പൊട്ടൻ നമ്പൂതിരി അഥവാ കുട്ടൻ നമ്പൂതിരി
" സർവ്വമംഗളമാംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ....എടാ കുട്ടാ ആ കർപ്പൂരത്തട്ട് ഇങ്ങെടുത്തേ..... ശരണ്യേ ത്രയംബകേ ദേവി...... എടാ പൊട്ടാ നിന്നോടല്ലേ പറഞ്ഞത് ആ കർപ്പൂരത്തട്ട് ഇങ്ങെടുക്കാൻ..... നാരായണീ നമോസ്തുതേ"ശ്രീകോവിലിനുള്ളിലിരുന്ന് മന്ത്രോച്ചാരണത്തിൻ്റെ അതേ ഈണത്തിൽ തന്നെ വല്യ തിരുമേനി കുട്ടൻ നമ്പൂതിരിയെ നീട്ടിവിളിച്ചു.
"ആഹാ ഇവിടെ വന്ന് വായുംനോക്കി നിൽക്കയാണോ,വല്യനമ്പൂതിരി എപ്പഴേ കർപ്പൂരത്തട്ട് ചോദിക്കുന്നെന്നോ,അതുപിന്നെങ്ങനാ തൊഴാൻ വരണ പെൺപിള്ളാരെയും വായിനോക്കി നിന്നാൽ പിന്നെ ആരു വിളിച്ചാലും കേൾക്കില്ലല്ലോ.ഇതെങ്ങനെ ആ വല്യനമ്പൂതിരീടെ കുടുംബത്തിൽ വന്നുപിറന്നോ എന്തോ.. ." നിർത്താൻ ഉദ്ദേശമില്ലാത്തപോലെ കഴകക്കാരൻ രാമേട്ടൻ പറഞ്ഞുകൊണ്ടേയിരുന്നു.
"ഞാൻ സത്യായിട്ടും കേട്ടില്ല രാമേട്ടാ" അതും പറഞ്ഞ് കുട്ടൻ നമ്പൂതിരി കർപ്പൂരത്തട്ടുമായി ശ്രീകോവിലിലേക്ക് ഓടി.
"ഞാൻ സത്യായിട്ടും കേട്ടില്ല രാമേട്ടാ" അതും പറഞ്ഞ് കുട്ടൻ നമ്പൂതിരി കർപ്പൂരത്തട്ടുമായി ശ്രീകോവിലിലേക്ക് ഓടി.
നാട്ടിലെ പ്രധാന ദേവീക്ഷേത്രത്തിലെ പൂജാരിയും സഹായിയുമാണ് മുകളിൽ പറഞ്ഞ വലിയതിരുമേനിയും കുട്ടൻ തിരുമേനിയും. വലിയതിരുമേനിക്ക് അൽപ്പം സെെഡ് ബിസിനസൊക്കെയുണ്ട്,ജ്യോൽസ്യവും അല്ലറചില്ലറ മന്ത്രവാദവും കൂടോത്രവുമൊക്കെയുണ്ട് പുള്ളിക്കാരന്.നാട്ടിലെ പെണ്ണുങ്ങൾ പരസ്യമായും ചില ആണുങ്ങൾ രഹസ്യമായും വലിയ തിരുമേനിയെക്കൊണ്ട് മന്ത്രവാദവും ആഭിചാരങ്ങളും നടത്തുന്നതൊക്കെ നാട്ടിൽ പാട്ടായ രഹസ്യങ്ങളാ.എത്രയോ സ്ത്രീകൾ ഭർത്താവിൻ്റെ പരസ്ത്രീബന്ധം നിർത്താൻ വല്യനമ്പൂതിരി ജപിച്ചുകൊടുത്ത ഭസ്മം ഉപയൊഗിച്ചിരിക്കുന്നു.എത്ര അമ്മായിമാരും മരുമക്കളുമാണെന്നോ അദ്ദേഹത്തിൻ്റെ ശത്രുസംഹാരഹോമം കൊണ്ട് സ്വസ്ഥമായി ജീവിതം മുന്നോട്ടു നയിക്കണത്.എത്ര യുവതീയുവാക്കളാ അദ്ദേഹം ജപിച്ചുകൊടുത്ത സ്വയംവരയന്ത്രം കെട്ടിയതുകൊണ്ടുമാത്രം വിവാഹിതരായത്.എത്രയോ ഒഴിയാബാധകളെ അദ്ദേഹം ആഭിചാരം നടത്തി ഒഴിപ്പിച്ചുവിട്ടിട്ടുണ്ടെന്നോ.ഇതൊന്നും ഞാൻ പറയണതല്ല ഇഷ്ടാ അനുഭവസ്ഥർ പറയണതാ.
വലിയ തിരുമേനി ഇങ്ങനൊക്കെയാണെങ്കിലും നമ്മുടെ അസിസ്റ്റൻ്റ് കുട്ടൻ നമ്പൂതിരി ആളൊരു മണ്ടനാ.നേരാം വണ്ണം മന്ത്രങ്ങളോ പൂജാവിധികളോ ഒന്നുമറിയില്ല.കുട്ടൻനമ്പൂതിരി പൂജയ്ക്ക് കയറണ ദിവസം ദേവിയ്ക്ക് ഒരു ശ്രീത്വവും ഇല്ലെന്നാ ഭക്തർ പറയണത്.പൂജയൊക്കെ ഒരു കാട്ടികൂട്ടൽ ആണത്രേ.മന്ത്രങ്ങൾ അറിയാത്തോണ്ട് നമ്മടെ കുട്ടൻ നമ്പൂതിരി അർച്ചനയും പൂജയുമൊക്കെ നടത്തണത് ഒരു പ്രത്യേക രീതിയിലാട്ടോ.
ആകെ പുള്ളിക്കാരന് അറിയാവുന്ന മന്ത്രം അമ്മേ നാരായണ ദേവീ നാരായണ ആണു.അതുചൊല്ലിക്കഴിഞ്ഞ് ഉച്ചത്തിൽ മണി അടിച്ച് ദേവിയോടൊരു പറച്ചിലുണ്ട്
"എൻ്റെ ദേവ്യേ അവിടുത്തേക്കറിയാല്ലോ ഒരു മന്ത്രോം എൻ്റെ മനസ്സിൽ നിൽക്കില്ല,പൊുക്കണേ ദേവീ.ഇന്ന് ഞാനാണ് പൂജയ്ക്കെന്നറിഞ്ഞ് വഴിപാടുനടത്താൻ വന്നപലരും നടത്താതെ പോയീന്നാ രാമേട്ടൻ പറഞ്ഞേ.ഞാനെന്ത് ചെയ്യാനാ എൻ്റെ ദേവ്യേ,ജനിച്ചപ്പോഴേ എന്നെയൊരു മണ്ടനാക്കിയതു നീ തന്നെയല്ലേ.ഇന്ന് ആകെ രണ്ടു വഴിപാടേ ഉള്ളൂ മാധവൻ മകയിരം നക്ഷത്രം മൃത്യുഞ്ജയഹോമത്തിനാ ശീട്ട്.ഓം ത്രയംബകം യജാ മഹേ സുഗന്ധിം. ....ശ്ശോ ബാക്കിമറന്നൂല്ലോ എൻ്റേ ദേവ്യേ ആ പാവത്തിന് കാൻസറാ,രണ്ട് പെൺകുട്ട്യോളാ അദ്ദേഹത്തിനെന്ന് നിനക്കറിഞ്ഞൂടേ കാത്തോളണേ മാധവേട്ടനെ.അടുത്തത് സീത തിരുവാതിര സ്വയംവരാർച്ചനയാണല്ലോ കഷ്ടാ ദേവ്യേ ആ ഏച്ചീടെ കാര്യം വയസു പത്തുമുപ്പതായി ഇതുവരെ മംഗലമൊന്നുമായില്ല,നീയൊന്ന് കനിയണേ ദേവ്യെ.കർപ്പൂരം കത്തിച്ച് ഉഴിയുവാണേ എന്നോടു പൊറുക്കണേ ദേവീ"
ഇങ്ങനെ പോകും നമ്മടെ പൊട്ടൻ കുട്ടൻ നമ്പൂതിരിയുടെ പൂജാവിധികൾ.

അങ്ങനെയിരിക്കേ ഒരു ദിവസം നമ്മടെ കുട്ടൻ നമ്പൂതിരി നോക്കുമ്പോൾ ദേവിയുടെ പഞ്ചലോഹവിഗ്രഹം വല്ലാതെ കറുത്തിരിക്കുന്നു.അതേപ്പറ്റി വല്യ തിരുമേനിയൊടു പറഞ്ഞപ്പോൾ ഒറ്റ ചൂടാവലായിരുന്നു ഭാരിച്ച കാര്യങ്ങളിലൊന്നും നീ തലയിടണ്ടെന്നും പറഞ്ഞ്.പിന്നെ നമ്മടെ പാവം കുട്ടൻനമ്പൂതിരി അതേക്കുറിച്ചൊന്നും പറയാനേ പോയില്ല.പക്ഷേ അക്കൊല്ലം ഉത്സവത്തിന് ദേവിയെ പുറത്തെഴുന്നള്ളിച്ചപ്പോൾ ഭക്തരെല്ലാം ശ്രദ്ധിച്ചു ദേവിയുടെയീ നിറം മാറ്റം.അതോടെ കേസ്സായി ബഹളമായി.
എന്നാൽ പിറ്റേന്ന് കുട്ടൻ നമ്പൂതിരിയുടെ മുറിയിൽ നിന്നും പഞ്ചലോഹവിഗ്രഹം കണ്ടെടുത്തപ്പോൾ എല്ലാരും ഞെട്ടി,വല്യതിരുമേനി ഒഴികേ.
എന്നാൽ പിറ്റേന്ന് കുട്ടൻ നമ്പൂതിരിയുടെ മുറിയിൽ നിന്നും പഞ്ചലോഹവിഗ്രഹം കണ്ടെടുത്തപ്പോൾ എല്ലാരും ഞെട്ടി,വല്യതിരുമേനി ഒഴികേ.
താനൊന്നും അറിഞ്ഞില്ലെന്ന് കുട്ടൻ നമ്പൂതിരി കരഞ്ഞു പറഞ്ഞിട്ടും നമ്മടെ ഭക്തരുണ്ടോ വിടുന്നു,തെളിവെടുപ്പിന് ക്ഷേത്രനടയിൽ കൊണ്ടുവന്ന കുട്ടൻനമ്പൂതിരിയുടെ ദേഹത്ത് അവർ തങ്ങളുടെ ഭക്തി അങ്ങ് തെളിയിച്ചു.തല്ലുകൊണ്ട് അവശനായി വീണ ആ പാവത്തെ ഒടുവിൽ പിടിച്ചെഴുന്നേൽപ്പിക്കാൻ പോലീസുകാർ വേണ്ടി വന്നു.കുട്ടൻ നമ്പൂതിരിയെ പോലീസ് ജീപ്പിൽ കയറുമ്പോൾ അകത്ത് വല്യനമ്പൂതിരി ദീപാരാധനയ്ക്കുള്ള ഒരുക്കത്തിലായിരുന്നു.നഷ്ടപ്പെട്ട ദേവിയെതിരിച്ചു കിട്ടിയ സന്തോഷത്തിൽ ഭക്തർ ദീപാരാധ തൊഴാൻ തിക്കിതിരക്കുന്നുണ്ടായിരുന്നു.ആ തിരക്കിനിടയിലൂടെ ദേവി പോലീസ് ജീപ്പിൽ കയറിപ്പോയത് ആരുമറിഞ്ഞില്ല.പഞ്ചലോഹവിഗ്രഹത്തിൽ പൂജ തകർക്കുമ്പോൾ ദേവി സ്റ്റേഷനിൽ വെറും നിലത്തിരുന്ന് കുട്ടൻ നമ്പൂതിരിയുടെ മുറിവുകളിൽ തഴുകുകയായിരുന്നു.
വിജിത വിജയകുമാർ

സൽക്കർമ്മങ്ങൾ ചെയ്യുന്ന പൂജാരികൾ മന്ത്രവാദങ്ങൾ ചെയ്യില്ല;
ReplyDeleteശ്രീകോവിലിൽ പ്രവേശിയ്ക്കുകയുമില്ല. (ദയവു ചെയ്ത് ഇത്തരം തെറ്റിദ്ധാരണകൾ പ്രചരിപ്പിയ്ക്കരുത്).
തലവാചകം കുട്ടൻ നമ്പൂതിരിയെന്നു മാത്രം മതിയായിരുന്നു.
കുട്ടനോ പൊട്ടനോ എന്ന് വായനക്കാരനു വിട്ടുകൊടുക്കുകയാണു എഴുത്തുകാരുടെ ധർമ്മം. അവിടെയാണ് രചന വിജയം കാണുന്നത്.
അറിവില്ലായ്മകളുണ്ടെങ്കിലും,
നിഷ്ക്കളങ്കനായ ഒരു നമ്പൂതിരിക്കുട്ടിയെ കുട്ടൻ നമ്പൂതിരിയിലൂടെ വരച്ചു കാണിയ്ക്കുന്നുണ്ട്. ശ്രദ്ധയോടെ തിരുത്തിയെഴുതിയാൽ (എഡിറ്റിങ്) മികച്ചു കാണും; തീർച്ച.
നന്മകളോടെ, ആശംസകളോടെ...