Slider

പോക്കുവെയില്‍

0

നനഞ്ഞ പ്രകൃതിയും സാമ്പ്രാണിത്തിരിയുടെ നേര്‍ത്ത ഗന്ധവും വലിയ തലയുള്ള കറുത്ത ഉറുമ്പിന്‍ കൂട്ടങ്ങളുടെ വരിതെറ്റാതെ ഉള്ള നടപ്പും അടക്കിപ്പിടിച്ച സംസാരവും നനഞ്ഞ ഒറ്റയടിപ്പാതയും എപ്പോഴും മരണത്തിന്‍റെ മാസ്മരികതയെ ദ്യോതിപ്പിച്ചു.... .മരണം...അത് നല്‍കുന്ന മഞ്ഞിന്‍ കണംപോലെ അലിവുള്ള നേര്‍ത്ത തലോടല്‍...ചാഞ്ഞും ചരിഞ്ഞും പെയ്യുന്ന നേരിയ ചാറ്റല്‍ മഴയുള്ള നനഞ്ഞ സായാഹ്നത്തില്‍ കോലായിലെ ചാരുകസേരയില്‍ മലര്‍ന്നു കിടന്നു സൂഫിസംഗീതം കേട്ടുകൊണ്ട് പുതിനയിലയുടെ ഗന്ധമുള്ള സ്വര്‍ണ്ണ നിറമാര്‍ന്ന .... ആവിപറക്കുന്ന ഒരു സുലൈമാനി മെല്ലെ ചില്ല് കപ്പില്‍ മൊത്തുമ്പോള്‍ ലഭിക്കുന്ന അനര്‍വച്ചനീയമായ ഒരു കുളിര് ..ശാന്തമായ ഉറക്കത്തിലെ തൂവല്‍ പോലെ മനോഹരമായ ഭാരമില്ലായ്മയുടെ സുഖം ആസ്വദിച്ചുകൊണ്ട്‌ വില്ലു പോലെ വളഞ്ഞ ആ ചാരുകസേരയില്‍ അമിത് ഒന്നുകൂടി പതുങ്ങി കിടന്നു... അടുപ്പിന്‍ ചുവട്ടിലെ ചാരത്തില്‍ പതുങ്ങുന്ന വെള്ളാരം കണ്ണുള്ള കുറുഞ്ഞിയെപോലെ ....
സന്ധ്യക്ക്‌ ഘനം വെച്ച് തുടങ്ങിയപ്പോള്‍ മഴ പേടിച്ചു തീരം കാലിയാക്കുന്ന സഞ്ചാരികളെ പോലെ അമിതിന്‍റെ മനസ്സും ശാന്തമായി . കാണികള്‍ ഇല്ലാതിരുന്നിട്ടും ഏവരും പോയിട്ടും അരുമയോടെ കരയെ തഴുകി പ്രണയം പങ്കുവെച്ചു യാത്ര പോകുന്ന കുഞ്ഞിത്തിരകള്‍ പാല്‍നുരയുമായി പിന്നെയും വന്നു ...അമിത് കണ്ണുകള്‍ ഇറുക്കിയടച്ചു ..ഒരു കണ്ണീര്‍കണം കണ്‍പോളകള്‍ക്കിടയിലൂടെ ഞെരിഞ്ഞമര്‍ന്നു പുറത്തിറങ്ങി ഒരു മുത്തുപോലെ നിലകൊണ്ടു .
പോവണമെന്നും യാത്ര പറയണമെന്നും അറിയാമായിരുന്നെങ്കിലും പറ്റുന്ന അത്രയും നാള്‍ എങ്കിലും കാണുവാനും മിണ്ടുവാനും കൊതിച്ചിരുന്നു .. അതിനായി യാചിച്ചിരുന്നു ..മറ്റൊന്നും പകരം നല്‍കുവാനില്ലാത്ത നനുനുത്ത സ്നേഹത്തിനു പകരമായി കുഞ്ഞൂസേ എന്ന് അലിവോടെ വിളിക്കുമ്പോള്‍ മുളംതണ്ടിലൂടെ ഒഴുകിയിറങ്ങുന്ന മധുരമുള്ള വാത്സല്യത്തോടെ ഉള്ള മൂളല്‍ സങ്കടം ഘനം തിങ്ങിയിരുന്ന മനസ്സിനു ആശ്വാസമായിരുന്നു . എന്നായിരുന്നു കണ്ടതു ..? ഒരു ക്രിസ്തുമസ് രാവിന്‍റെ ക്ഷീണം തീര്‍ന്ന അടുത്ത പകലില്‍ വന്നെത്തിയ മറ്റൊരു മഞ്ഞിന്‍ കണം പോലെ ഉള്ള പുഞ്ചിരിയിലൂടെ ആയിരുന്നു .
ഇപ്പോള്‍ പോയിരിക്കുന്നു ...പെട്ടന്നു ഒരു യാത്ര പോലും പറയാതെ...ഇനി ഈ സൗഹൃദം വേണ്ടാന്ന് പറഞ്ഞിട്ട് ..ഒരു പേപ്പര്‍ തുണ്ട് കീറുന്ന ലാഘവത്തോടെ പിന്തിരിഞ്ഞു നടന്നു പോയിരിക്കുന്നു.. പോവല്ലെയെന്നും താങ്ങാനാവില്ലായെന്നും പറഞ്ഞു നോക്കി..പുടവതുംമ്പുലയുന്ന ശബ്ദം അകന്നകന്നു പോവുമ്പോള്‍ കണ്ണുകള്‍ക്ക്‌ മുന്‍പില്‍ മൂടല്‍ മഞ്ഞു പരന്നിരിരുന്നു.. ഒരു തിര... അതിന്‍റെ സകല ശക്തിയോടെയും നെഞ്ചില്‍ വന്നടിച്ചു ചിന്നിച്ചിതറി വരണ്ട തൊണ്ടയിലൂടെ പടര്‍ന്നിറങ്ങി..കുഞ്ഞൂസേ എന്നുള്ള വിളിയൊച്ച അടുത്ത ഇരമ്പലില്‍ മുങ്ങിപോയി..
വിശ്വസിക്കാന്‍ ആവുന്നില്ല.. തനിക്കു വെറും ചങ്ങാതി മാത്രമായിരുന്നോ ..? ചങ്ങാതി എന്നു പറയുമ്പോള്‍.... നെഞ്ചിനുള്ളില്‍ അല്ല അല്ലാന്നു വല്ലാതെ പ്രതിധ്വനിച്ചിരുന്നു ..താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മനോഹരമായ സ്വഭാവ വിശുദ്ധിയുള്ള മഞ്ഞിന്‍ കണം പോലൊരു സ്ത്രീ..കുഴിഞ്ഞ കണ്‍ തടത്തില്‍ കണ്ണീരുപ്പിന്‍റെ തടാകം രൂപപ്പെട്ടു ചാലിട്ടു താഴെക്കൊഴുകിയിറങ്ങി ..
അമിത് മെല്ലെ മയങ്ങി...തന്‍റെ ചാരുകസേരയുടെ പിന്നിലൂടെ വന്നു ചിരിക്കുന്ന മുഖമുള്ള റീത്തയെ കണ്ടവന്‍ ആ മയക്കത്തിലും പുഞ്ചിരിച്ചു .. ചുരുണ്ട് ഇടതിങ്ങിയ മുടിയിഴകള്‍ കള്‍ അവളുടെ തോളിലൂടെ പരന്നൊഴുകി നിന്നു.. അവള്‍ മെല്ലെ മുഖം കുനിച്ചപ്പോള്‍ പടര്‍ന്നിറങ്ങിയ മുടിയുടെ സ്നിഗ്ദ്ധതയില്‍ അവന്‍റെ കണ്ണുകള്‍ കൂമ്പി.........കടുവേ....എന്നു റീത്ത അരുമയോടെ മെല്ലെ വിളിച്ചു..ഒരു പ്രാവ് കുറുകുമ്പോലെ വിളികേട്ട അവന്‍റെ കണ്ണുകളില്‍ മയക്കം പറ്റി ചേര്‍ന്നിരുന്നു..അവള്‍ അവന്‍റെ മുഖം പൂവിതള്‍ പോലെ മാര്‍ദ്ദവമുള്ള തന്‍റെ കൈ വിരലുകളാല്‍ കോരിയെടുത്തു ..ആ തൂ നെറ്റിയില്‍ അവളുടെ ചൂടുള്ള നിശ്വാസം പതിഞ്ഞു..അപ്പോള്‍ അവന്‍റെ ഉള്ളംകാലില്‍ നിന്നും തണുപ്പ് പടര്‍ന്നു കയറി തുടങ്ങിയിരുന്നു.. ഒരു കാട്ടുവള്ളിപോലെ പൊടുന്നനെ വന്യമായ കരുത്തോടെ പടര്‍ന്നു കയറിയ ആ വള്ളിപ്പടര്‍പ്പു അവന്‍റെ സിരകളെ മന്ദീഭവിപ്പിച്ചു ... കുളിരുള്ള ഇളം തണുപ്പ് അവന്‍റെ പ്രാണനെ വലയം ചെയ്തു ഒരു നീല ജലാശായത്തിന്‍റെ അഗാധതയിലേക്ക്‌ കൂട്ടിക്കൊണ്ടു പോവുമ്പോള്‍ അവന്‍റെ നെറ്റിയിലവസാനമായി തരളിതമായ ആ സ്നേഹചുംബനം നനവ്‌ പടര്‍ത്തിയിരുന്നു..
കടൂരാന്‍
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo