Slider

ഒരു ചെന്നൈ കഥ

1

ചെന്നൈയിൽ ജോലി കിട്ടീട്ടു രണ്ടു മാസം ആയിക്കാണും, കൂടെ ജോലി ചെയ്യുന്ന ആളിന്റെ കൂടെയാണ് താമസം, ആളെന്ന് പറഞ്ഞാൽ എന്നേക്കാൾ രണ്ടു വയസ്സിനിളയ സാക്ഷാൽ പെരുമാൾ ..ശരീരം ചെറുതാണേലും ശാരീരം ഉഗ്രൻ. കാവേരി പ്രശ്‍നം പോലും ഇവൻ അര മണിക്കൂർ കൊണ്ട് സോൾവ് ചെയ്തുകളയും , ആ ജാതി വിദ്വാൻ .
ഇതിനിടക്ക് ഞാൻ നാട്ടിൽ ഓമനിച്ചു കൊണ്ട് നടന്ന ബൈക്കും ഇങ്ങെത്തിച്ചിരുന്നു. എൻ ഓ സി എടുക്കണം, ഇവിടെ ടാക്സ് അടക്കണം എന്നുള്ളതൊക്കെ അറിയാമായിരുന്നെങ്കിലും വണ്ടി ഇങ്ങെത്തിക്കാനുള്ള വെപ്രാളം കാരണം അത് പിന്നത്തേക്കു മാറ്റിയിരുന്നു.
അങ്ങനെ അന്നാദ്യമായി ബൈക്കില്‍ ഓഫീസിലേക്കു പോകാനിറങ്ങി..
ഒരു സന്തോഷത്തിന്റെ ശംഖൊലി മനസിൽ മുഴങ്ങി. ഒപ്പം ഒരു ചെറിയ പേടിയും,
ധാരാളം പോലീസ് ചെക്കിങ് ഉള്ള വഴിയാണ് . ഞാൻ പെരുമാളിനോട് കാര്യം സൂചിപ്പിച്ചു, ഒരു വലിയ പുച്ഛരസം ആ മുഖത്തു വിരിഞ്ഞു പരിലസിച്ചു..ഒപ്പം നിർദ്ദേശോപദേശങ്ങളും.
'നമ്മ എവളു പാത്ത്റ്ക്കു് ഇന്ത പോലീസ്--പീലീസെല്ലാം..
ഇവ്വളു താനാ ഉങ്ക ധൈര്യം...വണ്ടി എടുങ്കണ്ണ, റൈറ്റ് സൈഡ് പുടിച്ചു പോങ്കെ, ലെഫ്ട് പോണാ താൻ പുടിക്ക മുടിയും..'
അവൻ പറഞ്ഞ എല്ലാ വാക്കുകളും മനസിലായില്ലെങ്കിലും മൊത്തത്തിൽ പിടി കിട്ടിയിരുന്നു. എന്റെ ധൈര്യത്തില്‍ തൊട്ടതു എനിക്കത്രക്കങ്ങു സുഖിച്ചില്ലേലും ഇവന്റെ ഐഡിയ കൊള്ളാമല്ലോന്ന് മനസിൽ വിചാരിച്ചു. എന്നാലും പോകുന്ന വഴിക്കുള്ള അമ്മൻ കോവിലിൽ കയറി ഒന്നു കാര്യമായി തൊഴുതു, പെരുമാളിന്റെ സഹായം ബാക്ക് സീറ്റിൽ ഉണ്ടെങ്കിലും അമ്മനും ഇരിക്കട്ടേന്ന് വിചാരിച്ചു, ഒരു വഴിക്കു പോകുവല്ലേ..
അവിടുന്നിറങ്ങി വണ്ടി സ്റ്റാർട് ചെയ്ത്‌ നേരത്തെ പറഞ്ഞുറപ്പിച്ച കണ്ടിഷൻ പ്രകാരം പോയ്കൊണ്ടിരിക്കുകയാണ്. മറ്റൊന്നുമല്ല, ഓടിക്കുന്ന ഞാൻ തല കുറച്ചു ഉയർത്തി കഴിയുന്നത്ര ദൂരേക്ക് നോക്കി പോലീസ് ഉണ്ടോന്നു നോക്കണം , ഇടത്തും വലത്തും ഉള്ള ട്രാഫിക് നമ്മുടെ പെരുമാളൻ അപ്പപ്പോ എന്നെ അറിയിക്കും. അങ്ങനെ ഏകദേശം പകുതി ദൂരം പിന്നിട്ടുകാണും , ഒരു സിഗ്നൽ ഉണ്ട് , കാൽനടക്കാർക്കുള്ള ക്രോസിങ് ആണ്. അവിടെ ഒരു പോലീസ് ഔട്ട് പോസ്റ്റും ഉണ്ട്. അവിടെ ശ്രദ്ധിക്കാനൊന്നുമില്ല, ചിലപ്പോഴൊക്കെ ഒരു പോലീസ്കാരൻ ഉണ്ടാകും അത്ര തന്നെ.
വരാനുള്ളത് പകുതിക്കു തിരിച്ചു പോകില്ലല്ലോ, എന്തായാലും ദൂരേക്ക് ദൃഷ്ടികളെ അഴിച്ചുവിട്ടിരുന്ന ഞാനും വശങ്ങൾ സ്കാനിംഗ് നടത്തിയിരുന്ന പെരുമാളേട്ടനും തൊട്ടടുത്തുള്ള സിഗ്നൽ റെഡ് ആയതു കണ്ടില്ല. അല്ലെങ്കിൽ കാണാൻ കൊഞ്ചം ലേറ്റ് ആയിപോയി. വണ്ടി കറക്റ്റ് ആയി സീബ്ര ക്രോസിങ്ങിൽ...മുജ്ജന്മ സുകൃതം കൊണ്ട് കൃത്യമായി അവിടെ ഒരു ഏമാനും.
ചൂട് കാരണം തൊപ്പിയൊക്കെ ഊരി വയറിനുമുകളില്‍ വെച്ചാണു അദ്യത്തിന്റെ നില്പ്.
ഇപ്പോഴത്തെ രീതിയില്‍ പറഞ്ഞാല്‍, വരയന്‍പുലിയെ കണ്ട പുലിമുരുകനെപ്പോലെ ഏമാന്‍ ഞങ്ങളെ സമീപിച്ചു..
'ഏന്‍ തമ്പീ പാത്തു് ഓട്ടമാട്ടയാ, ഏ..ഏ..?'
ഇതുവരെ പോലീസിനെ കാണാതെ പാത്തുതന്നെയാ ഓടിച്ചത് എന്നു മനസ്സില്‍ പറഞ്ഞപ്പോഴേക്കും പുറകില്‍ നിന്നു പെരുമാളിന്റെ സഹായം..
'സാാാാര്‍ര്‍ര്‍...'
ചെവിയിലൊരു കിരുകിരുപ്പ്‌....
'പാത്തു താന്‍ സാര്‍ ഓട്ടിയത്..സിഗ്നല്‍ കൊഞ്ചം ഗൗനിക്കില്ലയേ സാര്‍..സാറി സാാര്‍ര്‍ര്‍ '
'ഉം സെരി സെരി, പാത്തു് ഓട്ടുങ്കപ്പാ..പോ..പോ..'
അപ്പോഴേക്കും സിഗ്നല്‍ ഗ്രീന്‍ ആയിട്ടുണ്ടായിരുന്നു..
ഇവന്‍ ആളുകൊള്ളാമല്ലോ..ഇവനെ കൂടെക്കൂട്ടാന്‍ തോന്നിയ നിമിഷത്തെ ഒന്നു താലോലിച്ച് വണ്ടി മുന്‍പോട്ടെടുക്കുമ്പോള്‍ പെരുമാളിന്റെ അടുത്ത വാചകം..
'റൊമ്പ താങ്ക്സ് സാര്‍...അണ്ണന്‍ ചെന്നൈക്കു പുതുസ്..ഏതും തെരിയാത് സാര്‍ ..'
ആ സന്ദര്‍ഭത്തില്‍ ഒരാവശ്യവുമില്ലാത്ത ഡയലോഗ്... എന്റെ നിസ്സഹായതയില്‍ അവസാനത്തെ ആണിയുമടിക്കാനുള്ള അവന്റെ സൈക്കോളജിക്കല്‍ മൂവ്...
ഇത് കേട്ട പാതി ഏതോ ഉള്‍വിളിയെന്നോണം ആ മഹാ നല്ലവനായ ഏമാന്‍ സ്വന്തം വയറിനുമുകളില്‍ തല ചായ്ചു് വണ്ടിയുടെ മുന്‍ഭാഗത്തൊന്നു നോക്കി..ഒപ്പം ഒരു മുരളലും...
'ഓഹോ..കേരളാവാ...'
അല്പം മുന്‍പു താലോലിച്ച നിമിഷത്തെ നിഷ്കരുണം ഞാന്‍ ശപിച്ചു.. അപ്പോഴേക്കും ഇരുവശത്തു നിന്നും വാഹനങ്ങള്‍ നീങ്ങിത്തുടങ്ങിയിരുന്നു..
'സെരി, ഓരം വാങ്കേ..'
പെട്ടെന്നു പിടി കിട്ടിയില്ല.
'അണ്ണാ വണ്ടി സൈഡില്‍ വെയ്ക്കാന്‍ താന്‍ സാര്‍ സൊല്‍റത്.'
അവന്റെ പരിഭാഷ....അവനെ കടുപ്പിച്ചൊന്നു നോക്കി വണ്ടി സൈഡാക്കി.. വണ്ടിക്കൊരു പ്രദക്ഷിണം വെച്ചു് ഏമാനും അടുത്തുവന്നു..ഇതിനിടക്കു് ഏമാന്റെ നെയിംപ്ലേറ്റില്‍ ഒന്നു കണ്ണുടക്കി...ഏകാംബരന്‍..സത്യം പറഞ്ഞാല്‍ ഇത് ഏകമല്ല, മിനിമം ഒരഞ്ചാറംബരന്‍മാര്‍ ചേര്‍ന്നതാണ്...എന്തായാലും അത്രയും പേര്‍ക്കുള്ള മീശ മുഖത്തുണ്ട്..
'പേപ്പറു് ക്ളിയറാപ്പാ?..'
ഈ ചോദ്യം കൂടി കേട്ടപ്പോള്‍, ഏമാന്റെ രൂപം കണ്ടു ഭയന്നു നിന്നിരുന്ന എന്റെ കാര്യത്തില്‍ ഒരു തീരുമാനമായതായി തോന്നി.. രാവിലെ വണ്ടി എടുത്തപ്പോള്‍ ഉള്ളില്‍ മുഴങ്ങിയ ശംഖൊലി ഇപ്പോള്‍ ടോണ്‍ ഒക്കെ മാറി ഒരുതരം അവര്‍ണ്ണനീയമായ തേങ്ങലായി പുറത്തേക്കു വരാന്‍ വെമ്പുകയാണ്..
തമിഴില്‍ പേശി ചളമാക്കേണ്ടാന്നു വിചാരിച്ചും ഇംഗ്ളീഷില്‍ ഏകാംബരന്‍ സാര്‍ വീഴുമെന്നു ചിന്തിച്ചും എന്റെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിച്ചു..
'സര്‍, എക്സപ്റ്റ് എന്‍ ഒ സി ആന്റ് ടാക്സ് ഓള്‍ ആര്‍ ദെയര്‍ സര്‍...സര്‍, യെസ്റ്റര്‍ഡേ ഒണ്‍ലി ഐ ഗോട് ദി ബൈക്ക് ..സര്‍, ആസ് പേര്‍ റൂള്‍ വണ്‍ വീക്ക് ഓര്‍ ഫിഫ്റ്റീന്‍ ഡേയ്സ് ടൈം ഈസ് ദെയര്‍ നാ സര്‍..' സര്‍, ഇന്‍ കേരളാ..'
മുഴുമിപ്പിക്കുന്നതിനു മുന്‍പേ ഏകാംബരമുഖത്തു നിന്നും ഒരു അലര്‍ച്ച..
'ഏയ്....നീ എങ്കിട്ടെ സട്ടത്തെ സൊല്ലിക്കൊടുക്കിറയാ...അതും ഇംഗ്ളീസില്‍..അപ്പൊ മുഖ്യമാന ഡാക്യുമെന്റ്സ് ഇല്ലൈ...വായ മൂടി തള്ളി നില്ലെടാ...'
ഇതു കേട്ടു സാമാന്യത്തിലധികം വിയര്‍ത്ത ഞാന്‍ ഇടം കണ്ണിട്ട് പെരുമാളിനെ ഒന്നു നോക്കി..അവന്റെ മുഖത്ത് ഒരു ചിരിയുണ്ടായിരുന്നെന്നുള്ളത് ഇന്നും എനിക്കുറപ്പാണ്..പിന്നീടവന്‍ നിഷേധിച്ചെങ്കിലും.
'ഏയ്.. നീ തമിഴാടാ ?'
ഹൃദയശൂന്യന്റെ ചോദ്യം അവനോടാണ്.
'ആമാങ്കെ സാാര്‍ര്‍'..
എന്താ മര്യാദ..ഇത്രയും വിനയകുനയനായ ഒരു മനുഷ്യജീവിയെ ഞാന്‍ പിന്നീടിതുവരെ കണ്ടിട്ടില്ല. ഈ നരന്തു ചെക്കനില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്.
'സെരീ..അപ്പൊ നീ സൊല്ല്..എന്ന സെയ്യലാം..'
ഊഴം കാത്തു നിന്നു മടുത്ത പ്രാസംഗികനു മൈക്കു കിട്ടിയ പോലുള്ള ആവേശത്തില്‍ പെരുമാള്‍ കുമാരന്‍ ഇപ്രകാരം മൊഴിഞ്ഞു...
'സാാാര്‍ര്‍ര്‍... അത് വന്തു
ഇന്ത ആള്‍ നല്ലവര്‍ താന്‍ സാാര്‍ര്‍..ആനാല്‍...'
ഏകദേശം അഞ്ചു മിനിട്ടോളം അവന്‍ പ്രസംഗിച്ചു..ഈ സമയമത്രയും, നേരത്തെ അമ്മന്‍കോവിലില്‍ കുനിഞ്ഞുനിന്നു തൊഴുതതിലും കൂടുതലായി കുനിഞ്ഞാണ് എന്റെ നില്‌പ്..
'സെരീപ്പാ...അപ്പോ, കോര്‍ട്ടുക്കു പോറയാ, ഇല്ലാ ഇങ്കേ മുടിക്കിറയാ..'
ഏകാംബരന്റെ വജ്രായുധം എന്റെ നേര്‍ക്കാണ്... ഞാന്‍ പെരുമാളിനെ നോക്കി..നീ എവിടുത്തുകാരനാടാ എന്ന രീതിയില്‍ അവന്‍ എന്നെ നോക്കീട്ടു ...ഇങ്കെ..ഇങ്കെ ...എന്നു പല്ലു കടിച്ചു പറയുന്നു...
'സാര്‍..ഇങ്കെ, ഇങ്കെ..' ഞാന്‍ പറഞ്ഞൊപ്പിച്ചു..
'സെരി ..അയ്നൂറു കൊടുത്തു എടത്തെ കാലി പണ്ണു്..'
അഞ്ഞൂറു രൂപയോ, ദൈവമേ,
എവിടെ നിന്നോ കിട്ടിയ ധൈര്യത്തില്‍ പോക്കറ്റില്‍ കിടന്ന പഴ്സ് എടുത്തു കാട്ടി..ഒരു നൂറു രൂപ നോട്ടും ഇരുപതിന്റെ ഒന്നും..കൂറച്ചു ചില്ലറയും..
'സര്‍, ഇതേയുള്ളൂ..അല്ല, ദിസ് മച്ച് ഒണ്‍ലി.'
ഏതോ സിനിമയിലെ ശ്രീനിവാസന്റെ ഡയലോഗ് ഓര്‍മിച്ചുകൊണ്ടു വീണ്ടും പറഞ്ഞു..
'സര്‍, അപ്രന്റീസായി വന്നതാണ് സര്‍. സാലറി ഇല്ല സാര്‍.. '
എന്തോ ഏകാംബരദൈവത്തിന്റെ മനസ്സലിഞ്ഞു കാണും..
'സെരി കൊട് കൊട്...'
നൂറു രൂപ എടുത്തു ഏമാന്റെ കൈയില്‍ പിടിപ്പിച്ചു...പൊയ്ക്കോട്ടെ എന്നു തല കുലുക്കി ഒരു പ്രത്യേകരീതിയില്‍ ചോദിച്ചു...
'ഉം സെരി...അന്ത കാശ് അന്ത ടീ കടയില്‍ കൊടുത്തിട്...'
'എന്ത കാശ് സര്‍..'
ടേയ്, അന്ത ഇരുപതു രൂപാ, പുരിയില്ലയാ ഉനക്ക് '..
ഏകാംബരനേയും അവന്റെ മൂന്നു മുന്‍തലമുറയേയും പ്രാകിക്കൊണ്ടു അതും കൊടുത്തു...
വണ്ടിയില്‍ കയറിയിരുന്നു. പെരുമാള്‍ അംബരന്‍ജിക്കു ഒരു സല്യൂട്ടും കൊടുത്തു വന്നു ബാക്ക് സീറ്റില്‍ ആസനസ്ഥനായി.. എല്ലാം ഞാന്‍ ശരിയാക്കിയില്ലേ എന്ന രീതിയില്‍ ഒരു നോട്ടവും.. അവന്റെ മുഖം മനസ്സില്‍ ഓര്‍ത്തു് കിക്കറില്‍ ഒന്നു ചവിട്ടി..ഒറ്റയടിക്കു സ്റ്റാര്‍ട്ട് ആയി... ഓഫീസിലേക്കു വെച്ചുപിടിച്ചു..
വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ആദ്യാനുഭവം മറക്കില്ല... പിന്നീടെത്ര യാത്രകള്‍...എത്ര ഏകാംബരന്‍മാര്‍..
ഇപ്പോള്‍ ഒറ്റക്കാണ്..പെരുമാള്‍ കുടുംബസ്ഥനായി..വേറെ വീടെടുത്തു...
പക്ഷേ ഞാന്‍ ഇപ്പോഴും അവിടെയാണ്..
ഇപ്പോഴൂം കള്ളനും പൊലീസും കളി തുടരുന്നു..
എന്തു കൊണ്ടെന്നാല്‍ ഞാന്‍ ഇതുവരെ എന്‍ ഒ സി എടുത്തിട്ടില്ല ..
-----------------------
ഉണ്ണികൃഷ്ണന്‍ മുരുപ്പേല്‍...
1
( Hide )
  1. ഉണ്ണിക്യഷ്ണനുക്ക് എൻ.ഓ.സി. തേവൈ !

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo