Slider

സ്വദഖ (നർമ്മം)

0

ബീരാൻ മുസ്ലിയാരുടെ പ്രസംഗം കത്തിക്കയറുകയാണ്. ആണുങ്ങളും പെണ്ണുങ്ങളുമായി ഒരു വൻ ജനക്കൂട്ടം തന്നെ മുസ്ലിയാരുടെ പ്രസംഗം കേൾക്കാൻ തടിച്ചു കൂടിയിട്ടുണ്ട്.
നാട്ടിൽ പുതുതായി തുടങ്ങാനിരിക്കുന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ ധനശേഖരണത്തിന് വേണ്ടിയാണ് അതിന്റെ കമ്മറ്റിക്കാർ ഈ പ്രസംഗപരിപാടി ഇവിടെ സംഘടിപ്പിച്ചിരിക്കുന്നത്. ഒരു പ്രസംഗത്തിന് ഇരുപത്തയ്യായിരമാണ് അദ്ദേഹത്തിന്റെ ചാർജെങ്കിലും അതിന്റെ പത്തിരട്ടി പ്രസംഗത്തിലൂടെ സദസ്യരിൽ നിന്ന് തഞ്ചത്തിൽ പിരിച്ചെടുത്ത് തരും. അതാണ്ബീരാൻ മുസ്ലിയാർ.
നരകത്തെയും സ്വർഗത്തെയും കുറിച്ചുള്ള വിവരണങ്ങളാണ് മുസ്ലിയാരുടെ തുറുപ്പ് ചീട്ട്. നരകത്തിലെ ഭയാനകതയെക്കുറിച്ചുള്ള വിവരണങ്ങൾ കേട്ട് തരിച്ചിരിക്കുകയാണ് ജനക്കൂട്ടം. ആരും ഒന്നും മിണ്ടുന്നില്ല.അതിനിടയിലൂടെ ബക്കറ്റ് പിരിവ് പൊടിപൊടിക്കുന്നുണ്ട്. മുസ്ലിയാരുടെ പ്രസംഗം ക്ലൈമാക്സിലേക്കെത്തുമ്പോഴാണ് കമ്മറ്റിക്കാരുടെ മനം കുളിർക്കുക.
തുടങ്ങിയിട്ട് രണ്ട് മണിക്കൂറോളമായ പ്രസംഗം അങ്ങനെ ക്ലൈമാക്സി നോടടുക്കുകയാണ്.
" നരകത്തിന്റെ ഭീകരതയും സ്വർഗത്തിലെ സുഖ സൗകര്യങ്ങളുമൊക്കെ നിങ്ങൾക്കിതാ ഞാൻ വിവരിച്ച് തന്നിരിക്കുന്നു. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത് .സ്വർഗം വേണോ നരകം വേണോയെന്ന്.നാമെല്ലാം ജീവിതത്തിൽ എന്തെല്ലാം പാപങ്ങളാണ് ചെയ്തു കൂട്ടിയിരിക്കുന്നത്.ഇതിനെല്ലാം പരിഹാരമാണ് നമ്മൾ നൽകുന്ന സ്വദഖ അഥവാ സൽക്കർമ്മങ്ങൾക്ക് വേണ്ടിയുള്ള ദാനം ചെയ്യൽ. ഇവിടെ നിങ്ങൾക്ക് കഴിയുന്ന സംഖ്യ അതെത്രയായാലും എന്നെയേൽപ്പിക്കാവുന്നതാണ്. പാവങ്ങൾക്ക് വേണ്ടി ഇവിടെ തുടങ്ങാൻ പോകുന്ന ട്രസ്റ്റിലേക്ക് നിങ്ങൾ നൽകുന്ന സംഭാവനകൾ മൂലം എല്ലാവരും സ്വർഗത്തിൽ എത്തിപ്പെടട്ടെ അവരുടെ പാപങ്ങൾ പൊറുക്കപ്പെടട്ടെ "
ഈണത്തിലുള്ള മുസ്ലിയാരുടെ പ്രസംഗത്തിൽ ലയിച്ച് പുരുഷൻമാർ ഓരോരുത്തരായി വേദിയിൽ കയറി മുസ്ലിയാരുടെ കൈയിൽ നോട്ടുകൾ ചുരുട്ടിക്കൂട്ടി ഏൽപിക്കാൻ തുടങ്ങി. ഒട്ടു മുക്കാൽ പുരുഷൻമാരും ഇത്തരത്തിൽ സംഭാവനകൾ എത്തിച്ചു തന്നു എന്ന് മനസിലാക്കിയ ഉസ്താദ് പിന്നീട്
സ്ത്രീകളുടെ ഭാഗത്തേക്ക് തിരിഞ്ഞു.ഇനി ഇവരെയൊന്ന് ഇളക്കിമറിക്കണം എന്നാലേ കമ്മറ്റിക്കാർക്ക് എന്തെങ്കിലും തടയു. വാങ്ങുന്ന ഇരുപത്തയ്യായിരത്തിന്റെ നന്ദികാണിക്കണ്ടെ.
"എന്റെ പ്രിയപ്പെട്ട സഹോദരികളെ.... നിങ്ങൾ ചിന്തിക്കുക. നിങ്ങളിൽ പലരും ബക്കറ്റുകളിൽ പണം നിക്ഷേപിച്ചിട്ടുണ്ടായിരിക്കാം. പക്ഷേ നിങ്ങളൊന്ന് ചിന്തിക്കണം കഴുത്തിലും കാതിലുമെല്ലാം പതിനായിരങ്ങളുടെ സ്വർണാഭരണങ്ങൾ ധരിച്ച് കൊണ്ട് നിങ്ങൾ നൽകിയ തുഛമായ തുക നിങ്ങളെ എവിടെയെത്തിക്കാനാണ്.. നിങ്ങൾക്കിഷ്ടപ്പെട്ട നിങ്ങളുടെ ആഭരണങ്ങളിൽ നിന്ന് നിങ്ങൾ ദാനം ചെയ്യുക.ദുനിയാവിലെ ഈ സ്വർണ്ണത്തിളക്കമാണൊ സ്വർഗത്തിലെ ആനന്ദമാണൊ നിങ്ങൾക്ക് വേണ്ടതെന്ന് ഇപ്പോൾ ഇവിടെ വെച്ച് തീരുമാനമെടുക്കാം"
പ്രസംഗത്തിന്റെ മാസ്മരികതയിൽ പലരുടെയും മനസലിഞ്ഞു. പർദ്ദയണിഞ്ഞ സ്ത്രീകൾ തങ്ങളു ടെ ആഭരണങ്ങളിൽ നിന്ന് പലതും അഴിച്ചെടുത്ത് വേദിയിലേക്ക് വരാൻ തുടങ്ങി. മുസ്ലിയാർ സ്വദഖയുടെ പുണ്യത്തെക്കുറിച്ചും സ്വർഗ നരകങ്ങളെക്കുറിച്ചും ആഴത്തിൽ വിവരിക്കാൻ തുടങ്ങിയതോടെ സ്ത്രീകളുടെ വരവ് കൂടി. മുസ്ലിയാരുടെയും കമ്മറ്റിക്കാരുടെയും മനസിൽ ലഡുവും ജിലേബി യുമൊക്കെ മാറി മാറി പൊട്ടാൻ തുടങ്ങി. വേദിയിലെ മേശപ്പുറത്ത് വെച്ച ബക്കറ്റിൽ സ്വർണാഭരണങ്ങൾ വന്ന് നിറഞ്ഞു കൊണ്ടിരുന്നു. പെട്ടെന്നാണ് ഇടക്ക് വന്ന ഒരു യുവതിയോട് ഉസ്താദ് വളരെ ദേഷ്യപ്പെട്ട് ഇങ്ങനെ പറയുന്നത് കേട്ടത്. 
" ആണുകൾക്കിടയിലേക്ക് കയറി വരുമ്പോൾ പാലിക്കേണ്ട മര്യാദകളൊന്നും അറിയില്ലെ. കടന്നു പോ ഇവിടുന്ന് .ഇത് നിങ്ങളെപ്പോലുള്ളവർക്ക് കയറിയിറങ്ങാനുള്ള സ്ഥലമല്ല."
"ഞാൻ ആഭരണങ്ങൾ സ്വദഖയായിട്ട്..... "
അവരെ പറഞ്ഞ് മുഴുമിപ്പിക്കാനനുവദിക്കാതെ മുസ്ലിയാർ തുടർന്നു. 
"എന്ത് സ്വദഖ. നിന്റെ സ്വദഖ ഇവിടെ സ്വീകരിക്കുകയില്ലാ.. നീയെന്റെ മുമ്പിൽ നിന്നും കടന്നു പോ പെണ്ണേ. "
ആളുകൾ ഒന്നടങ്കം കാരണമറിയാതെ ഞെട്ടിത്തരിച്ചിരിക്കുകയാണ്. ആരായിരുന്നു ആ യുവതിയെന്ന് ആർക്കും മനസിലാക്കാനായില്ല. അവൾക്ക് മുസ്ലിയാരുടെ ശാപം കിട്ടരുതേയെന്ന് പ്രാർത്ഥിക്കുകയായിരുന്നു മിക്കയാളുകളും.
പ്രസംഗം കഴിഞ്ഞ് ആളുകൾ പിരിഞ്ഞു പോയി. തന്റെ ഫീസ് കണക്ക് പറഞ്ഞ് വാങ്ങി തുക എണ്ണി നോക്കി മുസ്ലിയാർ വീട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തി അകത്തേക്ക് കയറിയതും അയാൾ ഉച്ചത്തിൽ വിളിച്ചു. 
"ആമിനാ "
ഉസ്താദിന്റെ ഭാര്യയാണ് ആമിന. അടുക്കളയിൽ എന്തോ ജോലിയിലായിരുന്ന അവർ. ഭാര്യയെ കണ്ടതും മുസ്ലിയാർ ദേഷ്യമടക്കാനാവാതെ ചോദിച്ചു.
"എവിടെ ആ ഇബലീസ്.അന്റെ മോൾ സാബിറ.വിളിക്കവളെ "
ആമിനക്ക് കാര്യം പിടികിട്ടിയില്ല. ഭർത്താവ് വല്ലാത്ത ചൂടിലാണെന്നറിഞ്ഞ അവർ മകളെ വിളിച്ചു കൊണ്ടുവന്നു.
" പഹയത്തിക്ക് പ്രസംഗം കേട്ട് പോന്നാ പോരെ. . എത്ര ഉർപ്യന്റെ മൊതലാന്നറിയോ അന്റെ കഴുത്തിലും കാതിലുമൊക്കെയായിള്ളത് .അന്റെ ഒരു മാല തന്നെ മൂന്ന് പവന്ണ്ട് .അതിന്റെ പുറമെ വള, പാദസരം ഇതൊക്കെ ഊരി ഓള് സ്‌റ്റേജ് മ്മക്ക് ബന്ന്ക്ക്ണ് സ്വദഖ തരാൻ.ഒരു വിധത്തിലാ ഞാനീ ബലാലിനെ അവിടന്ന് എറക്കിവിട്ടത്."
ബീരാൻ ഉസ്താദ് നിന്ന് വിറക്കുകയാണ്.
" സ്വദഖ.... മണ്ണാങ്കട്ട.... " അയാളുടെ കലിയടങ്ങുന്നല്ല.
__________________
എം.പി.സക്കീർ ഹുസൈൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo