Slider

പാവം ക്രൂരൻ

0
Image may contain: 1 person, smiling, sunglasses and closeup
രണ്ടായി രാമാണ്ടിന്റെ അവസാനത്തോടെ ആരംഭിച്ച ഔേദ്യാഗിക ജീവിതം, എന്നെ നിത്യ സഞ്ചാരിയും സർവ്വോപരി ഇൻഡ്യൻ റെയിൽവേക്ക് സ്ഥിര വരുമാന മാർഗ്ഗവും ആക്കി തീർത്തു. അന്ന് തൊട്ടിന്നോളം തുടരുന്ന തീവണ്ടിയാത്രയിൽ ഞാൻ കണ്ട സന്തോഷത്തിന്റെയും ,സങ്കടത്തിന്റെയും ചിരിയുടെയും, കരച്ചിലിന്റെയുമൊക്കെ ഓർമ്മകളിൽ നിന്നും എനിക്ക് മറക്കാനാവാത്ത ഒരു സംഭവ കഥയോടെ ഞാൻ ഇന്ന് നല്ലെഴുത്തിൽ എന്റെ ഹരിശ്രീ കുറിക്കട്ടെ
പത്ത് പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് ഒരു കർക്കിടക മാസം സ്ഥലം കോട്ടയം റെയിൽ വേ സ്റ്റേഷൻ.ന്യൂ 'ജൻ സ്റ്റൈലിൽ പറഞ്ഞാൽ നല്ല കിണ്ണം കാച്ചിയ മഴ, വൈകിയെത്തുന്ന കാര്യത്തിൽ തലസ്ഥാനത്തേക്കുള്ള വേണാട് എക്സ്പ്രസ് അന്നും കൃത്യനിഷ്ഠ പാലിച്ചു .മഴയെ ബാഗ് കൊണ്ട് ചെറുത്ത് തോൽപ്പിച്ച് ഒരു വിധത്തിൽ ട്രെയിനിൽ കയറി പറ്റിയപ്പോഴേക്കും .സ്ഥാവര ജംഗമ വസ്തുക്കൾ പകുതിയും വെള്ളത്തിൽ കുതിർന്നു. ഒരു സീറ്റിന് വേണ്ടി ചുറ്റും പരതിയപ്പോൾ എന്റെ സ്ഥിതി PSC റാങ്ക് ലിസ്റ്റിലെ മേൽത്തട്ട് വിഭാഗക്കാരന്റെ തിന് തുല്യമാണെന്ന് മനസ്സിലായി. പതിവ് യാത്രക്കാരനായ എന്റെ വിഷമ സ്ഥിതി മനസ്സിലാക്കിയ മറ്റൊരു പതിവ് കാരനായ തിരുവല്ലാക്കാരൻ ജോണേട്ടൻ തന്റെ സംഘത്തോടൊപ്പം ഈ യുള്ളവനും അല്പം സ്ഥലം അനുവദിച്ചു .അങ്ങനെ അഞ്ച് പൂർണ്ണ ചന്തീശ്വരന്മാരോടൊപ്പം അടിയനും അർദ്ധാ സന സ്ഥനായി.
ഞാനിരുന്ന സീറ്റിന്റെ ജനലോരം ചേർന്ന് ഇരിക്കുന്ന അലസമിഴികളും വെളുക്കാൻ ആരംഭിച്ച രോമാശയങ്ങളും മായി നന്നേ മെല്ലിച്ച ശുഭ്ര വസ്ത്ര ധാരിയായ മഹാനുഭാവൻ ഈ കഥയിലെ നായകനായി മാറുന്ന കട്ട ഹീറോയിസമാണ് ഈ കഥയുടെ ത്രില്ലിംഗ് ഫാക്ടർ ,
ഞങ്ങൾ പതിവ് യാത്രക്കാരൊക്കെ മിക്കപ്പോഴും മുഖ പരിചയമുള്ള വരെങ്കിലുമാകും കാരണം ഞങ്ങൾക്ക് ചില നിർബന്ധങ്ങളൊക്കെയുണ്ട് യാത്ര എന്നും ഒരേ കമ്പാർട്ട് മെൻറിലായിരിക്കും. ഒരേ ഗ്രൂപ്പിനോടൊപ്പമായിരിക്കും എന്നൊക്കെ എന്നാൽ നമ്മുടെ കഥാനായകനെ ഞാൻ ആദ്യമായി കാണുന്നതാണ് എവിടെയോ പോയി മടങ്ങുന്ന ക്ഷീണിച്ച ഭാവം',
ട്രെയിൻ സ്റ്റേഷൻ വിടാനുള്ള ചൂളം വിളി മുഴങ്ങിയപ്പോൾ കഥയിലെ വില്ലന്മാർ രണ്ട് പേർ ഞങ്ങളുടെ ഇടയിലേക്ക് വാതിലിലൂടെ ഞെങ്ങി ഞെരുങ്ങി കടന്ന് വന്നു
രണ്ട് പേർക്കും കൂടി രണ്ട് ക്വിന്റലിലധികം തൂക്കവും പന്ത്രണ്ടടിയിലേറെ ഉയരവും വരും കയറിയ പാടെ ചുവന്ന തുടുത്ത കണ്ണുകളാൽ ചുറ്റും പരതിയിട്ട് സീറ്റില്ലെന്ന് കണ്ടതോടെ ലഗേജ് കാര്യ റിലേക്ക് വലിഞ്ഞ് കയറി.തദവസരത്തിൽ ധരിച്ചിരുന്ന പാദുകങ്ങളിൽ നിന്നും റെയിൽവേ പരിസരത്തെ മനുഷ്യ മൃഗ പക്ഷി ജാലങ്ങളുടെ വിസർജ്യമടങ്ങിയ തീർത്ഥ ജലം ധാരയായി താഴേക്കു തിരുകയും ചെരുപ്പഴിക്കെടാ എന്ന ശബ്ദം കോറസ്സായി ഉയരുകയും ചെയ്തു.
മുകളിൽ നിന്നും പിന്നീട് വന്ന അശരീ രി കൊടുങ്ങല്ലൂർ ഭരണി പാട്ട് തോൽക്കുന്നതായിരുന്നു ,കൂട്ടത്തിൽ കൂടുതൽ കയർത്ത ജോണേട്ടന്റെ പിതാമഹൻമാരല്ലാവർക്കുമായി സ്തുതി ചൊല്ലി പാട്ട് നിർത്തി ചെരിപ്പിച്ച് ഫാനിന്റെ മുകളിൽ വച്ച ശേഷം മിണ്ടുന്നവന്റെ തലയിൽ തുപ്പുമെന്ന ഭീഷണിയോടെ കുഭകർണ്ണ സേവ ആരംഭിച്ചു ഈ സമയമത്രയും നമ്മുടെ നായകൻ താനീ ലോകത്തൊന്നും ഉള്ള ആളെ അല്ലെന്ന മട്ടിൽ നിർനിമേഷനായി പുറം കാഴ്ച കണ്ടിരിക്കുകയായിരുന്നു.
… ട്രെയിൻ ചങ്ങനാശേരി കഴിഞ്ഞപ്പോളേക്കും കൂർക്കം വലിക്കൊപ്പം അന്തരീക്ഷം മദ്യ ഗന്ധം കൊണ്ടും മുഖരിതമായി ഞങ്ങൾ താഴെയുള്ള പതിനൊന്നാത്മാക്കൾ മാന്നാർ മത്തായി സ്പീക്കിംഗ് സിനിമയുടെ ക്ലൈമാക്സ് സീനിൽ വിജയരാഘവനെയും കൊണ്ടു വണ്ടി പോകുമ്പോൾ സ്ക്രീനിൽ തെളിയുന്ന എഴുത്ത് പോലെ തലക്ക് മുകളിൽ രണ്ട് വൻ കുരിശുമായി യാത്ര തുടർന്നു.
വണ്ടി തിരുവല്ല എത്തുന്നതിന് തൊട്ട് മുൻപ് നമ്മുടെ കഥാനായകൻ സീറ്റിൽ നിന്നും എഴുന്നേറ്റ് ഷർട്ടിന്റെ ചുളിവ് നിവർത്തി മുണ്ട് ഒന്ന് അഴിച്ച് ഉടുത്ത് സീറ്റിൽ കയറി നിന്ന് ഫാനിൽ പ്രതിഷ്ഠിച്ച ഓരോ ജോടി ചെരിപ്പുകളിൽ നിന്നും ഓരോന്ന് വീതം എടുത്ത് പുറത്തേക്കെറിഞ്ഞു .എന്നിട്ട് ലാലേട്ടനെ പോലെ നടന്ന് പോയ പോക്കിന്റെ അത്ര മരണ മാസ്സ് സീൻ ഒരു ഫിലിമിലും ഈ യുള്ളോൻ കണ്ടിട്ടില്ല.
ഭീകരൻമാരുണരുമ്പോളുണ്ടാകാൻ പോകുന്ന ഗുരുതരാവസ്ഥ കണക്കിലെടുത്ത് മറ്റ് തിരുവല്ലാക്കാരോടൊപ്പം സ്റ്റേഷനിലിറങ്ങിയ ഞാൻ കമ്പാർട്ട്മെന്റ് മാറിക്കയറുന്നതോടെ
ശുഭം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo