Slider

തല കുനിച്ചിരിക്കുന്ന പെണ്‍കുട്ടി

0

ഞാനെന്നല്ല, ആരായാലും സംശയിച്ചു പോകും.സാധാരണ സിനിമ കാണാന്‍ വരുന്നവരുടെ സ്വാഭാവികമായ പെരുമാറ്റമായിരുന്നില്ലല്ലോ ആ പെണ്‍കുട്ടികളുടേത്. ഓട്ടോയില്‍ വന്ന് ഇറങ്ങിയതു മുതല്‍ അറിയുന്ന ആരെങ്കിലും ഉണ്ടോ എന്ന പരിഭ്രമവും പേടിയും പ്രകടമായിരുന്നല്ലോ..
ഉച്ചവെയില്‍ കനത്തിരുന്നതിനാല്‍ ചൂടിനു മറവെന്ന വ്യാജേന ചുരിദാറിന്‍റെ ഷാള്‍ കൊണ്ട് തലവഴി മറക്കാന്‍ ശ്രമിക്കുന്നത് നിങ്ങളും കണ്ടതല്ലേ..
ടിക്കറ്റ് കൗണ്ടറിന്‍റെ ഗ്രില്‍സിനു പിന്നില്‍ അവരുടെ മുഖം അര്‍ദ്ധതാര്യമെന്ന് ആശ്വാസം കൊള്ളുമ്പോഴും അവരുടെ കണ്ണുകള്‍ ആരെയോ പ്രതീക്ഷിക്കുന്നുണ്ട് എന്നു ഞാന്‍ പറഞ്ഞാല്‍ തെറ്റില്ല, കാരണം കുറച്ച് കഴിയുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ അവരുടെ അടുത്ത് വരികയും നൂറിന്‍റെ അഞ്ചു നോട്ടുകള്‍ അവരെ ഏല്‍പിക്കുന്നതും മുഖം കുനിച്ചു നില്‍ക്കുന്ന പെണ്‍കുട്ടി ഇടം കണ്ണിട്ട് അയാളെ നോക്കുന്നതും നിങ്ങള്‍ക്ക് കാണാം. ആ ചെറുപ്പക്കാരനെ ഇനി നിങ്ങള്‍ കാണുന്നത് സിനിമ തുടങ്ങിയാല്‍ മുഖം കുനിച്ചിരിക്കുന്ന പെണ്‍കുട്ടിയുടെ വലതു ഭാഗത്തെ സീറ്റില്‍ മായാജാലക്കാരനെ പോലെ പ്രത്യക്ഷപ്പെടുന്നതായിരിക്കും.
തിയറ്ററിന്‍റെ വരാന്തയിലൂടെ നടന്നു പോകുമ്പോള്‍ പയ്യന്‍മാര്‍ ഉഴിഞ്ഞു നോക്കുന്നത് കടക്കണ്ണാല്‍ ശരിക്കും ആസ്വദിക്കുന്നത് തലകുനിച്ചിരിക്കുന്ന പെണ്‍കുട്ടിയാണ്.അവളെ ഇയ്യിടെ മാത്രമാണ് ആണ്‍കുട്ടികള്‍ പ്രണയഭാരമുള്ള കണ്ണുകള്‍ കൊണ്ട് നോക്കി തുടങ്ങിയത്. ആര്‍ത്തവത്തിന്‍റെ ആനുകൂല്യ്തില്‍ വല്ലപ്പോഴും ചുവന്ന് തുടുക്കാറുള്ള ആ പെണ്‍കുട്ടി നിത്യസുന്ദരി ആയി മാറുകയും സമ്പന്നരായ മറ്റ് നേഴ്സിങ്ങ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തലയുയര്‍ത്തി നടക്കാനുള്ള ധൈര്യവും ഇയ്യിടെയാണ് അവള്‍ സ്വായത്തമാക്കിയത്.
അവള്‍ ജനിച്ചു വളര്‍ന്ന ഗ്രാമത്തിലെ അവളുടെ അയല്‍വാസിയാണെങ്കില്‍ പോലും ബാഗ്ളൂര്‍ നഗരത്തില്‍ ഇപ്പോള്‍ അവളെ കണ്ടാല്‍ നിങ്ങള്‍ തിരിച്ചറിയില്ല.വിശ്വസിക്കാന്‍ പറ്റാത്ത വിധം മാറിയിട്ടുണ്ട് അവളുടെ വേഷവിദാനം. കൂലിവേല ചെയ്യുന്ന ഒരു പാവം അമ്മയുടെ സ്നേഹ വാല്‍സല്യങ്ങളും ഭയവും അനുഭവിച്ച മുഖത്തെ നിഷ്കളങ്കത എങ്ങോ കൈമോശം വന്ന പോലെ....
........തിയറ്ററില്‍ ലൈറ്റണയുമ്പോള്‍, നീലവെളിച്ചത്തില്‍ പാവക്കൂത്തിലെ നിഴലുകള്‍ ആട്ടം തുടങ്ങിയതിലേക്ക് ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നില്ല.
നമ്മളൊക്കെ സദാചാര വാദികളാണല്ലോ..
ആടുന്ന കഥയേതെന്ന് പാവകള്‍ക്ക് അറിയില്ലല്ലോ എന്ന് വേണമെങ്കില്‍ സഹതപിക്കാം.
മായാജാലക്കാരന്‍റെ ഇന്‍വാനിഷിങ്ങിലെ മനുഷ്യനെ പോലെ ആ ചെറുപ്പക്കാരന്‍ അപ്രത്യക്ഷമാകുമ്പോള്‍ മാത്രമാണ് പെണ്‍കുട്ടികള്‍ സിനിമയുടെ ലോകത്തേക്ക് തിരിച്ചു വരുന്നത്.
സ്ക്രീനില്‍ ചത്തുമലച്ച് കിടക്കുന്ന ഒരു പെണ്‍കുട്ടിയുടെ ജഡം. പശ്ചാത്തലത്തില്‍ സ്ത്രീ ശബ്ദം. 
............അമ്മയുമായുള്ള ഒളിച്ചു കളിയില്‍ പിടിക്കപ്പെടുക എളുപ്പമാണ്. കട്ടിലിനു ചുവട്ടില്‍,വാതിലിനു പിറകില്‍, പുല്ലുപായുടെ ചുരുളില്‍....
ഫ്ളാഷ് ബാക്ക് പോലെ കണ്ണു പൊത്തി കളിക്കുന്ന ഒരു അമ്മയും കുഞ്ഞും സ്ക്രീനില്‍ പ്രത്യക്ഷമാകുന്നു.
.......വളര്‍ച്ചയുടെ ഏത് ഘട്ടത്തിലാണ് ഒളിക്കാന്‍ സ്ഥലമില്ലാതെ ഞാന്‍ എന്നില്‍ തന്നെ ഒളിച്ചത്.
.........ഒന്ന് ..രണ്ട് ..മൂന്ന്.... അമ്മ എണ്ണിത്തീരും മുന്‍പ് ഗ്രാമവും നഗരവും കടന്ന് ആര്‍ക്കും കണ്ടെത്താന്‍ കഴിയാത്ത ഇടത്തേക്ക് ഒരു പെണ്‍കുട്ടി ഓടിപ്പോകുന്നതോടെ സിനിമ തീരുന്നു...
സിനിമ വിട്ട് പുറത്തിറങ്ങുമ്പോള്‍ തല കുനിച്ച് നില്‍ക്കുന്ന പെണ്‍കുട്ടിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു..
-- പുരുഷു പരോള്‍ --
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo