Slider

രക്ഷിതാക്കളെ ഒരു നിമിഷം മാറ്റിവെക്കൂ നമ്മുടെ മക്കൾക്ക് വേണ്ടി

0

''നന്ദു...നിന്റെ ഒരുക്കം കഴിഞ്ഞില്ലേ??...കണ്ണൻ നിന്നെ കാത്തിരിക്കാൻ തുടങ്ങീട്ട് മണിക്കൂർ ഒന്നായി ''
''വരാണമ്മേ...എന്റെ പുള്ളി പെൻസിൽ കണ്ടോ??
''അതൊക്കെ നിന്റെ ബാഗിൽ ഞാൻ വെച്ചിട്ടുണ്ട്...നീ ഇങ്ങോട്ടെന്ന് വേഗം വാ..ആ കൊച്ചിന് നേരം വൈകുന്നുണ്ട്‍....''
കയ്യിലുള്ള ചോറ്റു പത്രം കൊണ്ട് സർക്കസുകാണിച്ച് ആ രണ്ടാം ക്‌ളാസ്സുകാരി മുറ്റത്തേക്ക് ഇറങ്ങി വന്നു.അവളുടെ ചുണ്ടിൽ ഏതോ സിനിമ പാട്ട് തട്ടിക്കളിക്കുന്നുണ്ട്.
''നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ...ചോറ്റുപാത്രം ഇങ്ങനെ ആട്ടിക്കൊണ്ട് വരരുതെന്ന്...നിനക്ക് ഈ ഈയിടെയായി തീരെ അനുസരണയില്ല...ഒരടിയുടെ കുറവുണ്ട് ''
''അയ്യോ.....ഈ അമ്മ എപ്പോ നോക്കിയാലും വഴക്ക് പറഞ്ഞു കൊണ്ടാണ്''
''ഡീ''
'' എന്തേ??''
''അമ്മയ്ക്കൊരു ഉമ്മ തന്ന് പോടീ''
''തരാൻ മനസ്സില്ല...ചീത്ത പറയും ചെയ്യും...അവസാനം ഉമ്മയും വേണം''
''എന്റെ പോന്നെല്ലേടീ ...ഒരു ഉമ്മ തന്ന് പോടീ ''
മനസ്സില്ലാ മനസ്സോടെ അവൾ രേവതിയുടെ അടുത്തേക്ക് ഓടി .പിന്നെ കവിളിൽ ഒരു ചെറു മുത്തം സമ്മാനിച്ച് തിരിച്ച് റോഡിലേക്ക് ഓടി.
''കണ്ണാ...സൂക്ഷിച്ച് പോണേ....സ്കൂൾ വിട്ടാൽ വഴിവക്കത്തൊന്നും കളിച്ചു നിൽക്കാതെ വേഗം അവളെയും കൂട്ടി വരണേ''
''ചേച്ചി പേടിക്കേണ്ടാ...ഞങ്ങൾ സ്കൂൾ വിട്ടാൽ വേഗം വന്നോളാം ..."
ആ എട്ടാം ക്ലാസുകാരനും രണ്ടാം ക്ളാസുകാരിയും സ്കൂളിലേക്ക് വലിഞ്ഞു നടക്കാൻ തുടങ്ങി. ആ മനോഹര കാഴ്ച കണ്ണിൽ നിന്നും മായുന്നത് വരെ രേവതി റോഡിൽ തന്നെ നിന്നു.
പത്ത് വർഷങ്ങൾക്ക് മുൻപാണ് ഹരിയുടെ കയ്യും പിടിച്ച് രേവതി ആ ഗ്രാമത്തിലേക്ക് ആദ്യമായി വന്നത്.വീട്ടുകാരുടെ എതിർപ്പിനെ വക വെക്കാതെ അനാഥനായ ഹരിയെ വിവാഹം കഴിച്ചതോടെ അവൾ സ്വന്തം കുടുംബത്തിൽ നിന്നും പുറന്തള്ളപ്പെട്ടിരുന്നു.ഹരിയുടെ ഉറ്റസുഹൃത്തും കണ്ണന്റെ അച്ഛനുമായ രാജന്റെ സഹായത്തോടെ അവർ ഇരുപേരും ഒരു വാടക വീട്ടിൽ ജീവിതം തുടങ്ങി.അധികം താമസിയാതെ രേവതി നന്ദുവിന് ജന്മം നൽകി.എന്നാൽ,തന്റെ പൊന്നുമോളെ ലാളിച്ച് കൊതിതീരുന്നതിന് മുൻപേ ഒരു ബൈക്കപകടത്തെ തുടർന്ന് ഹരി ഇഹലോക വാസം വെടിഞ്ഞു.
ഹരിയുടെ ആകസ്മിക മരണം രേവതിയെ അക്ഷരാർത്ഥത്തിൽ തളർത്തികളഞ്ഞിരുന്നു.എന്നാൽ അവൾക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്നുനൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ രാജനും ഭാര്യ അംബികക്കും സാധിച്ചു.വീടിന് തൊട്ടടുത്തുള്ള അങ്കണവാടിയിൽ ടീച്ചറായി ജോലി ചെയ്യുന്ന രേവതി ഇപ്പോൾ താമസിക്കുന്നത് രാജന്റെ വീടിന്റെ തൊട്ടടുത്തുള്ള വാടക കെട്ടിടത്തിലാണ്.
ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ഒരു കൂടപ്പിറപ്പിനെപ്പോലെ കൂടെ നിൽക്കുന്ന രാജനും അംബികയുമാണ് ഇന്നവളുടെ ജീവിതത്തിലെ ഏക വെളിച്ചം.
സമയം 5 മണി കഴിഞ്ഞു.സ്‌കൂളിലേക്ക് പോയ കുട്ടികൾ ഇതുവരെ തിരിച്ചു വന്നിട്ടില്ല.സാധാരണ അവർ ഇത്ര താമസിക്കാറില്ല.രേവതിയുടെ മനസ്സിൽ ആധിയായി.അവൾ വേഗം അംബികയുടെ വീട്ടിലേക്ക് ഓടി.
''ചേച്ചി...കുട്ടികൾ ഇതുവരെ എത്തീട്ടില്ല...എനിക്കാകെ പേടിയാകുന്നു''
''നീ ഇങ്ങനെ പേടിക്കല്ലേ...അവരെവിടെയെങ്കിലും കളിക്കുന്നുണ്ടാകും''
''എന്നാലും സ്‌കൂൾ വിട്ടാൽ കളിയ്ക്കാൻ നിൽക്കരുതെന്ന് ഞാനവളോട് പറഞ്ഞിട്ടുണ്ട്...അവളിങ് വരട്ടെ...കാണിച്ചുകൊടുക്കുന്നുണ്ട്..മനുഷ്യനെ ടെൻഷൻ അടിപ്പിക്കാനായിട്ട്''
സമയം അതിക്രമിക്കുന്തോറും രേവതിയുടെ നെഞ്ചിടിപ്പേറികൊണ്ടിരുന്നു. അവൾ റോഡിലേക്ക് ഇറങ്ങി.കുട്ടികളെയും പ്രതീക്ഷിച്ച് വിദൂരതയിലേക്ക് കണ്ണുംനട്ട് നോക്കിയിരുന്നു .
''ഈശ്വരാ...എന്റെ കുട്ടിക്ക് ഒരാപത്തും വരുത്തരുതേ''
സമയം ആറര കഴിഞ്ഞു.തൊട്ടടുത്തുള്ള മുസ്ലിം പള്ളിയിൽ ബാങ്ക് കൊടുത്തു.
ഇതോടെ അംബികയും സമ്മർദ്ദത്തിലായി.അവൾ ഉടനെ തന്നെ രാജന് ഫോൺ വിളിച്ചു.
''ഏട്ടാ...കുട്ടികൾ ഇതുവരെ വന്നിട്ടില്ല...ആകെ പേടിയാകുന്നു..''
''ആണോ?...നിങ്ങൾ പേടിക്കേണ്ട ,ഞാൻ സ്‌കൂളിലൊന്ന് അന്വേഷിക്കട്ടെ''
രേവതിയും അംബികയും കുട്ടികളെയും കാത്ത് റോഡ് വക്കത്ത് അക്ഷമരായി കാത്തു നിന്നു.
ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു.പെട്ടെന്നതാ വാഹനങ്ങളുടെ അരണ്ട വെളിച്ചത്തിൽ ഒരു ചെറിയ രൂപം അവർക്ക് നേരെ നടന്നടുക്കുന്നു.അവർ ആകാംഷാപൂർവ്വം അങ്ങോട്ട് നോക്കി.പതിയെ പതിയെ അവ്യക്തതയുടെ മറ നീക്കിക്കൊണ്ട് ആ മുഖം അവർക്ക് മുന്നിൽ വ്യക്തമായി.
''കണ്ണാ...നീ എവിടെയായിരുന്നു ഇത്ര നേരം??..നന്ദു എവിടെ??''
''ഞാൻ കളിയ്ക്കാൻ പോയതായിരുന്നു....നന്ദുവിനെ ഞാൻ കണ്ടില്ലല്ലോ..അവൾ കൂട്ടുകാരികൾക്കൊപ്പം വന്നിട്ടുണ്ടാകുമെന്നാണ് ഞാൻ വിചാരിച്ചത്''
''ദൈവമേ....എന്റെ കുട്ടി''
രേവതി പൊട്ടിക്കരയാൻ തുടങ്ങി.അവളുടെ കരച്ചിൽ കേട്ട് തൊട്ടടുത്ത വീടുകളിലെ ആളുകളെല്ലാം ഓടിക്കൂടി.അപ്പോഴേക്കും രാജനും അവിടെ എത്തിയിരുന്നു.
''ഞാൻ സ്‌കൂൾ മൊത്തം തിരഞ്ഞു..അവൾ ചിലപ്പോ കൂട്ടുകാരികളുടെ കൂടെ പോയതാണെങ്കിലോ??''
''അങ്ങനെയൊരു സ്വഭാവം അവൾക്കില്ല....''രേവതി വിതുമ്പിക്കൊണ്ട് മറുപടി പറഞ്ഞു.
''നിന്നോടാരാണ് അവിടെ കിടന്ന് കളിയ്ക്കാൻ പറഞ്ഞത്??..അവളുടെ കൂടെ എപ്പോഴുമുണ്ടാകണമെന്ന് പറഞ്ഞിട്ടില്ലേ'' രാജൻ കണ്ണനോട് കയർത്തു.
''ഞാൻ അവളെ കുറെ നോക്കിയതാ...കാണാതായെപ്പോൾ കരുതി പോയിക്കാണുമെന്ന്''
നാട്ടുകാരിൽ ഒരാൾ ഉടനെ തന്നെ പൊലീസിന് വിളിച്ച് വിവരം അറിയിച്ചു.രാജൻ ചെറിയ സംഘവുമായി സ്‌കൂളിലേക്ക് തിരിച്ചു നടന്നു.വഴി അരികിൽ കൂടി നിന്ന എല്ലാവരോടും അവർ നന്ദുവിനെ കുറിച്ച് അന്വേഷിച്ചു.അവർക്കാർക്കും കൃത്യമായ ഒരു ഉത്തരം നൽകാൻ കഴിഞ്ഞില്ല.
പെട്ടെന്നാണ് രാജന്റെ ഫോൺ ശബ്ദിച്ചത്. അയാൾ ആകാംഷയോടെ ഫോൺ എടുത്തു.നന്ദുവിന്റെ ക്‌ളാസ് ടീച്ചറായിരുന്നു അത്.
''ഹലോ...നന്ദുവിനെ കണ്ടോ??''
''ഇല്ല ടീച്ചർ...ഞങ്ങളെല്ലാവരും തിരച്ചിലിലാണ്''
''കണ്ണനോട് ചോദിച്ചു നോക്കിയോ??''
''അതെ..അവൻ അവളെ കണ്ടില്ലിന്നാണ് പറഞ്ഞത്''
''അതെങ്ങനെ ശെരിയാകും..അവൻ അവളെയും കൊണ്ട് സ്‌കൂളിനടുത്തുള്ള ആ പൊളിഞ്ഞു വീഴാറായ കെട്ടിടത്തിലേക്ക് പോകുന്നത് ഞാൻ കണ്ടതാണല്ലോ??''
''എപ്പോ??''
''സ്‌കൂൾ വിട്ട് ഒരു പത്ത് മിനിറ്റായിക്കാണും''
''ആണോ??...ഞാനവനോട് ചോദിക്കാം''
രാജൻ ആകെ ആശയക്കുഴപ്പത്തിലായി.കണ്ണനെന്തിനാണ് എന്നോട് കള്ളം പറഞ്ഞത്.അവൻ കണ്ണനെ വിളിച്ചു.
''നീ എന്തിനാണ് എന്നോട് കള്ളം പറഞ്ഞത്...നീ അവളെയും കൊണ്ട് ആ പഴയ കെട്ടിടത്തിലേക്ക് പോകുന്നത് നന്ദുവിന്റെ ടീച്ചർ കണ്ടു വെന്ന് എന്നോട് പറഞ്ഞല്ലോ???...സത്യം പറയടാ''
രാജന്റെ മുഖത്തേക്ക് നോക്കാനാവാതെ കണ്ണൻ പരുങ്ങുന്നത് കണ്ടു.പെട്ടെന്നാണ് പോലീസ് ജീപ്പ് അവിടേക്ക് എത്തിയത്.
ഇൻസ്‌പെക്ടർ കണ്ണനെ വാത്സല്യപൂർവ്വം അടുത്തേക്ക് വിളിച്ച് സൗമ്യ ഭാഷയിൽ അവനോട് ചോദിച്ചു.
''മോനെ...അങ്കിളിനോട് സത്യം പറ ...നന്ദു എവിടെ??''
ഉത്തരം പറയാതെ അവൻ നിന്ന് വിറക്കാൻ തുടങ്ങി. അതോടെ ഇൻസ്‌പെക്ടറുടെ ശബ്ദം അൽപ്പം കൂടി കനത്തു.
''സത്യം പറയെടാ....നന്ദു എവിടെയാണ്..പറഞ്ഞില്ലെങ്കിൽ സ്റ്റേഷനിൽ കൊണ്ട് പോയി നല്ല ഇടി ഞാൻ തരും..കുട്ടിയാണെന്ന് നോക്കൂല്ല''
അവൻ പൊട്ടിക്കരയാൻ തുടങ്ങി.
''അവളെ ഞാൻ ഒന്നും ചെയ്തില്ല...അവൾ ആ പഴയ കെട്ടിടത്തിൽ തന്നെയുണ്ട്''
കേൾക്കേണ്ട താമസം പോലീസ് ജീപ്പിന്റെ പിന്നാലെ രാജനും നാട്ടുകാരും അങ്ങോട്ടേക്ക് ഓടി.അവർ ആ പഴയ കെട്ടിടത്തിന്റെ അകത്തേക്ക് പ്രവേശിച്ചതും നന്ദുവിന്റെ സ്‌കൂൾ ബാഗും മിഡിയും അവിടെ നിന്ന് കണ്ടു.പിന്നെ അകത്തെ ചെറിയ മുറിയുടെ ഒരു മൂലയിൽ വിവസ്ത്രയയ അവളുടെ ശരീരവും.അവളുടെ മുഖത്തും കഴുത്തിലും ചെറിയ മുറിപ്പാടുകൾ കാണാം.ഇൻസ്‌പെക്ടർ അവളുടെ മൂക്കിന് താഴെ വിരല് വെച്ചു.
''ജീവനുണ്ട്...വേഗം ഹോസ്പിറ്റലിൽ എത്തിക്കണം''
ഇൻസ്‌പെക്ടർ അവളെ കയ്യിൽ കോരിയെടുത്ത് ജീപ്പിലേക്ക് ഓടി.അവളുടെ ശരീരത്ത് നിന്ന് കണ്ണന്റെ അരഞ്ഞാണവും കണ്ടെടുത്തതോടെ എല്ലാവർക്കും ആ അവിശ്വസനീയമായ സത്യം ബോധ്യമായി.
കണ്ണൻ നന്ദുവിനെ ബലാല്സന്ഘം ചെയ്തിരിക്കുന്നു.അതെ, വെറും 12 വയസ്സ് മാത്രം പ്രായമുള്ള ബാലൻ ഒരു 6 വയസ്സുകാരിയായ പിഞ്ചു ബാലികയെ നിശ്ക്രൂരമായ രീതിയിൽ തന്റെ കാമ വെറിക്കിരയാക്കിയിരിക്കുന്നു.
കേട്ടവർ സത്യം ഉൾക്കൊള്ളാനാവാതെ നെഞ്ചിൽ കൈവെച്ചു.കുട്ടി ബലാത്സംഗ വീരന്റെ കഥ പിറ്റേ ദിവസത്തെ പത്രങ്ങളിൽ നിറഞ്ഞു നിന്നു.
വർണ്ണക്കടലാസിനേയും കളർ പെൻസിലിനെയും പ്രണയിക്കേണ്ട ഈ പ്രായത്തിൽ അവനെ തെറ്റിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്താണ്??
ജുവനൈൽ കോടതി കണ്ണനെ വിസ്തരിച്ചു.
''മോൻ എന്തിനാണ് നന്ദുവിനോട് അങ്ങനെയൊക്കെ ചെയ്തത്...അവള് നിന്റെ കുഞ്ഞു പെങ്ങളല്ലേ??...''
മറുപടിയൊന്നും പറയാതെ അവൻ തലകുമ്പിട്ട് നിന്നു.
''സാരല്ല പോട്ടെ...ഒരു തെറ്റുപറ്റി...പക്ഷെ ഒരു കാര്യം അങ്കിളിനോട് പറയണം....മോൻ എവിടുന്നാണ് ഈ കാര്യങ്ങളൊക്കെ പഠിച്ചത്..എവിടുന്നെങ്കിലും കണ്ടിട്ടുണ്ടോ ഇങ്ങനെയൊക്കെ ചെയ്യുന്നത്??''
അവൻ പതിയെ തലയാട്ടി.പിന്നെ പറഞ്ഞു തുടങ്ങി.
''രാത്രി ഞാൻ ഉറങ്ങാൻ കിടന്നാൽ അച്ഛൻ കള്ളു കുടിക്കാൻ തുടങ്ങും ..പിന്നെ അതുപോലത്തെ സിഡി വെക്കും....ഞാൻ ഒളിഞ്ഞിരുന്ന് എല്ലാം കാണാറുണ്ടായിരുന്നു..അപ്പൊ എനിക്കും തോന്നി അങ്ങനെയൊക്കെ ചെയ്യണമെന്ന്...അതിനാണ് നന്ദുവിനെയും കൂട്ടി അങ്ങോട്ട് പോയത് ..പക്ഷെ,അവള് സമ്മതിച്ചില്ല...അപ്പൊ ഞാൻ നിർബന്ധിച്ചു അങ്ങനെയൊക്കെ ചെയ്തു..കുറച്ച കഴിഞ്ഞപ്പോ അവള് മിണ്ടുന്നില്ല..എനിക്ക് ആകെ പേടിയായി...അത്കൊണ്ടാണ് ഞാൻ കള്ളം പറഞ്ഞേ..അവളെ കണ്ടില്ലെന്ന് ''
കണ്ണൻ പറയുന്ന വാക്കുകൾ വിശ്വസിക്കാനാവാതെ ആ കോടതി മുറി ഒരു നിമിഷത്തേക്ക് നിശബ്ദമായി.അപമാന ഭാരം താങ്ങാനാവാതെ രാജൻ തല കുനിച്ച് ഇരുന്നു.
മുഴുകുടിയനായിരുന്ന രാജൻ പകൽ മാന്യനായിരുന്നു.രാത്രി മുഴുവൻ മദ്യപിച്ച് അശ്‌ളീല വിഡിയോകൾ ടീവിയിൽ ആസ്വദിക്കുന്നതിനിടയിൽ രണ്ടു പിഞ്ചു കണ്ണുകൾ അയാളെ സസൂക്ഷ്മം പിന്തുടരുന്നത് അയാൾ ഓർത്തില്ലായിരുന്നു .പതിയെ പതിയെ കണ്ണന്റെ മനസ്സിലേക്ക് കയറിക്കൂടിയ ആ വൈകാരിക ഉന്മേഷത്തെ പരീക്ഷച്ചറിയാൻ അവന് അപ്പോൾ ആ കൂട്ടുകാരി മാത്രമേ ഉണ്ടായിരുന്നൊള്ളു....
------------------------------------------------------------------------------------------------
ഇത് വെറുമൊരു കെട്ടുകഥയല്ല .4 വർഷങ്ങൾക്ക് മുൻപ് മൂന്നാറിൽ നടന്ന ഞെട്ടിപ്പിക്കുന്ന ആ യാഥാർഥ്യത്തിന്റെ ചുവടുപിടിച്ചുക്കൊണ്ട് ചെറിയ ചില ഓർമ്മപ്പെടുത്തലുകൾ മാത്രമാണ്. രാത്രിയുടെ നിശബ്ദ യാമങ്ങളിൽ അശ്‌ളീല വിഡിയോയകളിൽ മുഴുകിയിരിക്കുന്ന രക്ഷിതാക്കൾ ശ്രദ്ധിക്കാറുണ്ടോ ജനൽ പഴുതിലൂടെ തുറിച്ചു നോക്കുന്ന ആ പിഞ്ചു കണ്ണുകളെ??
പരസ്യമായി പ്രണയലീലയിൽ ഇടപെടുന്ന ഭാര്യ ഭർത്താക്കന്മാർ ബോധവാന്മാരാകാറുണ്ടോ കൗതുകത്തോടെ തങ്ങളിലേക്ക് നോക്കുന്ന സ്വന്തം കുട്ടികളെ കുറിച്ച്...
എന്നാൽ ഓർക്കേണ്ടിയിരിക്കുന്നു...കാരണം,ആ കുഞ്ഞു ഹൃദയങ്ങളിൽ കറ പുരളാൻ ഇത്തരം അശ്രദ്ധകൾ ധാരാളം...
സ്നേഹത്തോടെ
സമീർ ചെങ്ങമ്പള്ളി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo