വാതിലില്‍ ആരോ തട്ടുന്ന ശബ്ദം കേട്ടാണ് ഞാന്‍ എണീറ്റത്. വാതില്‍ തുറന്നപ്പോ പുറത്ത് ആരുമില്ല.
'' അച്ഛനെന്നെ വിളിച്ചോ ?'' ഞാന്‍ താഴേക്ക് വിളിച്ച് ചോദിച്ചു.
'' ഇല്ലല്ലോ'' അച്ഛന്‍റെ മറുപടി ഉടനേ വന്നൂ.
പിന്നേയും കിടക്കയിലേക്ക്...
എന്‍റെ ചിന്ത മുഴുവന്‍ ആ ശബ്ദത്തിലായിരുന്നു. എന്നെ ആരോ തട്ടി വിളിച്ചതുപോലെ. ചിന്തകള്‍ കാടുകയറാന്‍ തുടങ്ങി. ചിന്തകളുടെ ഭാരം മനസ്സിലേക്കും പടര്‍ന്നൂ. ഇനി ഇത് അവനോ മറ്റോ ആണോ. അവന്‍റെ ഒരു മണം ആ മുറിയാകെ പടരുന്ന പോലെ...
ഇന്നേക്ക് മൂന്നു ദിവസമാവുന്നു. അവനെ ഇനി കാണില്ല..ആരും. ആ ശൂന്യത, ആര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല.
ഏപ്രില്‍ 1. വിഢ്ഢി ദിനം. രാവിലെ കോളേജിലെത്തി കുറച്ചു കഴിഞ്ഞപ്പോഴാ ഈ വിവരം അറിയുന്നേ. വേഗം നാട്ടിലെ സുഹൃത്തുക്കളെ വിളിച്ചു, അന്വേഷിക്കാന്‍.ആര്‍ക്കും ഒരു പിടിയും ഇല്ല. ഒരുത്തന്‍ പറഞ്ഞൂ
''എടാ അവനെ നിനക്കറിഞ്ഞൂടെ. അവന്‍ ഇതല്ല ഇതിന്‍റപ്പുറം ചെയ്യും. ഇന്നത്തേ ദിവസം നിനക്കറിഞ്ഞൂടെ ''
അതെല്ലാം ശരിതന്നെ എന്നാലും ഒരു സമാധാനമില്ല. അവന്‍റെ മൊബൈലില്‍ കുറെ വിളിച്ചു. സ്വിച്ച് ഓഫ് ! ഞാന്‍ വേഗം കോളേജ് വിട്ടിറങ്ങി നാട്ടിലേക്കുള്ള ബസ്സ് പിടിച്ചു. ബസ്സിറങ്ങി അവന്‍റെ വീടിനടുത്തേക്ക് പോകുമ്പോഴും, കേട്ടത് സത്യമാവരുതേ എന്നായിരുന്നു മനസ്സുനിറയെ.
അടുത്തുതന്നെയാ സാലിഹിന്‍റെ കട. നോക്കിയപ്പോ അവനവിടെയുണ്ട്.
'' സാലീ നീ വല്ലോം അറിഞ്ഞോ ?''
'' എന്താടാ, ഏതോ ഒരുത്തന്‍ വിഷം കഴിച്ചൂന്നു കേട്ടു. ടൗണില്‍ മുറിയെടുത്താണത്രേ. കൊണ്ടുവരുന്നേയുള്ളൂ. ''
'' ആളാരാണെന്നറിഞ്ഞോ ? രാജേഷ് എന്നോ മറ്റോ ആണോ പേര് ?'' ഞാന്‍ ചോദിച്ചു
'' ആ... അതു തന്നെ. ആളാരാണെന്ന് എനിക്ക് പിടിയില്ല..'' സാലി പറഞ്ഞത് മുഴുവന്‍ കേട്ടില്ല. ഞാനാകെ തകര്‍ന്നുപോയി. കണ്ണില്‍ ഇരുട്ടുകയറുന്നു.. തല പെരുക്കുന്നു. വാക്കുകള്‍ തോണ്ടയില്‍ കുടുങ്ങിയപോലെ. ഒന്നും പുറത്തേക്ക് വരുന്നില്ല. ഞാന്‍ മിണ്ടാതെ അവിടുന്ന് ഇറങ്ങി.
സങ്കടവും ദേഷ്യവും കാരണം ഒന്നും മിണ്ടാന്‍ പറ്റുന്നില്ല. എത്ര ആലോചിച്ചിട്ടും അവനെന്തിനിത് ചെയ്തു എന്ന് പിടികിട്ടുന്നില്ല. പ്രണയത്തിന് ഇത്ര ശക്തിയോ? ഒരാളുടെ ജീവനെടുക്കാന്‍ മാത്രം..ചിലപ്പോ ഉണ്ടാകുമായിരിക്കും. അവന്‍റെ കാര്യത്തിലും അത് തന്നെയാ സംഭവിച്ചത്. സ്നേഹിച്ച പെണ്ണിന്‍റെ കല്യാണം ഉറപ്പിച്ചു. അത് തടയാന്‍ അവന്‍റെ വീട്ടുകാര്‍ ഉള്‍പ്പെടെ ശ്രമിച്ചതാണ്. നടന്നില്ല. പിന്നെ ആലോചിച്ചപ്പോ തെളിഞ്ഞ വഴി ഇതായിരിക്കാം. ഏതോ ലോഡ്ജില്‍ റൂമെടുത്ത് സംഭവം നടത്തി. രണ്ടു ദിവസം കഴിഞ്ഞാണ് പുറത്തറിയുന്നത്. അതും ആ കല്യാണദിവസം തന്നെ. ഞങ്ങളെയെല്ലാം വിഡ്ഢികളാക്കിക്കൊണ്ട് ഒരു വിഡ്ഢിദിനത്തില്‍ അവന്‍ കടന്നു കളഞ്ഞു. അവന്‍ ജയിച്ചോ ?! ആവോ... നഷ്ടം വീട്ടുകാര്‍ക്കും പിന്നെ ഞങ്ങള്‍ക്കും..
അവന്‍റെ വീട്ടിലേക്ക് മടിച്ച് മടിച്ചാണ് ചെന്നത്. അവിടെയെല്ലാം അറിഞ്ഞുവരുന്നതേയുള്ളു. ഒന്നു രണ്ടു മണിക്കൂറുകള്‍ക്ക് ശേഷം അവനെയും കൊണ്ട് ആംമ്പുലന്‍സ് എത്തി. ആളുകള്‍ തിക്കും തിരക്കും കൂട്ടി. എങ്ങും അലമുറയിട്ട കരച്ചിലുകള്‍, അത് കാതുകളില്‍ തുളച്ചുകയറി. ഞങ്ങള്‍ ആ തിരക്കില്‍ നിന്ന് വിട്ടുനിന്നു. ദൂരെ നിന്നും ഒരുനോക്ക് കണ്ടു. ഒരു തുണിക്കെട്ടില്‍ പൊതിഞ്ഞ് പകുതിയായ അവനെ കാണാന്‍ എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അവനെ അങ്ങനെ കാണാന്‍ ശക്തിയുണ്ടായിരുന്നില്ല എന്നുപറയുന്നതാവും ശരി. ചടങ്ങുകള്‍ തീരാന്‍ കാത്തുനില്‍കാതെ ഞങ്ങള്‍ മടങ്ങി.
മനസ്സില്‍ നിന്നു അവന്‍ പോവാന്‍ മടിച്ചു. ഇറക്കിവിടാന്‍ ഞാനും. ചില ഓര്‍മകള്‍ക്ക് മരണത്തിന്‍റെ ഗന്ധമാണ്. ഇപ്പോഴും നാട്ടില്‍ പോയാല്‍ അവനവിടെ കാണും. അമ്പലത്തിലെ ഉത്സവത്തിനിടയില്‍, അങ്ങാടിയില്‍, സിനിമാ തീയറ്ററില്‍, ബസ്സ് സ്റ്റോപ്പുകളില്‍..അങ്ങനെ ആ ആള്‍ക്കൂട്ടത്തിനിടയില്‍ എവിടെയൊക്കെയോ അവനുണ്ട്. ഒരിക്കലും പുറത്തുകടക്കാനാവാത്ത ആള്‍ക്കൂട്ടത്തിനിടയില്‍ ആ കൈയ്യും ഉയര്‍ത്തിപ്പിടിച്ച്..
श्रीराग।

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക