ചക്രവാളത്തിലെവിടെയോ മറഞ്ഞ സൂര്യൻ , ഉദിച്ച് വന്ന
ചന്ദ്രന് ചുറ്റുമായി വാരി വിതറിയ പോലെ തിളങ്ങുന്ന മുത്തുകൾ.ഭാനു അഴിയാറായ തന്റെ മുണ്ടിന്റെ തുമ്പ് ഒന്നുകൂടി മടക്കിക്കുത്തിയ ശേഷം വേഗത്തിൽ നടന്നു.ഭാർഗ്ഗവി തള്ളയുടെ വീടിന്റെ ഇടവഴിയും കടന്ന് തോടിന് കുറുകെ നാട്ടിയ തെങ്ങിൻ തടിയിൽ കാൽ വെച്ചപ്പോൾ വഴുവഴുപ്പുള്ളതായി അവർക്ക് തോന്നി. പ്രധാന വരമ്പിലേക്ക് കയറി ദൂരേക്ക് നോക്കിയപ്പോൾ അവൾക്ക് ആശ്വാസമായി .രാമൻ ചേട്ടൻ തന്റെ പീടിക അടച്ചിട്ടില്ല. എരിഞ്ഞ് തീരാറായ മണ്ണെണ്ണ വിളക്കിന്റെ പ്രകാശം ഒരു മിന്നാമിനുങ്ങിനെ പോലെ തിളങ്ങി നിൽക്കുന്നു. വയൽ വരമ്പിലെ വീതി കൂടിയ വഴിയുടെ അങ്ങേ തലയ്ക്കലാണ് രാമേട്ടന്റെ പീടിക .ഓടി കിതച്ച് വന്ന് ശ്വാസമെടുക്കുന്നതിനിടയിൽ ഭാനു പറഞ്ഞു.
"രാമേട്ടാ പറ്റൊന്ന് കൂട്ടിയ്ക്കേ" ഓ അത് കൂട്ടാനില്ല ഒന്നേകാലണ
"ഹാ ഇതാ രാമേട്ടാ പൈസ ''
കുമാരൻ ഇന്ന് പൈസ തന്നൂലേ - അതേ രാമേട്ടാ കയ്യോടെ വാങ്ങീലെ ആ ദ്രോഹി അത് നാളെ തരാന്ന് പറഞ്ഞ് കൊണ്ടു പോകും വീട്ടിലെ കുട്ടീടെ പട്ടിണി ആ നായ്ക്ക് അറിയേണ്ടാലോ ...
രാമേട്ടാ ഇരു നാഴി അരിയും കുറച്ച് വറ്റലും ഉപ്പും .കുട്ടിയവിടെ എന്റെ വരവും കാത്ത് ഇരിപ്പാണെ.. ഒന്നു വേഗത്തിലാക്കെ രാമേട്ടാ'.....
ചേർന്ന് നില്ക്കുന്ന തെങ്ങിൻ കൂട്ടത്തിനിടയിലെ വരമ്പിൽ കൂടി നേരെ ചെന്നാൽ കാണുന്നത് വിശാലമായ പാടമാണ്. വിളഞ്ഞ് നില്ക്കുന്ന നെൽക്കതിർ ചെറു കാറ്റിൽ അടുത്ത് നില്ക്കുന്ന കൂട്ടുകാരനെ തൊട്ട് തലോടുന്നുണ്ട്.
വയൽ വരമ്പിനോട് ചേർന്നുള്ള തോടിന്റെ കരയിലാണ് ഭാനുവിന്റെ കുടിൽ.കുടിലിന്റെ തിണ്ണയിൽ ഭാനുവിന്റെ മകൻ ആകാശത്തിൽ ഉദിച്ച് നിൽക്കുന്ന ചന്ദ്രനെ നോക്കിയിരിക്കയാണ്. ഇടയ്ക്കെന്തോ ഓർമ വന്ന പോലെ അവൻ അകത്തേക്ക് ഓടി മൂലയിൽ കൂട്ടിയിരുന്ന അടുപ്പിലെ വെള്ളം തിളച്ച് മറിയുകയാണ്.അമ്മ വന്നാലുടനെ അരി കഴുകിയിടണം. വയറ്റിനുള്ളിലെ ആളികത്തൽ മാറാൻ ആ 5 വയസുകാരനും അപ്പോൾ പച്ച വെള്ളം തന്നെയാണ് കുടിച്ചത്.
എന്നത്തേയും പോലെ ഈ ദിനവും അവൻ അമ്മയുടെ കൂടെ ജോലി സ്ഥലത്ത് നിന്നാണാരംഭിച്ചത്. കായലിൽ നിന്നും വാരിയ അഴുകിയ തൊണ്ടുകൾ അടിച്ച് മെതിച്ച് നാര് പറിച്ചെടുക്കുമ്പോൾ അവിടെ പരക്കുന്ന ദുഷിച്ച ഗന്ധം അവനും വളരെ പരിചിതമായിരുന്നു.പലപ്പോഴും അവൻ ഭാനുവിന്റെ കൈ മണത്ത് നോക്കിയിട്ട് പറയും. അയ്യേ... അമ്മയുടെ കൈയിൽ എന്തൊരു മുഷിടാണ്, അപ്പോൾ ഭാനു പറയും മോനേ ഈ
മുഷിടിന്റെ വിലയാണ് നിന്റെ വിശപ്പകറ്റുന്നതെന്ന്.
രാമേട്ടന്റെ പീടികയിൽ നിന്നും സാധനങ്ങളുമായി ഇറങ്ങിയപ്പോൾ നേരം ഇരുട്ടിയിരുന്നു. കുറച്ച് നടന്നകന്നപ്പോൾ ആണ് മണ്ണെണ്ണയുടെ കാര്യം ഭാനു ഓർത്തേ പിന്നെ ഭാർഗ്ഗവി തള്ളയുടെ വീട്ടിൽ നിന്നും കുറച്ച് മണ്ണെണ്ണയും കടം വാങ്ങി ഭാനു വേഗത്തിൽ നടന്നു. തെങ്ങിൻ തോപ്പിലെ ഇടവഴിയിലെ ഇഴജന്തുക്കൾ ഭാനുവിന്റെ കാലടി ശബ്ദം കേട്ട് വഴി മാറി കൊടുത്തു. അവളെ ഭയപ്പെടുത്തണ്ടാ എന്നു കരുതിയാകും ഞെട്ടറ്റ് വീഴാറായ തേങ്ങകൾ പോലും അവൾ കടന്നു പോകുന്നത് വരെ വീഴാതെ താങ്ങി നിന്നത്.
പ്രകൃതി മുഴുവനായി അവളെ അപ്പോൾ സംരംക്ഷിച്ചപ്പോഴും എതോ രണ്ട് കരിനിഴലുകൾ അവളെ പിന്തുടർന്ന് വന്നു.
അമ്മയേം കാത്ത് അപ്പോഴും തിളയ്ക്കുന്ന വെള്ളത്തിന് തീയിട്ട് അവൻ ആ കുടിലിൽ ഇരുന്നു.അമ്മ വന്ന് ഉണ്ടാക്കി തരുന്ന ചൂടു കഞ്ഞിയും ചമ്മന്തിയും അവന്റെ നാവിൽ രസ ഭേദങ്ങൾ ഉണ്ടാക്കി. അപ്പോഴും ആ കുഞ്ഞു മനസ് അറിഞ്ഞിരുന്നില്ല പകൽ നേരങ്ങളിൽ ജാതി ഭ്രഷ്ട് കൽപ്പിക്കുന്ന മേലാളൻമാർ തന്റെ അമ്മയുടെ മാംസം ഭക്ഷിക്കുന്നത്...........
by: Akhil Unni

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക