Slider

ഒളിച്ചോട്ടം

1

സമയം പോകുന്നതനുസരിച്ചു എന്റെ ധൈര്യവും
കുറഞ്ഞുവന്നു..കൈയും കാലും വിറ കൂടി വന്നു.
തൂവാല കൊണ്ട് മുഖത്തെ വിയർപ്പു തുടച്ചു ഞാൻ സന്ധ്യയെ നോക്കി..അവളും എന്നെപോലെ തന്നെ പേടിച്ചരണ്ട മുഖവുമായി..
വിയർത്തൊഴുകി നിൽക്കുകയാണ്..ഞങ്ങൾ
ദയനീയമായി ജസ്‌നയെ നോക്കി..അവൾക്കു
മാത്രം ഒരു കൂസലുമില്ല..ഫയൽ നെഞ്ചോടു ചേർത്ത്..അക്ഷമയായി...ഇടയ്ക്കിടെ റോഡിലേക്ക് തിരിഞ്ഞുനോക്കി നടക്കുകയാണ്
അവൾ..ഞാൻ മെല്ലെ പറഞ്ഞു.."ഡീ..അവനെ
കാണുന്നില്ലാലോ..നമുക്കു തിരിച്ചു പോയാലോ "?
ഒറ്റനിമിഷം..കോപം കൊണ്ട് ചുവന്ന മുഖം
തിരിച്ചു ജെസി എന്ന് ഞങ്ങൾ വിളിക്കുന്ന ജസ്‌ന
പറഞ്ഞു."നിങ്ങള് പൊക്കോ..ഞാനില്ല..അവൻ
വരും.."..ഒന്നൂടെ നിർബന്ധിക്കണം എന്നുണ്ടായിരുന്നെങ്കിലും..വെറുതെ അവളുടെ
വായിലെ തെറി കേൾക്കണ്ടെന്നു വച്ച് ഞാൻ
സന്ധ്യയുടെ അടുത്തേക്ക് നീങ്ങി നടന്നു..
ദേഷ്യം വന്നാല്പിന്നെ അവൾ നല്ല പച്ചത്തെറിയാണ് വിളിക്കുക..അവളുടെ കാമുകൻ ഷെഫീക്കിനെ അടക്കം..ഒരു ദയയുമുണ്ടാവില്ല...
ഇവിടിപ്പോൾ ഒരു ഒളിച്ചോട്ടം നടക്കാൻ പോകയാണ്..ജസ്‌ന എന്ന ക്രിസ്ത്യാനി
പെണ്ണ് ഷഫീക് എന്ന മുസ്ലിം പയ്യന്റെ
കൂടെ ഒളിച്ചോടാൻ പോകുന്നതിനു
തൊട്ടുമുന്നെയുള്ള നിമിഷങ്ങളാണിത്..
വെറുംകൈയോടെ ചെല്ലാനാണ് അവൻ
പറഞ്ഞത്.പക്ഷെ ഫയലിനുള്ളിൽ എന്തോ
ഒളിപ്പിച്ചിട്ടുണ്ട് അവൾ..ഞങ്ങളത് കണ്ടു..
എങ്കിലും ഒന്നും ചോദിയ്ക്കാൻ നിന്നില്ല..
മൂന്നു വർഷം മുന്നെയൊരു ദിവസം..
ഞാനും സന്ധ്യയും അടങ്ങുന്ന കൊച്ചു കൂട്ടുകെട്ടിലേക്കു വന്നുകയറിയതാണ് ജസ്‌ന എന്ന അച്ചായത്തി പെണ്ണ്..അവളുടെ പപ്പ
സ്റ്റേഷൻ മാസ്റ്റർ ആണ്.ഞങ്ങളുടെ നാട്ടിലേക്കു
സ്ഥലം മാറി വന്നതാണവർ ..എന്റെ വീടിനടുത്താണ് താമസം..അവളും അനിയനും
പപ്പയും മമ്മിയുമാണ് അവരുടെ കുടുംബം.
ഞങ്ങളുടെ കോളജിൽ ആണ് അവളെയും ചേർത്തത്..അങ്ങനെ ഞങ്ങൾ കൂട്ടായി..
അവളുടെ മമ്മി ഗ്രേസി ചേച്ചി എന്റമ്മയോടും
കൂട്ടായി..നല്ല തന്റേടിയായ സ്ത്രീയാണവർ..
അതുപോലാണ് ജസ്‌നയും..
അങ്ങനെ പോകെ...പത്താം ക്ലാസ് മുതൽ പരിപാലിച്ചുവരുന്ന ഒരു പ്രേമം അവൾക്കുണ്ടെന്നു ഞങ്ങൾ അറിഞ്ഞു..പിന്നെ ഒന്നും
നോക്കീല്ല..കട്ട സപ്പോർട്ട് കൊടുത്തു ആ പ്രേമം ഉഷാറാക്കി ഞങ്ങൾ..ആഴ്ചയിൽ രണ്ടു ദിവസം
അവൻ വരും കോളജിന്റെ വാതിൽക്കൽ..അന്ന് ഞങ്ങൾ മൂന്നു പേരും ഒരേ നിറത്തിലുള്ള ഡ്രസ്സ് ആണ് ഇടുക..അവളവനോട് സംസാരിക്കുന്നത്
ആരേലും കണ്ടാൽ അവരെ തെറ്റിദ്ധരിപ്പിക്കാൻ..
എല്ലാപ്രേമവും പോലെ ഇതും ആദ്യം അവളുടെ 'അമ്മ പിടിച്ചു..അതോടെ അവർ ഒരുവർഷം അവളെ വീട്ടിൽ ഇരുത്തി ..ഇവിടെ
എത്തിയപ്പോളാണ് പിന്നെ ക്ലാസിൽ വിടുന്നത്..
മാപ്ല ചെക്കൻ മോളെ കെട്ടുന്നതിനേക്കാൾ
നല്ലതു ചാവുന്നതാണെന്നാണ് അവരുടെ വിശ്വാസം..
മൂന്നാം വർഷം അവളുടെ അച്ഛന് ട്രാൻസ്ഫർ ആയി..സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകും
മുന്നേ അവരിട്ട പ്ലാൻ ആണ് ഒളിച്ചോട്ടം..
സഹായിക്കാൻ ഞങ്ങളും .കാരണം തറവാട്ടിൽ തിരിച്ചെത്തിയാൽ പിന്നെ ഒന്നും നടക്കില്ലെന്നു അവർക്കറിയാം..ഒരേപ്രായമാണവർ.. ഒന്നിച്ചു പഠിച്ചവർ..അവൻ പഠനം പാതിയിൽ നിർത്തി
ഒരു വർക്ഷോപ്പിൽ പണിയെടുക്കുന്നു...
അക്കാര്യത്തിൽ ഞങ്ങൾക്ക് ചെറിയ എതിർപ്പ്
ഉണ്ടായിരുന്നെങ്കിലും അവളുടെ തന്റേടത്തിനു
മുന്നിൽ ഞങ്ങളും നിശബ്ദരായി...
ഉച്ചവരെ സ്പെഷ്യൽക്ലാസുള്ള ദിവസമായിരുന്നു
അന്ന്..ക്ലാസും കഴിഞ്ഞു എല്ലാവരും കൂടെ മലയാളം ടീച്ചറിന്റെ കല്യാണറിസപ്ഷനു പോകാനുള്ള സമ്മതവും കൊണ്ടാണ് ഞങ്ങൾ
വന്നത്..പോകുംവഴി അവനും ഫ്രണ്ട്സും
വന്നു അവളെയും കൊണ്ട് പോകുമെന്നാണ്
തീരുമാനം..സമയം അടുത്തെത്തുംതോറും
ഞാനും സന്ധ്യയും തളർന്നു തുടങ്ങി..
കുറച്ചു നടന്നിട്ടും അവനുമില്ല വണ്ടിയുമില്ല.
അവൾക്കാണേൽ ഒടുക്കത്തെ ആത്മവിശ്വാസം..
നടന്നു ഞങൾ ആൽത്തറയുടെ അടുത്തെത്തി..
പുറകിൽനിന്നു വണ്ടിയുടെ ഹോൺ കേട്ടതോടെ
എന്റെ കൈയും കാലും തളർന്നു ..സന്ധ്യ മെല്ലെ
പറഞ്ഞു.."നീ സ്വർണമൊക്കെ എടുത്തോണ്ട്
വന്നൊണ്ട് നിന്റെ മമ്മി വല്യ വഴക്കായിരിക്കും"
അവളുടെ കൈയിലുള്ള ഫയൽ വീർത്തതു
നോക്കിയാണ് സന്ധ്യ പറഞ്ഞത്..ഉടനെ
വന്നു ജെസ്സിയുടെ മറുപടി.."പോടീ ..ഇതിലെന്റെ
രണ്ടു ജോഡി അടിയുടുപ്പുകളാണ്..വേറൊന്നും
എടുക്കാൻ പറ്റില്ലാലോ ..മമ്മി ശ്രദ്ധിക്കില്ലേ...
അവന്റെ കൈയിൽ കാശൊന്നും ഉണ്ടാവില്ല.
അതെങ്കിലും ആവട്ടേന്നു വച്ചെടുത്തതാ."..
അന്തംവിട്ടു നിക്കുന്ന ഞങ്ങടെ മുന്നിൽ വണ്ടി വന്നുനിക്കലും..അവൾ ചാടിക്കയറലും.....
വണ്ടി തിരിച്ചുപോക്കും..
നിമിഷങ്ങൾക്കുള്ളിൽ കഴിഞ്ഞു...
ഞങ്ങൾ രണ്ടുപേർ മാത്രമായി.. വഴിയരികിൽ..
വീട്ടിലേക്കു പോകുന്ന കാര്യം ആലോചിക്കുമ്പോ
വിറയാണ്..അമ്മ അറിഞ്ഞാൽ അടി ഉറപ്പാണെനിക്ക്..എന്നാലും വീട്ടിൽ പോകാതിരിക്കാൻ പറ്റില്ലാലോ..ഇനീപ്പോ
കല്യാണത്തിന് പോകാനൊന്നും വയ്യ..
മെല്ലെനടന്നു ഞങ്ങൾ.. തിരിച്ചു വീട്ടിലേക്കു..
ഇടവഴി കയറുമ്പോളേ കേൾക്കാം ഗ്രേസിച്ചേച്ചിയുടെ കരച്ചിലും ബഹളവും..
വീടും ഇടവഴിയും നിറയെ ആൾക്കാരാണ്.
ഞങ്ങളുടെ അമ്മമാരടക്കം..അവൾ ഫോൺ
ചെയ്തു പറഞ്ഞത്രേ രജിസ്റ്റർ വിവാഹം
കഴിഞ്ഞെന്നു.ഞങളെ കണ്ടതോടെ
ഗ്രേസിച്ചേച്ചി ചീറിവന്നു ..എന്തൊക്കെയോ
വിളിച്ചുപറഞ്ഞു..എന്റമ്മയും വിട്ടില്ല..എന്നെ
പിടിച്ചുവലിച്ചു രണ്ടടി ..അതിനുമുന്നെ ഞാൻ
കരഞ്ഞു തുടങ്ങിയത് കൊണ്ട് 'അമ്മ രണ്ടിൽ
തീർത്തു..പിന്നവിടെ പൂരം കച്ചറയാണ്
നടന്നത്..അവളുടെ മമ്മിയുടെ കണ്ണിൽ
ഞങ്ങളാണ് അവളെ വഴിതെറ്റിച്ചത്..
സന്ധ്യ ആവാറായി..ഗ്രേസിച്ചേച്ചി കരച്ചിൽ
നിർത്തുന്നില്ല..എന്റെയമ്മ പതുക്കെ അടുത്ത്
ചെന്ന് സമാധാനിപ്പിച്ചു.."സാരോല്ല ചേച്ചീ..
ദൈവഹിതം ഇതായിരിക്കാം..നാളെ അവന്റെ
കൈകൊണ്ടു വെള്ളം കുടിക്കാനാണ് വിധിയെങ്കിൽ ..തടുക്കാൻ കഴിയില്ലലോ.."
പിന്നൊരു ആട്ടാണ് കേട്ടത്..മൂപ്പത്തി എണീറ്റ്
എന്റമ്മയെ ഒറ്റയാട്ടായിരുന്നു.."ഫ..മാപ്ല ചെക്കന്റെ കൈകൊണ്ടു വെള്ളം കുടിക്കാൻ
കൊട്ടാരത്തിൽ ഗ്രേസി ഒന്നുടെ ജനിക്കണം..
മോളുണ്ടാക്കിയത് പോരാഞ്ഞിട്ട് അമ്മയുടെ
വകയും."...അതോടെ ഉപദേശി ആവാൻ പോയ
എന്റമ്മ ചാടി മുറ്റത്തിറങ്ങി..പിന്നങ്ങു കേറീട്ടില്ല..
വർഷങ്ങൾ കഴിഞ്ഞുപോയി.ഗ്രേസിച്ചേച്ചിയും
കുടുംബവും തിരിച്ചുപോയി..ഞാനും സന്ധ്യയും
വിവാഹിതരായി..ജെസ്സിയുടെ കാര്യം ഞങ്ങൾ
മറന്നുതുടങ്ങി..കഴിഞ്ഞ ലീവിന് നാട്ടിൽ ചെന്നപ്പോൾ സന്ധ്യ ഫേസ്ബുക് ഫ്രണ്ട് വഴി
ഷെഫീക്കിന്റെ അഡ്രെസ്സ് സംഘടിപ്പിച്ചിരുന്നു.
അങ്ങനെ ഞങ്ങൾ അവളെ ഞെട്ടിക്കാൻ
പുറപ്പെട്ടു..വല്ലാത്തൊരു ത്രിൽ ആയിരുന്നു
ആ യാത്ര..
ബെല്ലടിച്ചു കാത്തുനിന്ന ഞങ്ങളുടെ മുന്നിലേക്ക്‌
അവൾ ഇറങ്ങിവന്നു..വലിയ മാറ്റമൊന്നുമില്ല.
ഞങ്ങളെ കണ്ടു അവൾ കുറച്ചുനേരം തരിച്ചു
നിന്നു..പിന്നെ പൊട്ടിക്കരച്ചിൽ..കെട്ടിപിടി..
ഞങ്ങൾ മൂന്നു പേരും പരിസരം മറന്നു
പരിഭവം പറഞ്ഞു തീർക്കുന്നതും നോക്കി
ഷെഫീഖും അവരുടെ രണ്ടു മക്കളും
പുഞ്ചിരിയോടെ നിന്നു..പിന്നെ ഞങ്ങൾ
വിശേഷങ്ങൾ പങ്കുവച്ചു..അവരുടെ ജീവിതവും
പറഞ്ഞു അവൾ ..ആദ്യകാലങ്ങളിലെ കഷ്ടപ്പാടും വർക്ഷോപ് ഏറ്റെടുത്ത ശേഷമുള്ള നല്ലകാലവും
എല്ലാം..
അവൾക്കു വന്ന മാറ്റം ഞങ്ങളെ ഞെട്ടിച്ചു.
അത്രമേൽ പക്വത..ഷെഫിക്ക എന്നാണ് വിളി
അവളെ അവൻ മതം മാറ്റുകയോ..പള്ളിയിൽ
വിടാതിരിക്കുകയോ ചെയ്തിട്ടില്ലത്രെ..ഒരുപാടു
സന്തോഷം തോന്നി അത് കേട്ടപ്പോൾ..പെട്ടന്ന്
വന്നുകയറിയ ഞങ്ങൾക്ക് വിരുന്നൊരുക്കാൻ
സാധനങ്ങൾ വാങ്ങാനിറങ്ങി ഷെഫീഖ്..
കാറിനടുത്തെത്തിയ അവൻ തിരിഞ്ഞു നിന്നു
എന്തോമറന്നതു പോലെ കയറിവന്നു..
അകത്തേക്കു നോക്കി അവൻ ഉച്ചത്തിൽ വിളിച്ചു.."മമ്മീ...മരുന്നിന്റെ ചീട്ടു ഇങ്ങു തന്നേക്കു.
വൈകുന്നേരമാക്കണ്ട..ഞാൻ ടൗണിൽ
പോകയാണ് "..അമ്പരന്നു നിന്ന ഞങ്ങളുടെ
മുന്നിലേക്ക് നവവധുവിന്റെ നാണത്തോടെ..
കൈയിൽ ഡോക്ടറുടെ കുറിപ്പടിയുമായി
ഇറങ്ങിവന്ന് ..ചമ്മിയ..പുഞ്ചിരിയോടെ നിന്നു..
സാക്ഷാൽ ഗ്രേസി ചേച്ചി..പ്രായത്തിന്റേതായ
ചെറിയ ഉടവുണ്ടെങ്കിലും..ഉഷാറാണ്..പിന്നെ
വരാന്തയിലേക്ക് പോയി.മരുമകന്റെ കൈയിൽ
ചീട്ടു കൊടുത്തു ..എന്തൊക്കെയോ നിർദേശങ്ങൾ..ഞങ്ങൾ അതും നോക്കി ചിരി
അടക്കി ഇരുന്നു..രണ്ടാളും വല്യ കൂട്ടാണെന്നു
സംസാരം കണ്ടാൽ അറിയാം..
"ഡീ..ഇതെങ്ങനെ സംഭവിച്ചു ?"സന്ധ്യ ചോദിച്ചു.
അവൾ പറഞ്ഞു..പപ്പയുടെ മരണശേഷം മകന്റെയും ഭാര്യയുടെയും
കൂടെയുള്ള മമ്മിയുടെ കഷ്ടപ്പാടിന്റെ കഥ..
കുളിമുറിയിൽ വീണ മമ്മിയെ ശ്രദ്ധിക്കാൻ
ആരുമില്ലാതെ ബെഡിൽ കിടന്നു നാറുന്ന
കഥ കേട്ട് ..അവളോട് പോലും ഒന്നും പറയാതെ
ഒരുദിവസം വണ്ടിയെടുത്തു പോയി.കൊച്ചുകുട്ടിയെ പോലെ രണ്ടു കൈകളിലും മൂത്രത്തിൽ കുതിർന്നു കിടന്ന മമ്മിയെ വാരിയെടുത്തു വീട്ടിൽ
കൊണ്ടുവന്ന കഥ..അന്നുതൊട്ടിന്നുവരെ
ഉമ്മയില്ലാത്ത അവൻ അവളുടെ മമ്മിയെ ഉമ്മയെപ്പോലെ സ്നേഹിക്കുന്ന കഥ..അവർക്ക് അവൻ മകൻ ആയ കഥ..സത്യത്തിൽ അപ്പോളാണ് എന്റെ
കണ്ണ് നിറഞ്ഞു പോയത്..
സ്നേഹത്തിനു കൊണ്ട് മാറ്റാൻ കഴിയുന്ന
ഒരു രോഗം തന്നെയാണ് അഹന്ത..അന്ന്
"മാപ്ലചെക്കൻ"എന്ന് പുച്ഛത്തോടെ വിളിച്ച
അതേ നാവു കൊണ്ട് ഇന്നവർ സ്നേഹത്തോടെ
"മോനെ" എന്ന് വിളിക്കുന്നു...അതിനു കാരണം
അവന്റെ നന്മയുള്ള മനസിലെ സ്നേഹം മാത്രമാണ്..സന്തോഷത്തോടെയാണ്
വൈകുന്നേരം ഞങ്ങൾ ഇറങ്ങിയത്..
പ്രണയവിവാഹങ്ങൾ പരാജയപ്പെടുന്നതാണ്
കൂടുതലും ഞാൻ കണ്ടിട്ടുള്ളത്..പക്ഷെ
അന്നെനിക്ക് മനസിലായി...
മനസുകളും മനസിലാക്കലുകളും ആണ് ഒരു
പ്രണയത്തെ വിജയിപ്പിക്കുന്നതും തോല്പിക്കുന്നതും..നല്ല മനസ്സുകളിലെ പ്രണയം
തീർച്ചയായും വിജയിക്കും..ജാതിയും മതവും
ഒന്നും തടസമല്ല അതിനു..അതിന്റെ ഏറ്റവും
വലിയൊരു തെളിവാണ് അവരുടെ കുടുംബം..
എന്നെന്നും ഇതുപോലെ ഒരുപാടു സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ
അവരെ അനുഗ്രഹിക്കട്ടെ..
Vineetha Anil
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo