Slider

ബ്ലാക്ക് തണ്ടർ

0

കേരളത്തിൽ വാട്ടർ തീം പാർക്കുകൾ ഇന്നത്തെപ്പോലെ മുളച്ച് പൊന്തുന്നതിന് മുമ്പ് ഞങ്ങൾ,മലപ്പുറം ഭാഗത്തുള്ള ആളുകൾ വെള്ളത്തിൽ ചാടി അർമാദിക്കാൻ പോയിരുന്ന സ്ഥലമായിരുന്നു മേട്ടുപ്പാളയം ബ്ലാക്ക് തണ്ടർ വാട്ടർ തീം പാർക്ക്. ഒഴിവു ദിവസങ്ങളിലും ആഘോഷാവസരങ്ങളിലും അവിടെ കൂടുതൽ എത്താറുണ്ടായിരുന്നത് മലയാളികളായിരുന്നു.
അങ്ങനെ ഒരു പെരുന്നാൾ ദിവസം ഞങ്ങളും അവിടേക്ക് പോകാൻ തീരുമാനിച്ചു.
ആറു പേർ മൂന്ന് ബൈക്കുകളിലായി പോകാനായിരുന്നു പ്ലാൻ. പള്ളിയിൽ നിന്നിറങ്ങി വീട്ടിലുണ്ടാക്കിയ കോഴി ബിരിയാണിയും പായസവുമൊക്കെ വയറു നിറയെ കഴിച്ച് വീട്ടിൽ നിന്നിറങ്ങി.
മൊബൈലൊന്നും അത്ര പ്രചാരത്തിലല്ലാതിരുന്ന അന്നത്തെക്കാലത്ത് യാത്ര പുറപ്പെടാനായി മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്തേക്ക് എല്ലാവരുമെത്തി. ബൈക്കുകൾ റെഡി.ഒരാളെ മാത്രം കാണാനില്ല. ബഷീർ.കുറെ നേരത്തെ കാത്തിരിപ്പിന് ശേഷം ഞങ്ങൾ അവനെ തിരഞ്ഞിറങ്ങി. അങ്ങാടിയിലൊന്നും കാണാഞ്ഞതുകൊണ്ട് നേരെ അവന്റെ വീട്ടിലേക്ക് വെച്ചുപിടിച്ചു.
അവിടെയെത്തി നോക്കുമ്പോഴതാ ബിരിയാണിയും കഴിച്ച് കാലിൻമേൽ കാലും കയറ്റിവെച്ച് പല്ലിൽ കുത്തിക്കളിച്ച് ബഷീർ ഇരിക്കുന്നു.
"നീയെന്തു പണിയാ ബഷീറെ കാണിച്ചെ. പത്ത് മണിക്ക് പോകണമെന്ന് നേരത്തെ തീരുമാനിച്ചുറപ്പിച്ചതല്ലെ. എന്തേ ഇറങ്ങാത്തത്.പെട്ടെന്നിറങ്ങ് ".
ഞങ്ങൾ അവനോട് പറഞ്ഞു.
ഇത് കേട്ട് കസേരയിൽ നിന്നെണീറ്റ് മുറ്റത്ത് നിൽക്കുകയായിരുന്ന ഞങ്ങളുടെയടുത്തെത്തി എന്റെ ചെവിയിൽ അവൻ ഒരു സ്വകാര്യം പറഞ്ഞു.
"എടാ എന്റെ കൈയിൽ അഞ്ചിന്റെ പൈസയെടുക്കാനില്ല. ഇന്നലെ പ്രതീക്ഷിക്കാത്ത കുറെ ചെലവുകൾ വന്നു.അതു കൊണ്ടാ.... തൽക്കാലം നിങ്ങള് പൊയ്ക്കോളീ... "
ഇത് കേട്ട് ഞാൻ പറഞ്ഞു.
"ബഷീർ , പൈസയുടെ കണക്ക് നോക്കിയിട്ടാണൊ നമ്മളിതുവരെ ഓരോ സ്ഥലങ്ങളിൽ പോയിരുന്നത്? നീയൊരുങ്ങ്. നമുക്ക് പോകാം.പൈസയുടെ കാര്യമൊന്നും നീ അറിയണ്ട."
അങ്ങനെ മടിച്ചു മടിച്ചാണെങ്കിലും ഞങ്ങളുടെ നിർബന്ധത്തിന് വഴങ്ങി ബഷീർ ഡ്രസ് മാറ്റിയിറങ്ങി.
കൈയിൽ പൈസയില്ലാത്തതിന്റെ ഒരു കോംപ്ലക്സ് അവനുണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ഞങ്ങൾ അഞ്ചു പേരും തമ്മിൽ പറഞ്ഞുവെച്ചു.
അൽപം നേരം വൈകിയാണെങ്കിലും ഞങ്ങൾ ഊട്ടി ലക്ഷ്യമാക്കി നീങ്ങി. രാത്രി അവിടെ തങ്ങി പിറ്റേന്ന് രാവിലെ പാർക്ക് തുറക്കുമ്പോഴേക്കും അവിടെയെത്താമെന്നാണ് തീരുമാനം.
ഇടക്ക് കുറെ സ്ഥലങ്ങളിൽ നിർത്തി കാഴ്ചകളൊക്കെ കണ്ട് ഊട്ടിയിലെത്തിയപ്പോഴേക്കും ഇരുട്ടു പരന്നിരുന്നു. രാത്രിയവിടെ റൂമെടുത്തു.
കടുത്ത തണുപ്പ് വകവെക്കാതെ രാവിലെ തന്നെ ബൈക്കുകളുമായി മേട്ടുപ്പാളയം ലക്ഷ്യമാക്കി നീങ്ങി. ബ്ലാക് തണ്ടറിൽ കയറാനൊരുങ്ങിയപ്പോഴും ബഷീർ പിന്നാക്കം വലിഞ്ഞു.
"എന്റെ കൈയിൽ പൈസയില്ലാതെ... നിങ്ങളിപ്പോ തന്നെ എനിക്ക് വേണ്ടി കുറെ ചെലവാക്കി. ഇനി വേണ്ട. ഞാനിവിടെ പുറത്ത് നിന്നോളാം."
കുറെ ബുദ്ധിമുട്ടി അവനെയൊന്നതിന്റെ ഉള്ളിൽ കയറ്റാൻ. പല പല റൈഡുകളിലും കയറി ആകെ ഇളക്കി മറിക്കുകയാണ് ഞങ്ങൾ. ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് വെള്ളത്തിലേക്കിറങ്ങിയത്. പൂളിലെ കൃത്രിമ തിരമാലകളിൽ ചാടിയും മറിഞ്ഞുമൊക്കെ പല പല കലാപരിപാടികൾ നടത്തുകയാണ് ഞങ്ങൾ. ബഷീറും എല്ലാം വളരെ നന്നായി തന്നെ ആസ്വദിക്കുന്നുണ്ട്.
പെൺപിള്ളേര് കുളിക്കുന്നയിടങ്ങളിൽ നേരിയ ട്രാഫിക് ബ്ലോക്ക് അനുഭവപ്പെടുന്നുണ്ട്. എങ്കിലും പലരും ആ തിരക്കിനിടയിലൂടെ പല പല തടസങ്ങളും വകഞ്ഞു മാറ്റി അക്കരെ പോയി വന്നു.ഇതിനിടയിൽ ആരോ ചോദിക്കുന്നത് കേട്ടു
"ബഷീർ എവിടെ... അവനെ കാണുന്നില്ല"
മുങ്ങാംകുഴിയിട്ട് പെണ്ണുങ്ങളെ തോണ്ടുന്ന കൂട്ടത്തിൽ വരെ ബഷീറിനെ തിരഞ്ഞു. അതു വരെയുള്ള ഞങ്ങളുടെ മട്ടും ഭാവവുമൊക്കെ മാറി. നീന്തലറിയില്ലയെന്ന് വെള്ളത്തിലിറങ്ങുമ്പോൾ ബഷീർ പറഞ്ഞതോർത്തു.
ഒടുവിൽ പൂളിന്റെ ഒരു മൂലയിൽ മുങ്ങിപ്പൊങ്ങുന്ന ബഷീറിനെ ഞങ്ങൾ കണ്ടു. എല്ലാവരും പെട്ടെന്ന് അവിടെയെത്തി അവനെ വെള്ളത്തിൽ നിന്ന് പിടിച്ചുയർത്തി. പക്ഷേ അവൻ ഞങ്ങളുടെ പിടുത്തം വിടുവിച്ചുകൊണ്ട് വീണ്ടും വെള്ളത്തിലേക്ക് ഊളിയിടുകയാണ്.
ഞങ്ങൾക്കാകെ ഭയമായി. ഇനി പേടിച്ച് വെള്ളം കുടിച്ച് വല്ല മാനസിക പ്രശ്നവും.....
എല്ലാവരും കൂടി അവനെ ബലമായി പിടിച്ചു നിർത്തി.
"എന്താ ബഷീറെ നിനക്ക് പറ്റിയെ. ഞങ്ങളോട് പറയ്..."
ഒന്നും മിണ്ടാതെ ഞങ്ങളുടെ കണ്ണുകളിലേക്ക് അവൻ മാറി മാറി നോക്കി. പൊട്ടിക്കരച്ചിലിന്റെ വക്കിലെത്തിയ ബഷീർ ഒടുവിൽ കാര്യം പറഞ്ഞു.
"എന്റെ അയ്യായിരം രൂപ കാണാനില്ല.. "
ഞങ്ങൾ ഭയന്നത് തന്നെ സംഭവിച്ചു.കൈയിൽ അഞ്ചു പൈസയില്ലാതിരുന്ന ബഷീർ അയ്യായിരം രൂപ പോയി എന്ന് പറഞ്ഞ് വിലപിക്കുമ്പോൾ മനസിലാക്കാമല്ലോ മനസിന്റെ സമനില തെറ്റിയെന്ന്...
ഞങ്ങളവനെ പിടിച്ച് കരകയറ്റാൻ നോക്കിയെങ്കിലും അവൻ വരാൻ കൂട്ടാക്കുന്നില്ല.അവന് വെള്ളത്തിൽ കളഞ്ഞു പോയ അവന്റെ അയ്യായിരം രൂപ കിട്ടണമെന്ന വാശിയിലാണ്.
എന്ത് പറഞ്ഞ് സമാധാനാനിപ്പിക്കും.
" നിങ്ങളും കൂടെയൊന്ന് തിരഞ്ഞു നോക്കി "
അവൻ ദയനീയമായി ഞങ്ങളെ നോക്കി പറഞ്ഞു.
അതിന് ബഷീറെ നിന്റെ കൈയിൽ പൈസയൊന്നും ഇല്ലായിരുന്നല്ലൊ"
" ഉണ്ടായിരുന്നു. അയ്യായിരം രൂപാ ഉണ്ടായിരുന്നു."
അവനോട് എന്ത് പറയണമെന്നറിയാതെ ഞങ്ങൾ പരസ്പരം നോക്കവെ അവൻ വീണ്ടും അയ്യായിരത്തിന്റെ കാര്യം എടുത്തിടുകയാണ്.
" നാളെ വീട്ടിൽ അളിയനെ സൽക്കരിക്കണം. അതിന് വേണ്ടി കരുതിയ പൈസയാ. എന്തെങ്കിലും അത്യാവശ്യം വന്നാൽ എടുക്കാമെന്ന് കരുതി കൈയിൽ വെച്ചതാരുന്നു.വെള്ളത്തിലേക്കിറങ്ങിയപ്പോ ചുരുട്ടി ഒരു മഞ്ഞ റബർ ബാൻറിട്ട് ബർമുഡയുടെ പോക്കറ്റിലിട്ടതായിരുന്നു "
ഞങ്ങൾക്ക് വിശ്വാസം വന്നില്ല. കൈയിൽ കാശില്ലായെന്ന് പറഞ്ഞ് ദയനീയ ഭാവവുമായി പിന്നോട്ടടിച്ച് നിന്ന ബഷീറിന്റെ കയ്യിൽ അയ്യായിരമുണ്ടായിരുന്നെന്ന് പറഞ്ഞാൽ എങ്ങിനെ വിശ്വാസം വരും. ഏതായാലും അവനെ സമാധാനിപ്പിക്കാനായി ഞങ്ങൾ ഓരോരുത്തരും അങ്ങിങ്ങായി മുങ്ങാൻ തുടങ്ങി.പെട്ടെന്നതാ കുട്ടത്തിലൊരുവൻ ചുരുട്ടി മഞ്ഞ റബർ ബാൻറിട്ട നോട്ടുകളുമായി പൊങ്ങി വരുന്നു.അതെ ബഷീർ പറഞ്ഞ അതേ അയ്യായിരം. അവന്റെ മുഖം തെളിയുന്നത് കണ്ടു. അത് കുറച്ച് നേരമേ നീണ്ട് നിന്നുള്ളൂ.
പൈസ ഒളിപിച്ച് വെച്ച് ഞങ്ങളുടെ തണലിൽ നടന്നിരുന്ന ബഷീറിന് തന്റെ കൈയിലെ അയ്യായിരത്തിന്റെ വിവരം ഞങ്ങളുടെ മുന്നിൽ വെളിവാക്കേണ്ടി വന്നതിലുള്ള ചമ്മലായിരുന്ന അവന്റെ മുഖത്ത് പിന്നെ.അതൊന്ന് കാണേണ്ട കാഴ്ചയായിരുന്നു. അതിന് ശേഷമുണ്ടായ കാര്യങ്ങൾ നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ...
_______________________________
എം.പി.സക്കീർ ഹുസൈൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo