Slider

കുടുംബമെന്ന ശ്രീകോവിൽ

0

അച്ഛൻ : പ്രാരാബ്ധങ്ങൾക്ക് നടുവിൽ അമ്മയെ സ്നേഹിക്കാൻ മറന്നുപോയ അച്ഛൻ. വാത്സല്യം തുളുമ്പുന്ന വാക്കുകൾ പറയാനറിയാതെ നിഷ്കളങ്കമായ മനസ്സോടെ എല്ലാ ഭാരങ്ങളും ചുമലിലേറ്റി ജീവിക്കാൻ മറന്നു പോയ അച്ഛൻ. ജീവിതം കുടുംബത്തിനും മക്കൾക്കും ഉഴിഞ്ഞു വെച്ച് സന്തോഷമെന്തെന്നറിയാതെ കൊച്ചു മക്കളിൽ കൊഴിഞ്ഞു പോയ ബാല്യം കണ്ടെത്തുന്ന അച്ഛൻ.......
അമ്മ : മനസ്സെന്ന മാന്ത്രിക ചെപ്പിന്‍റെ താക്കോൽ ഇന്നും തിരയുന്നൊരമ്മ, സ്നേഹമേറെയുണ്ടെങ്കിലും നെഞ്ചോടു ചേർത്തൊരുമ്മ തരാൻ മറന്നു പോയോരമ്മ. ബാല്ല്യവും കൗമാരവും യൗവ്വനവും വാത്സല്യവും സ്നേഹവുമറിയാതെ വർഷങ്ങൾ കൊഴിഞ്ഞു പോയപ്പോഴും ദാമ്പത്യമെന്ന കുരുക്കിൽ മനസ്സിടറിയെങ്കിലുമമ്മയായ് ജീവിതം മുന്നോട്ടു നയിച്ചിട്ടുമിന്നും പടിവാതിൽ ചാരാതെ എന്തിനോ ആരെയോ കാത്തിരിപ്പുണ്ടമ്മ.......
കൂടപ്പിറപ്പ്: അടിയും തൊഴിയും വഴക്കുമായ് പൊട്ടിച്ചിരികളും കളിയുമായ് കൊഴിഞ്ഞു പോയ ബാല്യം, എന്നുമുണ്ട് താങ്ങും തണലുമായ് കൂടെ...
ഭർത്താവ് : അച്ഛനായ് അമ്മയായ് സുരക്ഷിതത്വവും സ്നേഹവും ഏറെ നൽകി മരണം വരെ കാത്തോളാമെന്ന വാഗ്ദാനം നിറവേറ്റുമ്പോഴും മരണത്തിലും വേർപിരിയാതിരിക്കാനായ് ഒരു തുണ്ട് ഭൂമി മാറ്റിവെച്ചിരിക്കുന്നവൻ .
മക്കൾ : ദുഖങ്ങളും പ്രശ്നങ്ങളും ആ ചിരി മുത്തുകളിൽ അലിഞ്ഞില്ലാതാകും, കുട്ടിക്കുറുംബുകളും വാശികളും പിണക്കങ്ങളും ജീവിതത്തിന്‍റെ മാധുര്യം കൂട്ടുന്നു. ചില നേരങ്ങളിൽ അമ്മയായും സുഹൃത്തായുമൊരു താങ്ങായ് പുറകിലുണ്ടാകും എൻ പൊന്നു മകൾ .
അമ്മായി അച്ഛൻ : നർമ്മവും കവിതയുമായ് നിമിഷം കൊണ്ട് കോപം നുരയുന്ന നാവുമായിരിപ്പുണ്ടൊരു സട കൊഴിഞ്ഞ സിംഹം.
അമ്മായി അമ്മ: കുശുമ്പും കുന്നായ്മ്മയും ദേഷ്യവും കൈ മുതലായുണ്ടെങ്കിലും അകതാരിലെവിടെയോ സ്നേഹവും നന്മയും ഒളിച്ചു വെച്ചിട്ടുണ്ട് വീടിന്റെ ഈ നെടുംതൂണ്‍.
വീട് : വർണ്ണ ശലഭങ്ങൾ പാറിപ്പറന്നു നിറപ്പകിട്ടേകിയ ചുമരുകളിൽ കളിചിരി കൊഞ്ചലുകളും പൊട്ടിച്ചിരികളും തേങ്ങലും പ്രതിധ്വനിക്കുമ്പോഴും സ്വപ്‌നങ്ങൾ നെയ്യുന്നുണ്ട് ഒരു കൊച്ചു കിളിക്കൂടിനായ്, ഞങ്ങളുടെ സ്വന്തം സ്വർഗത്തിനായ്.
സുഹൃത്ത്‌ : എന്നിലെ എന്നെ കണ്ടെടുത്തു മാറ്റുരച്ചു തിളക്കം കൂട്ടി ഏതോ മുജന്മ ബന്ധമെന്ന പോൽ ജീവിതത്തിലേക്ക് ചോദ്യോത്തരങ്ങളില്ലാതെ കയറി വന്ന് എന്നുമൊരു തുള്ളി മുത്തെങ്കിലും മിഴികൾക്കു സമ്മാനിക്കുന്ന പെയ്തൊഴിയാത്ത മഴ.
ഞാൻ : പുറമേ പരുക്കയെങ്കിലും അകമേ സ്നേഹവും ആത്മാർഥതയും നിറഞ്ഞവൾ, എങ്കിലും ഏവരിൽ നിന്നുമൊളിച്ചു മനസ്സെന്ന കാണാക്കയത്തിൻ കുരുക്കിൽപ്പെട്ട് ദിക്കറിയാതെ മുൻപോട്ടുള്ള വഴിത്താരയിലൂടെ മിഴികളടച്ചു നടക്കുന്നവൾ.
*******************
***രേഷ്മ***
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo