Slider

എന്റെ വാനമ്പാടി

0


ഞായറാഴ്‌ചയായത്‌ കൊണ്ടാവണം ബസില്‍ തിരക്ക്‌ നന്നേ കുറവായിരുന്നു.മൂന്നു മണിക്കൂറായി യാത്ര തുടങ്ങിയിട്ട്‌.ഇനിയൂം അര മണിക്കൂർ കഴിയണം മരുതയിലെത്താന്‍. ഇരുപത്തിരണ്ട് വർഷങ്ങൾക്ക് മുമ്പാണ്‌ മലപ്പുറം ജില്ലയിലെ, തമിഴ്‌നാട്‌ അതിർത്തിയോട് ചേർന്നുള്ള ഈ ഗ്രാമത്തിലേക്ക്‌ വല്ലിപ്പയും കുടുംബവും കുടിയേറി വന്നത് .
അവരുടെ മൂത്ത മകനായ ഉപ്പയും ഞങ്ങളും അരീക്കോട്ടു തന്നെ താമസം തുടർന്നു.
ഇവിടെ ഒരു കൊച്ചുവീടൂം അഞ്ചേക്കർ പാടവുമുണ്ട്‌.ബാപ്പ നാട്ടിലുണ്ടായിരുന്നപ്പോള്‍ ഇടക്ക്‌ ഞങ്ങള്‍ ഇവിടെ വന്നുപോകാറുണ്ടായിരുന്നു. ഇതിന് മുമ്പ് കഴിഞ്ഞ ചെറിയ പെരുന്നാളിന് വന്നതാണ്. ഇപ്പോൾ എട്ട്‌മാസം കഴിഞ്ഞിരിക്കുന്നു.
മരുതയിലെത്തിയപ്പോള്‍ ബസില്‍ നാലഞ്ച്‌യാത്രക്കാർ മാത്രമെ ഉണ്ടായിരുന്നുള്ളൂ.
ബസില്‍ നിന്നിറങ്ങുമ്പോള്‍ ആദ്യം കണ്ണില്‍പെടുന്നത്‌ ബഷീറിക്കാന്റെ ചായക്കടയാണ്‌.പുല്ലുമേഞ്ഞ,ഓടയടിച്ചുപരത്തി മറച്ച ആ കടയില്‍ ഒന്നൊ രണ്ടൊ ആളുകളെയുള്ളൂ. അതിനടുത്തായി ബാലൻ നായരുടെ ടൈലറിംഗ് കടയാണ്.പിന്നെ അൽപം അകലെയായി ആ ചെറിയ നിസ്കാരപ്പള്ളിയും.
വെയിലിന്‌ ചൂടേറുകയാണ്‌.കൂടുതലൊന്നും ശ്രദ്ധിക്കാതെ ഇടത്‌ വശത്തുള്ള ചെമ്മണ്‍ പാതയിലൂടെ ധൃതിയില്‍ ഞാൻ നടന്നു. കുറച്ചു ദൂരം നടക്കാനുണ്ട്.പാതക്കിരുവശവുമുള്ള വലിയ യൂക്കാലിപ്‌സ്‌ മരങ്ങള്‍ കാറ്റിന്റെ തഴുകലില്‍ ചൂളംവിളിക്കുന്നു. കാട്ടിൽ നിന്നും വിറക് ശേഖരിച്ച് മടങ്ങുന്ന രണ്ട് സ്ത്രീകൾ തന്നെ നോക്കിക്കൊണ്ട് കടന്നു പോയി.
തോടിന്‌ കുറുകെയുള്ള തെങ്ങുകൊണ്ടുള്ള പാലം കടന്ന് ‌പാടവരമ്പിലേക്കിറങ്ങുമ്പോള്‍ തന്നെ ദൂരെ തറവാട് വീട് കാണാം.പാടത്തെ നെല്ലുകൾ കൊയ്യാൻ പാകമായി നിൽക്കുന്നു. കാഴ്ചകൾ കണ്ട് നടന്ന് വീടെത്തിയതറിഞ്ഞില്ല.
വീടിന്റെ മുറ്റത്ത്‌ അരി ചേകിക്കൊണ്ടിരിക്കുകയായിരുന്നു വല്ലിമ്മ.എന്നെക്കണ്ടപ്പോള്‍ "ആരാപ്പത്‌'' എന്ന്‌ ആശ്ചര്യത്തോടെ ചോദിച്ചുകൊണ്ട്‌ അരിപ്പാത്രം തിണ്ണയില്‍ വെച്ച്‌ എന്റെയടുത്തെത്തി.
"നല്ലാളാ ഞാൻ കരുതി ഇങ്ങോട്ടുള്ള ബയ്യൊക്കെ മറന്നൂന്ന്....ഇവിടെ വന്നു പോകാന്‍ നിങ്ങളൊക്കെയല്ലെയുള്ളൂ.....''ആ കണ്ണുകള്‍ ഈറനണിയുന്നത് എനിക്ക്‌ കാണാമായിരുന്നു.
"വല്ലിപ്പയെവിടെ ?''
രാവിലെ പാടത്തേക്കിറങ്ങ്യതാ...ഉച്ചക്ക്‌ ചോറിനിങ്ങെത്തും.മോനാകെ ക്ഷീണിച്ച്‌ക്ക്‌ണ്‌.അകത്തേക്കിരി ഞാന്‍ ചായയെടുക്കാം."
"വല്ലിപ്പയെ പാടത്തൊന്നും കണ്ടില്ലല്ലോ"
"എന്നാ പിന്നെ കുളത്തില് കാണും.അവിടെന്തോ പണിയുണ്ടെന്ന് രാവിലെ പറേണത് കേട്ടിരുന്നു."
അൽപ നേരം കൊണ്ട് വല്ലിമ്മ ചായയുമായി വന്നു.ഉച്ചക്ക്‌ വല്ലിപ്പ വരുന്നത്‌ വരെ പല പല വിഷേശങ്ങളൂം പറഞ്ഞിരുന്നു.
വരാന്തയിലിരിക്കുകയായിരുന്ന എന്നെക്കണ്ടതൂം വല്ലിപ്പ ഒരു നിമിഷം മുറ്റത്തു തന്നെ നിന്നു.പിന്നെ, ഇങ്ങോട്ടേക്കുള്ള വഴിയൊക്കെ അറിയോ എന്ന ചോദ്യവുമായി അടുത്തു വന്നു.പിന്നീട്‌ കുറെ പരിഭവം പറച്ചിലുകള്‍. അപ്രതീക്ഷിതമായി ഞാൻ വന്നു കയറിയതിലുള്ള സന്തോഷം രണ്ടു പേരുടെയും മുഖത്ത് കാണാം.
തോട്ടിലെ മീനൂം കൂട്ടിയുള്ള ഉച്ചയൂണ്‌ കഴിഞ്ഞ്‌ അൽപ നേരം സംസാരിച്ച ശേഷം വല്ലിപ്പ പാടത്തേക്ക് തന്നെ പോയി.
"പാടത്ത്‌ പണിക്കാരുണ്ട്‌.ഞാനങ്ങോട്ട്‌ പോകട്ടെ ".
അകത്ത് എനിക്ക് കിടക്കാൻ വേണ്ടിവല്ലിമ്മ സ്ഥലമൊരുക്കുന്നുണ്ടായിരുന്നു. വല്ലിപ്പ കിടക്കുന്ന മുറ്റത്തെ കയറ്റുകട്ടിലില്‍കിടന്നോളാമെന്ന് പറഞ്ഞപ്പോൾ അവർ മറുത്തൊന്നും പറഞ്ഞില്ല.കുറെ ദൂരം യാത്ര ചെയ്ത ക്ഷീണം കൊണ്ട്‌ പെട്ടെന്ന്‌ തന്നെ മയങ്ങിപ്പോവൂകയൂംചെയ്‌തു.
അകത്ത് നിന്നും അയല്‍വീട്ടിലെ സാബിറത്ത വല്ലിമ്മയുമായി സംസാരിക്കുന്നത് കേട്ടാണ് ഉറക്കത്തിൽ നിന്നുണർന്നത്‌.കിണറ്റിന്‍കരയില്‍ പോയി മുഖം കഴുകിവന്നപ്പോള്‍ ഇത്ത മുറ്റത്ത്‌ നില്‍ക്കുന്നത്‌ കണ്ടു.അവരൂടെ കൂടെ പത്തുവയസ്‌ തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയുമുണ്ട്‌.
സാബിറാന്റെ മകളുടെ മോളാ....
വല്ലിമ്മ പറഞ്ഞു.
" അരീക്കോട്ട് നിന്നും ബാപ്പൂന്റെ മോന്‍ ബന്ന്‌ക്കുണൂന്ന്‌ പറഞ്ഞപ്പൊ ഓള്‍ക്കും കാണണോലൊ അന്നെ. അവൾക്കും അന്നെപ്പോലൊ കഥയെഴുത്ത് പഠിക്കണോ ലോ''.സാബിറത്ത പറഞ്ഞു.
ഞാന്‍ വിളിച്ചപ്പോള്‍ മടിച്ചും അതിലേറെ നാണത്തോടെയും അവള്‍ അടുത്തു വന്നു.
"കഥയെഴുത്ത് പഠിപ്പിച്ച് തന്നാൽ എന്ത് തരും?"
എന്റെ ചോദ്യങ്ങൾക്ക് ഒരു പുഞ്ചിരിയായിരുന്നു അവളുടെ മറുപടി. വെള്ളാരങ്കണ്ണുകാരിയായ അവളുടെ ആ പുഞ്ചിരിക്ക് ഒരു പ്രത്യേക അഴകുണ്ടായിരുന്നു
"എന്താ മോളുടെ പേര്‌?''
"ഫൗസിയ"'
"നല്ല പേരാണല്ലോ"
"ഉമ്മുകുൽസൂന്ന് പറഞ്ഞാലും നിങ്ങള് കഥയെയ്തുന്ന ആളുകള് അതും നല്ല പേരാണെന്നേ പറയൂ."
"ഹമ്പടി കള്ളീ നീയാള് കൊള്ളാമല്ലോ"
അൽപ നേരം സംസാരിച്ചപ്പോഴേക്കും അവൾ എന്നോട് നന്നായി ഇണങ്ങിയിരുന്നു. ആദ്യമുണ്ടായിരുന്ന അവളുടെ നാണമെല്ലാം ഇപ്പാൾ എവിടെയോ പോയൊളിച്ചിരിക്കുന്നു.
"ഇങ്ങള്‌ ദൂബായീ പോയിക്ക്‌ണോ?"
"ഇല്ല എന്തെ ചോദിക്കാന്‍ കാരണം?'
"എന്റെ ഉപ്പച്ചി ദുബായീലാ.ചെലപ്പൊ ങ്ങടെ ഉപ്പയൊക്കെ ആട്‌ന്ന്‌ കുറെവട്ടം കണ്ട്‌ട്ടിണ്ടാവൂം ന്റെ പ്പച്ചീനെ.വരും വരുംന്ന്‌ ഉമ്മച്ചി ഇടക്കിടെ പറയും.ഇതു വരെ വന്ന്‌ട്ടൂല്ല ഞാനൊരുവട്ടം പോലും കണ്ട്‌ട്ടുല്ല.''
അതു പറയുമ്പോൾ അവളുടെ വെള്ളാരങ്കണ്ണുകള്‍ക്ക് ആദ്യത്തെ തിളക്കമുണ്ടായിരുന്നില്ല.
"എന്തായാലും വരുമ്പോ എനിക്ക് ‌ഒരുപാട്‌ കളിപ്പാട്ടങ്ങളും ഉടുപ്പുകളും ഒക്കെ കൊണ്ടുവരൂന്നാ ഉമ്മച്ചി പറഞ്ഞത്‌ .എന്റെ ഉപ്പച്ചി വരുമ്പോഴേക്കും എനിക്ക് ഇങ്ങളെപ്പോലെ കഥയൊക്കെ എയ്തി പഠിച്ച് വലിയ കഥാകാരിയാവണം".
സംസാരം കുറെ നേരം നീണ്ടു പോയി. ഇനിയും എന്നോട് അവൾക്കെന്തൊക്കെയോ സംസാരിക്കുണമെന്നുണ്ട്.ഒടുവില്‍ മരുതപള്ളിയില്‍ നിന്നും മഗ്‌രിബ്‌ ബാങ്ക്‌ ഉയർന്നപ്പോള്‍ നാളെ വരാമെന്നും പറഞ്ഞ്‌ അവള്‍ ഇത്തയോടൊപ്പം അവളുടെ വീട്ടിലേക്ക് പോയി.
ഫൗസിയയോടെനിക്ക്‌ ഒരു വല്ലാത്ത അടുപ്പം തോന്നി.എന്റെ ഉമ്മയില്‍ എനിക്ക്‌ പിറക്കാതെ പോയ എന്റെ കുഞ്ഞുപെങ്ങളെ ഞാനവളില്‍ കണ്ടു.
ചക്കപ്പാടത്തെ കുന്നിന്‍ചെരുവിലെ വീടുകളില്‍ അന്തിവിളക്കുകൾ തെളിഞ്ഞു. പുറത്ത് തണുപ്പ് പരന്നു തുടങ്ങി. അപ്പോഴേക്കും വല്ലിപ്പയും എത്തിയിരുന്നു.
ഒരുമിച്ചിരുന്നുള്ള രാത്രിഭക്ഷണവൂം കഴിഞ്ഞ്‌ ഞങ്ങള്‍ മുറ്റത്തേക്കിറങ്ങി. വല്ലിപ്പയുടെ കയറ്റു കിട്ടിലിന്റെ ഒരു മൂലയിൽ ഞാൻ സ്ഥലം പിടിച്ചു. കൊയ്യാൻ പാകമായ വയലുകളില്‍ നിന്നും തണുത്ത കാറ്റടിച്ചു.രാത്രിയുടെ നിശബ്‌ദതയെ കീറിമുറിച്ചുകൊണ്ട്‌ അകലെ മൂളങ്കാടുകളില്‍നിന്ന്‌ ഒരു ഒറ്റയാന്റെ അലർച്ച ഉയർന്നു.
"ഇപ്പോഴുംപാടത്ത്‌ ആനയിറങ്ങാറുണ്ടോ?''
"ഇപ്പൊ ആനക്ക്‌ രാത്രീം പകലൊന്നൂം ഇല്ലാതായിക്ക്‌ണു.എപ്പളാ എറങ്ങി വര്യാന്ന്‌ പറയാന്‍ വയ്യ.. പത്രത്തിലൊക്കെ കാണാറില്ലേ...''ഒരു ബീഡിക്ക്‌ തീ കൊളുത്തിക്കൊണ്ട് വല്ലിപ്പ പറഞ്ഞു.
സംസാരത്തിനിടയിൽ ഞാൻ ഫൗസിയയെയും അവളുടെ വീട്ടുകാരെയും കുറിച്ച് ചോദിച്ചു..
"പാവം പിടിച്ച കുടുംബം.. ലൈലയുടെ പുതിയാപ്ല മരിച്ചെ പിന്നെ അവരുടെ കാര്യം ആകെ കഷ്ടത്തിലായി ".
ലൈലയുടെ പുതിയാപ്ലയെന്ന് പറയുമ്പോൾ....? ഫൗസിയയുടെ ഉപ്പ....
എനിക്ക് വിശ്വസിക്കാനായില്ല.
"ഓന്‍ മരിച്ചിട്ട്‌ പത്ത് കൊല്ലത്തോളായില്ലേ..''
അപ്പോള്‍ ഫൗസിയ പറഞ്ഞത്‌...?
"കുട്ടിയെ ഇതുവരെ അറിയിച്ചിട്ടില്ല .ഒരുപെരുന്നാള് കഴിഞ്ഞ് ഗൾഫിലേക്ക് പോയതാ. അവിടുന്ന് റൂമിലേക്ക് പോക്കുമ്പം വണ്ടി മറിഞ്ഞ്... അപ്പൊത്തന്നെ എല്ലം കഴ്‌ഞ്ഞ്‌.പിന്നെ അവിടെത്തന്നെയങ്ങട്ട്‌......അന്നവര്‌ വയനാട്ടിലായിരുന്നു.ഇവിടെയെത്തിയേ പിന്നാ ഫൗസീനെ പെറ്റത്‌....''
ഞാൻ പതിയെ കട്ടിലിൽ നിന്നെണീറ്റു. മുറ്റത്തൂടെ അൽപ നേരം നടന്നു. മനസിലെവിടെയോ ഒരു വിങ്ങൽ.
"സമയം കുറെയായില്ലെ. ഇനി പോയി കിടന്നോ''
വല്ലിപ്പയുടെ വാക്കുകൾ ഞാൻ കേൾക്കുന്നുണ്ടായിരുന്നു..മുറിയില്‍കയറി വാതിലടച്ചു കിടന്നു.ഉറക്കംവരുന്നില്ല.ജനിച്ചതിന്‌ ശേഷം ഇതുവരെ ഉപ്പയെക്കാണാത്ത,ഉപ്പ ഇന്ന്‌വരൂം നാളെ വരുമെന്ന്‌ കരുതിക്കാത്തിരിക്കുന്ന ആ വെള്ളാരങ്കണ്ണുകാരിയുടെ കൊച്ചുമുഖമായിരുന്നു മനസ്‌ നിറയെ.
പിറ്റെദിവസം .രാവിലെ പാടത്തെ പണിക്കാർക്ക്‌ ചായയൂം കൊണ്ട്‌പോകൂന്ന വല്ലിമ്മയോടൊപ്പം ഇറങ്ങുമ്പോഴാണ്‌ പെട്ടെന്ന്‌ അവളുംഓടി കൂടെ വന്നത്‌.
"എന്നെ ഉമ്മച്ചി എങ്ങട്ടും ഒറ്റക്ക്‌ വിടൂല.''
അവളുടെ പരിഭവം
"എന്റെ ഉപ്പ വന്നാല്‍ ഉമ്മയെക്കൂട്ടാതെ ഞങ്ങള്‍ കുറെ സ്‌ഥലങ്ങളില്‌ പോകും''
അവളുടെ വെള്ളാരങ്കണ്ണുകള്‍ വീണ്ടും തിളങ്ങുന്നത് ഞാൻ കണ്ടു.
അറിയാതെ നിറഞ്ഞു പോയ എന്റെ കണ്ണുകള്‍ അവള്‍
കാണാതെ തുടച്ചുകൊണ്ട്‌ ഞാന്‍ ചോദിച്ചു .
"ഫൗസീടെ ഉപ്പ ഇനിയൊരിക്കലും നിന്നെക്കാണാന്‍ വരാതിരുന്നാലോ...?''
"ഗള്‍ഫില്‍ പോണോര്‌ അങ്ങനെ വരാതിര്‌ക്കോ.. ഇന്നെ പറ്റിക്കാൻ ചോദിച്ചതല്ലെ. എനിക്കറിയാം. ഉപ്പ വരുമ്പോ ഞാൻ നിങ്ങക്ക് ഒരു സമ്മാനം തരുന്നുണ്ട്.''
"എന്ത് സമ്മാനം "
"ഇങ്ങക്ക് കഥയെഴുതാൻ നല്ല മുന്തിയ ഒരു പേന "
ഞാനൊന്നും മിണ്ടാതിരിക്കുന്നത്‌ കണ്ടിട്ടാവണം അവൾ തന്നെ തുടർന്ന് പറഞ്ഞു.
" ഇങ്ങള് തന്നെ വല്യ ഗൾഫാരല്ലേ.. പിന്നെ ഞമ്മളെ ചെറിയ സമ്മാനമൊന്നും ങ്ങക്ക് പറ്റൂലായിരിക്കും "
"എനിക്ക് നിന്റെ സമ്മാനമായി നീ എന്റെ കവിളത്തൊരുമ്മ തന്നാൽ മതി"
ഞാൻ അൽപം കുനിഞ്ഞു നിന്നു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കവെ അവളെന്റെ കവിളിലൊരുമ്മ നൽകി..
ഞാനവളെ എന്റെ കൈയിൽ വാരിയെടുത്തു.
അപ്പോഴവളുടെ മുഖത്തെ സന്തോഷം ഒന്നു കാണേണ്ടതു തന്നെയായിരുന്നു.
"ഇങ്ങള്‌ന്ന്‌ പോകൂംന്ന്‌ ഉമ്മുമ്മ പറഞ്ഞു''
"നീ പോരുന്നോ അരീക്കോട്ടേക്ക്‌. അവിടെ നിനക്ക് കളിക്കാൻ ഇഷ്ടം പോലെ കൂട്ടുകാരുണ്ടാവും"
"അള്ളോ ഞമ്മളില്ലേ....എത്ര ദൂരം വണ്ടീലിരിക്കണം.. ഉമ്മുമ്മ പറയുന്നത് ഞാൻ കേട്ടതാ....''
"ഇനിയെന്നാ ങ്ങള്‌ വര്യാ..?''
"ഇനി ഫൗസീന്റെ ഉപ്പ വരുമ്പോള്‍ ഞാന്‍ വരും. എനിക്കുള്ള സമ്മാനം വാങ്ങാനായി..''
അവളെ നിലത്ത് വെക്കുമ്പോൾ നിറഞ്ഞൊഴുകാൻ തുടങ്ങിയ എന്റെ കണ്ണുകൾ ഞാനവൾ കാണാതെ തുടച്ചു.
വൈകൂന്നേരം അവളോട് യാത്ര പറയാനായി ലൈലയോടന്വോഷിച്ചപ്പോൾ അവള്‍ മദ്രസയില്‍ പോയെന്നറിഞ്ഞു.
****************
ദിവസങ്ങള്‍ കുറെ കടന്നുപോയി.അവിചാരിതമായാണ്‌ നാട്ടില്‍ വന്ന ഒരാളുടെ പക്കല്‍ ബാപ്പ കൊടുത്തയച്ച കുറച്ച് സാധനങ്ങൾ കൊടുക്കാൻ വേണ്ടി മരുതയിലേക്ക്‌ പോകേണ്ടി വന്നത്‌.രാവിലെ തന്നെ പുറപ്പെട്ടു. പത്തു മണിയായിക്കാണും അവിടെയെത്തിയപ്പോൾ. പാടവരമ്പിലൂടെ നടന്നു വരുമ്പോൾ
ഫൗസീടെ വീടിന്‌ മുന്നില്‍ കുറെയാളുകള്‍ കൂടിനില്‍ക്കുന്നത് കണ്ടു.
അവിടെയെത്തിയപ്പോള്‍ മുറ്റത്ത് നിൽക്കുകയായിരുന്ന വല്ലിപ്പ എന്നെക്കണ്ട്‌ അടൂത്തുവന്നു.മുഖത്ത്‌ പതിവ്‌ സന്തോഷമില്ല.ഒടുവില്‍ നടുക്കുന്ന ആ സത്യം ഞാനറിഞ്ഞു.ഫൗസിയ മരിച്ചു.മദ്രസയിലേക്ക് പോയി വരുമ്പോൾ ഒരു ആക്‌സിഡന്റ്.
മെഡിക്കൽ കോളേജിൽ നിന്നും മയ്യിത്ത്‌ ഇപ്പോള്‍ എത്തുമെന്നറിഞ്ഞു.അവസാനമായി ആ മുഖമൊന്ന്‌ കാണാമല്ലൊ....
പല നിറങ്ങളുളള കുഞ്ഞുടുപ്പുകളുമായി തന്റെ ഉപ്പ വരുന്നതും അതുമണിഞ്ഞ് പല സ്ഥലങ്ങളിലേക്കും ഉപ്പയോടൊപ്പം യാത്ര ചെയ്യാൻ കൊതിച്ചു കാത്തിരുന്ന പാവം ഫൗസി.
ഉപ്പ ഇനിയൊരിക്കലൂം തിരിച്ചുവരില്ലെന്നെങ്കിലും അവർക്ക്‌ ആ കുരുന്നിനോട്‌ പറയാമായിരുന്നില്ലേ.....
നീണ്ട കാത്തിരിപ്പിന്‌ ശേഷം മയ്യിത്ത്‌ എത്തി.വീട്ടിനുളളില്‍നിന്നും നിലവിളികളുയർന്നു.വരാന്തയിലെ കട്ടിലില്‍ കിടത്തിയപ്പോഴേക്കും ചുറ്റും ആളുകള്‍ കൂടി.അവർക്കിടയിലൂടെ തിക്കിത്തിരക്കി മുമ്പിലെത്തിയ ഞാന്‍ ഒന്നേ നോക്കിയുളളൂ.ശരീരമാസകലം വെളളത്തുണിയില്‍ പൊതിഞ്ഞ്‌ കണ്ണുകളടച്ച്‌ കിടക്കുകയാണവള്‍.കണ്ണീർ എന്റെ ചൂറ്റുമുളള കാഴ്‌ചകളെ മറച്ചു. അൽപസമയമേ മയ്യിത്ത് അവിടെ വെച്ചുള്ളൂ. പിന്നെ
മരൂത ജുമാമസ്‌ജിദിലെ ഖബർസ്‌ഥാനില്‍ ആ ശരീരം മറവ്‌ചെയ്‌തൂ.പ്രാർത്ഥന കഴിഞ്ഞ്‌ എല്ലാവരും പലവഴി പിരിഞ്ഞുപോയി.അനങ്ങാനാവാതെ കുറെ നേരം ഞാന്‍ അവിടെത്തന്നെ നിന്നു.
" ഇക്കാ.....ഞാനെന്റെ ഉപ്പയെ കണ്ടൂട്ടൊ... എന്നെ കെട്ടിപ്പിടിച്ച് കുറെ ഉമ്മയും തന്നു....''ഖബറിനുളളില്‍ നിന്നും അവള്‍ എന്നോട്‌ പറയുന്നത് ഞാൻ കേട്ടു.എത്രയോ ദുഃഖങ്ങളുടെയും സന്തോഷങ്ങളുടെയും കഥകള്‍ പറഞ്ഞ ആ വെളളാരങ്കണ്ണുകള്‍ അപ്പോഴും തിളങ്ങുന്നുണ്ടായിരുന്നു....
_________________________
എം.പി.സക്കീർ ഹുസൈൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo