Slider

ആദ്യയാത്ര

0


കളരിവാതുക്കൽ ക്ഷേത്രദർശനത്തിനു പോകുമ്പോളാണ് ആ ബുദ്ധി എനിക്കുദിച്ചത് .

എന്റെ ഭാര്യക്ക് കുറച്ച് മുല്ലപ്പൂ വാങ്ങിക്കൊടുക്കാം എന്ന്.

ഞങ്ങൾ രണ്ടാളും മുനീശ്വരൻ കോവിലിനടുത്തുള്ള പൂക്കടക്ക് മുൻപിൽ കൈ കോർത്ത്‌ പിടിച്ചു നിന്നു..

കല്യാണം കഴിഞ്ഞ് അവളൊന്നിച്ചുള്ള കന്നിയാത്രയായിരുന്നു അത്.
പുതുമോടി മാറിയിട്ടില്ല..
പറശ്ശിനി.. പയ്യാമ്പലം. അങ്ങനെ കുറച്ച് ലക്ഷ്യങ്ങൾ കൂടി ഉണ്ടായിരുന്നു മനസ്സിൽ..

നഗരത്തിൽ ഓണക്കാലത്തിന്റെ ആവേശം..
ഫുട്പാത്തിൽ ആൾക്കാർ തിരക്ക് കൂട്ടുന്നു..

ആ മുല്ലപ്പൂക്കടയുടെ മുൻപിൽ നിന്നപ്പോൾ എന്റെ ഓർമ്മകൾ അവളുടെ കൈ വിടുവിച്ച് കുറച്ച് വർഷം പുറകോട്ട് പാഞ്ഞു..

എന്റെ ആദ്യപ്രണയിനിക്കു മുല്ലപ്പൂ മേടിച്ച ദിവസം..
അതേ കട..
അതേ സമയം..

ഞങ്ങളുടെ രണ്ടാളുടെയും പൊതു സുഹൃത്തിന്റെ കല്യാണം അടുത്തുള്ള സാധു കല്യാണമണ്ഡപത്തിൽ അരങ്ങേറുന്ന ദിവസമായിരുന്നു അന്ന്

ആവശ്യപ്പെട്ടില്ലെങ്കിലും അവൾക്ക് മേടിച്ച് കൊടുക്കണമെന്നെനിക്കൊരാഗ്രഹം...
കുറ്റം പറയാൻ പറ്റുമോ..
കടിഞ്ഞൂൽ പ്രണയമല്ലേ..

പൂ കൊണ്ട് തരാം എന്ന് പറഞ്ഞപ്പോൾ അവളുടെ മെലിഞ്ഞ മുഖം ചിരിയാൽ നിറഞ്ഞു.. നുണക്കുഴി തെളിഞ്ഞു.. കോമ്പല്ല് വെളിയിൽ കണ്ട് ഞാനെന്റെ നോട്ടം മാറ്റി..

നാടല്ലേ..
പെങ്ങന്മാർക്കു പോലും പൂ വാങ്ങിക്കാത്ത ഞാൻ പൂക്കടയുടെ മുൻപിൽ രാവിലെ പാത്തും പതുങ്ങിയും നിന്നു. ഒരു വിധം ഒളിപ്പിച്ചു അവൾക്ക് കൊണ്ട് കൊടുക്കുമ്പോൾ എന്റെ കയ്യിലെ വിയർപ്പു കൊണ്ട് മുല്ലപ്പൂക്കൾ വാടിപ്പോയിരുന്നു.

രണ്ട് മാസം കഴിഞ്ഞപ്പോൾ എന്റെ പ്രണയവും വാടിക്കരിഞ്ഞു.. അവൾ വേറെ കെട്ടിപ്പോയി..

വേറൊരു ചെക്കന്റെ കഴുത്തിൽ താലി കെട്ടുമ്പോൾ അവളെന്നെ കോമ്പല്ലു കാട്ടി ചിരിച്ചു.

അപ്പോൾ പഞ്ചായത്ത് റോഡിലെ കുഴിപോലെ എന്തോ ഒന്ന് അവളുടെ കവിളിൽ തെളിഞ്ഞു...

അവളെ അവളുടെ പാട്ടിനു വിട്ട് ഞാൻ സദ്യ വിളമ്പുന്നിടത്തേക്കു പോയി

...പ്പൊ.. ആ കടയാണിത് അല്ലേ.. ?

എന്നെ കണ്ണുരുട്ടിക്കാണിച്ചു കൊണ്ട് ഭാര്യ ചോദിച്ചു.
അവൾക്കപ്പോൾ കാവിലെ പ്രതിഷ്ഠയുടെ രൗദ്രഭാവം..

അസമയത്തു കോമഡി പറഞ്ഞ ജഗദീഷിനെപ്പോലെ ഞാൻ ചമ്മി വിളറി നിന്നു.

...കണ്ണിക്കണ്ട പെമ്പിള്ളേർക്കു നിങ്ങൾ പൂ വാങ്ങിച്ചു കൊടുക്കും അല്ലേ.. നാണമില്ലേ മനുഷ്യാ നിങ്ങൾക്ക്.. ?

കയ്യിലെടുത്ത പൂ അവൾ തിരികെ വലിച്ചെറിഞ്ഞു.

തുറന്നു പറച്ചിൽ ബന്ധം ദൃഢപ്പെടുത്തും എന്ന് ഇന്നലെ പറഞ്ഞ ആളാണ്..
അവളാണ് എന്റെ മുന്നിൽ സംഹാരരുദ്രയായ കണ്ണകിയെപ്പോലെ നിൽക്കുന്നത്.

...കൊഴഞ്ഞല്ലോ എന്റെ പറശ്ശിനിക്കടവ് മുത്തപ്പാ..
ഞാൻ മാനത്തു് നോക്കി പ്രാർത്ഥിച്ചു.

..നിങ്ങൾ ഓളെയും കൊണ്ട് കളരിവാതുക്കല് പോയിട്ടുണ്ടോ..... ?

എന്റെ മുഖത്തേക്ക് നോക്കി അവൾ നിർദാക്ഷിണ്യം ചോദിച്ചു..
പൂക്കടയിലെ പാറുഅമ്മ തല ചൊറിഞ്ഞ് ഒരു പേനെടുത്തു.. ടിക് എന്ന് പൊട്ടിച്ച് എന്നെ ദയനീയ ഭാവത്തിൽ നോക്കി.

..ഞാൻ അവളിൽ നിന്ന് നോട്ടം ബസ്‌സ്റ്റോപ്പിലെ അമ്മാവനിലേക്കു മാറ്റി അലക്ഷ്യമായി പറഞ്ഞു.

...ഒറ്റപ്രാവശ്യം..

മുഖം ചുവക്കുന്നുണ്ട്..

..പയ്യാമ്പലം ബീച്ചിൽ.. ?

ഞാൻ തൊണ്ട ശരിയാക്കി..

...ഒന്ന് രണ്ട് തവണ.

..പറശ്ശിനിക്കടവ് മുത്തപ്പനെയെങ്കിലും ഒഴിവാക്കിയോ.. ?

..അത്..
ഞാൻ പരുങ്ങി..
...പോയോ എന്നൊരു സംശയം.. ഓർമ കിട്ടണില്ല...

എന്റെ ശബ്ദം പാഞ്ഞുപോയ ടിപ്പർ ലോറിയുടെ ശബ്ദത്തിൽ ചതഞ്ഞരഞ്ഞു.

..മനുഷ്യാ.. എന്നെയും കൊണ്ടുള്ള ആദ്യത്തെ യാത്രയാ. ഓൾടെ കൂടെ പോയിട്ടില്ലാത്ത എങ്ങോട്ടെങ്കിലും എന്നെ കൊണ്ടുപോ..

അത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് പരിഭവം.

കണ്ണൂരുകാരൻ കെട്ടിയാൽ ആദ്യം പറശ്ശിനി മുത്തപ്പൻ.. പിന്നെ പയ്യാമ്പലം ബീച്ച്.. ഇത് രണ്ടുമല്ലാതെ എവിടിപ്പൊ?
ഞാൻ മൂക്കത്തു വിരൽ വെച്ചു

എന്റെ തല പുകയാൻ തുടങ്ങി.അവൾ അങ്ങ് ദൂരെ എസ്‌ എൻ പാർക്കിലേക്ക് നീണ്ടുപോകുന്ന ഇടുങ്ങിയ റോഡിലെ വാഹനങ്ങളെയും തിരക്കിട്ട് പോകുന്ന ആൾക്കാരെയും നോക്കിക്കൊണ്ടു നിന്നു..
ഉടുത്ത സെറ്റ് സാരിയുടെ സ്വര്ണനിറമുള്ള കോന്തല ഒരു കൈകൊണ്ടു പിടിച്ചിട്ടുണ്ട്.
കാര്യമായ ആലോചനയിലാണ്..

..വാ പോകാം.. ആരെയും കൊണ്ട് പോകാത്ത ഒരു സ്ഥലത്തേക്കാകട്ടെ നമ്മുടെ കന്നിയാത്ര..
ഞാൻ ഒരുവിധം പറഞ്ഞൊപ്പിച്ചു

എങ്ങോട്ടാ.. ?

കണ്ണുകളിൽ ജിജ്ഞാസയോടെ അവൾ ചോദിച്ചു.

പാറുഅമ്മയെ നോക്കി റ്റാറ്റാ പറഞ്ഞ് ഞാൻ അവളുടെ കൈ പിടിച്ച് മുന്നോട്ട് വേഗത്തിൽ നടന്നു.

ബസ്സിലിരിക്കുമ്പോഴും ലക്ഷ്യസ്ഥാനം അവ്യക്തമായിത്തന്നെ നിലനിർത്താൻ ഞാൻ ശ്രമിച്ചു.

അവസാനം ഇളം കാറ്റു വീശുന്ന സുന്ദരിയായി അണിഞ്ഞൊരുങ്ങിയിരിക്കുന്ന പ്രകൃതിയുടെ മടിത്തട്ടിൽ ഞങ്ങളെത്തി.

മാടായിപാറ കണ്ടിട്ടുണ്ടോ ഇതിനു മുൻപ്... ?

അത്ഭുതം വിടർന്ന കണ്ണുകളോടെ എന്നെ നോക്കുന്ന അവളോട്‌ ഞാൻ ചോദിച്ചു.

ഞങ്ങൾക്ക് മുന്നിൽ നീലക്കടലു പോലെ കാക്കപ്പൂവും കൃഷ്ണപ്പൂവും കണ്ണാന്തളിയും വിടർന്നു നിൽക്കുന്നുണ്ടായിരുന്നു.
കാറ്റിൽ ചെറിയ തിരയിളക്കങ്ങൾ.

പൂക്കളിൽ നിന്നും തേൻ നുകർന്ന് അവിടെങ്ങും പാറിപ്പറക്കുന്ന നാനാവര്ണത്തിലുള്ള പൂമ്പാറ്റകൾ..

തെളിനീർജലാശയങ്ങൾ..

അവളുടെ കണ്ണിൽ അമ്പരപ്പ്.. !.

..വൗ . അമേസിങ്... !!
അവൾ ചെറിയ കുട്ടിയെപ്പോലെ കൈ കൊട്ടിക്കൊണ്ട് തുള്ളിച്ചാടി.
അങ്ങിങ്ങു അലഞ്ഞു തിരിയുന്ന യുവമിഥുനങ്ങൾ ശബ്ദം കേട്ട് ഞങ്ങളെ നോക്കി.

പൂക്കളുടെ സുഗന്ധമുള്ള ആ സായന്തനത്തിൽ അവളുടെ കൈ പിടിച്ച് തൊട്ടുരുമ്മി നടക്കുമ്പോൾ ഊറിക്കൂടുന്ന മിഴിനീർ
തുടച്ചു അവൾ ചോദിച്ചു..

..സത്യം പറ.. അവളുമായി ഇവിടെ വന്നിട്ടുണ്ടോ.. ?

...ഇല്ല.. ആദ്യായിട്ടാ.... സത്യം..

അവളുടെ കണ്ണിൽ നോക്കി ഞാൻ പറഞ്ഞു.
കണ്ണുനീരിലൂടെ അവൾ ചിരിച്ചു..

...സന്തോഷായോ.. ?

എന്റെ ചോദ്യത്തിന് വിടർന്ന ചിരിയായിരുന്നു ഉത്തരം.

അവളുടെ തോളിൽക്കൂടി കയ്യിട്ട് രണ്ടാം ക്ലാസ്സുകാരെപ്പോലെ നടക്കുമ്പോൾ അരികിലുള്ള ഒരിക്കലും വറ്റാത്ത തെളിനീർതടാകം പോലെ എന്റെ മനസ്സ് ശാന്തമായിരുന്നു.

ആരവങ്ങളില്ലാത്ത , കിളികളുടെ പാട്ടുള്ള , പ്രകൃതിസുന്ദരമായ , മനസ്സ് കുളിർപ്പിക്കന്ന സ്ഥലത്ത് ഒരു സായാഹ്നം..

അതിലും നല്ല ഒരു സമ്മാനം അവൾക്ക് കൊടുക്കാൻ കഴിയില്ല എന്നെന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു..

..എന്തെ ഒരാലോചന... അവളെ ഓർക്കുകയാണോ.. ?
പുരികം വളച്ചു അവൾ ചോദിച്ചു.

...അല്ല അവളുടെ കോമ്പല്ല്... !

അവളുടെ പൊട്ടിച്ചിരി അങ്ങ് താഴ്‌വാരത്തിൽ പ്രതിധ്വനിച്ചു.

ദൂരെ ഏഴിമലക്കപ്പുറത്തു സൂര്യൻ ചുവപ്പ് നിറം അണിയാൻ തുടങ്ങിയിരുന്നു.
അവളുടെ കവിളിനും കുങ്കുമച്ചുവപ്പ്..

അവളെ ചേർത്തുപിടിച്ചുകൊണ്ട് മനോഹരമായ ആ അസ്തമയം ആസ്വദിക്കുമ്പോൾ എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു..

..ചില തുറന്നു പറച്ചിലുകളൊക്കെ ബന്ധങ്ങൾ ദൃഢപ്പെടുത്തും..
സത്യം !

ശ്രീജിത്ത് ഗോവിന്ദ് 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo