Slider

അന്ധവിശ്വാസങ്ങൾ

0


കുറച്ചു മടിയോടെയാണെങ്കിലുംബാഗുമെടുത്ത് ഞാൻ സ്കൂൾ ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി...
കിളികളോടും ചെടികളോടും പുല്ലിനോടുമൊക്കെ കിന്നാരം പറഞ്ഞത് കളിച്ചു രസിച്ച് വയൽ വരമ്പിലൂടെ ഏകനായ് ഞാൻ സ്കൂളിലേക്ക് നടക്കുന്നതിനിടയിലാണ് വരമ്പിന്റെ സൈഡിൽ പറ്റിപ്പിടിച്ച് വളരുന്ന ഒരു കൂട്ടം തൊട്ടാവാടിച്ചെടി എന്റെ ശ്രദ്ധയിൽ പെട്ടത്....
'മൂന്ന് ഇല്ലികളുള്ള തൊട്ടാവാടിയുടെ ഇല എടുത്ത് പോക്കറ്റിൽ വെച്ചാൽ ഭാഗ്യം വരും.... മാത്രവുമല്ല അന്ന് ടീച്ചറുടെ പക്കൽ നിന്നും അടിയും വഴക്കും കിട്ടുകയുമില്ല...' - കൂട്ടുകാരന്റെ വാക്കുകൾ ഞാൻ സന്തോഷത്തോടെ ഓർത്തു...
പിന്നെ ഒട്ടും സമയം കളയാതെ മൂന്ന് ഇല്ലികളുള്ള തൊട്ടാവാടി ഇലക്കായി തിരച്ചിലാരംഭിച്ചു.... തിരച്ചിലിനിടയിൽ സമയം പോകുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല....
വളരെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് മൂന്ന് ഇല്ലികളുള്ള തൊട്ടാവാടി ഇല എനിക്ക് കിട്ടിയത്...അത് പോക്കറ്റിട്ട് വേഗം സ്കൂളിലേക്ക് നടക്കുന്നതിനിടയിലാണ് വയലിൽ നെൽമണികൾ കൊത്തി തിന്നുന്ന ഒരു മൈനയെ കണ്ടത്...
പണി പാളിയല്ലോ ഈശ്വരാ.....
ഒരു മൈനയെ കണ്ടാൽ അന്നത്തെ ദിവസം ദു:ഖമാണെന്നാണ് വിശ്വാസം....രണ്ടെണ്ണം കണ്ടാൽ സന്തോഷവും...
രണ്ടാമത്തെ മൈനക്കു വേണ്ടി കുറേ സമയം പരിസരം മൊത്തം തിരഞ്ഞെങ്കിലും കണ്ടില്ല.... നിരാശനായി ഞാൻ സ്കൂളിലേക്ക് നടക്കാൻ തുടങ്ങവേ എവിടെ നിന്നൊ മറ്റൊരു മൈന കൂടി വയലിലേക്ക് പാറി വന്നു....
എനിക്ക് സന്തോഷമായി...
രണ്ടാമത്തേ മൈനയെ കാണാൻ കഴിഞ്ഞത് തന്റെ പോക്കറ്റിൽ കിടക്കുന്ന മൂന്നില്ലികളുള്ള തൊട്ടാവാടിച്ചെടിയുടെ ശക്തിയാണെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു.
സ്കൂളിലെത്തിയപ്പൊഴേക്കും സമയം ഒരു പാട് വൈകിയിരുന്നു....
ക്ലാസിൽ കയറിയ ഉടനെത്തന്നെ എന്നെ വരവേറ്റത് ക്ലാസ് ടീച്ചറുടെ കയ്യിലെ ചൂരലായിരുന്നു... രണ്ടു തവണ ചൂരൽ എന്റെ ചന്തിയിൽ വന്ന് രണ്ട് അടയാളം പതിപ്പിച്ചു തിരിച്ചു പോയി....
അടക്കിപിടിച്ച കരച്ചിലും വേദനയുമായി ഞാൻ ബെഞ്ചിൽ പോയിരുന്നു...
മുന്നില്ലികളുള്ള തൊട്ടാവാടി ഇല ഉണ്ടായിട്ടും എനിക്ക് ഇന്നെങ്ങിനെയാ അടി കിട്ടിയത്....? രണ്ടു മൈനകളെ കണ്ടിട്ടും സന്തോഷത്തിനു പകരം അടിയുടെ ദു:ഖഭാരവും...
'ചിലപ്പോൾ നാലടി കിട്ടാനുള്ളത് രണ്ടടിയി ഒതുങ്ങിയത് ഈ തൊടാവാടി ഇലയുടെ ശക്തി കൊണ്ടാകുമെന്ന് ഞാൻ സ്വയം മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചു.
മലയാളം ടീച്ചർ ക്ലാസെടുക്കുന്നതിനിടയിൽ അടുത്തിരിക്കുന്ന കൂട്ടുകാരനെന്നോട് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു..,
"നിനക്ക് ആനയേയും പാപ്പാനേയും കാണെണമെങ്കിൽകണ്ണടച്ചുപിടിച്ച് വലത്തെ കയ്യിന്റെ ചൂണ്ടുവിരൽ കൊണ്ട് നെറ്റിയിൽ നൂറ്റൊന്ന് തവണ താഴോട്ടും മേലോട്ടും ശക്തിയായി ഉരസി നോക്ക്..."
കൂട്ടുകാരന്റെ വാക്ക് വിശ്വസിച്ച ഞാൻ കണ്ണുമടച്ച് കലാപരിപാടി തുടങ്ങി.... അൽപസമയത്തിനു ശേഷം ചെവിയിൽ ഉറുമ്പ് കടിക്കുന്നപോലെ വല്ലാത്തൊരുവേദന അനുഭവപെട്ടപ്പോൾ ഞാൻ കണ്ണ് തുന്നപ്പോൾ മുന്നിൽ ടീച്ചർ....!!
ടീച്ചർ ചെവിൽ പിടിച്ചപ്പോൾ തന്നെ കണ്ണിനു മുന്നിലൂടെ ആനക്കും പാപ്പാനും പകരം പൊന്നീച്ച പാറുന്നത് ഞാൻ കണ്ടു...
പിന്നെയും കിട്ടി രണ്ടടി കൂടി....
ഉച്ചക്കു ശേഷം അഞ്ചാം പിരീഡ് ഇംഗ്ലിഷായിരുന്നു.... ആറാം പിരീഡ് PT യും..!!
PTക്കുവേണ്ടിയുള്ള കാത്തിരിപ്പിനിടയിലുള്ള ഇംഗ്ലീഷ് പിരീഡ് ഓർത്തപ്പോൾ തല കറങ്ങുന്ന പോലെ തോന്നി..
പദ്യം കാണാതെ പഠിക്കാനുണ്ട്.... പോക്കറ്റിലുള്ള തൊട്ടാവാടിയില ഇത്തവണയെങ്കിലും രക്ഷക്കെത്തുമെന്ന് പ്രതിക്ഷിച്ച്‌ ഞാൻ ക്ലാസിലിരുന്നു....
പക്ഷേ... ടീച്ചർ വരുന്ന സമയമായിട്ടും ടീച്ചർ വരാതായപ്പോൾ ഞങ്ങളുടെ കളി ചിരി ഒരൽപം കൂടി ഉടനെ അടുത്ത ക്ലാസിലെ ടീച്ചർ വന്നു കൊണ്ടു പറഞ്ഞു...
"സൈലൻസ്.... നിങ്ങളുടെ ടീച്ചർ ഒരു വർക്കിലാണ്.... അത് കൊണ്ട് ശബ്ദമുണ്ടാക്കാതെ എന്നെങ്കിലും എടുത്ത് വെച്ച് പഠിച്ചോളൂ...."
തൊട്ടാവാടി ഇലയേയും മൈനകളേയും നന്ദിയോടെ ഒരു പോലെ ഓർത്ത് ക്ലാസിൽ സന്തോഷത്തോടെ ഞാനിരുന്നു...
അഞ്ചാം പിരീഡ് കഴിഞ്ഞതും പുറത്ത് മഴ തകർത്തു പെയ്തതും ഒരുമിച്ചായിരുന്നു... PTക്ക് പുറത്തിറങ്ങാൻ കഴിയാതെ നിരാശരായി ഞങ്ങളോരോർത്തരും ഇരിക്കുമ്പോഴാണ് ഇംഗ്ലീഷ് ടീച്ചർ ക്ലാസിലെ ക്ക് കയറി വന്നത്....
" നിങ്ങൾക്കിപ്പോൾ PT യല്ലേ.... മഴയത്ത് എങ്ങിനെ കളിക്കും...?
കഴിഞ്ഞ പിരീഡ് എനിക്ക് വരാൻ സാദിച്ചില്ല... അത് കൊണ്ട് ഈ പിരീഡ് നമുക്ക് ഇംഗ്ലീഷ് പിരീഡാക്കി മാറ്റാം.... ഓരോർത്തരായി പദ്യം ചൊല്ലി കേൾപ്പിക്കൂ.... "
ടീച്ചറുടെ വാക്കുകൾ ഇടിത്തീ പോലെ എന്റെ കാദുകളിൽ തുളഞ്ഞുകയി.....
ഓരോർത്തരായി പദ്യം ചൊല്ലി കേൾപ്പിച്ചു... ഞാനും പിന്നെ നാലഞ്ചു ബാക്ക്ബെഞ്ച് പ്രതിനിധികളും പിടിക്കപെട്ടു...
"പദ്യം പഠിക്കാത്ത എല്ലാവരും നാളെ വരുമ്പോൾ പദ്യം മുഴുവൻ എന്നെ ചൊല്ലി കേൾപ്പിക്കണം... "
ടീച്ചറുടെ ഈ വാക്കുകൾ കേട്ടപ്പോൾ എനിക്കൊരൽപം ആശ്വാസമായി.....
എന്റെ തൊട്ടാവാടി ഇലയുടെ ഒരു ശക്തിയേ...
നാളത്തെക്ക് പദ്യം പഠിച്ചാൽ മതി.... ഇന്ന് അടിയില്ല....
പക്ഷേ എന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു കൊണ്ട് ടീച്ചറുടെ അടുത്ത അനൗൺസ്മെന്റുമെത്തി...
" പദ്യം പഠിക്കാത്തവർ നാളെ വരുമ്പോൾ ഇരുപത്തിയഞ്ച് തവണ ഇമ്പോശിഷ്യൻ എഴുതിക്കൊണ്ടുവരികയും വേണം...."
അന്നേരംമഴയെ ശപിച്ചു കൊണ്ട് ഞാൻ ബെഞ്ചിൽ ഇരുന്നു...
സ്കൂൾ വിട്ടപ്പോൾ സന്തോഷത്തോടെ ഞാൻ വീട്ടിലേക്കോടി....
വഴിയിൽ ഒരു മരക്കൊമ്പിലിരിക്കുന്ന ചെമ്പോത്തിനെ കണ്ടപ്പോൾ കൂട്ടുകാരന്റെ വാക്കുകൾ വീണ്ടും എന്റെ മനസ്സിലേക്കോടിയെത്തി....
" ചെമ്പോത്തിനെ കണ്ടാൽ 'കാട്ടുപക്ഷി' എന്ന് രണ്ടു തവണ പറഞ്ഞ് നെഞ്ചത്ത് കൈ വെച്ചാൽ വീട്ടിലെത്തുമ്പോൾ മധുരം കിട്ടും... "
സമയം കളയാതെ ഞാൻ കൂട്ടുകാരൻ പറഞ്ഞ പ്രകാരം ചെയ്തു കൊണ്ട് വേഗം വീട്ടിലേക്ക് ഓടി....
ഓട്ടത്തിനിയിൽ പഴയ ഹവായ് ചെരുപ്പ് കാലിൽ നിന്നും തെറിച്ച് പോയി കാലിൽ ഒരു മുള്ള് കുത്തിക്കയറി... വേദന സഹിച്ച് മുടന്തി മുടന്തി ഒരു വിധം ഞാൻ വീട്ടിലെത്തി....
മധുരം പ്രതീക്ഷിച്ച് വീട്ടിലെത്തിയ എനിക്ക് പതിവിന് വിപരിതമായിട്ടൊന്നും കിട്ടിയതുമില്ല...,
കാലിൽ തറച്ച മുള്ളെടുക്കുമ്പോൾ വേദനിച്ചപ്പോൾ പച്ചയിലയിലോട്ട് നോക്കിയാൽ വേദനിക്കില്ലെന്ന് ഉമ്മ പറഞ്ഞതുകേട്ട് പച്ചയിലയിലേക്ക് നോക്കിയിട്ടും വേദന കൊണ്ട് കണ്ണീർ തുള്ളികൾ അടർന്നു ചാടിയപ്പോൾ എനിക്ക് മനസ്സിലായിത്തുടങ്ങിയിരുന്നു കൂട്ടുകാരൻ പറഞ്ഞ മൈനയുടേയും, തൊട്ടാവാടിയുടേയും, ചെമ്പോത്തിന്റേയുമൊക്കെ കാര്യം വെറും അന്ധവിശ്വാസം മാത്രമായിരുന്നെന്ന്...
അപ്പോഴാണ് മുറ്റത്തേ ചെമ്പരുത്തി ചെടിയിലിരുന്നു കൊണ്ട് ഉറേങ്ങി(ഓലേഞ്ഞാലി) ചിലക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്...
ഓലേഞ്ഞാലിക്കിളി മുറ്റത്തു വന്ന് ചിലച്ചാൽ ആ വീട്ടിൽ ഒരു മരണ വിവരം താമസിയാതെ കേൾക്കുമെന്ന് ആരൊക്കെയോ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്...
അൽപം മുമ്പുണ്ടായ തിരിച്ചറിവെല്ലാം ഒരു നിമിഷം കൊണ്ട് ഹാവിയായിപ്പോയി...
ഞാൻ വേഗം ഒരു കല്ലെടുത്തെറിഞ്ഞ് അതിനെയവിടെ നിന്നും ആട്ടിപ്പാറിച്ചു.....
ഒരുപാട് വർഷങ്ങൾക്കു ശേഷം ഒരു ദിവസം... വീട്ടിലെ മാവിൻ കൊമ്പിരുന്ന് കാക്കനിറുത്താതെ കരയുന്നത് കേട്ട ഞാൻ ഉമ്മയോട് പറഞ്ഞു..
"ഇന്നിപ്പോ ആരാണാവോ വിരുന്നുകാർ....?"
പെട്ടെന്നെന്നിൽ ബോധമുദിച്ചു... ഉടനെ ഞാൻ മാറ്റിപ്പറഞ്ഞു...
"കാക്ക കരഞ്ഞെന്നു കരുതി വിരുന്നുകാരൊന്നും വരില്ല... ഇതും ഒരു അന്ധവിശ്വാസമാണ്...."
ഞാനത് പറഞ്ഞു തീർന്നതും ചുമരിൽ അള്ളി പിടിച്ചിരുന്ന പല്ലി ചിലച്ചു...,
"സത്യം പല്ലി ചിലച്ചതു കേട്ടില്ലേ......"
ഞാൻ അറിയാതെ പറഞ്ഞു പോയി............
✍🏻 മുനീർ ചൂരപ്പുലാക്കൽ,
രണ്ടത്താണി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo