Slider

അനിതയുടെ ദാമ്പത്യം

0

നാളെ എന്റെ വിവാഹ വാർഷികമാണ്...... ഇതിനേക്കാൾ ചുരുക്കിയും വ്യക്തമായും സ്വന്തം ജീവിതത്തിലെ ഏറ്റവും വലിയ പരാജയത്തെ വിശേഷിപ്പിക്കാൻ കഴിയില്ല......
അനിത കലണ്ടറിൽ നോക്കി.. നവംബർ 15 ... നാളെയ്ക്ക് 14 വർഷം... കറുപ്പിൽ പടർന്ന അക്കങ്ങൾ തന്നെ നോക്കി പല്ലിളിക്കുന്നതായി അവൾക്കു തോന്നി...
കഴുത്തിൽ കിടക്കുന്ന താലിയ്ക്കും, നെറ്റിയിൽ പടരുന്ന സിന്ദൂരത്തിനുമപ്പുറം അയാൾ തനിക്കാരാണ്? പേരോർക്കുമ്പോൾ തന്നെ വൈരാഗ്യം ജനിപ്പിക്കും വിധം അന്യനായ ഒരാൾ .... ഒരു അപരിചിതൻ ...
ഇതൊരു കഥയുടെ തുടക്കമല്ല. അനിത പറഞ്ഞു തീർക്കാൻ ആഗ്രഹിക്കാത്ത വെറുമൊരു ദാമ്പത്യത്തിന്റെ ചെറിയ സൂചന മാത്രം.
ഒരു സ്ത്രീ പരിപൂർണയാകുന്നത് എപ്പോഴാകും? ആരാണവളുടെ കൊച്ചു പിണക്കങ്ങൾക്കും, വലിയ ഇണക്കങ്ങൾക്കും കാതോർക്കുന്നത്? അനിതയ്ക്ക് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അനവധിയുണ്ട്.
ചിന്തകളെപ്പോലും പണയം വെയ്ക്കും വിധം സ്ത്രീ അടിമയാകുന്നതെങ്ങനെ? അനിത അടുക്കളപ്പാത്രങ്ങൾക്കിടയിലും ,തിളങ്ങുന്ന സാരികൾക്കിടയിലും, അയാൾ ധരിക്കുന്ന പൊങ്ങച്ച പരിവേഷങ്ങൾക്കിടയിലും ഉത്തരം തിരഞ്ഞു വെറുതെ നടന്നു.
പാത്രത്തിൽ വൈകീട്ടത്തെ സാലഡിനുള്ള കഷ്ണങ്ങൾ ചത്തുമലച്ചു കിടക്കുന്നുണ്ട്. ഇതയാളുടെ വിരൽ.കോവയ്ക്ക ചെറുതായി നുറുക്കിയപ്പോൾ അവൾക്ക് ചിരി വന്നു.
ഇത് ......... ക്യാരറ്റ് എടുത്ത് നോക്കി അവൾ കാർക്കിച്ചു .... തികട്ടി വന്ന വെറുപ്പിൽ അവളത് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു.
ഇത് വീണ്ടും കഥയാകുന്നുണ്ടോ? അല്ല... ഇത് കഥയല്ല... ഇത് അനിത പറയാതെ പറഞ്ഞു പോകുന്നതാണ് ... അനിത ഒരു മുഖം മൂടിയാണ്.. അഴിച്ചു വെയ്ക്കാൻ കഴിയാതെ മുഖത്തോടള്ളിപ്പിടിച്ച മുഖം മൂടി ...
നാളേയ്ക്ക് ബ്ലാക്ക് ഫോറസ്റ്റ് വിളിച്ചു പറയണം. കറുത്ത തലത്തിൽ വെളുത്തയെഴുത്ത്. ഹാപ്പി അനിവേഴ്സറി Mr & Mrs.....
ഹ ഹ .... വിരോധാഭാസങ്ങൾ ... പെട്ടന്ന് അനിതയ്ക്ക് കരയണമെന്നു തോന്നി... കുറെ ഛർദ്ദിക്കണമെന്നും .... ഈത്തവണയെങ്കിലും അയാളെ പറ്റിക്കണം... അയാൾ മുറിച്ചു തരുന്ന കേക്കിൻ തുണ്ടിൽ ഒന്നു തൊട്ടു പോലും നോക്കരുത്:... അനിത തീർച്ചപ്പെടുത്തി.
മുറിച്ചെടുത്ത പച്ചക്കറി കഷ്ണങ്ങൾ മേശപ്പുറത്ത് മൂടി വെച്ച് അനിത ഉറങ്ങാൻ കിടന്നു കാണും...... കാരണം നാളെ അനിതയുടെ വിവാഹ വാർഷികമാണ്. പതിനാലാമത് വാർഷികം....അനിതയ്ക്കിനിയും ചോദ്യങ്ങളുണ്ട്. ഉത്തരങ്ങൾ പിടികിട്ടാതെ ഓടി നടക്കുമ്പോൾ നമുക്കറിയാം ... അനിത ഒരു മുഖം മൂടിയാണ്...വെറുമൊരു കോമാളിമുഖം മൂടി ...
...... സിൽജ......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo