Slider

തിരികെ വന്ന വസന്തം

0

തിരികെ വന്ന വസന്തം'' - (എന്റെ പ്രിയ സുഹൃത്തിന്റെ നന്മ മനസ്സിന് മുന്നിൽ സവിനയം സമർപ്പിക്കുന്നു )
സബി താത്തയെ ലേബർ റൂമിലേക്ക്‌ കൊണ്ടുപോയിട്ട് ഒരു മണിക്കൂറിലേറെയായി .ഞങ്ങളെല്ലാവരും ആശങ്കയോടെ ലേബർ റൂമിന് പുറത്തു കാത്തിരുന്നു.ഞങ്ങളുടെ ആശങ്കകൾക്ക് അടിസ്ഥാനമുണ്ട് .കാരണം,സാബിത്താത്തയുടെ അടിക്കടിയുണ്ടാകുന്ന രക്തസമ്മർദ്ദം അപകടമാണെന്ന് കഴിഞ്ഞ ചെക്കപ്പിൽ വരെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു.
നജീബിക്ക ഓരോ പത്തു മിനിറ്റിലും എന്റെ ഫോണിലേക്ക് വിളിച് സ്ഥിതിഗതികൾ അന്വേഷിക്കുന്നുണ്ട്.
ഉമ്മ ഖുറാനുമെടുത്തു പ്രാർത്ഥനയിലാണ്.ഉപ്പ സഹജമായ നിസ്സംഗതയോടെ പുറത്തു നോക്കി ഇരിക്കുന്നു.ഇതിനിടയിൽ ഞങ്ങളുടെ കണ്ണുകളെല്ലാം പരസ്പരം ഉടക്കുന്നുണ്ട്.പക്ഷെ, ആരും ഒന്നും സംസാരിച്ചില്ല.
''പടച്ചോനെ ആപത്തൊന്നും വരുത്തല്ലേ ''ന്നുള്ള പ്രാർത്ഥനയിലായിരുന്നു ഞങ്ങളെല്ലാവരും.
ആ നിശബ്ദതയ്ക്കു വിരാമം ഇട്ടു കൊണ്ട് ലേബർ റൂമിന്റെ വാതിൽ പതിയെ തുറന്നു .ഭൂമിയിലെ മാലാഖ..........
കയ്യിൽ ഒരു കുഞ്ഞു മാലാഖയും.
അവർ വിളിച്ചു പറഞ്ഞു:'' സബീ നജീബ് ....."
പേര് മുഴുവിക്കാൻ നിന്നില്ല ''സുബ്ഹാനല്ലാഹ് ''..ഉമ്മയും പരിവാരങ്ങളും ചാടി എഴുന്നേറ്റു,ആ മാലാഖയ്ക്ക് നേരെ പാഞ്ഞടുത്തു.അവരുടെ കയ്യിൽ നിന്ന് ആ പുതുജീവൻ വാരിയെടുത്തു
''പെൺകുട്ടിയാണ് ''
''മാഷാഅല്ലാഹ്‌'' ഞാൻ ഒരു ദീർഘനിശ്വാസത്തോടെ നെഞ്ചത്തു കൈ വെച്ചു.
ഫോൺ വീണ്ടും ശബ്ദിക്കുന്നു.പാവം നജീബിക്കയാണ് ...ഞാൻ ഫോണെടുത്തു.
''ഹലോ ...മിസ്റ്റർ നജീബ്...നിങ്ങൾ ഒരു പെൺ കുട്ടിയുടെ ബാപ്പയായിരിക്കുന്നു...''
അപ്പുറത്ത്‌ നജീബികയുടെ ഹൃദയം സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നത് ഞാൻ ഇവിടെ മനക്കണ്ണു കൊണ്ട് കണ്ടു.
അന്നാണ് ജീവിതത്തിൽ ആദ്യമായ് ആ കുഞ്ഞു മാലാഖയെ ഉമ്മ എന്റെ കയ്യിൽ തന്നത് .അവളുടെ പഞ്ഞികെട്ടുപോലുള്ള മൃദുലമായ ആ കവിളിൽ ഞാൻ ചുംബിച്ചു.പിന്നെ വിളിച്ചു:
''പൊന്നു....''
''ഇനി പഴയ പോലെ നടന്നാൽ പോരാ ...ഒരു കൊച്ചാപ്പയായി..."
ഉമ്മ അത് തമാശ രൂപേണ പറഞ്ഞതാണെങ്കിലും എന്നിൽ ചാർത്തപ്പെട്ട ആ പുതിയ പദവിയെ ഞാൻ അഭിമാനപൂർവ്വം സ്വീകരിക്കുകയായിരുന്നു .എന്റെ ഉത്തരവാദിത്വം കൂടിയ പോലെ.ഞാൻ എന്റെ ചുമലിനെ അൽപ്പം കൂടി ഉയർത്തി.
''കൊച്ചാപ്പാ എന്നു പറഞ്ഞാൽ വലിയ സ്ഥാനാണ്...ഓളെ ഉപ്പ കഴിഞ്ഞാൽ പിന്നെ എനിക്കാ പവര്....''
ഇടക്കിടെ ഞാൻ അവരെ ഓർമിപ്പിച്ചു കൊണ്ടേ ഇരുന്നു.
എന്റെ ചൂണ്ടു വിരലിന്റെ അറ്റത്ത് മുറുക്കെ പിടിച്ചുകൊണ്ട് ആ കുഞ്ഞു മാലാഖ പതിയെ പതിയെ വളർന്നു.അവളിലെ വളർച്ചയുടെ ഓരോ ഘട്ടവും ഞാൻ കൗതുകപൂർവ്വം നിരീക്ഷിച്ചു .
അവൾ ആദ്യമായി പിച്ചവെച്ചു നടക്കാൻ തുടങ്ങിയതും സംസാരിക്കാൻ ആരംഭിച്ചതുമെല്ലാം എന്റെ കണ്മുന്നിലായിരുന്നു.എന്നും ഗ്രൗണ്ടിൽ കളിക്കാൻ പോകുമ്പോൾ ഞാൻ അവളെയും കൂടെ കൊണ്ടു പോകും.എന്റെ കളി കഴിയുന്നതും കാത്ത്‌ ക്ഷമയോടെ അവൾ ആ പാടവരമ്പത്തിരിക്കും . .തിരിച്ചു വരുമ്പോൾ അവളെ ഞാൻ എന്റെ തോളിലിരുത്തും , അവൾക്കിഷ്ടമുള്ള മിട്ടായി വാങ്ങി കൊടുക്കും.ഭക്ഷണം കഴിക്കാതെ,കുളിക്കാതെ അവൾ ശാഠ്യക്കാരിയാകുമ്പോൾ അവളുടെ ഈ കൊച്ചാപ്പയുടെ സാനിധ്യം അവിടെ അത്യാവശ്യമായിരുന്നു.
നിർവ്വചിക്കാൻ പറ്റാത്ത ഒരു ആത്മബന്ധം എനിക്കും അവൾക്കുമിടയിലുണ്ടായിരുന്നു .അങ്ങനെ ആ വീടിനകവും പുറവും ഒരു കൊച്ചു പൂങ്കാവനമാക്കി വർണ്ണ ചിറകു വിടർത്തിയ പൂമ്പാറ്റകളെ പോലെ ഞങ്ങൾ രണ്ടു പേരും പാറി കളിച്ചു.
അങ്ങനെയിരിക്കെ ഉമ്മ എന്നോട് സുഖകരമല്ലാത്ത ഒരു കാര്യം പറഞ്ഞു.നജീബിക്ക ഗൾഫ് ജീവിതം മതിയാക്കി നാട്ടിൽ വരാൻ പോകുന്നു.പകരം എന്നെ ഗൾഫിലേക്ക് പറിച്ചു നടാനും .എന്റെ ഹൃദയം പിടഞ്ഞു,ഞാൻ ആകെ അസ്വസ്ഥനായി.
ഭർത്താവിന്റെ വരവിൽ അതീവ പ്രസന്നവതിയായി കാണപ്പെട്ട സബി താത്തയുടെ സാനിധ്യത്തിൽ ഞാൻ ഉമ്മയോട് വിസമ്മതം മൂളിയില്ല.ഒന്നോർത്താൽ നജീബിക്കയുടെ തീരുമാനം ശരിയാണ്.വർഷം 12 ആയി അദ്ദേഹം ആ മണലാരിണ്യത്തിൽ കഷ്ടപ്പെടുന്നു.ഇതിനിടയിൽ സ്വരൂപിച്ചു കൂട്ടിയ സമ്പാദ്യമെല്ലാം ഉപയോഗിച്ചു നാട്ടിൽ ഒരു ബിസിനെസ്സ് തുടങ്ങാൻ അദ്ദേഹം ആലോചിക്കുന്നു.പിന്നെ,എന്റെ ഭാവി സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്തവും എനിക്കില്ലേ ...
പക്ഷെ പൊന്നു.....
ആ കുഞ്ഞു മാലാഖയെ പിരിയാൻ എന്റെ മനസ്സനുവദിച്ചില്ല.ഞാൻ ഉമ്മയോട് പറഞ്ഞു
"പൊന്നുവിനെ വിട്ടു എനിക്ക് പോകാൻ പറ്റുമെന്നു തോന്നുന്നില്ല ''
ഉമ്മ വളരെ ദേഷ്യപ്പെട്ടു
"അനക്ക് ഇത്ര വേദനയാണെങ്കിൽ നജീബിന്റെ കാര്യമൊന്ന്‌ ആലോചിച്ചു നോക്ക്...ഒനൂണ്ടാവൂല്ലേ ഓന്റെ കുട്ടീനെ കാണാൻ ആഗ്രഹം..പിന്നെ എത്ര കാലാ ഇയ്യിങ്ങനെ കളിച്ചു നടക്കാ...അനക്കും വേണ്ടേ ഒരു ഭാവി...''
ഒടുവിൽ ഞാനാ നിർണ്ണായക തീരുമാനത്തിലെത്തി.ഗൾഫിൽ പോകുക തന്നെ.അങ്ങനെ ഉറങ്ങി കിടന്നിരുന്ന പൊന്നുവിനെ ഒരു വിതുമ്പലോടെ ചുംബിച് ഞാൻ എന്റെ വീട്ടിൽ നിന്നിറങ്ങി.സ്വപ്നങ്ങൾ ഉറങ്ങി കിടക്കുന്ന ആ മണലാരിണ്യത്തിലേക്ക്.
ഗൾഫിലെത്തിയ രണ്ടാഴ്ചകൾക്കകം എനിക്ക് ജോലി കിട്ടി.എന്നും രാത്രി ഞാൻ വീട്ടിലേക്ക് വിളിക്കുമായിരുന്നു .പൊന്നുവിനോട് കുറെ നേരം സംസാരിക്കും.
അവളുടെ ശബ്ദം എനിക്ക് അടുത്ത ദിവസത്തേക്കുള്ള ഊർജ്ജമായിരുന്നു.
അങ്ങനെ മൂന്ന് മാസങ്ങൾക്ക് ശേഷം,ഒരു വെള്ളിയാഴ്ച ,ഉച്ചമയക്കത്തിലായിരുന്ന എന്നെ വിളിച്ചുണർത്തി സുഹൃത് ഫയാസിന്റെ ഫോൺ
''നീ വേഗം നാട്ടിലേക്കു വിളി ,പൊന്നുവിനെന്തോ അപകടം പറ്റിയിട്ടുണ്ട്.''
കേട്ട വാർത്ത സത്യമാകല്ലേ എന്ന പ്രാർത്ഥനയോടെ വിറക്കുന്ന ഹൃദയവുമായി ഞാൻ നജീബിക്കാക്ക് വിളിച്ചു.
''ഇക്കാ...പൊന്നു എവിടെ???...അവൾക്കെന്താ പറ്റിയത് ??''
കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഒരു തേങ്ങൽ ഞാൻ കേട്ടു.നജീബിക്ക കരയുന്നു....ഒന്നും സംസാരിക്കാനാവാതെ ..പൊന്നുവിനെ എനിക്ക് നഷ്ടമായിരിക്കുന്നു.
കേട്ട വാർത്തയെ ഉൾക്കൊള്ളാനാവാതെ ഞാൻ നിലത്തു വീണു.എന്റെ ഹൃദയം ഞെരിപിരി കൊണ്ടു.മതിഭ്രമം ബാധിച്ച ഒരുവനെ പോലെ ഞാൻ കയ്യിൽ കിട്ടിയതെല്ലാം തറയിൽ എറിഞ്ഞുടച്ചു.എന്റെ ബോധമണ്ഡലത്തിൽ പൊന്നുവും അവളുടെ പൊട്ടിച്ചിരിയും മാത്രം ബാക്കിയായി .......
അവളുടെ ഓർമ്മകളുമായി വീണ്ടും മൂന്ന് വർഷക്കാലം ഞാൻ ഗൾഫിൽ ജീവിതം നയിച്ചു.ഒടുവിൽ ഉമ്മയുടെ നിർബന്ധപ്രകാരം ഞാൻ നാട്ടിലേക്കു ലീവിന് വന്നു.അവളില്ലാത്ത അവളുടെ ഓർമ്മകൾ മാത്രം അവശേഷിക്കുന്ന ആ വീട്ടിൽ ഇരിക്കാൻ എനിക്കിഷ്ടമില്ലാത്തതു കൊണ്ട് ഞാൻ കൂടുതൽ സമയവും സുഹൃത്തുക്കളുടെ കൂടെ ചിലവഴിച്ചു.
ഒരിക്കൽ നമസ്കാരാനന്തരം പള്ളിയിൽ നിന്നിറങ്ങവേ കമ്മിറ്റി ഓഫീസിന് മുന്നിൽ ഒരാൾക്കൂട്ടം കണ്ടു.പള്ളി കമ്മിറ്റി പ്രസിഡന്റടക്കം നാട്ടിലെ പ്രമാണിമാരെല്ലാം ഹാജരായിരുന്ന ആ സദസ്സിന് നടുവിൽ നിഷ്കളങ്കമായി തല കുനിച്ചു നിൽക്കുന്ന ഒരു മൂന്നുവയസ്സുകാരി.
മൂന്ന് മാസങ്ങൾക്ക് മുന്പാണ് അവളുടെ ഉമ്മയും ഉപ്പയും വിഷം കഴിച് ആത്മഹത്യ ചെയ്തത്. സമൂഹത്തിന് മുന്നിൽ ചോദ്യചിഹ്നമായ ആ പിഞ്ചു ബാലികയുടെ ഭാവിയെ ചൊല്ലിയാണ് ഈ ചർച്ച.ചർച്ചക്ക് അവസാനം നാട്ടിലെ ഏതെങ്കിലും അനാഥശാലയിലേക്കു അവളെ കൊണ്ടു പോകുമെന്നുളത് തീർച്ചയാണ്.ഒരു നിമിഷം അവളുടെ ആ നിഷ്കളങ്കമായ ആ കണ്ണിൽ ഞാൻ എന്റെ പൊന്നുവിന്റെ മുഖം കണ്ടു.ഈ മാലാഖയെ എനിക്ക് തന്നെ സ്വന്തമാക്കണം.ഞാൻ മനസ്സുകൊണ്ട് ഉറപ്പിച്ചു.സമയം കളയാതെ ഞാൻ ആ സദസ്സിന് മുന്നിൽ എന്നെ സ്വയം പരിചയപ്പെടുത്തി.
''എന്റെ പേര് നൗഷാദ് ....ഞാൻ അബ്ദുൽ റസാഖിന്റെ മകനാണ്...വിരോധമില്ലെങ്കിൽ ഈ കുട്ടിയുടെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കട്ടെ....ഞാൻ എന്റെ സ്വന്തം മകളെപ്പോലെ നോക്കിക്കൊള്ളാം ...''
എന്റെ ചോദ്യത്തെ അവിശ്വസനീതയോടെയാണ് അവർ സ്വീകരിച്ചത്.അവർ പരസ്പരം നോക്കി.പിന്നെ പള്ളി കമ്മിറ്റി പ്രെസിഡെന്റ് സൗമ്യമായി പുഞ്ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു:
''നൗഷാദ്..നിങ്ങൾ അല്പ സമയം പുറത് നിൽക്കൂ ..ഞങ്ങൾ വിളിക്കാം..''
ഞാൻ പുറത്തു ക്ഷമയോടെ കാത്തിരുന്നു..അവരുടെ തീരുമാനം അനുകൂലമാകണേ എന്ന് സർവ്വ ശക്തനോട് മനമുരുകി പ്രാർത്ഥിച്ചു കൊണ്ടിരിന്നു .അൽപ്പ സമയത്തിന് ശേഷം അവർ എന്നെ അകത്തേക്ക് വിളിച്ചു.
''നൗഷാദിന്റെ ബാപ്പ റസാക്കിനെ ഞങ്ങൾക്ക് നന്നായിട്ടറിയാം ....നൗഷാദ് ഇപ്പോൾ അവിവാഹിതനാണ്..ഇനി നാളെ നിങ്ങൾക്കൊരു കുടുംബമുണ്ടാകും....അപ്പോൾ നിങ്ങൾക്കു ഈ കുട്ടി ഒരു ബാധ്യതയായി തോന്നിയാലോ??...നിങ്ങൾ ഒന്നു കൂടി ആലോചിച്ചു നോക്കൂ''
എന്റെ തീരുമാനം ദൃഡമായിരുന്നു.ഞാൻ അവരോട് പറഞ്ഞു
''കേവലം യതീം കുട്ടിയോട് തോന്നിയ ഒരു അനുകമ്പ മാത്രമായി നിങ്ങളിതിനെ കാണരുത്...ഞങ്ങളുടെ വീട് ഉറങ്ങിയിട്ട് മൂന്ന് വർഷമായി....ഈ മൂന്ന് വർഷംകൊണ്ട് ഞങ്ങൾക്ക് നഷ്ടപെട്ടതെല്ലാം ഇവളിലൂടെ തിരിച്ചെടുക്കണം ..ദയവായി ഇവളെ എന്റെ കൂടെ പറഞ്ഞയക്കൂ...''
വളരെ സന്തോഷത്തോടെ പ്രെസിഡെന്റ് എന്റടുത്തേക്ക് വന്നു .എന്നിട്ടു പറഞ്ഞു :
''നൗഷാദ്...നിങ്ങൾക്കു ഈ കുട്ടിയെ കൊണ്ടു പോകാം''
എന്റെ മനസ്സു സന്തോഷം കൊണ്ട് തുള്ളിച്ചാടി.വാക്കുകൾക്ക് പകരം കണ്ണീരു കൊണ്ട് ഞാൻ അവരോട് നന്ദി പറഞ്ഞു.ആ കുഞ്ഞു മാലാഖയുടെ കയ്യും പിടിച്ചു ഞാൻ വീട്ടിലേക്ക് നടന്നു.
ഇതിനോടകം തന്നെ എന്റെ ഈ തീരുമാനത്തെ വീട്ടുകാരുടെ ചെവിയിലുമെത്തിയിരുന്നു .
ഉമ്മയും സബി താത്തയും നജീബിക്കയുമെല്ലാം ആ ഉമ്മറപ്പടിയിൽ ഞങ്ങളെയും പ്രതീക്ഷിച്ചു കാത്തിരിക്കുന്നുണ്ടായിരുന്നു.
ഞങ്ങളെ കണ്ട ഉടനെ തന്നെ ഉമ്മയും സബി താത്തയും അത്ഭുതപ്പെടുത്തുന്ന ആവേശത്തോടെ അവളിലേക്ക്‌ ഓടി ചെന്നു.അവർ അവളുടെ വിശേഷങ്ങൾ ചോദിച്ചറിയാൻ തിടുക്കം കാട്ടി.മൂന്ന് വര്ഷങ്ങള്ക്കു മുൻപ് നഷ്ടമായ ആ പൂക്കാലം തിരിച്ചു വന്ന പോലെ എനിക്ക് തോന്നി.
ഇതെല്ലാം കണ്ടു കൊണ്ട് നിസ്സംഗതയോടെ പുഞ്ചിരിക്കുകയായിരുന്നു ഉപ്പ.
അഭിമാനം സ്ഫുരിക്കുന്ന ഭാവത്തോടെ അദ്ദേഹം എന്റെ തോളിൽ തട്ടി
''നന്നായി...''
ചിലപ്പോഴെങ്കിലും നമ്മുടെ സ്വപ്നങ്ങളെയും സന്തോഷങ്ങളെയും നഷ്ടപ്പെടുത്തുന്ന ക്രൂരനായ ആ വിധിയോട് നമുക്ക് മത്സരിക്കാം.... നന്മയെന്ന ആയുധം കൊണ്ട്.
സമീർ ചെങ്ങമ്പള്ളി
(Inspired from real incident)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo