Slider

ചേട്ടത്തിയമ്മ അല്ല അമ്മ

0

ചേട്ടൻ കല്യാണം കഴിച്ചു വന്നപ്പോൾ അമ്മായി പറഞ്ഞു... ഇന്ന് വരെ പെൺകുട്ടികൾ ഇല്ലാത്ത വീടായിരുന്നു ഇനി നിങ്ങളുടെ കളികളൊന്നും വേണ്ട ഇന്ന് മുതൽ ഒരു പെണ്ണും ഉണ്ട് . വീട്ടിൽ എല്ലാ കാര്യത്തിലും ഒരു അടക്കവും ചിട്ടയും വേണമെന്ന്...
അച്ഛനും അമ്മയ്ക്കും ഞങ്ങൾ മൂന്ന് ആൺ കുട്ടികളാണ്.. ഞാൻ കുഞ്ഞായിരുന്നപ്പോഴെ അമ്മ മരിച്ചതാണ്.. അച്ഛനാണ് ഞങ്ങളെ വളർത്തി വലുതാക്കിയത്... അതുകൊണ്ട് തന്നെ ജീവിത രീതിയിൽ ഞങ്ങൾക്ക് ഒരു അടുക്കവും ചിട്ടയുമുണ്ടായിരുന്നില്ല... തോന്നുമ്പോൾ എഴുന്നേൽക്കുക.. ക്ലാസ്സിൽ പോയി തോന്നുമ്പോൾ വരിക അങ്ങനെ ഒക്കെ ആണ് എന്റെ കാര്യം... ഞാനും അനിയനും പഠിക്കുന്നു, ചേട്ടന് ബാങ്കിൽ ജോലിയുണ്ട്..അച്ഛൻ കൃഷിയും കാര്യങ്ങളും ആയി വീട്ടിൽ തന്നെ...
വലത്തുകാലു വച്ച് നിലവിളക്കും പിടിച്ച് ചേട്ടത്തിയമ്മ വീട്ടിൽ കയറി വന്നത് മുതൽ ഞങ്ങളുടെ എല്ലാ കാര്യത്തിലും ഒരു മുടക്കവും വന്നിട്ടില്ല... കാലത്ത് എഴുന്നേറ്റ് കുളിച്ച് തലയിൽ ഒരു തുളസി കതിരും നെറ്റിയിൽ ചന്ദന കുറിയും നെറുകയിൽ ഒരു നുള്ള് സിന്ദൂരവും തൊട്ട് അടുക്കളയിൽ കയറിയാൽ ഞങ്ങൾക്കുള്ള ചായയും കാലത്തേ ഭക്ഷണവും ഞൊടിയിടയിൽ തയ്യാറാക്കി മേശയിൽ വയ്ക്കും .. ക്ലാസ്സിൽ പോകാൻ എഴുന്നേറ്റാൽ ചെറിയ ഒരു ശകാരവുമായി വരുന്ന ചേട്ടത്തിയമ്മയെ കാണുമ്പോൾ എനിക്ക് അമ്മയെ ഓർമ്മവരും....
പ്രഭാത ഭക്ഷണത്തിന് ആദ്യമായി അമ്മയുടെ സ്നേഹത്തിന്റെ രുചി അനുഭവപ്പെട്ടു:... ഉച്ചക്ക് ഭക്ഷണം കൊണ്ടുപോകാൻ കൂട്ടക്കാതിരുന്ന ഞാൻ ചേട്ടത്തിയമ്മ പൊതിഞ്ഞു തന്ന ഭക്ഷണം ഒരിക്കലും കൊണ്ടുപോകാതിരുന്നിട്ടില്ല...
സന്ധ്യ സമയത്ത് വീട്ടിൽ കൊളുത്തുന്ന ദീപത്തിനും വീട്ടിൽ മുഴങ്ങി കേൾക്കുന്ന നാമ ജപത്തിനും ശേഷമാണ് വീട് വീടായി മാറിയതും വീടിന് ഒരു ഐശ്വര്യം തോന്നിയതും..
ക്ലാസ് വിട്ട് എന്തെ ഇത്ര വൈകി എന്ന് പറഞ്ഞ് ശകാരിച്ച ഏട്ടത്തിയമ്മ പിന്നീട് പറഞ്ഞു ക്ലാസ്സ് വിട്ടാൽ വീട്ടിൽ വന്നിട്ട് ബുക്കും സാധങ്ങളും വച്ച് വല്ലതും കഴിച്ചിട്ട്, ഒന്ന് പറഞ്ഞിട്ട് പോയാൽ പോരെ... വീട്ടിൽ ഇരിക്കുന്നവർക്ക് ഒരു പേടിയാണ് സമയത്ത് കണ്ടില്ലെങ്കിൽ..." ശകാരിച്ചതിന് മനസ്സ് തെല്ലൊന്ന് വേദനിച്ചെങ്കിലും ഏട്ടത്തിയമ്മയുടെ സ്നേഹം തിരിച്ചറിഞ്ഞപ്പോൾ അതിലേറെ സന്തോഷമാണ് തോന്നിയത്.. രാത്രി ഏട്ടനായി കാത്തിരിക്കുന്ന ഏട്ടത്തിയമ്മക്ക് കൂട്ടിരിക്കുമ്പോൾ പറയുമായിരുന്നു " നീ കഴിച്ചു കിടന്നോ വെറുതെ ഉറക്കം കളയണ്ടെന്ന്.... :"
ഒരിക്കൽ ക്ലാസ്സ് കഴിഞ്ഞ് കൂട്ടുകാരുടെ കൂടെ സിനിമക്ക് പോയി അത് കഴിഞ്ഞ് ഭക്ഷണം കഴിച്ച് വന്നപ്പോഴേക്കും സമയം പതിനൊന്നായിരുന്നു.. ഞാൻ മുന്നേയും വൈകി വരാറുണ്ട് അന്നെല്ലാം വാതിലിന്റെ ചാവി ചെടിച്ചട്ടിയിൽ ഉണ്ടാകാറുണ്ട്... എന്നാൽ ഞാൻ ചെടി ചട്ടികൾ എല്ലാം തിരഞ്ഞിട്ടും ചാവി കിട്ടിയില്ല.. എന്റെ ശബ്ദം കേട്ടിട്ടാകാം വാതിൽ തുറന്ന് ചേട്ടത്തിയമ്മ വന്നത്...
നീ എവിടെ ആയിരുന്നു ഇത്ര നേരം ഞാൻ കാത്തിരിക്കായിരുന്നു... ഏട്ടൻ കഴിച്ചു കിടന്നു.. എനിക്ക് ആണേൽ കിടന്നാൽ ഉറക്കം വരില്ല... ഞാനും കഴിച്ചില്ല നീ വന്നിട്ട് കഴിക്കാമെന്ന് കരുതി...
ഞാൻ കഴിച്ചു എന്ന് ആ മുഖത്ത് നോക്കി പറയാൻ എനിക്ക് കഴിഞ്ഞില്ല.... വയറു നിറച്ചു കഴിച്ചതാണേലും ആ പാത്രത്തിൽ ഏട്ടത്തിയമ്മ വിളമ്പി തന്നത് കുറച്ചു പോലും ബാക്കി വയ്ക്കാതെ ഞാൻ കഴിച്ചു... സ്നേഹമാണ് ഭക്ഷണത്തിന് രുചിയും വിശപ്പിന്റെ ആഴവും അളക്കുന്നതെന്ന് അന്നാണ് എനിക്ക് മനസിലായത്...
അന്ന് ഏട്ടത്തിയമ്മയുടെ അച്ഛനും അമ്മയും കൂടി വീട്ടിൽ വന്ന ദിവസമായിരുന്നു... നീ എന്താണ് വീട്ടിലേക്ക് വരാത്തത് എന്ന് അമ്മ ചോദിച്ചപ്പോൾ ചേട്ടത്തിയമ്മ പറഞ്ഞത് ഞാൻ എപ്പോഴും ഓർക്കുന്നു..
അമ്മേ ഇവർക്ക് എല്ലാം ഞാൻ മാത്രമല്ലേ ഉള്ളു... ചേട്ടന്റെ അനിയന്മാർക്കെല്ലാം ഞാൻ അമ്മയാണ്... അവർക്ക് അത്രയും ഇഷ്ടമാണ് എന്നെ.. ഞാൻ ഭാഗ്യവതിയാണ് ജന്മം കൊണ്ടല്ലെങ്കിലും എനിക്ക് രണ്ട് അനിയന്മാരെയാണ് കിട്ടിയത്...
ഒരു പെൺകുട്ടി ഉണ്ടെങ്കിലേ വീട് സ്വർഗമാകുവെന്ന് പറഞ്ഞത് സത്യമായി തോന്നിപ്പോയത് ചേട്ടന്റെ വിവാഹത്തിന് ശേഷമാണ്... പിന്നീട് ഞാൻ ചേട്ടത്തിയമ്മ ആയിട്ടല്ല അമ്മ ആയിട്ടെ ഞാൻ കണ്ടിട്ടുള്ളു എന്നും എപ്പോഴും.. സ്നേഹിക്കാനും ശകാരിക്കാനും ഊട്ടാനുമായി ഒരു അമ്മ...
Sajith_Vasudevan(ഉണ്ണി...)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo