Showing posts with label അഖിൽ ഉണ്ണി. Show all posts
Showing posts with label അഖിൽ ഉണ്ണി. Show all posts

മുത്തശ്ശി (ചെറുകഥ)


ഇനി ആരെങ്കിലും ഉണ്ടോ? നിറഞ്ഞ് തുളുമ്പിയ കണ്ണുനീർ തുടച്ച് കൊണ്ട് പതിയെ ഒരു പിടി അരി മുത്തശ്ശിയുടെ മുഖത്തേക്ക് ഇട്ടു. വയസായി മരിച്ചതാണെങ്കിലും മുത്തശ്ശിയുടെ അഭാവം വലിയ മാറ്റം എന്നിലുണ്ടാക്കിയത് പോലെ.
കോളേജിൽ നിന്നും പഠിച്ചിട്ട് വരുന്ന സമയം അമ്മ സാധാരണ ജോലി കഴിഞ്ഞ് എത്തി കാണാറില്ല. അതു കൊണ്ട് തന്നെ വീട്ടിൽ വന്ന് കേറുന്ന സമയം മുതൽ ചായയും ചോറുമെല്ലാം വിളമ്പി വച്ചിട്ട് ഒരായിരം തവണ മുത്തശ്ശി വിളിക്കും. ഞാനപ്പോൾ മൊബൈലിൽ കളിച്ച് കൊണ്ടങ്ങനെ ഇരിയ്ക്കയായിരിക്കും. കുറേ നേരം വിളി തുടരുമ്പോൾ എനിക്ക് ദേഷ്യം വരും.
"ഈ തള്ള എന്തിനാ ഇങ്ങനെ കിടന്ന് വിളിയ്ക്കണെ എനിയ്ക്കിഷ്ടമുള്ളപ്പോൾ ഞാൻ കഴിച്ചോളം "
വൈകുന്നേരം ടി.വി.യിൽ എന്തെങ്കിലും കണ്ടു കൊണ്ടിരിക്കുമ്പോൾ വരും
"മോനോ ആ മനോരമയിലെ സീരിയലൊന്നു വച്ചു താ ,ആ ഒറ്റ സീരിയലെ ഉള്ളൂ എന്നിട്ട് ഞാൻ പൊയ്ക്കോളാം"
ഇവിടെ ഏത് നേരവും സീരിയൽ എന്ന എന്റെ ഗർജ്ജനം കേൾക്കുമ്പോൾ തന്നെ ഒന്നും മിണ്ടാതെ മുത്തശ്ശി നടന്നകലുക മാത്രമാണ് ചെയ്തത്.
മഴ നനഞ്ഞ് പനി പിടിച്ചു കിടന്ന നേരത്ത് അമ്മ ആശുപത്രിയിൽ പോകാൻ പറയും ആ നേരത്തും
എവിടെ നിന്നെങ്കിലും തുളസി ഇലയും ചുക്കും ഒക്കെ സംഘടിപ്പിച്ച് കാപ്പി ഇട്ടോണ്ട് വരും
"മോനേ ഇത് കുടിക്ക് "
അപ്പോഴും എനിയ്ക്കൊന്നും വേണ്ടാ എന്ന ധിക്കാരം മാത്രം..
ഇന്നിപ്പോൾ കോളേജിൽ നിന്നും വീട്ടിലെത്തുമ്പോൾ വല്ലാത്തൊരു മൂകത മാത്രം. മുത്തശ്ശിയുളളപ്പോഴാണെങ്കിൽ എനിക്ക് ചായ തരുന്നതും പ്രമാണിച്ച് അടുക്കളയിൽ പാത്രങ്ങളുടെ ബഹളമായിരുന്നേനെ.
വൈകുന്നേരം ടി.വിയുടെ മുന്നിൽ ഇരിക്കാൻ തോന്നിയില്ല. പുറത്ത് പോയി മുത്തശ്ശിയുടെ കുഴിമാടത്തിൽ നോക്കി നിന്നപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി...........
ജീവിച്ചിരുന്നപ്പോൾ മുത്തശ്ശിക്ക് നല്കാൻ സാധിക്കാത്ത സ്നേഹം മരിച്ച് കഴിഞ്ഞപ്പോൾ മനസിലുടലെടുത്തതിന് ഞാൻ പശ്ചാത്തപിച്ചു.
ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഒരായിരം വൃദ്ധ മാതാപിതാക്കളെ നിങ്ങളുടെ സുഖത്തിനായി ഉപേക്ഷിക്കുമ്പോൾ ഒന്നോർക്കുക നാളെ നിങ്ങളെയും വാർദ്ധക്യം പിടികൂടുമെന്നത് . നിങ്ങളുടെ നാവിൽ നിന്നു വരുന്ന ഒരു സ്നേഹവാക്ക് മതിയാകും ചിലപ്പോൾ അവരുടെ ജീവിതം സഫലമാക്കിടാൻ.. .........
അഖിൽ ഉണ്ണി

പുലിമുരുകൻ (ചെറുകഥ )


പുലിമുരുകൻ സിനിമ കാണാൻ പോയതാണ് എന്റെ ജീവിതം തകർത്തതെന്ന് ഞാൻ തുറന്നു പറയാം. ചലച്ചിത്രലോകത്തു കോടികളുടെ കിലുക്കം ആരംഭിച്ച നാളുകളിൽ ഒരു ദിവസം പുലിമുരുകൻ കാണാൻ ഞാൻ പോകാൻ തന്നെ തീരുമാനിച്ചു. വീട്ടിൽ അതിനുള്ള തയ്യാറെടുപ്പ് തുടങ്ങിയപ്പോൾ തന്നെ അനിയത്തിക്ക് ഒരേ ആഗ്രഹം അവൾക്കും പടം കണ്ടേ പറ്റൂന്ന്. വാശിക്ക് മുന്നിൽ ഞാൻ സമ്മതം മൂളിയില്ലെങ്കിലും അവസാനം അമ്മയുടെ നിർബന്ധത്താൽ അവളെയും കൂടെ കൊണ്ട് പോകാൻ തീരുമാനിച്ചു.
ഫസ്റ്റ് ഷോയ്ക്ക് ഫാമിലിയാകും കൂടുതലെന്ന്‌ കരുതി ആ ഷോ തന്നെ കാണാൻ തീരുമാനിച്ചു.
ബൈക്കിൽ അവളെയും കൂട്ടി അങ്ങനെ തീയേറ്ററിലേക്ക്. ആദ്യമായി സിനിമ കാണാൻ തിയേറ്ററിൽ പോണ കുട്ടിയുടെ എല്ലാ ആകാംഷയും അവളുടെ സംസാരത്തിൽ നിന്ന് എനിക്ക് മനസിലായി. നമ്മൾ എല്ലാ പടങ്ങളും തീയറ്ററിൽ പോയി കാണുന്നത് കൊണ്ട് ആ ഒരു ഇത് , അത് വല്ലപ്പോഴും തീയറ്ററിൽ പോയി സിനിമ കാണുന്ന സ്ത്രീ ജനങ്ങൾക്ക് മാത്രേ ഉണ്ടാകൂ:..
തീയറ്ററിന്റെ നൂറു മീറ്റർ അകലെ എത്തിയപ്പോൾ തന്നെ എനിക്ക് മനസിലായി ഇന്നത്തെ സിനിമ കാണക്കം ഗോവിന്ദാ.....
ടിക്കറ്റിനായി നീണ്ട് നിൽക്കുന്ന ക്യൂ റോഡും കഴിഞ്ഞ് പോയിരിക്കുന്നു . അവസാനം തിരികെ പോകാമെന്ന് പറഞ്ഞപ്പോൾ അവളാ പറഞ്ഞെ ചേട്ടാ സ്ത്രീകളുടെ ക്യൂവിൽ ആള് കുറവാന്ന്.. അവസാനം അവള് ടിക്കറ്റ് എടുക്കാനായി ക്യൂവിൽ ചെന്ന് നിന്നു.
അപ്പോഴതാ ഒരുവൻ " കൊച്ചേ ഒരു അഞ്ച് ടിക്കറ്റ് എനിക്കും കൂടി " എന്തോ ആദ്യമായി ക്യൂവിൽ നിൽക്കുന്നത് കൊണ്ടോ എന്തോ അവൾക്ക് പറ്റില്ലാ എന്ന് തുറന്ന് പറഞ്ഞു.
അതോടെ സീൻ കോൺട്രാ ആയീന്ന് പറയാം.
"നിനക്കെന്താടീ അഞ്ച് ടിക്കറ്റെടുത്ത് തന്നാലെന്ന് അവൻ "
അനിയത്തി ആണേൽ ഇപ്പോൾ വീണു പോകും എന്ന മട്ടിലും. എനിക്ക് ഇടപെടേണ്ട സമയത്ത് ഒരു സഹോദരന്റെ കർത്തവ്യം ഞാൻ നിറവേറ്റി ..
അവസാനം ഉടക്കായി വഴക്കായി അടിയായി എന്ന മട്ടിലായി തീയറ്ററിലുള്ളവർ അറിയിച്ച പ്രകാരം പോലീസെത്തി അവന്മാർക്ക് രണ്ടു പൂശും കൊടുത്ത് തൂക്കിയെടുത്തോണ്ട് പോയി. ഇത്രയും പ്രശ്നങ്ങളായ സ്ഥിതിക്ക് ഇനി സിനിമ കാണണ്ടാ എന്ന് അനിയത്തി പറഞ്ഞു. വീട്ടിൽ തിരിച്ചെത്തിയപ്പോൾ ആള് കാരണം ടിക്കറ്റ് കിട്ടീലാന്ന് അമ്മയോട് കള്ളവും പറഞ്ഞു.
രണ്ട് ദിവസം കഴിഞ്ഞ് സിറ്റിയിൽ വച്ച് ജോലി കഴിഞ്ഞ് വരുന്ന സമയം അവൻമാരെ വീണ്ടും കാണുകയുണ്ടായി. പിന്നെന്താകും എന്ന് പറയേണ്ടാലോ സംസാരമായി, പിടിച്ച് തളളായി അവസാനം നല്ല ഒന്നാന്തരം അടിയും. പെട്ടെന്നാണ് ഒരുവൻ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ഒറ്റ കിറ് കൈയിലാണ് കൊണ്ടേ ....
അവരപ്പോൾ തന്നെ ബൈക്കിൽ സ്ഥലം വിടുകയും ചെയ്തു.നാട്ടാരെല്ലാം ചേർന്ന് എന്നെ ആശുപത്രിയിലാക്കി.ഒരു ഓപ്പറേഷൻ വേണ്ടി വരും എന്ന് പറഞ്ഞത് വരെ എനിക്ക് ഓർമയുള്ളൂ...
ഇന്നിപ്പോൾ ഞാൻ ഈ പറയുന്ന സംഭവം എന്റെ അനിയത്തി തന്നെയാ പുസ്തകത്തിലേക്ക് പകർത്തിയതും നല്ലെഴുത്തിൽ പോസ്റ്റാനായി ടൈപ്പ് ചെയ്തതും.
ഡോക്ടർ പറഞ്ഞത് കൈയിലെ ഏതോ പ്രധാനപ്പെട്ട ഞരമ്പിനുണ്ടായ ഡാമേജാണെന്നാ..
വലത് കൈ ഇനി ഒന്നനക്കാൻ പോലും സാധിക്കില്ലാന്ന്.. പിന്നെ ദൈവത്തോട് പ്രാർത്ഥിക്കുക ചിലപ്പോൾ മാറ്റമുണ്ടാകാൻ സാധ്യത ഉണ്ടെന്ന്.
ഇന്നിപ്പോൾ ഒന്നര മാസം കഴിഞ്ഞിട്ടും യാതൊരു സാധ്യതയും ഞാൻ കാണുന്നില്ല..
" കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയാത്തത് പോലെ കൈ ഉള്ളപ്പോൾ അതിന്റെ വില അറിഞ്ഞിരുന്നില്ല"
അഖിൽ ഉണ്ണി.........

മത്സ്യകന്യക


കായലിന്റെ ഒത്തനടുക്കയി ഒരു തുരുത്തുണ്ട് ഏറിയാൽ ഒരു നാലഞ്ചുപേർക്ക് നിൽക്കാൻ കഴിയുന്നത്ര വീതിയിൽ. ആ വലിയ മൺകട്ടയെ ആരാണ് ആ കായലിനു നടുക്ക് ഉറപ്പിച്ചു വച്ചിരിക്കുന്നതെന്നു പലപ്പോഴും എനിക്ക് സംശയം തോന്നിയിട്ടുണ്ട്. വീശിയടിക്കുന്ന കാറ്റിലോ കോരിച്ചൊരിയുന്ന മഴയിലോ ആ തുരുത്തിനെ കായൽ വിഴുങ്ങാറില്ലായിരുന്നു... ചില നേരങ്ങളിൽ കായൽ ആ തുരുത്തിനെ പുണരുന്നതായി കാണാം... എന്നാൽ തൊട്ടടുത്ത നിമിഷം ആ ആലിംഗനം കഴിഞ്ഞു തുരുത്തിനെ കായൽ സ്വാതന്ത്രമാക്കിയിരുന്നു...... ആ തുരുത്തിനു ജീവനുണ്ട് എന്നു തെളിയിക്കുന്ന ഏക വസ്തു അതിൽ നിൽക്കുന്ന ആ ചെറിയ വൃക്ഷമാണ്.... ഏകദേശം ഒരഞ്ചടി മാത്രം ഉയരം......എന്നാൽ എനിക്ക് ആ കായലോ തുരുത്തോ അതിൽ നിൽക്കുന്ന മരമോ ഒന്നുമല്ല പ്രാധാന്യം രാത്രിയിൽ ആ മരത്തിലെ കൊമ്പിലായി ആരോ തെളിയിക്കുന്ന ആ വിളക്കാണ്...... സ്വർണ്ണനിറമുള്ള വിളക്ക്.................
ഞാൻ ശങ്കു. കായലിൽ നിന്ന് ഏറിയാൽ ഒരു നൂറു മീറ്റർ മാത്രമേ ഉള്ളു എന്റെ വീട്ടിലേക്കു. ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരപകടം എന്റെ അച്ഛനെയും അമ്മയെയും കൊണ്ട് പോയി.... ഇപ്പോൾ വീട്ടിൽ അമ്മൂമ്മയും ഞാനും തനിച്ചാണ്.
നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഞാൻ ആദ്യമായി കായലിന് നടുവിൽ ആ വിളക്ക് മരം കാണുന്നത്...
ഈ രാത്രിയിൽ ആരാണ് ദൈവമെ കായലിന്റെ ഒത്ത നടുക്ക് നിൽക്കുന്ന മരത്തിൽ വിളക്ക് തെളിയിക്കുന്നതെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ ആറാം ക്ലാസിലെത്തി ഈ കഴിഞ്ഞ കാലങ്ങളിലെല്ലാം തന്നെ കായലിന്റെ നടുവിലുള്ള ആ വിളക്ക് മരം തിളങ്ങി നിന്നു..... അതിന്റെ രഹസ്യത്തെക്കുറിച്ച് പലരോടും ഞാൻ ചോദിച്ചു പക്ഷെ ആരും തന്നെ കൃത്യമായ മറുപടി എനിക്ക് തന്നില്ല.
എന്നാൽ ഒരു ദിവസം അടുത്ത വീട്ടിലെ രാമു ചേട്ടൻ എനിയ്ക്കൊരു കഥ പറഞ്ഞു തന്നു.അതെന്തെന്നാൽ പൊഴിമുറിച്ചപ്പോൾ കായലിൽ അകപ്പെട്ടു പോയ ഒരു മത്സ്യകന്യകയുടെ കഥ. പൊഴി അടച്ചപ്പോൾ തിരികെ പോകാൻ സാധിക്കാതെ കായലിൽ ആ മത്സ്യകന്യക അകപ്പെടുകയും ചെയ്തുവെന്ന് ....
എന്നും രാത്രി ആ തുരുത്തിൽ കയറി ഇരുന്ന് കരയുന്ന മത്സ്യകന്യകയുടെ തിളങ്ങുന്ന കണ്ണുകളാണ് ആ പ്രകാശം പുറപ്പെടുവിക്കുന്നതെന്നുള്ള കഥ..പല രാത്രികളിലും മത്സ്യകന്യകയെ കാണാൻ ഞാൻ കായലിനരികിൽ നിലാവെളിച്ചത്തിൽ ഉറക്കമിളച്ചിരുന്നിട്ടുണ്ട്.
ഒരു രാത്രി ഞാൻ രണ്ടും കല്പിച്ച് മത്സ്യകന്യകയെ കാണാൻ തന്നെ തീരുമാനിച്ചു. രാത്രിയിൽ അമ്മുമ്മ കാണാതെ വീട്ടിൽ നിന്നിറങ്ങി കായലോരത്ത് വന്ന് നിന്നു. തുരുത്തിൽ പ്രകാശം കത്തി നിൽപ്പുണ്ട് ....
ഇന്നെനിക്ക് വേദന കൊണ്ട് കരയുന്ന മത്സ്യകന്യകയെ നേരിൽ കാണണം.
രണ്ടും കല്പിച്ച് കായലിന്റെ ആഴങ്ങളിലേക്ക് ഞാനെടുത്ത് ചാടി. ബാല്യത്തിൽ പഠിച്ച നീന്തലിന്റെ പാഠങ്ങൾ എന്നെ വളരെ വേഗം മുന്നോട്ട് നയിച്ചു. മുന്നോട്ട് പോകും തോറും പ്രകാശത്തിന്റെ തീവ്രത കൂടി വന്നു. അടുക്കും തോറും കൈകാലുകൾ തളരുന്നത് പോലെ. ശ്വാസം വലിച്ചെടുക്കാൻ കിണഞ്ഞ് ശ്രമിച്ചു.പക്ഷെ മുന്നോട്ട് പോകാൻ സാധിക്കുന്നില്ല. കായലിന്റെ ആഴങ്ങളിലേക്ക് ആരോ വലിച്ച് കൊണ്ട് പോകുന്ന പോലെ കാലുകളും കൈകളും തളർന്ന പോലെ ..
പെട്ടെന്ന് ഞാൻ വെള്ളത്തിനടിയിലേക്ക് താഴ്ന്നു പോയി. ഉപ്പ് രസമുള്ള ഒരു കവിൾ വെള്ളം ഞാൻ കുടിച്ചു... നീന്താൻ കഴിയുന്നില്ല.. രണ്ടും കല്പിച്ച് മുകളിലേക്ക് ആഞ്ഞൊന്ന് വന്നു.രണ്ടു കൈകളും വെള്ളത്തിലടിച്ച് പൊങ്ങിയ ശേഷം ഉറക്കെ വിളിക്കാൻ ശ്രമിച്ചു. ഉപ്പ് വെള്ളം തൊണ്ടയിൽ കുടുങ്ങിയത് കൊണ്ടാകും സ്വരം പകുതിയിൽ മുറിഞ്ഞ് പോയി.
പക്ഷെ ആ നിലാവിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു തുരുത്തിലെ പ്രകാശത്തിന് മുന്നിൽ കുത്തിയിരുന്ന മത്സ്യകന്യക വെള്ളത്തിലോട്ട് എടുത്ത് ചാടിയത്.
കണ്ണ് തുറന്നപ്പോൾ തുരുത്തിൽ മലന്ന് കിടക്കുകയായിരുന്നു ഞാൻ. തുരുത്തിലെ മരത്തിൽ ആരോ കത്തിച്ച് തൂക്കിയിരുന്ന റാന്തൽ.
അടുത്തിരിക്കുന്ന പ്രകാശേട്ടനെ കണ്ടപ്പോൾ ഞാൻ ഞെട്ടി.( വീടിനടുത്തുള്ള ചേട്ടൻ )
"ഈ പാതിരാത്രിക്ക് എന്തിനാടാ ചെറുക്കാ കായലിൽ ചാടിയേ"
ചോദ്യം കേട്ടെങ്കിലും മിണ്ടാൻ നാവ് പൊന്തിയില്ല.
മത്സ്യകന്യകയെ ഞാൻ ചുറ്റും നോക്കി.
മണൽ വാരാനായി രാത്രിയിൽ ഇറങ്ങിയതാണ് പ്രകാശേട്ടൻ തളർന്നപ്പോൾ തുരുത്തിൽ കയറി ഇരുന്നതാണ് അവർ കത്തിച്ച് വച്ചിരുന്ന റാന്തലാണ് ഞാൻ ഇത്രയും നാൾ മത്സ്യകന്യകയുടെ തിളങ്ങുന്ന കണ്ണുകളെന്ന് വിചാരിച്ചത് .. ജീവൻ തിരിച്ച് കിട്ടിയതിൽ ദൈവത്തോട് പ്രാർത്ഥിച്ചു.കൂടെ രാമു ചേട്ടനെ മനസിൽ പ്രാകി കൊണ്ട് റാന്തൽ വെളിച്ചത്തിലേക്ക് നോക്കി അങ്ങനെ കിടന്നു.......

By: 
Akhil Unni

ചുവന്ന മണ്ണിലെ കറുത്ത പൂക്കൾ...


ചക്രവാളത്തിലെവിടെയോ മറഞ്ഞ സൂര്യൻ , ഉദിച്ച് വന്ന 
ചന്ദ്രന് ചുറ്റുമായി വാരി വിതറിയ പോലെ തിളങ്ങുന്ന മുത്തുകൾ.ഭാനു അഴിയാറായ തന്റെ മുണ്ടിന്റെ തുമ്പ് ഒന്നുകൂടി മടക്കിക്കുത്തിയ ശേഷം വേഗത്തിൽ നടന്നു.ഭാർഗ്ഗവി തള്ളയുടെ വീടിന്റെ ഇടവഴിയും കടന്ന് തോടിന് കുറുകെ നാട്ടിയ തെങ്ങിൻ തടിയിൽ കാൽ വെച്ചപ്പോൾ വഴുവഴുപ്പുള്ളതായി അവർക്ക് തോന്നി. പ്രധാന വരമ്പിലേക്ക് കയറി ദൂരേക്ക് നോക്കിയപ്പോൾ അവൾക്ക് ആശ്വാസമായി .രാമൻ ചേട്ടൻ തന്റെ പീടിക അടച്ചിട്ടില്ല. എരിഞ്ഞ് തീരാറായ മണ്ണെണ്ണ വിളക്കിന്റെ പ്രകാശം ഒരു മിന്നാമിനുങ്ങിനെ പോലെ തിളങ്ങി നിൽക്കുന്നു. വയൽ വരമ്പിലെ വീതി കൂടിയ വഴിയുടെ അങ്ങേ തലയ്ക്കലാണ് രാമേട്ടന്റെ പീടിക .ഓടി കിതച്ച് വന്ന് ശ്വാസമെടുക്കുന്നതിനിടയിൽ ഭാനു പറഞ്ഞു.
"രാമേട്ടാ പറ്റൊന്ന് കൂട്ടിയ്ക്കേ" ഓ അത് കൂട്ടാനില്ല ഒന്നേകാലണ
"ഹാ ഇതാ രാമേട്ടാ പൈസ ''
കുമാരൻ ഇന്ന് പൈസ തന്നൂലേ - അതേ രാമേട്ടാ കയ്യോടെ വാങ്ങീലെ ആ ദ്രോഹി അത് നാളെ തരാന്ന് പറഞ്ഞ് കൊണ്ടു പോകും വീട്ടിലെ കുട്ടീടെ പട്ടിണി ആ നായ്ക്ക് അറിയേണ്ടാലോ ...
രാമേട്ടാ ഇരു നാഴി അരിയും കുറച്ച് വറ്റലും ഉപ്പും .കുട്ടിയവിടെ എന്റെ വരവും കാത്ത് ഇരിപ്പാണെ.. ഒന്നു വേഗത്തിലാക്കെ രാമേട്ടാ'.....
ചേർന്ന് നില്ക്കുന്ന തെങ്ങിൻ കൂട്ടത്തിനിടയിലെ വരമ്പിൽ കൂടി നേരെ ചെന്നാൽ കാണുന്നത് വിശാലമായ പാടമാണ്. വിളഞ്ഞ് നില്ക്കുന്ന നെൽക്കതിർ ചെറു കാറ്റിൽ അടുത്ത് നില്ക്കുന്ന കൂട്ടുകാരനെ തൊട്ട് തലോടുന്നുണ്ട്.
വയൽ വരമ്പിനോട് ചേർന്നുള്ള തോടിന്റെ കരയിലാണ് ഭാനുവിന്റെ കുടിൽ.കുടിലിന്റെ തിണ്ണയിൽ ഭാനുവിന്റെ മകൻ ആകാശത്തിൽ ഉദിച്ച് നിൽക്കുന്ന ചന്ദ്രനെ നോക്കിയിരിക്കയാണ്. ഇടയ്ക്കെന്തോ ഓർമ വന്ന പോലെ അവൻ അകത്തേക്ക് ഓടി മൂലയിൽ കൂട്ടിയിരുന്ന അടുപ്പിലെ വെള്ളം തിളച്ച് മറിയുകയാണ്.അമ്മ വന്നാലുടനെ അരി കഴുകിയിടണം. വയറ്റിനുള്ളിലെ ആളികത്തൽ മാറാൻ ആ 5 വയസുകാരനും അപ്പോൾ പച്ച വെള്ളം തന്നെയാണ് കുടിച്ചത്.
എന്നത്തേയും പോലെ ഈ ദിനവും അവൻ അമ്മയുടെ കൂടെ ജോലി സ്ഥലത്ത് നിന്നാണാരംഭിച്ചത്. കായലിൽ നിന്നും വാരിയ അഴുകിയ തൊണ്ടുകൾ അടിച്ച് മെതിച്ച് നാര് പറിച്ചെടുക്കുമ്പോൾ അവിടെ പരക്കുന്ന ദുഷിച്ച ഗന്ധം അവനും വളരെ പരിചിതമായിരുന്നു.പലപ്പോഴും അവൻ ഭാനുവിന്റെ കൈ മണത്ത് നോക്കിയിട്ട് പറയും. അയ്യേ... അമ്മയുടെ കൈയിൽ എന്തൊരു മുഷിടാണ്, അപ്പോൾ ഭാനു പറയും മോനേ ഈ
മുഷിടിന്റെ വിലയാണ് നിന്റെ വിശപ്പകറ്റുന്നതെന്ന്.
രാമേട്ടന്റെ പീടികയിൽ നിന്നും സാധനങ്ങളുമായി ഇറങ്ങിയപ്പോൾ നേരം ഇരുട്ടിയിരുന്നു. കുറച്ച് നടന്നകന്നപ്പോൾ ആണ് മണ്ണെണ്ണയുടെ കാര്യം ഭാനു ഓർത്തേ പിന്നെ ഭാർഗ്ഗവി തള്ളയുടെ വീട്ടിൽ നിന്നും കുറച്ച് മണ്ണെണ്ണയും കടം വാങ്ങി ഭാനു വേഗത്തിൽ നടന്നു. തെങ്ങിൻ തോപ്പിലെ ഇടവഴിയിലെ ഇഴജന്തുക്കൾ ഭാനുവിന്റെ കാലടി ശബ്ദം കേട്ട് വഴി മാറി കൊടുത്തു. അവളെ ഭയപ്പെടുത്തണ്ടാ എന്നു കരുതിയാകും ഞെട്ടറ്റ് വീഴാറായ തേങ്ങകൾ പോലും അവൾ കടന്നു പോകുന്നത് വരെ വീഴാതെ താങ്ങി നിന്നത്.
പ്രകൃതി മുഴുവനായി അവളെ അപ്പോൾ സംരംക്ഷിച്ചപ്പോഴും എതോ രണ്ട് കരിനിഴലുകൾ അവളെ പിന്തുടർന്ന് വന്നു.
അമ്മയേം കാത്ത് അപ്പോഴും തിളയ്ക്കുന്ന വെള്ളത്തിന് തീയിട്ട് അവൻ ആ കുടിലിൽ ഇരുന്നു.അമ്മ വന്ന് ഉണ്ടാക്കി തരുന്ന ചൂടു കഞ്ഞിയും ചമ്മന്തിയും അവന്റെ നാവിൽ രസ ഭേദങ്ങൾ ഉണ്ടാക്കി. അപ്പോഴും ആ കുഞ്ഞു മനസ് അറിഞ്ഞിരുന്നില്ല പകൽ നേരങ്ങളിൽ ജാതി ഭ്രഷ്ട് കൽപ്പിക്കുന്ന മേലാളൻമാർ തന്റെ അമ്മയുടെ മാംസം ഭക്ഷിക്കുന്നത്...........

by: Akhil Unni

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo