Slider

ദമി - 11 ആഗസ്ത് 2014

0
Image may contain: 1 person, smiling, closeup

ഞാനെന്റെ യാത്രകൾ പ്രവചിക്കുന്ന
ഞാനെന്നോട് നിഗൂഡവഴികൾ വെളിപ്പെടുത്തുന്ന
ചങ്കുരുക്കിന്റെ ജയഭേരിമുഴക്കുന്ന
മുറിവുകളുണക്കുന്ന കുതിരലായത്തിന്റെ,
നിഴലുകളിൽ വിശ്രമിക്കുന്ന ലഹരിയുടെ ഗന്ധമാണ് നീ
ആവേശത്തിന്റെ കുളമ്പൊച്ചയാണ് നീ
മൃദുഘോഷങ്ങളോടരങ്ങുവാഴാൻ വെമ്പുന്ന കണ്ണുകൾ.
വേനലടഞ്ഞ താഴ്വുകളെയുണർത്താൻ
മേഘമെന്നുറക്കെപ്പാടി
രാത്രികളിൽ നാം യാത്രയാവുന്നു
മദനത്തിടമ്പേറ്റത്തിന്റെ
ഇറ്റാലിയൻ കുതിര സവാരികളിൽ
കൊതിപ്പിക്കുന്ന മൃദു ശ്വാസങ്ങൾ
കാറ്റിലും കൂർത്തെന്നെ തൊടുന്നു.
ഇരുട്ടിലേയ്ക്കെന്ന്
രാസവേദികളുടെ വെള്ളിത്തേനുറ്റിച്ച്,
പറഞ്ഞും പറയാതെയും
പ്രാണനിലൂതി അതിവേഗം സംഭരിച്ച്
അസ്തമയത്തിന് നേരെ നമ്മളോടിയടുത്തു.
തിടുക്കങ്ങളിൽ കണ്ണുടക്കി,
മടക്കങ്ങളെ മാടിയൊതുക്കി
തീവ്രനൃത്തത്തിന്റെ ചടുലത പകർന്ന പന്തയങ്ങളിൽ
സർവ്വർക്കും ചഷകം നിറച്ച് വീണ്ടും
കൽപ്പകത്തോടുകളായി ഒഴിഞ്ഞുതന്നെ കിടന്നു.
ഒറ്റ രാത്രിയുടെ വീടുകളിൽനിന്ന്
ദൂരേയ്ക്ക് വലിച്ചെടുത്താണ് നിന്നെ
മോഹരീണത്തിൽ നനയാൻ വിടുന്നത്.
നാലിനും ചുറ്റിയ തിരകളുടെ നടുവിൽ
വകഞ്ഞുപൊങ്ങിയ തണുത്ത പാറയിൽ
നേർത്ത വെള്ളച്ചേലചുറ്റി
മോദത്തോടാഘോഷത്തിൽ മയങ്ങുന്ന നിന്നിലാണ്
സ്വാതന്ത്ര്യത്തിന്റെ മനോഹാരിത ഞാനറിയുന്നത്.
അവിടെ,
അവിടെയാണ്
ആലസ്യത്തിലും വിടർന്നുനിൽക്കുന്ന കവിളുകളെ വകഞ്ഞ്
നോട്ടത്തിന് മൂർച്ചയേറ്റുന്ന ചുണ്ടുകളെ പൊതിഞ്ഞ്
അതിസുന്ദരമായി നീയെന്നിൽ ചിരി വിതറുന്നത്.
" മിന്നാമിനുങ്ങെന്നെന്നെ നീ വിളിച്ചില്ലേ
തുമ്പിക്കുരുന്നെന്ന് കേൾക്കാൻ നീയും കൊതിച്ചില്ലേ "
ഇത്രമേൽ കൊമ്പ്കോർത്തശേഷം
നിനക്ക് ഞാൻ അച്ഛനാവുന്നു.
വാത്സല്ല്യപുളകങ്ങളിൽ പൊട്ടിത്തുളുമ്പിയ കുറുമ്പുകൾ
കൗതുകത്തോടെ വാരിയെടുക്കുന്നു.
അതുവരെ നീളുന്ന വികാരങ്ങളുടെ പൂമാലയിൽ
അവസാന ഇതളും വിരിയുന്നു.
ഇനി ഞാൻ നിവർത്തിക്കുടയുന്ന പരവതാനിയിൽ
നിങ്ങൾക്ക് പ്രവേശനമില്ല,
കാറ്റുകൊണ്ട്‌ കെട്ടിയ മതിലിനപ്പുറം
കേൾവിക്കാരില്ലാത്ത ദേശങ്ങളെ കടിച്ചുകൊണ്ടുവരാൻ
വേട്ടനായ്ക്കളെ ഞാനിറക്കിവിട്ടിട്ടുണ്ട്.
ആരവങ്ങളടങ്ങുന്ന നിമിഷം
അവ നിങ്ങളിലും വന്നെത്തിയേക്കാം,
നാദങ്ങളിൽ കുത്തിയിറക്കാൻ കരുതിയ ശൂന്യതയെ ദൂരെയെറിഞ്ഞ്
സശബ്ദം കാഴ്ച്ചക്കാരായിക്കൊള്ളുക.
അവളെക്കുറിച്ച്,
ആ ചിരിയെക്കുറിച്ച്
വാചാലനാകും ഞാനെന്നും കരുതരുത്.
വർണ്ണച്ചായം പരന്ന വഴിയിൽ
ചുവരിലെന്നെ വരയ്ക്കുകയായിരുന്നവൾ.
മുഴുമിക്കുന്ന നിമിഷംവരെ
കൊതിയടക്കി ഞാൻ നിന്നു
ചെറുവിരലില്ലാതെ പുറത്തിറങ്ങി ഞങ്ങൾ കാഴ്ചകൾ കണ്ടു.
മുഖത്തുമാത്രം വെളുത്ത രോമങ്ങളുള്ള മുയൽക്കുഞ്ഞൊരിക്കൽ
ശലഭങ്ങളുടെ ചിറകിൽ പറക്കുന്നതും,
മഴത്തുള്ളിയെ തിരികെവേണമെന്ന് ശഠിച്ച നീലമേഘങ്ങളും കണ്ട്
പാതിയിരുട്ടിൽ നമ്മൾ മടങ്ങിയെത്തി.
അവിടെവെച്ച്
ഏറ്റവും രഹസ്യമെന്ന് നിന്റെ മിടിപ്പുകൾ സാക്ഷ്യം പറയുന്ന,
പാതിയിൽ മുറിഞ്ഞ പച്ച ആപ്പ്ൾച്ചെടി
ഞാൻ കണ്ടെടുക്കുന്നു.
മതിവരാതെ തിന്നുതീർന്നിട്ടും
പാതിയിലത് ബാക്കിയാവുന്നു.
അരുതെന്ന് കേട്ട വേലിക്കെട്ടുകളെ കടന്നുചാടി
ഇനിയും നിലക്കാത്ത ദാഹപ്പെരുക്കങ്ങളിൽ മതിമറന്ന്
ലഹരിയിൽ മാത്രമലിയുന്ന തീരാശൈത്യങ്ങളുടെ
മാന്ത്രികദ്വീപുകൾ തിരഞ്ഞ്
കിതച്ച് നാം കുതിക്കുന്നു.
എനിക്ക് ചുണ്ടുകൾ തികയാതെ വരുന്നെന്ന് കേൾക്കുമ്പോൾ
വീണ്ടും,
അതിസുന്ദരമായി നീ ചിരിക്കുന്നു.
അതിനെ ഞാനെന്ത് വിളിക്കും,
"അതിസൗന്ദര്യത്തിന്റെ അവിശുദ്ധ സാഗരമെന്നോ"
ഏത് വർണ്ണനയിലൊളിച്ചുവെക്കും,
മഞ്ഞുകാലങ്ങളിലെ ആപ്പ്ൾതോട്ടങ്ങൾക്കിടയിലോ
തീരാനൃത്തമെന്ന നിന്റെ മോഹങ്ങളിലാണ്
ഞാൻ കണ്ടെടുക്കപ്പെടുന്നത്.
നീ കണക്കുപറയേണ്ടിയിരിക്കുന്നു,
അനുവാദമില്ലാതെന്റെ സ്വപ്നങ്ങളിൽ തിങ്ങി നിറഞ്ഞതിന്
ഋതുക്കളിൽ ചാലുകീറിയെങ്ങും ശൈത്യം പകർത്തിയതിന്,
ജലാശയങ്ങളിലൊഴുകിയ
ഒറ്റവിളക്കുകളുള്ള വീടുകളെ
വലിച്ചടുപ്പിച്ച് നമ്മിൽ ആളിപ്പടർത്തിയതിന്.
കാറ്റുകളിൽ നിന്നൊഴിഞ്ഞഭൂമികളിൽ
ജാലകങ്ങളില്ലാത്ത വീടുകൾ പണിതവൻ,
നേർത്ത കാറ്റുകളെ കൊരുക്കാൻ
നീല ജാലകങ്ങൾ നിറഞ്ഞ പൂന്തോട്ടങ്ങൾക്ക് കാവലിരിക്കുന്നുവെങ്കിൽ,
സ്വർണ്ണത്തുമ്പികളുടെ മെഴുക്ചിറകുകളെന്നെ മോഹിപ്പിക്കുന്നുവെങ്കിൽ,
രാമച്ചവേരുകളെപ്പോലെ വിസ്തൃതി തേടുന്ന അക്ഷരങ്ങളെ കണ്ടെത്തുംവരെ
പുഞ്ചിരിയെന്നതിനെ പറഞ്ഞുവെക്കാൻ ഞാനൊരുക്കമല്ല.

By: 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo