Slider

നിക്കാഹ്

0

വീട്ടിലേക്കുള്ള ചെങ്കൽ പടവുകൾ കയറുമ്പോൾ സറീനാന്റെ ഹൃദയം അതിശക്തമായി ഇടിക്കുന്നുണ്ടായിരുന്നു,
മുറ്റത്ത് കാത്തിരിക്കുന്ന ഉമ്മാക്കും അനിയത്തിമാർക്കും മുഖം കൊടുക്കാതെ അവൾ അകത്തേക്ക് കയറിപ്പോയി,
ഉമ്മറകോലായിൽ ചാരിയിരുന്ന മൊയ്തൂട്ടി തന്റെ മകളെ ഒരു വട്ടം തലയുയർത്തി നോക്കി -
വീണ്ടും വിശാലമായ കൈതേരിപാടത്തേക്ക് നോക്കി ഇരിപ്പ് തുടർന്നു -
അയാളുടെ ഓരോ നെടുവീർപ്പുകൾക്കും തീ കാറ്റിന്റെ ചൂടുണ്ടായിരുന്നു -
ഇന്ന് മഗ് രിബിന് ശേഷമാണ് അവർ വരുന്നത്,
തന്റെ മകളുടെ ഭാവി ജീവിതത്തിന്റെ വിധിയെഴുത്ത്', അവസാനവട്ട മധ്യസ്ഥം -
ചർച്ചകൾ പലതു കഴിഞ്ഞെങ്കിലും ഒന്നിലും തീരുമാനമാവാതെ -
ഇനി എത്രനാൾ അവളിങ്ങനെ വീട്ടിൽ ഇരിക്കും -
ഇന്ന് രണ്ട് മഹല്ല് കാരുടെ അവസാനവട്ട ശ്രമം -
ചർച്ച പരാജയപെട്ടാൽ തന്റെ മകൾ !!
നിങ്ങളിതുവരെ ചായ കുടിച്ചില്ലെ? ഭാര്യയുടെ ചോദ്യം മൊയ്തുട്ടിയെ ചിന്തയിൽ നിന്നുണർത്തി,
അയാൾ ആ ചായ എടുക്കാൻ തുടങ്ങുമ്പോഴേക്കും ഭാര്യ ആ ഗ്ലാസ്സെടുത്തു,
ഇത് തണുത്ത് പോയ് ന്,
ഞാൻ ചൂടാക്കി കൊണ്ടു വരാം -
അവർ അകത്തേക്ക് പോയി -
സൂര്യൻ കൈതേരിതോടിന്റെ ഒരം ചേർന്ന് യാത്ര പറയാൻ തുടങ്ങി,
ബാപ്പാ എണീക്ക്, എല്ലാം നല്ലതിന് വേണ്ടി ട്ടാവും,
സറീന അയാളുടെ ചുമലിൽ പിടിച്ച് എഴുനേൽപ്പിച്ചു,
നേരം ഇരുട്ടി തുടങ്ങുമ്പഴേക്കും ഓരോരുത്തരായി എത്തി തുടങ്ങി,
മൊയ്തൂട്ടി അവർക്ക് വേണ്ടി ഉമ്മറ കോലായിൽ കസേരകളിട്ടു, ബാക്കി വന്നവർക്ക് അടുത്ത വീട്ടിൽ നിന്നും കസേരകൾ ഏർപാടാക്കി, ചായയും ചില്ലറ പലഹാരങ്ങളും ഒരുക്കി,
അദികം കാത്തിരിക്കേണ്ടി വന്നില്ല ഷരീഫിന്റെ കൂട്ടക്കാരും വന്നു,
ചർച്ച തുടങ്ങി,
ഷരീഫ് പതിവുപോലെ തന്റെ വാദമുഖങ്ങൾ നിരത്താൻ തുടങ്ങി,
അവൾ വന്നു കേറിയതു മുതൽ തന്റെ കിടപ്പറവരേ സഭയിൽ ഷരീഫ് വിസ്തരിക്കുന്നത് കണ്ണീർ വറ്റിയ കണ്ണുകളുമായി
വാതിലിന്റെ മറവിൽ സറീന കേട്ടു നിന്നു,
അവരുടെ സ്വകാര്യ നിമിഷങ്ങൾ തന്റെ വിജയത്തിനായി ഷരീഫ് മറ്റുള്ളവരുടെ മുമ്പിൽ കൊത്തിവലിക്കപെടുമ്പോൾ സറീനാന്റെ മുഖത്ത് ഊഴം കാത്ത് നിൽക്കുന്ന അറവുമാടിന്റെ ഭാവങ്ങളായിരുന്നു,
ഒരായിരംവട്ടം സത്യങ്ങൾ അവരുടെ മുമ്പിൽ ഇറങ്ങി നിന്ന് വിളിച്ച് പറയണം എന്നവൾ ആഗ്രഹിച്ചെങ്കിലും തനിക്ക് താഴെയുള്ള അനുജത്തി സലീനാന്റെ മുഖവും ഒരു പെണ്ണ് സഭയിൽ സംസാരിച്ചാൽ രക്ഷിതാക്കൾക്കുണ്ടാവുന്ന മാനക്കേടും അവളെ പിറകോട്ട് വലിച്ചു.
ചർച്ചയുടെ പല ഘട്ടങ്ങളിലും തന്റെ മകൾക്ക് വേണ്ടി മൊയ്തുട്ടി തല കുനിച്ച് നിന്ന് കൊടുത്തു, ഒടുവിൽ ഒരു ബാപ്പ ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യമായ ശാരീരിക ബന്ധത്തിന്റെ ദുർബലതകളിലേക്ക് കുറ്റം ചാർത്തപെടുന്നത് കണ്ട് മൊയതൂട്ടി എഴുന്നേറ്റ് നിന്നു പറഞ്ഞു,
മതി...... ഇനി ഒരക്ഷരം എന്റെ മോളെ പറ്റി മിണ്ടിപോകരുതാരും-
സഭ പിരിഞ്ഞു,
ഈ ഒരു വാക്കിനായ് കാത്തിരുന്ന പോലെ ഷരീഫും കൂട്ടക്കാരും ആ പടി എന്നെന്നേക്കുമായി ഇറങ്ങി -
ആ വീട്ടിൽ അന്ന് തേങ്ങലുകൾ ഏറെ കേട്ടു,
ഉറക്കം വരാതെ മൊയ്തുട്ടി കൈതേരിപാടത്തിന്റെ ഓരം ചേർന്ന് ഏറെ നേരം ഒറ്റക്കിരുന്നു -
മഴ മേഘങ്ങൾക്കിടയിലൂടെ നിലാവ് ഇടക്കിടെ ആ പിതാവിനെ പാളി നോക്കി കൊണ്ടിരുന്നു -
ദിവസങ്ങളും മാസങ്ങളും കടന്നു പോയി,
ഷരീഫ് കൂടുതൽ സമ്പത്തും സൗന്ദര്യവും ഉള്ള പെണ്ണിനെത്തേടി അലയാൻ തുടങ്ങി,
സറീനാക്കും പല ആലോചനകളും വന്നെങ്കിലും രണ്ടാം കെട്ടിന്റെ പേരിൽ പലതും മുടങ്ങി,
ഇടക്കാലത്ത് നജീബ് എന്ന ഗൾഫ് കാരന്റെ ആലോചന വന്നു, പൊന്നും പണവും ഒന്നും ഇല്ലാതെ വലിയ ആർഭാടമില്ലാതെ സറീനാന്റെ വിവാഹം വീണ്ടും നടന്നു,
മാസങ്ങൾക്കടന്നു പോയി,
ഷരീഫിനും അവന്റെ ആഗ്രഹം പോലെ വലിയവീട്ടിൽ നിന്നും ഒരു പെണ്ണിനെ കിട്ടി, കല്യാണം ഏതാണ്ട് ഉറച്ചു വന്നു,
മകരമഞ്ഞുവീണു തണുത്ത
ഒരു പ്രഭാതത്തിൽ കല്യാണത്തിരക്കിനിടയിൽ ഓടി നടക്കുന്ന ഷരീഫിനെത്തേടി പോസ്റ്റ്മേൻ വന്നു,
എന്നാലും ഇക്കാലത്താരാ കത്തയക്കാൻ അതും എനിക്ക്?
ഷരീഫ് ഒട്ടാശ്ചര്യത്തോടെ കത്ത് പൊട്ടിച്ച് വായിച്ചു,
പ്രിയപെട്ട ഷരീഫ്,
ആദ്യമായി നിങ്ങൾ എനിക്ക് ചെയ്ത ഉപകാരത്തിന് നന്ദി പറയട്ടെ,
നിങ്ങളെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും നിങ്ങളെ പറ്റി ഞാൻ അറിഞ്ഞു, എന്റെ ഭാര്യയിലൂടെ -
ഫോൺ നമ്പർ ഇല്ലാത്തത് കൊണ്ടാണ് ഞാൻ താങ്കൾക്ക് ഇങ്ങനെ ഒരു എഴുത്ത് എഴുതാൻ തീരുമാനിച്ചത്,
നിങ്ങളോട് എനിക്ക് ഒരു പാട് നന്ദിയുണ്ട്, പ്രത്യേകിച്ച് നിങ്ങൾ അവളുടെ വീട്ടിൽ നിന്നും അവസാനമായി ബന്ധം വേർപെടുത്തി ഇറങ്ങിപ്പോയ ആ രാത്രിയുണ്ടല്ലോ ,ആ നിമിഷം കൈതേരിപാടത്ത് മഴ മേഘങ്ങൾക്കപ്പുറം എനിക്ക് വേണ്ടി ഒരു പൂർണ്ണചന്ദ്രൻ ഉദിച്ചിരുന്നു,
നിങ്ങൾ നാട്ടുകാരുടെ മുമ്പിൽ നിങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ നിരത്തി വാദിച്ചിട്ടും ആ വിരിയുടെ മറവിൽ ഒരക്ഷരം മിണ്ടാതെ നിന്ന സറീനയെ അന്നെങ്കിലും നിങ്ങൾ തിരിച്ചറിയേണ്ടതായിരുന്നു , പണത്തിൽ അതിഷ്ടിദമായ സ്നേഹം മാത്രം കണ്ടു വളർന്ന നിങ്ങൾക്ക് ഒരു പെണ്ണിന്റെ മനസ്സ് മനസ്സിലാക്കാൻ കഴിയാതെ പോയത് ഇന്ന് ഞാൻ എന്റെ ഭാഗ്യമായി കരുതുന്നു,
നിങ്ങൾക്ക് വന്നു കയറിയ നാൾ മുതൽ അവൾ ദുശ്ശകുനമാണെങ്കിൽ, എനിക്ക് വന്ന് കയറിയ നാൾ മുതൽ ദേവതയാണ്, സ്നേഹിക്കാനും സാന്ത്വനിപ്പിക്കാനും ദൈവം എനിക്ക് നൽകിയ പെണ്ണ്,
പിന്നെ വേറൊരു കാര്യം മറന്നു എന്റെ ഭാര്യ ഗർഭിണിയാണ്, എന്റെ കുഞ്ഞിന് ജന്മം നൽകാൻ വെമ്പൽ കൊള്ളുന്ന എന്റെ പുണ്യം, ഞങ്ങളിപ്പോൾ കുവൈത്തിലാണ് ഉള്ളത് നാളെ രാവിലെ എനിക്ക് അവളെയും കൊണ്ട് ചെക്കപ്പിന് പോവാനുണ്ട് അത് കൊണ്ട് തൽക്കാലം ഞാൻ നിർത്തുന്നു,
നിങ്ങൾ ഇത് വായിച്ച് കഴിഞ്ഞ് എന്നെപറ്റി എന്ത് ചിന്തിക്കും എന്നെനിക്കറിയില്ല , എന്ത് ചിന്തിച്ചാലും എനിക്ക് കുഴപ്പവുമില്ല -
ഞാൻ സന്തുഷ്ടനാണ് അവളും,
അതിന് നിങ്ങളോട് എനിക്ക് തീർത്താൽ തീരാത്ത കടപ്പാടുണ്ട് -
നജീബ്.
കൈതേരിപാടത്തിന്റെയോ രത്തെ ആ വീട്ടിന്റെ ഉമ്മറത്ത് ഒരു ബീഡിയും വലിച്ച് ഇപ്പഴും ഒരു വൃദ്ധൻ ഇരിപ്പുണ്ട്, തന്റെ പേരക്കുട്ടിയുടെ കൈയ്യും പിടിച്ച് തന്റെ മകൾ വരുന്നതും കാത്ത് -
:- - - - ഹരി മേലടി --- :-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo