'' ഹലോ .. ഡു യു റിമെംബെർ മി ? ''
പഴയ ഒരു കൂട്ടുകാരനെ മുഖ പുസ്തകത്തിൽ കണ്ട സന്തോഷത്തിൽ ഞാൻ അവനു മെസ്സേജ് അയച്ചു .
'' ഇല്ല ... മനസ്സിലായില്ല ... ''
തിരിച്ചു ലഭിച്ച മറുപടി ഞാൻ പ്രതീക്ഷിച്ചത് തന്നെ . അങ്ങനെ പെട്ടെന്ന് എന്നെ തിരിച്ചറിയാൻ സാധിക്കില്ല . കാലമെന്ന കലാകാരൻ അത്ര മാത്രം രൂപ മാറ്റം വരുത്തിയിരിക്കുന്നു എന്റെ ശരീരത്തിൽ .
വഴിയിൽ വെച്ച് കാണുന്ന പഴയ കൂട്ടുകാരോട് ആവേശത്തിൽ സംസാരിക്കാൻ ഓടി ചെല്ലുമ്പോൾ , അവരുടെ വിദൂര ഓർമയിൽ പോലും ഞാൻ ഇല്ല എന്നറിയുമ്പോൾ പലപ്പോഴും വിഷമം തോന്നാറുണ്ട് . ഓർമകളുടെ ഭാണ്ഡം പേറിയാണ് എന്റെ യാത്ര . പക്ഷെ എല്ലാവരും അങ്ങനെയെന്നു ധരിക്കുന്നത് മൂഢത്തരമാണെന്നു പല അവസരത്തിലും ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട് .
ഇവനും ഒരു പക്ഷെ അങ്ങനെയാകാം . എന്റെ ഓർമകൾക്ക് പഴയ നിമിഷങ്ങളും സംഭാഷണങ്ങളുമെല്ലാം നിറവുണ്ടാകും . ഒരു പക്ഷെ എന്നെ എഴുതാൻ പ്രേരിപ്പിക്കുന്ന ഘടകവുമതാകാം.
അവനെ ഓർമയിലേക്ക് തിരിച്ചു കൊണ്ട് വരേണ്ടത് കൊണ്ട് പഠന കാലത്ത് എടുത്ത ഒരു ഗ്രൂപ് ഫോട്ടോ ഞാൻ അവനു അയച്ചു കൊടുത്തു . അതിൽ നിന്നും എന്റെ രൂപം കാണിച്ച് കൊടുത്തപ്പോൾ അവനും ചെറിയ ഓർമ്മകൾ തെളിഞ്ഞു തുടങ്ങിയിരുന്നു . പക്ഷെ കൂടുതൽ വ്യക്തതയില്ല . കഥ പറയാൻ അന്നേ ഇഷ്ടമുള്ളത് കൊണ്ട് ഞാൻ ആ കഥ പറയാൻ തുടങ്ങി .
മുട്ടനാട് അവസാനിപ്പിച്ച പ്രണയത്തിനു ശേഷം മറ്റൊരു പ്രണയം മനസ്സിൽ ഇതൾ വിരിച്ചത് അവളെ കണ്ടപ്പോഴായിരുന്നു . അന്നും പക്ഷെ പറയാനുള്ള ധൈര്യം ഇല്ലായിരുന്നു . പണ്ടത്തെ പോലെ തന്നെ അവളെ ആകർഷിക്കണം . അതിനു വഴി ആരാഞ്ഞിരിക്കുമ്പോഴാണ് സെന്റ് ഓഫ് ഡേ പ്രോഗ്രാമിനെ കുറിച്ച് അറിയുന്നത് . അന്നേ ദിവസം നടത്തേണ്ട പദ്ധതി ഞാൻ എന്റെ നാട്ടിലെ കൂട്ടുകാർക്ക് കൈമാറി .
അങ്ങനെ സെന്റ് ഓഫ് ഡേ പരിപാടി തുടങ്ങി . കഹോന പ്യാർ ഹേ സിനിമയിറങ്ങി തരംഗമായി നിൽക്കുന്ന സമയം . അതിലെ '' ഏക്പൽ കാ ജീന '' എന്ന പാട്ടിനു കൂട്ടുകാരൻ ജയറാമിന്റെ മാസ്മരിക പ്രകടനം നടക്കുന്നു . അവൻ റെക്കോർഡ് പാട്ടു വെച്ച് ആടുകയാണ് . കൂട്ടത്തിൽ അവനും പാടുന്നുണ്ടെങ്കിലും റെക്കോർഡിന്റെ ശബ്ദത്തിൽ അത് പുറത്തു വരുന്നുണ്ടായിരുന്നില്ല . എല്ലാവരും അവന്റെ പ്രകടനത്തിൽ മനം മയങ്ങി നിൽക്കുകയാണ് .
പെട്ടെന്നാണ് ജയറാമിന്റെ ശബ്ദം അവിടെ മുഴങ്ങി കേൾക്കുന്നത് . അവന്റെ പ്രകടനത്തിൽ എന്നെ പോലെ അസൂയ ഉള്ള ഏതോ നല്ല മനസ്സുള്ളവർ മെയിൻ സ്വിച്ച് ഓഫ് ചെയ്തതാണ് . പാട്ടു നിന്നതോടെ അവന്റെ ശബ്ദത്തിൽ പാട്ടു മുഴങ്ങി . എന്നാലും അതൊന്നും വക വെക്കാതെ അവനത് പൂർത്തിയാക്കി .
എല്ലാവരും പുറത്തിറങ്ങി . ഗ്രൂപ് ഫോട്ടോ എടുക്കാനായി ക്യാമറയും തൂക്കി ഒരു ചേട്ടൻ വന്നിട്ടുണ്ട് . തൊട്ടടുത്തുള്ള വീടിന്റെ വിശാലമായ മുറ്റത്ത് ബെഞ്ചുകൾ ചേർത്ത് വെച്ചിട്ടുണ്ട് . ഇത് തന്നെയാണ് അവസരം . എന്റെ പദ്ധതി പ്രകാരം നാട്ടിലെ രണ്ടു കൂട്ടുകാർ അതിനോടകം അവിടെ എത്തിയിട്ടുണ്ട് വാടകക്ക് എടുത്തത് ബൈക്കും കൊണ്ട് . സൂപ്പർ ഡാൻസർ ആയ ജയറാം വരെ സൈക്കിളിൽ ആണ് ക്ലാസ്സിലെത്താറുള്ളത്. അത് കൊണ്ട് വാടകക്കെടുത്ത ബൈക്ക് സ്വന്തമെന്നു പറഞ്ഞു അവളുടെ മുൻപിൽ ഗമയോടെ ഓടിച്ചു കൊണ്ട് പോയി അവളുടെ മനസ്സിൽ കയറണം .
എല്ലാവരും ഫോട്ടോ എടുക്കാനിരിക്കുന്ന വീടിന്റെ ഗേറ്റിനു മുൻപിൽ നിൽക്കുകയാണ് . നടക്കാവുന്ന ദൂരമേയുള്ളൂ . ബൈക്ക് എടുത്ത് അവിടെ അവളുടെ മുൻപിൽ ഇറങ്ങി വന്നു സിനിമ സ്റ്റൈലിൽ നടക്കണം . തിരക്കഥയെല്ലാം റെഡിയാണ് . ഞാൻ ബൈക്കിന്റെ ആക്സിലേറ്ററിൽ പിടി അമർത്തി , ഹോൺ മുഴക്കി . അവൾ ശ്രദ്ധിക്കുന്നുണ്ട് . പിന്നെയൊന്നും നോക്കിയില്ല .. ബൈക്ക് മുന്നോട്ടെടുത്തു ...
''വൗ ... ദേ നോക്ക് അവൻ അഭ്യാസിയാണ് .. കണ്ടോ അവൻ ഒറ്റ ചക്രത്തിൽ പോകുന്നത് ... കൊള്ളാല്ലോ അവൻ ....... '' അവളുടെ ചെവിയിൽ കൂട്ടുകാരിൽ ആരോ മന്ത്രിച്ചു .
പക്ഷെ സത്യത്തിൽ ബൈക്ക് മുന്നോട്ടെടുത്തതും അപ്രതീക്ഷിതമായി മുൻ ഭാഗം ഉയർന്നതും പെട്ടെന്നായിരുന്നു . നിയന്ത്രണം വിട്ടു ബൈക്ക് ഒറ്റ ചക്രത്തിൽ മുന്നോട്ട് നീങ്ങി കൃത്യം അവളുടെ മുൻപിൽ പിടഞ്ഞു വീണു ..
എന്റെ കാലുകൾ പൊട്ടി ചോരയൊലിക്കുമ്പോഴും എനിക്ക് വേദനിച്ചില്ല . പക്ഷെ അവളുടെ മുൻപിൽ എന്റെ പ്രണയ ഗോപുരം തകർന്നു വീണ നിമിഷം ഞാൻ തളർന്നു .
****************
'' ഡാ .. ആർ യു ദേർ ?.. നീ ആ ഗ്രൂപ് ഫോട്ടോ നോക്ക് .. എന്റെ മുഖത്തെ ഭാവത്തിലുണ്ട് അന്ന് നടന്ന ആ സംഭവത്തിന്റെ മുഴുവൻ കഥയും ..ഓർത്തു നോക്ക് ''
അവനു മെസ്സേജ് എല്ലാം അയച്ചു ഞാനും ഒരു നിമിഷം ആ ഫോട്ടോയിലേക്കു നോക്കി മനസ്സിൽ പറഞ്ഞു '' എത്ര സുന്ദരമായ ഓർമ്മകൾ '' .

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക