ബാഗ്ലൂർ റയിൽവേസ്റ്റേഷനിലെ ചാരുബെഞ്ചിൽ നാട്ടിലേക്കുള്ള ട്രെയിൻ കാത്തിരിക്കുകയാണ് ഉണ്ണിമായ . അവൾ വാച്ചിലേക്ക് നോക്കി ട്രെയിൻ വരാനുള്ള സമയമായി .ദൂരത്തുനിന്നും തീവണ്ടിയുടെ മുരൾച്ച കേൾക്കാം. ഓടിത്തളർന്ന പോരാളിയെപോലെ കിതച്ചുകൊണ്ട് അതുമെല്ലെ ഒന്നാംനമ്പർ ഫ്ലാറ്റ്ഫോമിൽ ചെന്നുനിന്നു .നിമിഷങ്ങൾക്കകം ഉറുമ്പിൻ കൂട്ടങ്ങൾപോലെ അളുകൾ അതിനു ചുറ്റും കൂടി. കൈയ്യിൽ തൂക്കിപ്പിടിച്ച ബാഗുമായി അവൾ ആളുകളുടെ ഇടയിലൂടെ തിക്കിത്തിരക്കി ജനറൽ കംപാർട്ട്മെന്റിലേക്ക് കയറി ജനലിനരികിലുള്ള സീറ്റിലേക്ക് അവൾ തളർന്നിരുന്നു.
യാത്രക്കാരുടെ തിരക്ക് കൂടിവരുന്നു .ചായവിൽപനക്കാരും ഓറഞ്ചുവിലപ്പനക്കാരും ഓടിനടന്നു വിൽപന നടത്തുന്നു .ജീവിക്കാനുള്ള നെട്ടോട്ടത്തിലാണ് എല്ലാവരും വാടിത്തളർന്ന മുഖവുമായി ഒരു കൊച്ചു കുട്ടി തലയിൽ ഓറഞ്ചുകുട്ടയുമേന്തി കയറി വന്നു .
‘’ഓറഞ്ചുബേക്കാ അക്കാ??? ഒന്തുകിലോക്കെ ആയിവത്തുറുപയ് തെകതുകൊള്ളി അക്കാ’’
അവളുടെ മുഖത്ത്നോക്കി അവൻ കെഞ്ചിക്കൊണ്ട് പറഞ്ഞു . അവൾക്ക് സഹതാപം തോന്നി . നന്ദുവിന്റെ പ്രായം മാത്രമേയുള്ളൂ ആ കുട്ടിക്കും അവൾ ബാഗുതുറന്ന് രൂപ എടുത്ത് അവനുനേരെ നീട്ടി .
‘’ഒന്തു കിലോ കൊടി’’
പ്ലാസ്റ്റിക് സഞ്ചിയിലേക്ക് ഓറഞ്ചു നിറച്ച് അവൾക്കു കൊടുത്തു ഒപ്പം മനസുനിറഞ്ഞ ഒരു പുഞ്ചിരിയും നൽകികൊണ്ട് അവൻ ഓടിമറഞ്ഞു.ഒന്നാംനബർ ഫ്ലാറ്ഫോമിൽനിന്നും മുരൾച്ചയോടെ ട്രെയിൻ മെല്ലെ നീങ്ങിത്തുടങ്ങി. അപ്പോഴാണ് വെളുത്ത്മെലിഞ്ഞ ആപെൺ കുട്ടി അവളുടെ മുമ്പിലെ ഒഴിഞസീറ്റിൽ വന്നിരുന്നത്.
ജനലഴികളിലൂടെ വിദൂരതയിലേക്ക് കണ്ണുപായിച്ചിരിക്കുമ്പോൾ ഉണ്ണിമായയുടെ മനസുമുഴുവനും അമ്മയുടെ മുഖമായിരുന്നു .
'' ഇപ്രാവിശ്യം ഓണംവരെ കാത്തുനിൽക്കേണ്ട നേരത്തെ വരണം ഉണ്ണ്യേ തളിയിലെ കൃഷ്ണൻറെഅമ്പലത്തിൽ ഉത്സവം ആയില്ല്യേ .നിന്റെ പേരിലൊരു തുലാഭാരം നേർന്നിട്ടുണ്ട് ഞാൻ.’’ അമ്മയുടെ തളർന്നശബ്ദം കാതിൽ പതിഞ്ഞപ്പോൾ അവൾ വല്ലാതെസങ്കടപ്പെട്ടു.അമ്മയ്ക്ക് വയ്യാണ്ടായി കുട്ട്യേ ന്റെ കണ്ണടയും മുമ്പ് നിന്റെ കല്യാണംനടന്നുകണ്ടാൽ മതി. ആ നഗരത്തിലെ ജോലിമതിയാക്കി നീ ഇവിടെവന്നുനിൽക്ക് ഉണും ഉറക്കവും ഇല്ലാതെ നീ ഇങ്ങനെ കഷ്ട്ടപെടുന്നത് കാണാൻ ഇനി അമ്മയ്ക്ക് വയ്യ.’’ കല്യാണ- പ്രായംകഴിഞ മകളെ ഓർത്തുള്ള ഉൽക്കണ്ഠ അമ്മയുടെ വാക്കുകളിൽ എപ്പോഴും പ്രതിധ്വനിച്ചിരുന്നു.
ബാഗ്ലൂരിലെ പ്രശസ്തമായ ആശുപത്രിയിലെ നേഴ്സാണ് ഉണ്ണിമായ. അഞ്ഞുവർഷത്തോളമായി അവളാനഗരവുമായി കൂട്ടുകൂടിയിട്ട്. നഗരത്തിലെ തിരക്കിൽ അലിഞ്ഞുചേരാൻ അവളൊരിക്കലും ആഗ്രഹിച്ചിരുന്നില്ല പക്ഷെ അന്ന് സാഹചര്യം അങ്ങനെയായിരുന്നു ഇപ്പോൾ സാമ്പത്തികമായി മെച്ചപ്പെട്ടു. നാട്ടിലെ നാലുകെട്ടും, അമ്പലവും, പാടങ്ങളും, പുഴയുമൊക്കെ ഇഴചേർന്ന ഗ്രാമീണജീവിതം കൊതിച്ച് അവളാനഗരത്തിനോട് യാത്രപറഞ്ഞു പോകുകയാണ്എന്നെന്നേയ്ക്കുമായി. എനിയൊരു തിരിച്ചുവരവ് അവളൊട്ടും ആഗ്രഹിക്കുന്നില്ല.
തീവണ്ടിയുടെ ചലങ്ങൾ വേഗത്തിലായി. നഗരത്തിലെ വലിയവലിയ കെട്ടിടങ്ങളും കടന്ന്കണ്ണെത്താദൂരത്തുള്ള പാടങ്ങളും, പുഴകളും കടന്ന് ട്രെയിൻ കുതിച്ചുപായുന്നു. ഒരു നിമിഷത്തിൽ അപ്രത്യക്ഷമാകുന്ന കാഴ്ചകൾ. മറ്റൊരുനിമിഷത്തിൽ പ്രത്യക്ഷമാകുന്ന പുതുകാഴ്ചകൾ. ഇനി ഏതുകാഴ്ചകളാണ് കണ്ണിലുടക്കുക എന്ന്പ്രവചിക്കാനാവാതെയുള്ള യാത്ര ജീവിതംപോലെതന്നെ വിചിത്രമാണെന്ന് അവൾക്കു തോന്നി. ചിന്തയിൽനിന്നും തെല്ലോന്നുണർന്നവളുടെ കണ്ണുകൾ തന്റെമുമ്പിലിരിക്കുന്ന ആപെൺകുട്ടിയിൽ ഉടക്കിനിന്നു.കണ്ടാൽ പതിനാറോ, പതിനേഴോ വയസുമാത്രമേ പ്രായമുള്ളൂ പാറിപറന്ന മുടിയിഴകൾ ,വിഷാദം നിഴലിക്കുന്ന മുഖഭാവം വിദൂരതയിലേക്ക് മിഴികളൂന്നിരിക്കുന്ന അവളുടെ കണ്ണുകൾ പെയ്യാൻ- വിതുമ്പി നില്ക്കുന്ന മേഘങ്ങൾപോലെ. കൺകോണിൽ തളംകെട്ടി നില്ക്കുന്ന കണ്ണുനീർ മഴത്തുള്ളികൾപോലെ താഴേക്കു പതിച്ചു.ഉണ്ണിമായ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ അവൾ പെട്ടന്ന് മുഖം തിരിച്ചു. ആ പെൺകുട്ടി വല്ലാതെ അസ്വസ്ഥതയാണെന്ന് അവൾക്കു തോന്നി. ഇടയ്ക്കിടെ ഡയറിയിൽ എന്തൊക്കെയോ കുത്തിക്കുറിക്കുന്നത് കാണാം.
സമയം കടന്നുപോയ്ക്കൊണ്ടിരുന്നു പുറത്ത് പകൽരാത്രിക്ക് വഴിമാറി കൊടു ത്തുതുടങ്ങിയിരിക്കുന്നു .അങ്ങുദൂരെ പടിഞ്ഞാറിൽ സുര്യന്റെ ചുംബനമേറ്റ് ആകാശം നാണത്താൽ ചുവന്നുതുടു ത്തിരിക്കുന്നു. ട്രയിനിലെ യാത്രക്കാർ കുറഞ്ഞുവരാൻ തുടങ്ങി. ജനലിലൂടെ അകത്തേക്ക് അരിച്ചിറങ്ങുന്ന തണുത്തകാറ്റ്. ഉണ്ണിമായുടെ കണ്ണുകൾ അറിയാതെ അടഞ്ഞുപോയി .
അടക്കിപ്പിടിച്ച കരച്ചിൽ കേട്ടാണ് ഉണ്ണിമായ കണ്ണുതുറന്നത്. അവളുടെ തൊട്ടു മുന്നിലിരിക്കുന്ന ആപെൺകുട്ടി കുനിഞ്ഞിരുന്നു കരയുന്നു. ഉണ്ണിമായ അവളുടെ അടുത്തുള്ള ഒഴിഞ്ഞസീറ്റിലേക്ക് മാറിയിരുന്നു.
‘’കുട്ടിയെന്തിനാ കരയണെ എന്താ പറ്റ്യേ’’????
‘’ഒന്നൂല്യ അവൾ പെട്ടന്ന് കണ്ണുതുടച്ചു’’
‘’എന്താ കുട്ടിടെ പേര്’’???
‘’ശാലിനി ‘’…………. അവൾ മുഖമുയർത്താതെ പറഞ്ഞു .
‘’കുട്ടിക്ക് ഏതു സ്റ്റേഷനിലാ ഇറങ്ങേണ്ടത്. ????’’
‘’പാലക്കാട്’’
‘’ഞാൻ കുറെസമയമായി കുട്ടിയെ ശ്രദ്ധിക്കുന്നു മനസിനുള്ളിൽ എന്തോ വല്ലാത്ത സങ്കടമുണ്ടല്ലെ .എന്നോട് പറയാൻ പറ്റിയതാണോ?? മനസിലുള്ള സങ്കടങ്ങൾ ആരോടെങ്കിലും പറഞ്ഞാൽ ഭാരം കുറച്ചുകുറഞ്ഞു കിട്ടും.’’
അവൾ ഉണ്ണിമായയെ തുറിച്ചു നോക്കി .
‘’എന്റെ പേര് ഉണ്ണിമായ കുട്ടി എന്നെ മായേച്ചി എന്നുവിളിച്ചോളൂ. ട്രെയിനിനകത്തെ കനത്ത നിശബ്ദതയെ ഭഞ്ജിച്ചു ഉണ്ണിമായ അവളോടോരോന്നു ചോദിച്ചുകൊണ്ടിരുന്നു .അവളുടെ മുഖത്തുള്ള പിരിമുറുക്കം ചെറുതായി അയഞ്ഞു .ഉണ്ണിമായയുടെ നിർബന്ധത്തിനോടുവിൽ അവസാനം അവൾ മനസുതുറന്നു.
‘’പാലക്കാടാണ് നാട് ബാഗ്ലൂരിലെ കോളേജിൽ എങ്ങിനീയിറിങ്ങിനു പഠിക്കുന്നു .അച്ഛനും അമ്മയും പിന്നെ ഒരനിയനും അടങ്ങുന്ന കുടുംബം അവർക്ക് രണ്ടുപേർക്കും ജോലിയുണ്ട്. നാടുംവീടും വിട്ടു ഈ നഗരത്തിലെ കോളേജിൽ പഠിക്കാൻ എനിക്ക്ഒട്ടും താല്പര്യമില്ലായിരുന്നു. അവസാനം അച്ഛനമ്മമാരുടെ നിർബന്ധത്തിനു സമ്മതംമൂളി .താമസം കോളേജിനടുത്തുതന്നെയുള്ള ഹോസ്റ്റലിൽ .ആദ്യമൊക്കെ ഒന്നും കുഴപ്പമില്ലായിരുന്നു ആ നഗരജീവിതവുമായി പൊരുത്തപ്പെട്ടുപോവാൻ തുടങ്ങിയതാണ്.ആസമയത്താണ് ഹോസ്റ്റലിൽ പുതുതായി ഒരു പെൺകുട്ടി വന്നത് അവളുടെ അച്ഛനും, അമ്മയും വിദേശത്താണ് കൈയ്യിൽ ഇഷ്ട്ടം പോലെ പണം,കുത്തഴിഞ്ഞ ജീവിതം ,ആരെയും കൂസാത്ത പ്രകൃതം അതൊക്കെസഹിക്കാം അതെല്ലാം അവളുടെ ഇഷ്ട്ടം പക്ഷെ’’ ............... അവൾ പറഞ്ഞുനിരത്തി .പുറത്തേക്കുവന്ന കരച്ചിൽ നിയന്ത്രിക്കാൻ അവൾ നന്നേപാടുപെടുന്നുണ്ടായിരുന്നു .
‘’എന്നിട്ട് ഏതാപറ്റിയേ?? ഉണ്ണിമായ ജിജ്ഞാസയോടെ ചോദിച്ചു’’.
അവളുടെ പെരുമാറ്റം വല്ലാത്തവിചിത്രമായിരുന്നു ചേച്ചി. ... ഒരു പെൺകുട്ടിയെപോലെയല്ല അവളെന്നോട് പെരുമാറിയത്.ആദ്യമൊക്കെ അതെന്റെ തോന്നലാവാം എന്നുവിചാരിച്ചു .ഒരുദിവസം മറ്റുരണ്ടു കുട്ടികളില്ലാത്ത സമയത്ത് അവളെന്നെബലമായി കട്ടിലിലേക്ക് വലിച്ചിട്ടു. എന്നിലേക്ക് അടുത്തുവരുന്ന അവളുടെ ശ്വാസനിശ്വാസങ്ങൾ. മേൽച്ചുണ്ടിലും,നെറ്റിയിലും പൊടിഞ്ഞ വിയർപ്പുതുള്ളികൾ അവളുടെ കണ്ണുകളിൽനിറഞ്ഞ പാരുഷ്യത്തിന്റെ തീഷ്ണത ഞാൻ കണ്ടു. അവളെ ശക്തമായി തള്ളിയിട്ടു ഓടി അടുത്ത മുറിയിൽ അഭയംപ്രാപിച്ചു.’’ അതും പറഞ്ഞ് അവൾ എങ്ങിയേങ്ങി കരഞ്ഞു .
‘’കരയല്ലേ കുട്ടി ഇങ്ങനെയുള്ള സമയങ്ങളിലല്ലേ നമ്മൾ ധൈര്യം കൈവരിക്കേണ്ടത്.ഒന്നിടറിപോയാൽ പിന്നെ വീണുപോകും.കുട്ടിക്ക് ഹോസ്റ്റലിൽ പരാതി നൽകാമായിരുന്നില്ലെ അല്ലെങ്കിൽ അച്ഛനമ്മമാരോട് എല്ലാം തുറന്നു പറയണം.’’
‘’ഇല്ല മായേച്ചി ഇത് വീട്ടിൽ പറയാനുള്ള ധൈര്യം എനിക്കില്ല പറഞ്ഞാൽ തന്നെ അവരതു വിശ്വാസിക്കോ ഇവിടെ പഠിക്കാൻ. .ഇഷ്ട്ടമില്ലാത്തതുകൊണ്ടാണ് ഞാൻ ഇങ്ങനെയൊക്കെ പറയുന്നത് എന്നവർ കരുതും.എനിക്കാ നഗരത്തിലേക്ക് ഇനിതിരിച്ചു പോകേണ്ട. ആ ഓർമ്മകൾ എന്നെ ഭ്രാന്ത്പിടിപ്പിക്കുന്നു .അവരെന്നെ തിരിച്ചുപോകാൻ നിർബന്ധിച്ചാൽ ഞാൻ പിന്നെജീവിച്ചിരിക്കില്ല അവൾ പിറുപിറുത്തു .
ഉണ്ണിമായ അവളെ കുറെ ഉപദേശിച്ചെങ്കിലും അതവൾക്ക് പൂർണ്ണമായ ആശ്വാസം നല്കിയില്ല. .ട്രെയിൻ പാലക്കാട് സ്റെഷനിൽ എത്താറായി ശാലിനി ബാഗുമെടുത്ത് ഇറങ്ങാൻ തയ്യാറായിനിന്നു.
‘’വീട്ടീന്നു ആരുവന്നിട്ടുണ്ടാകും കുട്ടിയെ കൊണ്ടുപോകാൻ .????’’
‘’ആരുംവരില്ല ഞാൻ വരുന്ന കാര്യം അവരെ അറിയിച്ചില്ല. ‘’
‘’നേരം വൈകിയില്ലേ കുട്ട്യേ എങ്ങനാ തനിച്ചുപോണെ’’.
‘’പതിനഞ്ചുമിനിറ്റ് നടന്നാവീടെത്താം .കിട്ടിയാൽ ഞാൻ ടാക്സി പിടിച്ചു പോയ്ക്കൊളളാം.’’അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു .ട്രെയിൻ ഒരു മുരൾച്ചയോടെ സറ്റെഷനിൽ ചെന്നുനിന്നു.ശാലിനി ബാഗുംതൂക്കി ഉണ്ണിമായയോട് യാത്ര പറഞ്ഞു. ‘’വരട്ടെ മായേച്ചി യോഗമുണ്ടെങ്കിൽ എവിടെയെങ്കിലുംവെച്ചുകാണാം’’.
ആ നിമിഷത്തിൽ ഉണ്ണിമായയുടെ മനസൊന്നുപിടഞ്ഞു .അവൾ നടന്നു പോകുന്നത് മരണത്തിലേക്കോ അതോ ജീവിതത്തിലേക്കോ തിരിച്ചു വിളിക്കാൻ അവളുടെ മനസൊന്നുവെബി പക്ഷെ വാക്കുകൾ തൊണ്ടയിലെ തടവറയിൽ ബന്ധിക്കപ്പെട്ടു.മനസ് യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാൻ ശ്രമിക്കുന്ന നിമിഷത്തിൽ ചിലപ്പോൾ നഷ്ട്ടമാകുന്നത് ഒരു ജീവനായിരിക്കും നാളെ റയിൽപാളത്തിൽ അവളുടെ ചിതറിയ ശരീരം വാർത്തകളിൽ നിറഞ്ഞാൽ,എല്ലാമറിഞ്ഞിട്ടും അവളെ മരണത്തിനു വിട്ടുകൊടുത്തത്തിനു മനസുകൊണ്ട് ഞാനൊരു കുറ്റവാളിയാകും.സമചിത്തത കൈവരിച്ചു ബാഗുംഎടുത്തു അവൾ ട്രെയിനിൽ നിന്നും ഓടിയിറങ്ങി. ഇരുളിലേക്ക് അവൾ അകലുംമുമ്പ് ഒരുപ്രകാശമായി ഉണ്ണിമായ അവളുടെ കരംകവർന്നു. ആ നിമിഷത്തിൽ അവരെ തഴുകിപ്പോയ പാലക്കാടൻകാറ്റിന് സ്നേഹത്തിന്റെ സുഗന്ധമായിരുന്നു .
By: Jayalakshmi Ayyappan

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക