രണ്ട് വർഷത്തെ പ്രവാസത്തിന് ഒടുവിൽ ഞാൻ നാട്ടിലെത്തിയിരിക്കുന്നു. പ്രവാസിയായത് മുതൽ സ്വപ്നം കണ്ട മനസ്സിലിട്ട് താലോലിച്ച സ്വപ്ന ദിവസം..
വീട്ടിൽ നിറയെ ആളുകൾ .അളിയന്മാരും പെങ്ങന്മാരും അവരുടെ കുട്ടികളും. അയൽവാസികളായ മൂന്നാല് പേരും.. ആകെ ഒരു ബഹളം... സമയം ഉച്ച കഴിഞ്ഞിരിക്കുന്നു... കൊണ്ടുവന്ന രണ്ട് പെട്ടികൾ കോലായിൽ തന്നെ ഇരിക്കുന്നു. കുട്ടി പട്ടാളക്കാരുടെ താൽക്കാലിക ശമനത്തിന് ബേഗിലുണ്ടായിരുന്ന വർണ കടലാസ്സിൽ പൊതിഞ്ഞ മിഠായികൾ എടുത്തു കൊടുത്തിട്ടുണ്ട്... പക്ഷെ അത് കൊണ്ടൊന്നും അവർ അടങ്ങുന്നില്ല... അവരുടെ കണ്ണ് പെട്ടികളിലേക്കാണ്.. അതിന്റെ ഉള്ളിലുള്ള കളിപ്പാട്ടങ്ങൾ അവർ കിനാവ് കാണുന്നുണ്ടാകും...
എന്റെ വരവ് പ്രമാണിച്ചുണ്ടാക്കിയ കോഴി ബിരിയാണി ഒക്കെ കഴിച്ച് ഞാൻ റൂമിലാണ്.. കെട്ടിയോളെയും പ്രതീക്ഷിച്ച് ... ഇരുത്തം തുടങ്ങീട് കുറെ നേരമായി.. വന്നിട്ട് മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു... അവളെ ഒന്ന് അടുത്ത് ഇത് വരെ കിട്ടിയിട്ടില്ല.. ഒന്ന് സംസാരിക്കാൻ, ആ മടിയിൽ ഒന്ന് തല വെച്ച് കിടക്കാൻ, രണ്ട് വർഷത്തെ വിരഹത്തിന്റെ ഭാരം ഒന്ന് ഇറക്കി വെക്കാൻ...അവൾ അടുക്കളയിൽ തിരക്കിലാണ്.
ഇനിയിപ്പോൾ പെട്ടിതുറക്കൽ കൂടി ഒന്ന് കഴിഞ്ഞ് കിട്ടണം. സാധനങ്ങൾ എല്ലാവർക്കും തികഞ്ഞാൽ മതിയായിരുന്നു. അല്ലെങ്കിൽ ഇനി അതിന്റെ പേരിൽ ഉണ്ടാകുന്ന പൊല്ലാപ്പുകൾ ചില്ലറയല്ല.. നാട്ടിൽ പോരുന്നത് ആലോചിക്കുമ്പോഴേ ടെൻഷനാണ്.. ഓരോരുത്തരെയും ഓർമ്മിച്ച് സാധനങ്ങൾ ഒക്കെ വാങ്ങി ഒരു മാസം മുമ്പെ തുടങ്ങിയിരുന്നു.. ഓരോ സാധനങ്ങളും വാങ്ങി റൂമിന്റെ മൂലയിലെ കടലാസ് പെട്ടിയിൽ ഇട്ട് ,അതിലോട്ട് നോക്കി ഇങ്ങനെ ഇരിക്കുന്ന ഇരുത്തം.. മനസ്സിൽ സ്നേഹം കൊണ്ട് നെയ്ത സ്വപ്നങ്ങൾ.. റോഡിലോട്ട് ഒന്ന് ഇറങ്ങിയിട്ടില്ല.. ചങ്ങാതിമാർ നേരത്തെ ഒന്ന് വന്ന് പോയി... തിരക്ക് കഴിഞ്ഞ് അങ്ങോട്ട് ചേല്ലാൻ ഏൽപിച്ച്...
വീണ്ടും ഭാര്യയെ കുറിച്ചുള്ള ഓർമ്മകൾ.. പാവം അവളും ആഗ്രഹിക്കുന്നുണ്ടാകും എന്റെ അരികിലെത്താൻ .. അവിടെ നിന്ന് പോരാൻ പറ്റുന്നുണ്ടാകില്ല.. ഭാഗ്യം. അവളെ കുറിച്ച് ചിന്തിച്ച നേരം തന്നെ അതാ അവൾ പുറത്ത്.. തല കൊണ്ട് അവളെ മാടി വിളിച്ചു. മടിച്ച് മടിച്ച് അവൾ അരികിലെത്തി. എന്റെ അടുത്ത് പിടിച്ച് ഇരുത്തി..
ആ നേരത്ത് തന്നെ വാതിലിൽ മുട്ട് കേട്ടു.. ,,മാമാ ങ്ങളെ ഉപ്പപ്പ വിളിക്കുന്നു,, പെങ്ങളുടെ മോനാണ്. മനസ്സില്ലാ മനസ്സോടെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങുന്ന നേരത്ത് അവളുടെ മുഖത്ത് കണ്ട ചിരി..
കോലായിയിൽ പെട്ടികൾക്ക് ചുറ്റും റോന്ത് ചുറ്റുന്ന കുട്ടിപ്പട്ടാളങ്ങൾ. തിരക്ക് നിയന്ത്രണം വിടുമെന്ന് തോന്നുന്നു.. ഉപ്പയാണ് പറഞ്ഞത് - എത്രയും പെട്ടെന്ന് പൊട്ടിക്കുകക അല്ലെങ്കിൽ ഇവരൊക്കെപ്പാടെ അത് പൊളിച്ചടുക്കും.പിന്നെ പ്രശ്നം തീരണമെങ്കിൽ പട്ടാളത്തെ ഇറക്കേണ്ടി വരും.
എന്തായാലും ഞാനായിട്ട് ഒരു ക്രമസമാധാന പ്രശ്നം ഉണ്ടാക്കാൻ പാടില്ലല്ലോ..
അങ്ങനെ വളരെ നിർണായകമായ ആ കർമ്മം തുടങ്ങി.. ആദ്യം അഴിച്ച പെട്ടി കെട്ടിയ കയർ ഒരു പെങ്ങൾ എടുത്തു: അലക്കിയ തുണികൾ ഇടാൻ അഴ കെട്ടാൻ.. തിക്കും തിരക്കും.. യുദ്ധസമാനമായ സാഹചര്യം.. ഞാൻ ഓരോ സാധനങ്ങളും ഓരോരുത്തർക്ക് വീതിച്ച് കൊടുക്കുന്നു.. ഇതിന്നിടയിൽ ഞാൻ ഇവിടെ വീട്ടിലിടാൻ കൊണ്ട് വന്ന ടീഷർട്ടുകൾ ഏതോ രണ്ട് കൈകൾ വന്ന് പൊക്കുന്നത് കണ്ടു.. മുഖം വ്യക്തമല്ല.. അങ്ങനെ ഓരോരോ സാധനങ്ങളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു..
സമാധാനം... എല്ലാവർക്കും ആളെണ്ണം ഏകദേശം തികഞ്ഞിരിക്കുന്നു.. അവസാനം ചെറിയ രണ്ട് അത്തർ കുപ്പികൾ ബാക്കിയുണ്ട് പെട്ടിയിൽ.. എല്ലാവരുടെയും കണ്ണുകൾ അതിലേക്കാണ്... ആ നേരത്താണ് എല്ലാവരുടെയും പ്രതീക്ഷകൾ തല്ലിക്കെടുത്തിക്കൊണ്ട് അത് വരെ ഒന്നും എടുക്കാത്ത എല്ലാത്തിനും ഒരു ചെറുപുഞ്ചിരിയോടെ സാക്ഷ്യം വഹിച്ച ഉമ്മ അത് രണ്ടും എടുത്തത്.എല്ലാവരുടെയും മുഖം വാടുന്നു.. ഞാൻ ചുറ്റും നിന്നവരുടെ മുഖത്തേക്ക് നോക്കി.. ഭാര്യയുടെ മുഖവും ചെറുതായൊന്ന് കറുത്തോ?.. നൈസായിട്ട്... അതെ അവൾക്കും അതിൽ ഒരു കണ്ണുണ്ടായിരുന്നു എന്ന് തോന്നുന്നു. അപ്പോഴാണ് അവിടെ കൂടിയ എല്ലാവരോടുമായി ഉമ്മ ഒരു പ്രഖ്യാപനം നടത്തിയത്.. ,,ഇതിന് ആരും എന്റെ പിന്നാലെ ചോദിച്ച് വരണ്ട. ഇത് എനിക്ക് വേണം ആർക്കും തരൂല്ലാ,, ഞാൻ ചുറ്റും നിന്നവരുടെ മുഖങ്ങളിലേക്ക് നോക്കി... ഉമ്മാക്കെന്തിനാ ഈ വയസ് കാലത്ത് അത്തർ എന്ന ചോദ്യഭാവം എല്ലാവരുടെയും മുഖത്ത്... ഞാൻ ഭാര്യയുടെ മുഖത്തേക്ക് നോക്കി.. മുഖം കറുത്തിരിക്കുന്നു...ഇരുണ്ട് കൂടിയിരിക്കുന്നു. ദേഷ്യം കൊണ്ട് മുഖം തുടുത്തിരിക്കുന്നോ..
എനിക്കും സങ്കടമായി.. പാവം.ഞാനും ചിന്തിച്ചു. എന്തിനാ ഉമ്മാക്ക് രണ്ട് അത്തർ... അതും ഈ പ്രായത്തിൽ.. ഇനിയിപ്പോൾ ഇതിന്റെ പേരിൽ ഭാര്യ വഴക്കിടുമോ?.. ഇന്നത്തെ കാര്യം മിക്കവാറും കട്ടപ്പൊകയാകുമെന്ന് തോന്നുന്നു.. രണ്ട് വർഷത്തോളം മനസ്സിൽ കെട്ടിപ്പൊക്കിയ സ്വപ്നങ്ങൾ... ഹോ... ആലോചിക്കാനേ വയ്യ... അപ്പോഴത്തെ ആ ദുർബല നിമിഷത്തിൽ എനിക്കും ചെറുതായിട്ട് വളരെ ചെറുതായിട്ട് ഒരു കുഞ്ഞു ദേഷ്യം ഉമ്മയോട് വന്നുവോ...
അങ്ങനെ പെട്ടി തുറക്കലും ഓരിവെക്കലുമൊക്കെ കഴിഞ്ഞ് ഞാൻ പുറത്തേക്കിറങ്ങി.. വീട്ടിൽ നിന്നിട്ട് കാര്യമില്ല. റോഡിലും പീടികയിലുമൊക്കെ കുറച്ച് നേരം ഇരുന്നു... പതിവ് ചോദ്യങ്ങൾ എന്നാ വന്നത്? എത്ര മാസം ലീവ് .. എന്ന് തിരിച്ച് പോകുന്നു.. അവിടെയുമിവിടെയുമായി ഒക്കെ എല്ലാവരോടും സംസാരിച്ച് നിന്നു.. ഈ പകലിനെന്താ ഇത്ര നീളക്കുടുതൽ.. സൂര്യന് കടലിൽ പോയി മുങ്ങാൻ ഒരു മടി പോലെ. കുറച്ച് നേരം കൂടി അവിടെയൊക്കെ ചുറ്റിത്തിരിഞ്ഞ് വീട്ടിലേക്ക് തിരിച്ചു..
വീട്ടിലേക്കുള്ള നടത്തത്തിലും ഞാൻ ആലോചിച്ചത് ഇനിയിപ്പോൾ ആ അത്തർ കുപ്പിയുടെ പേരിൽ ഇനിയുണ്ടാകുന്ന പൊല്ലാപ്പുകളായിരുന്നു. ഭാര്യയുടെ പിണക്കം മാറിയിട്ടുണ്ടാകുമോ?...
വീട്ടിലെത്തി കുറച്ച് നേരം കോലായിയിൽ ഇരുന്നു... ഗൾഫ് കഥകളൊക്കെ പറഞ്ഞ്.
ഉറക്കവും വരുന്നു.. എനിക്കാണെങ്കിൽ ഒന്ന് കിടന്നാൽ മതിയെന്നായിരിക്കുന്നു... ( സത്യായിട്ടും). എന്റെ മുഖഭാവം കണ്ടിട്ട് ഉമ്മ തന്നെയാണ് പറഞ്ഞത്... എല്ലാരും ചോറ് വെയ്ച്ചാണീം അവന് ഉറക്കം വന്നുക്കുണു. ക്ഷീണമുണ്ടാകും... പിന്നെ എല്ലാം പെട്ടെന്നായിരുന്നു...
ചോറ് കഴിക്കലൊക്കെ കഴിഞ്ഞ് കുറച്ച് നേരം കൂടി അവിടെയൊക്കെ പരുങ്ങി മെല്ലെ റൂമിലെത്തി... നീണ്ട കാത്തിരിപ്പിന് ശേഷം ഭാര്യയുമത്തി... ഭാഗ്യം.... ദേഷ്യത്തിലൊന്നുമല്ല...മുഖത്ത് നല്ല സന്തോഷം... വന്ന പാടെ കെട്ടിപ്പിടിച്ച് ചുംബനം കൊണ്ട് മൂടി കൊണ്ടവൾ പറഞ്ഞു... ,,ഇങ്ങക്കറിയുമോ ഉമ്മ ക്ക് അത്തർ കുപ്പികൾ എടുത്തത് ആർക്ക് വേണ്ടി ട്ടാണെന്ന്.?.... എന്റെ മനസ്സൊന്ന് കാളി... ( വീണ്ടും അത്തറിന്റെ രൂപത്തിൽ ഒരു ഭൂകമ്പം ഉണ്ടാകുമോ... )ഞാൻ ഇല്ലെന്ന ഭാവത്തിൽ തലയാട്ടി. ,, അത് ശാന്ത ചേച്ചിക്ക് കൊടുക്കാൻ വേണ്ടിയായിരുന്നു.അവരുടെ ആരും ഗൾഫിൽ ഇല്ലല്ലോ... അവർക്ക് ആരും കൊടുക്കാനും ഇല്ലാന്ന്,, ശാന്തേച്ചി അയൽവാസിയാണ്.. സത്യത്തിൽ ഞാനും അവരെ മറന്നിരുന്നു..
ഒരു നിമിഷത്തേക്കെങ്കിലും ഞാനും പാവം ഉമ്മയെ തെറ്റിദ്ധരിച്ചല്ലോ... ഉമ്മയെന്ന നന്മയെ മനസ്സിലാക്കാൻ ഇനിയെത്ര കാലം?..
അതിന് ശേഷം ഞാൻ എത്രയോ തവണ ഉമ്മയുടെ മടിത്തട്ടിൽ തല വെച്ച് കിടന്നിട്ടുണ്ട്.. എന്റെ തലയിൽ പേൻ നോക്കി തന്നിട്ടുണ്ട്.. പക്ഷെ ഒരിക്കൽ പോലും അതിനെ കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. ഞാൻ ഒരു പാട് ആഗ്രഹിച്ചിട്ടുണ്ട് അതിനെ പറ്റി എന്തെങ്കിലും കേൾക്കാൻ... അത് പറയുമ്പോൾ ഉമ്മയുടെ കാല് പിടിച്ച് മാപ്പ് പറയാൻ... ഒരു നിമിഷത്തെക്കെങ്കിലും ഉമ്മയോട് ദേഷ്യം തോന്നിയ ആ സന്ദർഭത്തെ ഓർത്ത് ഇപ്പോഴും വിങ്ങലൊടെ.....
(ഇതിലെ ഞാൻ ഞാനല്ല.... എന്റെ കഥയുമല്ല..)
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക