നിനക്ക് ആരുടെ കൂടെ ജീവിക്കാനാ ഇഷ്ടം ??
എനിക്ക് മണിയേട്ടന്റെ കൂടെ പോവാനാ ഇഷ്ടം..
അങ്ങനെ പോവാനാണേൽ ഉണ്ണിയെ നീ ഡിവോർസ്സ് ചെയ്യണം..അല്ലാതെ എങ്ങനെയാ
ചെയ്യാം .... ഏത് കടലാസ്സിൽ വേണമെങ്കിലും ഞാൻ ഒപ്പിട്ട് തരാം..
അപ്പോ ഉണ്ണീ .. എന്താ നിനക്ക് പറയാനുള്ളത് ??
വീട്ടുകാരുടേയും ഭാര്യവീട്ടുകാരുടേയും കൂട്ടുകാരുടേയും ഇടയിൽ സ്വപ്നമാണോ അതോ സത്യമാണോ ഇതൊക്കെ എന്ന് ചിന്തിക്കാനാവാതെ ഇരിക്കുവാരുന്ന് ഞാൻ.. മടിയിൽ 2 വയസ്സായ മോളു കിടന്നുറങ്ങുന്നു.. ഇത്ര പേരുടെ മുന്നിൽ വെച്ച് അവൾക്ക് എന്നെ വേണ്ട എന്ന് പറയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.. ഒരു വാക്ക് അവൾക്ക് പറയാരുന്നു എന്നോടു.. അല്ലേങ്കിൽ എന്തേലും ഒരു സൂചന തരാമായിരുന്നു .. ഇന്നലെ എന്നോട് വഴക്കിട്ട് മോളെ പോലും എടുക്കാതെ അവൾടെ വീട്ടിലേക്ക് പോയപ്പോ അവളുടെ മനസ്സിൽ ഇങ്ങനെ ഒരു കാപട്യം ഉണ്ടെന്ന് പ്രതീക്ഷിച്ചില്ല...
ഉണ്ണീ ചോദിച്ചത് കേട്ടില്ലേ നീ.. എന്താ നിനക്ക് പറയാനുള്ളത് ???
ചോദ്യം സ്‌ഥലത്തെ എം എൽ എയുടെ ആണു.. പാർട്ടിക്കാർക്ക് ഇതിൽ ഇടപെടാതിരിക്കാൻ ആവില്ലല്ലോ.. അവരുടെ മെമ്പറുടെ കൂടെയല്ലേ അവൾ പോവുന്നെ..
അവൾക്ക് ഡിവോർസ്സ് കൊടുക്കാൻ ഞാൻ തയ്യാറാണു.. പക്ഷേ മോളെ എന്ത് ചെയ്യും ??
എനിക്ക് വേണ്ട മോളെ.. നിങ്ങൾക്ക് നോക്കാൻ പറ്റില്ല എങ്കിൽ മാത്രം ഞാൻ കൊണ്ട് പോയ്ക്കോളാം..
ചോദിച്ചത് അയാളോടാണെങ്കിലും മറുപടി തന്നത് കുഞ്ഞിന്റെ അമ്മ ആയിരുന്നു..
കുഞ്ഞ് വയറ്റിൽ കിടന്ന് ചവിട്ടുമ്പോഴും .. ഉറങ്ങാതെ രാത്രി നടന്നും ഇരുന്നും നേരം വെളുപ്പിച്ചപ്പോഴും ഞാൻ ചോദിച്ചിട്ടുണ്ട് അവളോടു .. നീയൊരുപാട് കഷ്ടപ്പെടുന്നുണ്ടല്ലെ.. വേണ്ടാരുന്നു എന്നു തോന്നുന്നുണ്ടോ എന്നു.. അന്നവൾ തന്ന മറുപടി കേട്ട് ഞാൻ കരഞ്ഞ് പോയിട്ടുണ്ട്.. ഉണ്ണിയേട്ടാ കുട്ടികൾ ആവാത്ത കുറേ പേരുണ്ട് നമുക്ക് അറിയാവുന്നവർ തന്നെ.. അതിന്റെ ഇടേലു എനിക്ക് ദൈവമൊരു കൊച്ചിനെ തരാൻ ഇഷ്ടപെട്ടപ്പോ...ഞാൻ വേണ്ടാന്ന് സ്വപ്നത്തിൽ പോലും കരുതുമെന്ന് തോന്നുന്നുണ്ടോ.. എന്തു ത്യാഗം സഹിക്കാനും ഞാൻ തയ്യാറാ.. ഒറ്റ പ്രാർത്‌ഥനയേയുള്ളൂ.. ഒരു കുറവും ഇല്ലാത്ത നല്ലൊരു കൊച്ചിനെ കിട്ടാനും സുഖപ്രസവം ആയിത്തീരാനും.. സുഖപ്രസവം എന്തിനാന്ന് ചോദിച്ചപ്പോ എന്നാലെ പേറ്റ് നോവറിയൂ കുഞ്ഞിനോടു സ്നേഹക്കൂടുതൽ ഉണ്ടാവൂ എന്ന് പറഞ്ഞ പെണ്ണാ ഇപ്പോ പറയുന്നെ നിങ്ങൾ വേണെൽ എടുത്തോ വേണ്ടെങ്കിൽ മാത്രം മതിയെനിക്കെന്ന് ....
വേണ്ട കുഞ്ഞിനെ ഞാൻ നോക്കിക്കോളാം..നിനക്ക് ഡിവോർസ്സ് അല്ലേ വേണ്ടത്.. അതിനും ഞാൻ തയ്യാറാ..പക്ഷേ എനിക്ക് എല്ലാരുടേയും മുന്നിൽ വെച്ച് അചൂനോട് കുറച്ച് കാര്യങ്ങൾ ചോദിക്കാനുണ്ട്..
എനിക്ക് നിങ്ങളോട് ഒന്നും പറയാനില്ല..
പറയണം.. ഇവിടിപ്പോ നിന്റെ വീട്ടുകാരുണ്ട്... എന്റെ വീട്ടുകാരുണ്ട്.. നാട്ടിലെ വേണ്ടപ്പെട്ട എല്ലാരുമുണ്ട്.. എം എൽ എ യും ഉണ്ട്.. ഇന്നിപ്പോ എനിക്ക് ചോദിക്കാനുള്ളത് ചോദിച്ചില്ലേൽ എന്റെ തെറ്റ് കൊണ്ടാണു നീ പോയതെന്ന് നാളെ ആരെങ്കിലും പറഞ്ഞ് നടക്കും..അത് പറ്റില്ല
അവനു ചോദിക്കാനുള്ളത് ചോദിക്കട്ടെന്നെ.. അച്ചു ഒന്ന് കൊണ്ടും പേടിക്കണ്ട..
എനിക്ക് ചോദിക്കാനുള്ളത് .. അച്ചു ഈ മണിയുമായി ഇഷ്ടത്തിലായിട്ട് കുറേ നാളായോ..??
കുറേ നാളൊന്നുമായില്ല..
ഒരു വർഷം ആയോ ??
ആഹ് ആയിക്കാണും..
എവിടുന്നാ കണ്ടത് ഉണ്ണിയെ.. എങ്ങനെയാ പരിചയം.. കൂടെ പഠിച്ചതാണോ അതോ ??
നിങ്ങളുടെ അമ്മയുടെ അനിയത്തീടെ മോൾ സീനയുടെ കല്ല്യാണത്തിന്റെ അന്നാണു ഞാൻ മണിയേട്ടനെ കാണുന്നത്.. മുന്നെ പരിചയമൊന്നൂല്ല.. അന്നവിടെ വച്ച് കണ്ട് സംസാരിച്ച് ഇഷ്ടത്തിലായി..
സീനയുടെ കല്ല്യാണത്തിനു എന്തേലും കൊടുക്കണ്ടേ എന്നു നീ ചോദിച്ചപ്പോൾ അന്നെന്റെ കയ്യിൽ ഉണ്ടായിരുന്നത് 150 രൂപയാ.. ഒരു പവന്റെ വളയെങ്കിലും കൊടുത്തില്ലേൽ മോശല്ലേ ന്ന് പറഞ്ഞത് നീയാ.. അന്നെനിക്ക് നിന്റെ കയ്യിൽ കിടന്ന വളയൂരി തന്നപ്പോ നിന്നെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോ നീ പറഞ്ഞു നിങ്ങക്ക് വേണ്ടിയാ ഞാൻ ജീവിക്കുന്നേ പൊന്നും പണവുമൊന്നും വേണ്ടാന്ന്.. അന്ന് തന്നെ നീ മണിയുമായി ഇഷ്ടത്തിലായല്ലേ... കൊള്ളാം ...പിന്നെ നിങ്ങളെപ്പോളാ കണ്ടത് ??
അന്ന് കല്ല്യാണ വീട്ടിൽ വെച്ച് മണിയേട്ടൻ എനിക്ക് നമ്പർ തന്നു.. പിന്നെ ഫോണിലൂടെ സംസാരിക്കും ..പിന്നെ അമ്പലത്തിൽ വെച്ച് കാണാറുണ്ട്
ദിവസവും അമ്പലത്തിൽ പോകുന്നെ കണ്ടപ്പോ നിന്നോട് ഞാൻ ചോദിക്കുകയും ചെയ്‌തു.. എന്താ നിനക്കിപ്പോ ദൈവങ്ങളോട് ഇത്ര സ്നേഹക്കൂടുതൽ എന്ന് .. നീ പറഞ്ഞിട്ടുണ്ട് ഉണ്ണിയേട്ടനും മോൾക്കും വേണ്ടി മനസ്സുരുകി പ്രാർത്ഥിക്കുന്നോണ്ടാ.. എന്നു അല്ലേ ??
അത് കള്ളമല്ല.. നിങ്ങൾക്കും മോൾക്കും വേണ്ടി പ്രാർത്ഥിക്കാറുണ്ട് ..
അതെ അവനെ കാണലും നടക്കും പ്രാർത്ഥനയും നടക്കും .. ഒരു സംശയം ചോദിക്കട്ടെ.. മോൾക്ക് ന്യുമോണിയ വന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തപ്പോ രാത്രി കൂട്ട് നിക്കാൻ പറഞ്ഞപ്പോ നീ പറ്റില്ലാന്ന് പറഞ്ഞില്ലെ.. അത് നിനക്കു അവനെ വീട്ടിലേക്ക് ക്ഷണിക്കാനായിരുന്നോ ??
അല്ല.. അങ്ങനെയൊന്നൂല്ല..
സത്യം തുറന്ന് പറഞ്ഞാലേ ഞാൻ പേപ്പറിൽ ഒപ്പിട്ട് തരുള്ളൂ.... എനിക്കെല്ലാം അറിയാനുള്ള അവസാനത്തെ ചാൻസാണിത്.. എനിക്ക് മാത്രല്ല ഇവിടെ കൂടിയ എല്ലാരുമറിയണം..
അന്ന് മണിയേട്ടൻ പറഞ്ഞിട്ടാ ഞാൻ ഹോസ്പിറ്റലിൽ നിക്കാതെ വീട്ടിലേക്ക് വന്നത്..മണിയേട്ടൻ വീട്ടിൽ വന്നു എന്നത് സത്യാണു.... പക്ഷേ നിങ്ങൾ വിചാരിക്കുന്ന പോലൊന്നും ഉണ്ടായില്ല..
മോൾക്ക് അന്ന് ബോധം പോലുല്ലാരുന്നു അച്ചൂ.. ആ സമയത്താ നീ മോളെയും വിട്ട് അവനെ വീട്ടിലേക്ക് വിളിച്ചത്.. ഇപ്പോ ഒരു കാര്യം എനിക്കുറപ്പായി ഞാൻ ആക്സിഡന്റായി ഹോസ്പിറ്റലിൽ കിടന്ന ഒരാഴ്ച നീയും അവനും വീട്ടിൽ ആഘോഷിച്ചിട്ടുണ്ടാവുമെന്ന് ... സത്യമല്ലേ ??
സത്യാണു.. മണിയേട്ടനെ എനിക്കത്രയ്ക്ക് ജീവനാണു.. എനിക്ക് മണിയേട്ടനില്ലാതെ പറ്റില്ല..
പലവട്ടം ഞാൻ നിന്നോട് ചുമ്മാതാണേലും ചോദിക്കാറുണ്ട്.. ഞാൻ മരിച്ചാൽ നീ വേറെ കെട്ടുവോന്ന്.. അന്ന് നീയെന്റെ നെഞ്ചിൽ കിടന്ന് പറയാറുണ്ട്.. നിങ്ങളുടെ കൂടെയല്ലാതെ വേറെ ആരെയെങ്കിലും കൂടെ കിടക്കുന്നത് എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല.. അങ്ങനെ വിധി ഉണ്ടായാൽ ഞാനും കൂടെ അങ്ങ് വരും എന്ന് ...ദേ ഈ നെഞ്ചിൽ കിടന്നാ നീ പറഞ്ഞത്..എന്നിട്ടും എങ്ങനെ തോന്നി നിനക്ക് .. എന്നെ മറന്ന് മറ്റൊരാളെ സ്നേഹിക്കാൻ മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തെ .. ഒന്ന് പറ നീ
എനിക്കറിയില്ല.. എനിക്കൊന്നും പറയാനൂല്ല...
എന്തെങ്കിലും ഒരു കുറവ് ഞാൻ വരുത്തീട്ടുണ്ടോ..നിന്റെ അച്ചനും അമ്മയും ഉണ്ടല്ലോ ഇവിടെ .. എന്തേലും കുറവ് വരുത്തീട്ടുണ്ടേൽ അവർക്കും പറയാം..
ഇല്ല.. ഒരിക്കലും ഞങ്ങൾ ഉണ്ണിയെ കുറ്റം പറയൂല്ല.. ഉണ്ണി ഞങ്ങൾക്ക് മരുമോനെ പോലെ അല്ലായിരുന്നു.. മകനെ പോലെയാ അവനെ ഞങ്ങൾ നോക്കിയെ ..അവൻ ഞങ്ങളേയും അങ്ങനാ നോക്കിയെ .. എന്തിനും ഏതിനും മുന്നിൽ ഉണ്ടാവും.. അവനാകെ ചെയ്ത തെറ്റ് എന്റെ മോളെ ഞങ്ങൾ വിശ്വസിച്ച പോലെ അവനും വിശ്വസിച്ചു.. ഓവറായി സ്നേഹിച്ചു.. മറ്റൊരു തെറ്റും ഞങ്ങൾക്ക് പറയാനില്ല...
എനിക്ക് അറിയാനുള്ളതും പറയാനുള്ളതും കഴിഞ്ഞു.. ഇവളും ഇവളുടെ അച്ചനും പറഞ്ഞത് എല്ലാരും കേട്ടല്ലോ.. കുഞ്ഞിനെ എനിക്ക് തരാമെന്ന് അവൾ പറഞ്ഞതാണു.. അതും എല്ലാരും കേട്ടതാണു.. എനിക്കൊരു ഡിമാന്റ് മാത്രമേയുള്ളൂ..ഡിവോർസ്സ് പേപ്പർ റെഡിയാക്കുമ്പോ അതിന്റെ കൂടെ കുഞ്ഞിന്റെ പേരിൽ ഇവൾക്ക് ഒരു അവകാശവുമില്ല എന്ന് കൂടി ചേർക്കണം.. നാളെ കുഞ്ഞിനു അവകാശം പറഞ്ഞ് വരരുത്.. എന്ത് പറയുന്നു ??
സമ്മതം.. കുഞ്ഞിന്റെ പേരിൽ അവകാശം പറഞ്ഞ് ഞാൻ വരില്ല.. അത് എവിടെ വേണേലും ഒപ്പിട്ട് തന്നേക്കാം
അപ്പോ എല്ലാം പറഞ്ഞ് തീർത്തല്ലോ.. ബാക്കി കാര്യങ്ങളൊക്കെ ഏർപ്പാടാക്കാൻ ഞാൻ ഒരു വക്കീലിനെ ഏർപ്പാടാക്കാം.. ഈ പ്രശ്നം ഇവിടെ തീർന്ന്.. ഇതിന്റെ പേരിൽ ഇനി ഒന്നും ഉണ്ടാവാൻ പാടില്ല.. ഡിവോർസ്സ് പേപ്പറിന്റെ കൂടെ കുഞ്ഞിന്റെ കാര്യത്തിൽ ഇനി ഇവൾക്ക് യാതൊരു അവകാശവൂല്ലാന്നുള്ള കാര്യവും ഉണ്ടാവും..കൂടാതെ ഞാനല്ലേ എം എൽ എ....ഞാൻ സാക്ഷിയാണല്ലോ.. അത് പോരേ.. അച്ചൂന്റേയും മണിയുടേയും കല്ല്യാണം പാർട്ടി ഓഫീസിൽ വെച്ച് നടത്താനാ തീരുമാനം.. ഡിവോർസ്സ് കിട്ടിയതിന്റെ പിറ്റേന്ന്..
അന്നത്തെ ദിവസം തന്നെ എന്റെ രണ്ടാമത്തെ മോളായാ ചിന്നുവിന്റെയും..എന്റെ മകളായിരുന്ന അച്ചുവിന്റെ ആദ്യ ഭർത്താവ് ഉണ്ണിയുടേയും കല്ല്യാണമായിരിക്കും.. ഇവിടെ കൂടിയ എല്ലാരെയും അന്നത്തെ ദിവസം എന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നു.. എം എൽ എ ക്ക് സമയം കിട്ടുവാണേൽ വരണം കേട്ടോ....
അവളുടെ അച്ചൻ അത് പറഞ്ഞപ്പോ ഒന്ന് ഞെട്ടി ഞാൻ... വേണ്ടാ ശരിയാവില്ല എന്ന് പറയണമെന്നുണ്ടാരുന്നു.. എല്ലാരുടെയും മുഖത്ത് വന്ന സന്തോഷം കണ്ടപ്പോ എനിക്കതിനി കഴിഞ്ഞില്ല .. ചിന്നുവിന്റെ മുഖത്ത് നോക്കിയപ്പോ അവൾ കണ്ണടച്ച് സമ്മതമെന്ന് അറിയിക്കുകയായിരുന്നു..
അവൾക്ക് കൊടുക്കാൻ ഇതിലും നല്ലൊരു പ്രതികാരം ഇല്ലെന്ന് എല്ലാർക്കും തോന്നിയത് കൊണ്ടാവണം ഞാൻ ഒന്നും മിണ്ടാതെ സമ്മതം എന്നറിയിച്ചു...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക