ഞാനൊരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുമോ?"
നാട്ടിൽ നിന്ന് ഭാര്യയാണ് ഫോണിൽ. പതിവിലും നേരത്തേയുള്ള വിളി കണ്ടപ്പോഴേ തോന്നിയതാണ് എന്തോ പ്രശ്നമുണ്ടെന്ന്.
എ സി. ഓൺ ചെയ്ത് ഒരു ഗ്ലാസ്സ് വെള്ളവുമായി അയാൾ സോഫായിലിരുന്നു. നല്ല ക്ഷീണമുണ്ട്. വൈകിയാണ് സ്കൂളിൽ നിന്നും നിന്നും എത്തിയത്. സ്കൂൾ സ്പോട്സ് ഡേ കഴിഞ്ഞതേ ഇന്ത്യൻ സ്കൂളുകളുടെ ക്ലസ്റ്റർ മീറ്റിനുള്ള പരിശീലനം തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ വിജയം ആവർത്തിക്കാനുള്ള സമ്മർദ്ദം വളരെയധികമാണ് കായികാധ്യാപകനായ തന്റെ മേലും കുട്ടികളുടെ മേലും.
" എന്താ കാര്യം?"
"മോനെ പറ്റിയാണ് പറയാനുള്ളത്. ഏട്ടനെ ടെൻഷനടിപ്പിക്കണ്ടെന്ന് കരുതി പറയാതിരുന്നതാണ് ... "
"വലിച്ചു നീട്ടാതെ കാര്യം എന്താന്നു വെച്ചാ പറയുന്നുണ്ടോ നീ? "
ആധിയും, ആകാംക്ഷയും, ക്ഷീണവുമെല്ലാം കൂടെ ദേഷ്യത്തിന്റെ സ്വരത്തിലാണ് പുറത്ത് വന്നത്.
" അവന്റെ ടീച്ചർ വീണ്ടും വിളിച്ചിരുന്നു. അവന് മാർക്ക് ഒത്തിരി കുറവാണെന്ന്."
" പക്ഷെ അവനെല്ലാ വിഷയത്തിലും ജയിച്ചൂന്നല്ലെ നീ പറഞ്ഞത്.?"
"ജയിച്ചിട്ടുണ്ട്. പക്ഷെ അത് പോരാന്ന്. ഇവനെ പോലുള്ള കുട്ടികളാണത്രെ സ്കൂളിന്റെ റിസൾട്ട് മോശമാക്കുന്നത്. "
"അഞ്ചാം ക്ലാസിലല്ലേ അവനിപ്പോൾ? പിന്നെ എന്ത് റിസൾട്ട്? "
"അതിനു എന്നോടെന്തിനാ ദേഷ്യപ്പെടുന്നത്..? ടീച്ചർ എന്നോട് പറഞ്ഞത് ഞാനും അങ്ങോട്ട് പറഞ്ഞെന്നെയുള്ളൂ . ഇതിനും മുമ്പൊരിക്കൽ ടീച്ചർ വിളിച്ചിരുന്നു. അപ്പോഴാണ് അവനെ ട്യൂഷന് വിട്ട് തുടങ്ങിയത്. എന്നിട്ടിപ്പോ വീണ്ടും."
" അവനെന്ത്യേ?"
'' സ്കൂൾ വിട്ട് വന്നപ്പോൾ തന്നെ എന്റെ കൈയീന്ന് രണ്ടെണ്ണം കിട്ടി. അതിന്റെ പിണക്കത്തിലാ. മുറീലുണ്ട്."
" നീ അവനെ വിളിക്ക്. ഞാൻ പറഞ്ഞോളാം അവനോട് . പിന്നേ ടീച്ചറ് പറഞ്ഞു, നാട്ടുകാര് പറഞ്ഞു എന്നൊന്നും പറഞ്ഞ് എന്റെ മോനേ ഇനി തല്ലിയേക്കരുത്. പറഞ്ഞേക്കാം "
അപ്പുറത്ത് നിന്ന് പിന്നെയൊന്നും കേട്ടില്ല. അവൾ മേനെ വിളിക്കാൻ പോയിക്കാണും. പത്തിലെ സ്കൂളിന്റെ റിസൽട്ട് ഭദ്രമാക്കാൻ ഇത്ര ചെറിയ ക്ലാസ്സ് മുതലേ കുട്ടികളിലും, രക്ഷിതാക്കളിലും സമ്മർദ്ദം ചെലുത്തുന്നു. താനും അനുഭവിച്ചതല്ലെ ഇതെല്ലാം.
അന്ന് തന്റെ അമ്മയും അപ്പയോട് ഇങ്ങനെ തന്നെയാവില്ലെ പറഞ്ഞിട്ടുണ്ടാവുക. വീട്ടിൽ ഫോണില്ലാതിരുന്നത് കൊണ്ട് എഴുത്തിലൂടെയാവും ഒരു പക്ഷെ കാര്യം അവതരിപ്പിച്ചത്.
സ്പോർട്ട് സിലായിരുന്നു എന്നും താത്പര്യം കൂടുതൽ. അക്കാലത്തെ മികച്ച ക്രിക്കറ്റ് കളിക്കാരന്റെ പേരു് മകനിടുമ്പോൾ അപ്പ അത്രയും പ്രതീക്ഷിച്ചു കാണില്ല. സ്കൂൾ മീറ്റിലും സബ് ജില്ലാ തലത്തിലുമൊക്കെ പങ്കെടുത്തിട്ടുമുണ്ട്. പക്ഷെ പരീക്ഷയിൽ മാർക്ക് കുറഞ്ഞത് മാത്രമേ എല്ലാവരും കണ്ടുള്ളൂ. ടൂഷ്യൻ മാഷിന്റെ കയ്യിൽ നിന്നും തന്നെ എത്ര അടി കിട്ടിയിരിക്കുന്നു?
പിന്നെ അമ്മയുടെ ആശീർവ്വാദത്തോടെ ആദ്യത്തെ തോൽവി ആറാം ക്ലാസ്സിൽ. പിന്നെ ഏഴാം ക്ലാസ്സിൽ ടീച്ചർ അമ്മയുടെ അനുവാദത്തിനും കാത്ത് നിന്നില്ല. മരുഭൂമിയിൽ കിടന്ന് കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശ് കൊടുത്ത് തന്നെ ഇനി ആ സ്കൂളിൽ പഠിപ്പിയ്ക്കേണ്ട എന്ന് അപ്പ തീരുമാനിച്ചു.
അടുത്ത വർഷം മുതൽ വീടിന് അടുത്തുള്ള പള്ളിക്കൂടത്തിലായി പഠനം. 'ഇനി എല്ലാം നിന്റെ ഇഷ്ടത്തിനായ്ക്കോ'എന്നു പറഞ്ഞത് എത്ര പറഞ്ഞതും നന്നാവില്ല എന്നു കരുതിത്തന്നെയാവും.
അടുത്ത വർഷം മുതൽ വീടിന് അടുത്തുള്ള പള്ളിക്കൂടത്തിലായി പഠനം. 'ഇനി എല്ലാം നിന്റെ ഇഷ്ടത്തിനായ്ക്കോ'എന്നു പറഞ്ഞത് എത്ര പറഞ്ഞതും നന്നാവില്ല എന്നു കരുതിത്തന്നെയാവും.
പക്ഷെ പിന്നീടുണ്ടായ മാറ്റം എല്ലാവരേയും ഞെട്ടിച്ചെന്നു വേണമെങ്കിൽ പറയാം. വലിയ കുളത്തിലെ ചെറിയ മീൻ, പുതിയ സ്കൂളിലെ വലിയ മീനായി. ചത്തു ജീവിച്ചിരുന്ന സ്പോർട്ട്സ് വിഭാഗത്തിന് പുതുജീവൻ കിട്ടിയത് തന്റെ കൂടി ശ്രമഫലമായാണ്. അതുകൊണ്ട് തന്നെയാണ് അടുത്ത രണ്ട് വർഷം തുടർച്ചയായി സ്പോർട്ട്സ് ക്യാപ്റ്റനായി താൻ തിരഞ്ഞെടുക്കപ്പെട്ടത്.
കഴിവുകൾ അംഗീകരിക്കപ്പെട്ടതു കൊണ്ടാവാം പിന്നീട് പഠനത്തിലും ശ്രദ്ധിക്കാൻ പ്രചോദനമായത്. ഒട്ടും മോശമില്ലാത്ത മാർക്കോടെ പത്താം ക്ലാസ്സ് പാസ്സായപ്പോൾ, അപ്പയും അമ്മയും വീണ്ടും അവരുടെ സ്വപ്നങ്ങളെ പൊടി തട്ടിയെടുത്തു.
പ്ലസ് ടു വിന് ചേർന്നപ്പോഴേ അവർ വീക്കെൻഡിലുള്ള എൻട്രൻസ് കോച്ചിങ്ങ് ക്ലാസ്സിൽ ചേർത്തിരുന്നു തന്നെ. ലോംഗ്ജംപിലെ തന്റെ താത്പര്യം കുറച്ച് നാൾ ഹൈജംപിലേക്ക് മാറി. കോച്ചിങ് സെന്ററിന് തൊട്ടുള്ള കല്യാണമണ്ഡപത്തിന്റെ മതിലിലായിരുന്നു പരിശീലനം. അതല്ലാതെ അന്നു മറ്റ് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല.
പ്ലസ് ടു വിന് ചേർന്നപ്പോഴേ അവർ വീക്കെൻഡിലുള്ള എൻട്രൻസ് കോച്ചിങ്ങ് ക്ലാസ്സിൽ ചേർത്തിരുന്നു തന്നെ. ലോംഗ്ജംപിലെ തന്റെ താത്പര്യം കുറച്ച് നാൾ ഹൈജംപിലേക്ക് മാറി. കോച്ചിങ് സെന്ററിന് തൊട്ടുള്ള കല്യാണമണ്ഡപത്തിന്റെ മതിലിലായിരുന്നു പരിശീലനം. അതല്ലാതെ അന്നു മറ്റ് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല.
പിന്നെയും വീണ്ടും നീയായി നിന്റെ പാടായി എന്ന രീതിയിലായി കാര്യങ്ങൾ.
"ഏത് കോഴ്സിന് വേണമെങ്കിലും ചേർന്നോ. പക്ഷെ ഇത് നിന്റെ മാത്രം തീരുമാനമാണ്. നീയാണ് നിന്റെ ഭാവി തീരുമാനിക്കുന്നത് "
കായികപരിശീലത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും. അതാണ് തന്റെ സ്വപനമെന്നു പറഞ്ഞപ്പോൾ അപ്പയും, അമ്മയും പറഞ്ഞത് ഇതായിരുന്നു. കോഴ്സ് കഴിഞ്ഞപ്പോൾ തന്നെ ഉത്തരേന്ത്യയിലുള്ള ഒരു റെസിഡൻഷ്യൽ സ്കൂളിൽ ജോലി കിട്ടി.
പിന്നെ അടുത്ത വർഷം കൂടുതൽ ആനുകൂല്യങ്ങളുമായി മറ്റൊരു സ്കൂളിൽ നിന്നും ക്ഷണം. പിന്നെ പ്രവാസം . നാട്ടിൽ നിന്ന് ഒരു നല്ല ഓഫർ വന്നാൻ അവസാനിപ്പിക്കണം ഈ പ്രവാസവും.
കായികപരിശീലത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും. അതാണ് തന്റെ സ്വപനമെന്നു പറഞ്ഞപ്പോൾ അപ്പയും, അമ്മയും പറഞ്ഞത് ഇതായിരുന്നു. കോഴ്സ് കഴിഞ്ഞപ്പോൾ തന്നെ ഉത്തരേന്ത്യയിലുള്ള ഒരു റെസിഡൻഷ്യൽ സ്കൂളിൽ ജോലി കിട്ടി.
പിന്നെ അടുത്ത വർഷം കൂടുതൽ ആനുകൂല്യങ്ങളുമായി മറ്റൊരു സ്കൂളിൽ നിന്നും ക്ഷണം. പിന്നെ പ്രവാസം . നാട്ടിൽ നിന്ന് ഒരു നല്ല ഓഫർ വന്നാൻ അവസാനിപ്പിക്കണം ഈ പ്രവാസവും.
ആഗ്രഹിച്ചു നേടിയ ജോലി ചെയ്യുമ്പോഴുള്ള സന്തോഷം മറ്റെന്തെങ്കിലും ജോലി ചെയ്താൽ കിട്ടുമോ..? . അറിയില്ല. അങ്ങനെയൊന്ന് വേണ്ടി വന്നില്ലിതുവരെ. ഞാൻ തിരഞ്ഞെടുത്ത വഴിയാണ് ശരിയെന്ന് അപ്പയും അമ്മയും സമ്മതിച്ചു തന്നിരിക്കുന്നു.
ഇന്ന്, ഇവിടെ തന്റെ, മകന്റെ ഊഴം. എന്താണ് വേണ്ടതെന്ന് എനിക്കിപ്പോൾ അറിയാം. ചെറിയ ക്ലാസ്സുകളിൽ ഞാനനുഭവിച്ചത് എന്റെ മകനനുഭവിക്കരുത്. അവനുമുണ്ട് സ്വപ്നം കാണാനുള്ള സ്വാതന്ത്യവും അവകാശവും.
" പപ്പാ,.. "
മകന്റെ വിളി അയാളെ ചിന്തയിൽ നിന്നുണർത്തി.
" എന്താ മോനെ ഉണ്ടായത്?"
" അമ്മ പറഞ്ഞില്ലേ?"
" അമ്മ പറഞ്ഞതല്ല, എനിക്ക് കേൾക്കേണ്ടത് നിനക്ക് പറയാനുള്ളതാണ്. എനിക്ക് നീ പറയുന്നതാണ് കാര്യം...."
മകനു പറയുവാനുള്ള സർവ്വ സ്വാതന്ത്ര്യവും അയാൾ നല്കി. പപ്പ തനിക്ക് പറയാനുള്ളത് കേൾക്കാൻ തയ്യാറായപ്പോൾ തന്നെ അവന്റെ സങ്കടം മാഞ്ഞു തുടങ്ങിയിരുന്നു.
കുഞ്ഞായിരുന്നുവെങ്കിലും, അവൻ പറഞ്ഞു തുടങ്ങി അവന്റെ വലിയ വലിയ സ്വപ്നങ്ങളെപ്പറ്റിയും, ലക്ഷ്യങ്ങളെപ്പറ്റിയും. അയാളും കണ്ടു തുടങ്ങി അവനോടൊപ്പം അവന്റെ സ്വപ്നങ്ങൾ, അഭിമാനത്തോട് കൂടി തന്നെ.
Hidy Rose

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക