Slider

നക്ഷത്ര നിരീക്ഷണം

0

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കീഴിൽ നടത്തുന്ന സബ്ജില്ലാ യുറീക്കാ പരീക്ഷയുടെ നടത്തിപ്പിനെക്കുറിച്ചുള്ള ആലോചനായോഗം നടക്കുകയാണ്.കമ്മറ്റിയംഗങ്ങളടക്കം നാൽപതോളം പേരുണ്ട്.
രണ്ട് ദിവസമായിട്ടാണ് പരിപാടി നടക്കുന്നത്. ആദ്യത്തെ ദിവസം രാവിലെ കുട്ടികൾക്കുള്ള യുറീക്കാ പരീക്ഷ. ഉച്ചഭക്ഷണത്തിന് ശേഷം കഥപറച്ചിലും കവിതാപാരായണവും.രാത്രി നക്ഷത്ര നിരീക്ഷണം. പിറ്റേന്ന് രാവിലെ വീണ്ടും പരീക്ഷ. പിന്നെ കുട്ടികൾക്കായുള്ള പoന ക്ലാസുകൾ ഇത്രയുമാണ് ഐറ്റങ്ങൾ..
നക്ഷത്ര നിരീക്ഷണം രാത്രി എട്ടിന് ശേഷമാണ് നടത്തേണ്ടതെന്നും അതിന് നേതൃത്വം നൽകാനായി പരിഷത്തിന്റെ ജില്ലാ വിഭാഗം കൺവീനർ മുരളീകൃഷ്ണൻ മാഷ് വരുമെന്നും നേരത്തെ അറിയിച്ചിട്ടുണ്ട്.
പക്ഷേ ഒരു പ്രശ്നമുണ്ട്. വിവിധ സ്കൂളുകളിൽ നിന്ന് വരുന്ന ആൺകുട്ടികളും പെൺകുട്ടികളുമടക്കമുള്ള ഇരുനൂറോളം പേർക്ക് രാത്രി ഭക്ഷണവും താമസ സൗകര്യവുമൊരുക്കണം. കുട്ടികളെ അധ്യാപകരുടെ സാന്നിധ്യത്തിലാണെങ്കിൽ പോലും സ്കൂളിൽ കിടത്തിയാലുള്ള ബുദ്ധിമുട്ടുകളും അസൗകര്യങ്ങളും ചർച്ചയിൽ ഉയർന്നു വന്നു.
അങ്ങനെ രാജൻ മാഷാണ് അതിനൊരു പരിഹാരം നിർദ്ദേശിച്ചത് .
ഓരോരുത്തരും അഞ്ചു വീതം കുട്ടികളെ സ്വന്തം വീടുകളിലേക്ക് കൊണ്ടുപോവുക.ഭക്ഷണവും അന്തിയുറക്കവും അവിടെയാവട്ടെ.
അതിനോട് എല്ലാവരും യോജിച്ചു.
പക്ഷേ അപ്പുണ്ണി മാഷ് മാത്രം അതിനെ രൂക്ഷമായി എതിർത്തു.
"എന്തിനിങ്ങനെ ഒരു റിസ്ക്കെടുക്കണം.ഭക്ഷണം കൊടുക്കുന്നതിലുള്ള ബുദ്ധിമുട്ടു കൊണ്ട് പറയുന്നതല്ല. ആദ്യ ദിവസത്തെ പരിപാടികൾ കഴിഞ്ഞ ശേഷം വൈകുന്നേരത്തോടെ കുട്ടികൾ അവരവരുടെ വീട്ടിലേക്ക് തന്നെ തിരിച്ച് പോവട്ടെ.എന്നിട്ട് പിറ്റേന്ന് രാവിലെ വന്നാൽ മതിയല്ലോ."
വിജയൻ മാഷാണതിന് മറുപടി പറഞ്ഞത്.
"മാഷെ നക്ഷത്ര നിരീക്ഷണം ഒരു പ്രധാന ഇനമാണ്. അതൊരിക്കലും ഒഴിവാക്കാൻ പറ്റില്ല. അതിനുള്ള ആളെ വരെ പരിഷത്ത് ഏർപ്പെടുത്തിക്കഴിഞ്ഞു."
അതിനും പരിഹാരം അപ്പുണ്ണി മാഷിന്റെ കൈയിലുണ്ടായിരുന്നു.
"ആര് പറഞ്ഞു ഒഴിവാക്കാൻ. ഉച്ചക്ക് ശേഷമുള്ള കഥ പറച്ചിലും മറ്റും അൽപം നേരത്തെയാക്കിയാൽ നക്ഷത്ര നിരീക്ഷണം നമുക്ക് പകൽ തന്നെ നടത്താവുന്നതല്ലേയുള്ളൂ"
ഞാനടക്കം കുറെയാളുകൾ അതിനോട് യോജിച്ചു. അംഗങ്ങളിൽ ന്യൂനപക്ഷം വരുന്ന ചിലർ തലയിൽ കൈവെച്ച് ചിരിക്കാൻ തുടങ്ങിയപ്പോഴാണ് എനിക്കും സങ്ങതി കത്തിയത്. നമ്മുടെ സൗകര്യത്തിനനുസരിച്ച് നക്ഷത്രങ്ങൾക്കുണ്ടാവാനിടയുള്ള അസൗകര്യങ്ങളെക്കുറിച്ച് അപ്പോഴാണ് ഞാനും ചിന്തിച്ചത്.

by: sakkeer hussain
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo