഇതൊന്നും കാണാനും കേൾക്കാനും പറ്റാതെ, ഇരുട്ടില്ലാത്ത മറ്റൊരു ലോകത്തേക്ക് യാത്രയായിരുന്നു...
By Revathy M Radhakrishnan
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo